രാജ്യരക്ഷാ മന്ത്രാലയം
രക്ഷാമന്ത്രി വിയറ്റ്നാമിലേക്കും ദക്ഷിണ കൊറിയയിലേക്കും ഔദ്യോഗിക സന്ദർശനം നടത്തും
പോസ്റ്റഡ് ഓണ്‍:
18 MAY 2026 10:21AM by PIB Thiruvananthpuram
ഔദ്യോഗിക പരിപാടികളുടെ ഭാഗമായി, രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 2026 മെയ് 18 മുതൽ 19 വരെ വിയറ്റ്നാമും തുടർന്ന് മെയ് 19 മുതൽ 21 വരെ റിപ്പബ്ലിക് ഓഫ് കൊറിയയും സന്ദർശിക്കും. തന്ത്രപരമായ സൈനിക സഹകരണം കൂടുതൽ ആഴത്തിലാക്കുക, പ്രതിരോധ വ്യാവസായിക പങ്കാളിത്തം ശക്തിപ്പെടുത്തുക, സമുദ്ര സഹകരണം വർദ്ധിപ്പിക്കുക, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സന്ദർശനത്തിനായി പുറപ്പെടുന്നതിന് മുമ്പ് എക്‌സിലെ ഒരു പോസ്റ്റിൽ രക്ഷാമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പത്താം വാർഷികത്തിലാണ് രക്ഷാമന്ത്രിയുടെ വിയറ്റ്നാം സന്ദർശനം. 2026 മെയ് 05 മുതൽ 07 വരെ വിയറ്റ്നാം പ്രസിഡന്റ് ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശന വേളയിലാണ് ഈ ബന്ധം 'വർദ്ധിപ്പിച്ച സമഗ്ര തന്ത്രപരമായ പങ്കാളിത്തം' (Enhanced Comprehensive Strategic Partnership) ആയി ഉയർത്തിയത്. സന്ദർശന വേളയിൽ ശ്രീ രാജ്‌നാഥ് സിംഗ് വിയറ്റ്നാം ദേശീയ പ്രതിരോധ മന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
2022 ജൂണിൽ( ജൂൺ 08 മുതൽ 10 വരെ) രക്ഷാ മന്ത്രിനടത്തിയ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യ-വിയറ്റ്നാം പ്രതിരോധ പങ്കാളിത്തത്തിന്റെ 2030 വരെയുള്ള സംയുക്ത വീക്ഷണ പ്രസ്താവനയിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിനായുള്ള വ്യക്തമായ ഒരു ഭാവിപാത ഈ വീക്ഷണരേഖ പ്രതിപാദിക്കുന്നു. മേഖലയുടെ സമാധാനത്തിലും സമൃദ്ധിയിലും ഇരു ജനാധിപത്യ രാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുണ്ട്.
ശ്രീ രാജ്‌നാഥ് സിംഗിന്റെ ഈ സന്ദർശനം, മുൻ വിയറ്റ്നാം പ്രസിഡന്റ് ഹോ ചിമിന്റെ 136-ാമത് ജന്മവാർഷിക ദിനമായ 2026 മെയ് 19-നാണ് നടക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. സന്ദർശനവേളയിൽ രക്ഷാമന്ത്രി ഹോ ചിമിൻ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കും.
ദക്ഷിണ കൊറിയൻ സന്ദർശന വേളയിൽ ശ്രീ രാജ്‌നാഥ് സിംഗ് കൊറിയൻ റിപ്പബ്ലിക്കിന്റെ ദേശീയ പ്രതിരോധ മന്ത്രി ആൻ ഗ്യു-ബാക്കുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്ന മന്ത്രിമാർ, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ പദ്ധതികൾ വിലയിരുത്തും . പൊതു താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലും ആശയവിനിമയം നടത്തും.
കൂടാതെ, ഡിഫൻസ് അക്വിസിഷൻ പ്രോഗ്രാം അഡ്മിനിസ്ട്രേഷൻ (DAPA) മന്ത്രി ലീ യോങ്-ചിയോളുമായി കൂടിക്കാഴ്ച നടത്തുന്ന രക്ഷാമന്ത്രി, ഇന്ത്യ-കൊറിയ ബിസിനസ് നേതൃത്വത്തിന്റെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്യും.
കൊറിയൻ യുദ്ധത്തിൽ ഇന്ത്യ നൽകിയ സംഭാവനകൾ ആഗോള സമാധാനത്തോടും സ്ഥിരതയോടുമുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.ഇത് ചരിത്രത്തിലെ ഏറ്റവും സവിശേഷമായ അധ്യായങ്ങളിൽ ഒന്നാണ്. യുദ്ധക്കെടുതികൾക്ക് സഹായമായി ഇന്ത്യൻ സൈന്യത്തിന്റെ '60 പാരാഷൂട്ട് ഫീൽഡ് ആംബുലൻസ്' വിന്യസിച്ചുകൊണ്ടാണ് ഇന്ത്യ പിന്തുണ നൽകി . മൂന്ന് വർഷത്തിലധികം സേവനമനുഷ്ഠിച്ച ഈ യൂണിറ്റ്, നിരവധി സാധാരണക്കാർക്കും, കൂടാതെ രണ്ട് ലക്ഷത്തിലധികം രോഗികൾക്കും ചികിത്സ നൽകി. ഏകദേശം 2,500 ഓളം ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന സംഭാവന, യുഎന്നിൽ ഇന്ത്യ മുന്നോട്ടുവെക്കുകയും ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയും ചെയ്ത 'ന്യൂട്രൽ നേഷൻസ് റീപാട്രിയേഷൻ കമ്മീഷൻ' (Neutral Nations Repatriation Commission)-ന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതായിരുന്നു. ഇത് അനുസരിച്ചു, 5,230 സൈനികരടങ്ങുന്ന 'കസ്റ്റോഡിയൻ ഫോഴ്സ് ഓഫ് ഇന്ത്യ', യുദ്ധാനന്തര ഘട്ടത്തിൽ ഏകദേശം 2,000 യുദ്ധത്തടവുകാരെ സമാധാനപരമായി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചുമതല നിർവ്വഹിച്ചു.
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി, 2026 മെയ് 21-ന് പേട്രിയറ്റ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ് മന്ത്രി ക്വോൺ ഓ-യൂളുമായി ചേർന്ന് ഇന്ത്യൻ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനവും നടത്തും. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് പോളിസി'യും റിപ്പബ്ലിക് ഓഫ് കൊറിയയുടെ 'ഇന്തോ-പസഫിക് നയതന്ത്രവും ' തമ്മിൽ സ്വാഭാവികമായി യോജിക്കുന്നു. കൂടാതെ, ഇന്തോ-പസഫിക് മേഖലയിലെ പൊതുവായ മൂല്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കുന്നതിന് വഴിതെളിച്ചിരിക്കുന്നു.
*****
( റിലീസ് ഐ.ഡി: 2262268)
സന്ദര്‍ശക കൗണ്ടര്‍ : 15