ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഭാരതത്തിലെ വസ്ത്ര പുനചംക്രമണ മേഖലയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള സമീപകാല മാധ്യമ റിപ്പോർട്ടുകൾക്കുള്ള വിശദീകരണം

പോസ്റ്റഡ് ഓണ്‍: 14 MAY 2026 10:27AM by PIB Thiruvananthpuram

ഹരിയാനയിലെ പാനിപ്പത്ത് പോലുള്ള കേന്ദ്രങ്ങളിലെ വസ്ത്ര പുനചംക്രമണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമീപകാല അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ, ഇന്ത്യയിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പരിസ്ഥിതി, തൊഴിൽ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ഏതൊരു വ്യാവസായിക മേഖലയിലെയും പോലെ ഒറ്റപ്പെട്ട നിയമലംഘനങ്ങൾ ഉണ്ടായേക്കാം എന്നതൊഴിച്ചാൽ, ഭാരതത്തിലെ വസ്ത്ര മേഖല പരിസ്ഥിതിയെ അവഗണിക്കുന്നതാണെന്നോ ചൂഷണത്തിലധിഷ്ഠിതമാണെന്നോ വിശേഷിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന കർശനമായ നിയന്ത്രണങ്ങൾ, സ്വീകരിച്ചിട്ടുള്ള സാങ്കേതികവിദ്യ മുന്നേറ്റങ്ങൾ, സുസ്ഥിര വികസന പ്രവർത്തനങ്ങൾ എന്നിവയെ ഈ റിപ്പോർട്ട് പാടെ അവഗണിക്കുന്നു.

 

തുണിത്തരങ്ങളുടെ പുനരുപയോഗം, അറ്റകുറ്റപ്പണി, പുനർനിർമ്മാണം എന്നിവയ്ക്കായി ദീർഘകാലമായി സ്ഥാപിതമായ മൂല്യ ശൃംഖലകളുടെ പിന്തുണയോടെ, ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ , പുനരുപയോഗ, പുനചംക്രമണ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പല വിദേശ രാജ്യങ്ങളിലും വസ്ത്രമാലിന്യങ്ങൾ മണ്ണിൽ കുഴിച്ചുമൂടുകയാണ് പതിവ്. എന്നാൽ ഇന്ത്യയിൽ ഇത്തരം മാലിന്യങ്ങൾ ഔപചാരികവും അല്ലാത്തതുമായ സംവിധാനങ്ങളിലൂടെ ശേഖരിക്കുകയും നാരുകൾ വേർതിരിച്ചെടുത്ത് വ്യാവസായിക ആവശ്യങ്ങൾക്കും മറ്റു അനുബന്ധ മേഖലകളിലും പുനരുപയോഗിക്കുകയും ചെയ്യുന്നു.

 

രാജ്യത്തെ വസ്ത്രമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് അവിടെ നിന്നും നാം കരുതുന്നതിനേക്കാൾ വലിയ തോതിൽ, ഉൽപ്പന്നങ്ങൾ വീണ്ടെടുക്കപ്പെടുന്നു എന്നാണ്. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ 2026-ലെ ടെക്സ്റ്റൈൽ മാലിന്യ മൂല്യ ശൃംഖലാ വിലയിരുത്തൽ പഠനമനുസരിച്ച്, ഇന്ത്യ പ്രതിവർഷം ഏകദേശം 7,073 കിലോ ടൺ വസ്ത്രമാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ ഉപയോഗഘട്ടത്തിനും മുമ്പും ശേഷവുമുള്ള മാലിന്യങ്ങൾ ഉൾപ്പെടുന്നു.

 

നിർമ്മാണ പ്രക്രിയകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉപഭോക്തൃ-പൂർവ തുണിത്തര മാലിന്യങ്ങൾ, ഗണ്യമായി ഉയർന്ന നിരക്കിലുള്ള പുനചംക്രമണ നിരക്കുകൾ കാണിക്കുന്നുണ്ടെന്നും പഠനം എടുത്തുകാണിക്കുന്നു. മൊത്തം ഉപഭോക്തൃ-പൂർവ മാലിന്യത്തിന്റെ, ഏകദേശം 97% പുനചംക്രമണം ചെയ്യപ്പെടുന്നു. ആഭ്യന്തര ഉൽ‌പാദന സംവിധാനങ്ങളിൽ‌ ഇതിനകം ഭാഗമായിട്ടുള്ള ഉയർന്ന അളവിലുള്ള ഉൽപ്പന്ന ചാക്രികതയെ ഇത് സൂചിപ്പിക്കുന്നു.

 

പാശ്ചാത്യ രാജ്യങ്ങളിലെ വസ്ത്രമാലിന്യങ്ങൾ തള്ളാനുള്ള ഒരിടമായി ഇന്ത്യയെ ചിത്രീകരിക്കുന്നത് തെറ്റാണ്. മുകളിൽ പറഞ്ഞ റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, ഇന്ത്യയിലെ പുനരുപയോഗ മേഖല പ്രധാനമായും ആഭ്യന്തര ആവശ്യങ്ങളാലാണ് നയിക്കപ്പെടുന്നത്. പ്രതിവർഷം കൈകാര്യം ചെയ്യുന്ന 7.8 ദശലക്ഷം ടൺ വസ്ത്രമാലിന്യത്തിൽ 90 ശതമാനത്തിലധികവും ഇന്ത്യയിലെ തന്നെ ഫാക്ടറികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്നതാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയിലെ മാലിന്യങ്ങൾ ആകെ അളവിന്റെ ഏകദേശം 7 ശതമാനം മാത്രമാണ്. ഇത് 2016-ലെ 'അപകടകരമായതും മറ്റ് മാലിന്യങ്ങളും ചട്ടം ( പരിപാലനവും അതിർത്തി കടന്നുള്ള നീക്കവും )' പ്രകാരം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ളതുമാണ്. പ്രധാനമായും പഴയ വസ്ത്രങ്ങളും തുണിതരങ്ങളുമാണ് ഇത്തരത്തിൽ നിയന്ത്രിതമായ രീതിയിൽ ഇറക്കുമതി ചെയ്യുന്നത്. ഇത് പ്രധാനമായും സമന്വയിപ്പിച്ച സിസ്റ്റം കോഡുകളിലൂടെ കണ്ടെത്താനാകും. ഈ ഔപചാരിക സ്ട്രീം വഴി മാലിന്യങ്ങൾ പുനരുപയോഗ, തരംതിരിക്കൽ ആവാസവ്യവസ്ഥയിലേക്ക് മാറ്റുന്നു.

 

 "ഇന്ത്യയിലെ വസ്ത്രമാലിന്യത്തിൽ നിന്ന് മൂല്യം കണ്ടെത്തുക: വസ്ത്ര മേഖലയിലെ ചാക്രികതയിലേക്കുള്ള കർമപദ്ധതി " എന്ന FICCI റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ വസ്ത്രമാലിന്യ ആവാസവ്യവസ്ഥ നിലവിൽ പ്രതിവർഷം ഏകദേശം 22,000 കോടി രൂപയുടെ സാമ്പത്തിക മൂല്യം ഉത്പാദിപ്പിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള തരംതിരിക്കൽ, വേർതിരിക്കൽ, ഉയർന്ന മൂല്യമുള്ള പുനരുപയോഗ മാർഗങ്ങൾ എന്നിവയിലൂടെ ഇതിൽ ഗണ്യമായ അധിക സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഇന്ത്യയിലെ പുനരുപയോഗ പുനചംക്രമണ രീതി, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പ്രതിശീർഷ വസ്ത്ര ഉപഭോഗവും മാലിന്യ ഉത്പാദനവും ഗണ്യമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ വസ്ത്ര പുനചംക്രമണം എന്നത് കേവലമൊരു മാലിന്യ സംസ്കരണ പ്രവർത്തനമല്ലെന്നും, മറിച്ച് ഉപജീവനമാർഗങ്ങൾക്കും വിഭവ കാര്യക്ഷമതയ്ക്കും പുനരുപയോഗ വസ്തുക്കളുടെ മൂല്യവർദ്ധനയ്ക്കും നൽകുന്ന സുപ്രധാന സംഭാവനയാണെന്നും ഈ അവലോകനം അടിവരയിടുന്നു.

 

വസ്ത്ര പുനചംക്രമണ പ്രവർത്തനം പരിസ്ഥിതിക്ക് ദോഷകരമാണെന്ന ചിത്രീകരണങ്ങൾക്ക് തികച്ചും വിപരീതമായി, ഐഐടി ഡൽഹിയിലെ ഗവേഷകർ പാനിപ്പത്ത് ക്ലസ്റ്ററിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ സമഗ്രമായ ജീവിതചക്ര വിലയിരുത്തൽ പഠനങ്ങൾ, ഈ മേഖലയിലെ പുനചംക്രമണ പ്രവർത്തനങ്ങളിൽ നിന്നുള്ള ഗണ്യമായ പരിസ്ഥിതി നേട്ടങ്ങൾ തെളിയിക്കുന്നു. 'ജേണൽ ഓഫ് ക്ലീനർ പ്രൊഡക്ഷനിൽ' (2025) പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം, പാനിപ്പത്ത് റീസൈക്ലിംഗ് ക്ലസ്റ്ററിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ, പുതിയ വസ്ത്ര നാരുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ, ഹരിതഗൃഹ വാതക ബഹിർഗമനം, അമ്ലമഴ, ഫോസിൽ ഇന്ധന ജ്വലനം തുടങ്ങിയ പാരിസ്ഥിതിക ആഘാതങ്ങൾ 30-40% വരെ കുറയ്ക്കാൻ വസ്ത്ര പുനചംക്രമണത്തിലൂടെ സാധിക്കുന്നുണ്ടെന്ന് കണ്ടെത്തി.

 

ഇന്ത്യയിലെ വസ്ത്ര പുനചംക്രമണ മേഖല എന്നത് ഒറ്റപ്പെട്ട യൂണിറ്റുകളല്ല മറിച്ച് പാനിപ്പത്ത്, തിരുപ്പൂർ, ലുധിയാന, സൂറത്ത് തുടങ്ങിയ ടെക്സ്റ്റൈൽ കേന്ദ്രങ്ങളിൽ ദശകങ്ങളായി വികസിപ്പിച്ചെടുത്ത പ്രത്യേക വ്യവസായ ആവാസവ്യവസ്ഥകളുടെ പിന്തുണ ഇതിനുണ്ടെന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളിൽ പലപ്പോഴും പരാമർശിക്കപ്പെടാറുള്ള പാനിപ്പത്ത് ക്ലസ്റ്റർ- കമ്പിളി, സംയോജിത വസ്ത്രമാലിന്യങ്ങൾ എന്നിവ സംസ്‌കരിക്കുകയും താഴെത്തട്ടിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്ന ആഗോളതലത്തിലെ തന്നെ പ്രധാന പുനരുപയോഗ ഹബ്ബുകളിലൊന്നായി മാറിയിരിക്കുന്നു.

 

അതേസമയം, മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്ന ചില ആശങ്കകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അംഗീകരിക്കുന്നു. ഉപഭോഗത്തിന് ശേഷമുള്ള വസ്ത്രമാലിന്യ ശേഖരണം, സമ്മിശ്ര-സിന്തറ്റിക് വസ്ത്രമാലിന്യങ്ങളുടെ സംസ്കരണം, അസംസ്‌കൃത വസ്തുക്കളുടെ ഏകീകരണം, ചെറുകിട അസംഘടിത യൂണിറ്റുകൾക്കിടയിലെ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കൽ, മൂല്യശൃംഖലയുടെ ചില ഭാഗങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ കൂടുതൽ ഔപചാരികവൽക്കരണത്തിലേക്കും, ശക്തമായ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നതിലേക്കും, നൂതന സാങ്കേതികവിദ്യകളും, ഉയർന്ന പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിക്കുന്നതിലേക്കും ക്രമേണ മാറിക്കൊണ്ടിരിക്കുന്ന ഒരു വികസ്വര മേഖലയുടെ പശ്ചാത്തലത്തിൽ വേണം ഈ ആശങ്കകളെ വീക്ഷിക്കേണ്ടത്.

 

ഈ സാഹചര്യത്തിൽ, വസ്ത്ര പുനചംക്രമണ മേഖല പരിസ്ഥിതി പാലനം, വ്യവസായ പ്രവർത്തനം, തൊഴിലാളി ക്ഷേമം എന്നിവയിൽ കൃത്യമായ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടിനുള്ളിലാണ് പ്രവർത്തിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്ര പുനരുപയോഗ, സംസ്കരണ യൂണിറ്റുകൾ 1974-ലെ ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമം, 1981-ലെ വായു (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) നിയമം എന്നിവയ്ക്ക് കീഴിലാണ് നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്നുള്ള പ്രവർത്തന അനുമതിയും ഇവയ്ക്ക് നിർബന്ധമാണ്. നിയമങ്ങൾ പാലിക്കാത്ത ചില യൂണിറ്റുകൾക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലും (NGT) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും സ്വീകരിച്ച നടപടികൾ  ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായും സജീവമായും പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്.

 

ഇന്ത്യയുടെ വികസിതമായിക്കൊണ്ടിരിക്കുന്ന തൊഴിൽ നിയമ വ്യവസ്ഥയ്ക്ക് കീഴിലാണ് ഇന്ത്യയുടെ തൊഴിൽ സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിലാളി ക്ഷേമം എന്നിവ വരുന്നത്. ഇതിൽ ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഏകീകരിക്കുന്ന 2020-ലെ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (OSH Code), തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പരിരക്ഷ ശക്തിപ്പെടുത്തുന്ന 2020-ലെ സോഷ്യൽ സെക്യൂരിറ്റി കോഡ് എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം, വേതനം, വ്യവസായ ബന്ധങ്ങൾ, തൊഴിലാളി സംരക്ഷണം എന്നിവ 2019-ലെ വേജ് കോഡ്, 2020-ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എന്നിവയിലൂടെയും  പരിപാലിക്കപ്പെടുന്നു. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കൃത്യമായ മേൽനോട്ടവും പരിശോധനയുമടങ്ങുന്ന നടപടികൾ ബന്ധപ്പെട്ട അധികൃതർ നിയമപരമായ ചട്ടക്കൂടുകൾക്ക് അനുസൃതമായി സ്വീകരിച്ചു വരുന്നു.

 

ഇന്ത്യൻ വസ്ത്ര പുന ചംക്രമണ വ്യവസായത്തെക്കുറിച്ചുള്ള പൊതുവായ ചിത്രീകരണങ്ങൾ പലപ്പോഴും പരിസ്ഥിതി സൗഹൃദപരവും സുരക്ഷിതവുമായ തൊഴിൽ രീതികൾ സ്വീകരിക്കുന്നതിൽ സംഘടിതവും, കയറ്റുമതി കേന്ദ്രീകൃതവുമായ റീസൈക്ലിംഗ് യൂണിറ്റുകൾ കൈവരിച്ച ഗണ്യമായ പുരോഗതിയെ വിസ്മരിക്കുന്നു. ഇന്ത്യയുടെ വസ്ത്ര പുനചംക്രമണ ആവാസവ്യവസ്ഥ പരമ്പരാഗത യന്ത്രവൽകൃത പുന ചംക്രമണത്തിൽ നിന്ന് തന്മാത്ര തലത്തിൽ നാരുകൾ വീണ്ടെടുക്കാൻ ശേഷിയുള്ള അത്യാധുനിക രാസ റീസൈക്ലിംഗ് സാങ്കേതികവിദ്യകളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് യഥാർത്ഥ 'ടെക്സ്റ്റൈൽ-ടു-ടെക്സ്റ്റൈൽ' ചാക്രികത സാധ്യമാക്കുന്നു. ധാരാളം യൂണിറ്റുകൾ ആധുനിക റീസൈക്ലിംഗ് സാങ്കേതികവിദ്യകൾ, പൊടി വേർതിരിക്കൽ സംവിധാനങ്ങൾ, സീറോ ലിക്വിഡ് ഡിസ്ചാർജ് (ZLD),മലിനജല ശുദ്ധീകരണം, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് തിരുപ്പൂരിലെ ടെക്സ്റ്റൈൽ ക്ലസ്റ്റർ, ഡൈയിംഗ്-പ്രോസസിംഗ് യൂണിറ്റുകളിൽ ZLD സംവിധാനങ്ങൾ വ്യാപകമായി നടപ്പിലാക്കിയതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുണ്ട്. തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ടെക്സ്റ്റൈൽ യൂണിറ്റുകൾ കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ചുള്ള ഡൈയിംഗ് രീതികൾ, അത്യാധുനിക ജല പുനരുപയോഗ സംവിധാനങ്ങൾ,പ്രവർത്തനങ്ങളുടെ ഡിജിറ്റൽ വിലയിരുത്തൽ എന്നിവയിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സുസ്ഥിര നിർമ്മാണ രീതികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

 

 ഇന്ത്യയുടെ സാങ്കേതിക വസ്ത്ര പുനരുപയോഗ ശേഷി കേവലം സാധാരണ വസ്ത്രങ്ങളിലും ഗാർഹിക ഉപയോഗ വസ്തുക്കളിലും മാത്രം ഒതുങ്ങുന്നതല്ല. ഉയർന്ന മൂല്യമുള്ള സാങ്കേതിക വസ്ത്ര മാലിന്യങ്ങളുടെ പുനരുപയോഗമെന്നത് ദേശീയ പ്രാധാന്യമുള്ള തന്ത്രപ്രധാനമായ ഒരു മേഖലയാണ്. ഇതിൽ പ്രതിരോധ മേഖലയിലെ നാരുകൾ, വാഹന വ്യവസായത്തിലെ ടെക്സ്റ്റൈൽ, ഏറോസ്പേസ് കോമ്പോസിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സാങ്കേതികമായ ദുർഘടനകാരണം ആഗോളതലത്തിൽ ഇവ സാധാരണയായി കത്തിച്ചുകളയുകയോ ഭൂമിയിൽ കുഴിച്ചുമൂടുകയോ ചെയ്യുന്നു. എന്നാൽ പ്രതിരോധ-സുരക്ഷാ വസ്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്: നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷന്റെ (NTTM) കീഴിൽ ഐഐടി ഡൽഹി പാനിപ്പത്തിൽ സ്ഥാപിച്ച അടൽ സെന്റർ ഓഫ് ടെക്സ്റ്റൈൽ റീസൈക്ലിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി (ACTRS), ഉയർന്ന ശേഷിയുള്ള അരാമിഡ് ഫൈബർ മാലിന്യങ്ങൾ പുനരുപയോഗിക്കാനുള്ള ലോകത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ വികസിപ്പിക്കുകയും അത് വ്യവസായ മേഖലയ്ക്ക് കൈമാറുകയും ചെയ്തു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ഹെൽമെറ്റുകൾ, കവചിത വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന പദാർത്ഥമാണിത്. ഇതിന് പുറമെ, വാഹനങ്ങളുടെ ഭാരം കുറയ്ക്കൽ, സ്പോർട്സ് സുരക്ഷാ ഉപകരണങ്ങൾ, ഏറോസ്പേസ് ഘടനകൾ എന്നിവയിൽ നേരിട്ട് ഉപയോഗിക്കാവുന്ന കോമ്പോസിറ്റുകൾ, ജിയോസിന്തറ്റിക്സ്, സ്പെഷ്യൽറ്റി ഫൈബറുകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണ പദ്ധതികൾക്കും NTTM അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയിൽ ഉയർന്ന മൂല്യമുള്ള സാങ്കേതിക വസ്ത്ര പുനരുപയോഗ ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകുന്നു.

 

മേൽപ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ, ചില പ്രത്യേക സ്ഥലങ്ങളിലെ പ്രവർത്തനപരമായ ആശങ്കകൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, അത്തരം സംഭവങ്ങൾ ഇന്ത്യയിലെ വസ്ത്ര പുനചംക്രമണ മേഖലയെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല. ഇന്ത്യയുടെ ഈ മേഖലയ്ക്ക് ഗണ്യമായ വിപുലതയും വ്യക്തമായ പുനരുപയോഗ മാർഗങ്ങളും ശക്തമായ അടിത്തറയുമുണ്ട്. ദേശീയ മുൻഗണനകൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളിലേക്കും ഔപചാരികവൽക്കരണത്തിലേക്കും സുസ്ഥിരതയിലേക്കും ഈ ഖല മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സുസ്ഥിര വളർച്ച, വിഭവ കാര്യക്ഷമത, ചാക്രിക സമ്പദ് വ്യവസ്ഥ എന്നീ  വിശാലമായ ലക്ഷ്യങ്ങൾക്കനുസൃതമായി, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവും സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു വസ്ത്ര മേഖലയെ പിന്തുണയ്ക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.

*****


( റിലീസ് ഐ.ഡി: 2261515) സന്ദര്‍ശക കൗണ്ടര്‍ : 8