വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ എൻ.ഐ.ഒ.എസും സംസ്ഥാനങ്ങളുമായി കൈകോർത്ത് തന്ത്രങ്ങൾ വിലയിരുത്തി വിദ്യാഭ്യാസ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
16 MAY 2026 3:55PM by PIB Thiruvananthpuram
രാജ്യത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 14 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് പദ്ധതി നടത്തിപ്പിന് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാറിൻ്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
രാജ്യത്തെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ വ്യക്തമാക്കി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാജ്യത്ത് ഒന്നാം ക്ലാസിൽ പ്രവേശിക്കുന്ന ഓരോ 100 കുട്ടികളിൽ 62 പേർ മാത്രമാണ് പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഏറ്റവും പുതിയ പി.എൽ.എഫ്.എസ് കണക്കുകൾ പ്രകാരം, 14 നും 18 നും ഇടയിൽ പ്രായമുള്ള രണ്ട് കോടിയിലധികം കുട്ടികൾ നിലവിൽ രാജ്യത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് പുറത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഗാർഹിക ഉത്തരവാദിത്തങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവയാണ് കുട്ടികൾ സ്കൂളിൽ നിന്നും കൊഴിഞ്ഞുപോകുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം നിരീക്ഷിച്ചു. അടിയന്തര ഇടപെടലിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ സഞ്ജയ് കുമാർ, പ്രാദേശിക സാമ്പത്തിക അവസരങ്ങളുമായി പൊരുത്തപ്പെടുന്ന തൊഴിൽപരമായ കഴിവുകൾക്കൊപ്പം, ഓരോ കുട്ടിക്കും കുറഞ്ഞത് സെക്കൻഡറി, സീനിയർ സെക്കൻഡറി തലങ്ങൾ വരെ വിദ്യാഭ്യാസം ലഭിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
കുട്ടികളെ വീണ്ടും മുഖ്യധാരാ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് സെക്രട്ടറി പറഞ്ഞു. എന്നാൽ, വിവിധ കാരണങ്ങളാൽ സാധാരണ സ്കൂളുകളിലേക്ക് മടങ്ങാൻ സാധിക്കാത്ത കുട്ടികൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്, സംസ്ഥാന ഓപ്പൺ സ്കൂളുകൾ എന്നിവ വഴി ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പോലുള്ള ലളിതമായ പഠന മാർഗ്ഗങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ പദ്ധതി താഴെത്തട്ടിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിലും ഇതൊരു രാജ്യവ്യാപക പ്രചാരണമാക്കി മാറ്റുന്നതിലും ജില്ലാ കളക്ടർമാർ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയ്ക്ക് നിർണ്ണായക പങ്കുണ്ടെന്ന് ശ്രീ സഞ്ജയ് കുമാർ അടിവരയിട്ടു.
സ്കൂളിന് പുറത്തുള്ള കുട്ടികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി 'ദൗത്യ മാതൃക' അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീമതി പ്രാചി പാണ്ഡെ വ്യക്തമാക്കി. വിവരശേഖരണത്തിന് മുൻഗണന നൽകുന്ന ഒരു വിവരാധിഷ്ഠിത സമീപനമായിരിക്കും ഈ പദ്ധതിക്കായി സ്വീകരിക്കുകയെന്നും സമൂഹത്തിൻ്റെ ഏറ്റവും താഴെത്തട്ടിലുള്ള അവസാനത്തെ ഗുണഭോക്താവായ കുട്ടിക്കുവരെ സഹായം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഈ ദൗത്യം നടപ്പിലാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ ഈ സംരംഭത്തിൻ്റെ പ്രാരംഭ നടത്തിപ്പിനായി 10 ജില്ലകളെ പൈലറ്റ് ജില്ലകളായി തിരഞ്ഞെടുത്തു. ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ പദ്ധതി സുഗമമായി നടപ്പിലാക്കുന്നതിനായി പങ്കാളികളാകുന്ന സംസ്ഥാനങ്ങളുമായി പ്രതിജ്ഞാബദ്ധതാ കരാറുകളിൽ ഒപ്പുവെക്കും. പൈലറ്റ് ജില്ലകളിൽ നിന്നുള്ള അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ, തുടർന്ന് ഈ പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഉറപ്പുനൽകി. പദ്ധതിയുടെ പ്രവർത്തന മാർഗ്ഗരേഖയും ചട്ടക്കൂടും കൂടുതൽ ശക്തമാക്കുന്നതിനായി ആവശ്യമായ വിവരങ്ങൾ പങ്കുവെക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
രാജ്യത്ത് ഒരു കുട്ടി പോലും വിദ്യാഭ്യാസ സമ്പ്രദായത്തിന് പുറത്താകില്ലെന്നും എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസനം, അന്തസ്സുള്ള ഒരു ഭാവി എന്നിവ ഉറപ്പാക്കുമെന്നുമുള്ള കൂട്ടായ ദൃഢനിശ്ചയത്തോടെയാണ് യോഗം സമാപിച്ചത്.
****
( റിലീസ് ഐ.ഡി: 2261817)
സന്ദര്‍ശക കൗണ്ടര്‍ : 12