|
പരിസ്ഥിതി, വനം മന്ത്രാലയം
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം ഇന്ത്യയിലെ ബൃഹദ് മാർജാരയിന മൃഗങ്ങളെ സംബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും
ഐബിസിഎ ഉച്ചകോടി 2026 ന്റെ മുന്നോടിയായി, ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും ബൃഹദ് മാർജാര ഇനമൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ, വെല്ലുവിളികൾ, സഹകരണം എന്നിവ പരിപാടിയിൽ പ്രദർശിപ്പിക്കും
പോസ്റ്റഡ് ഓണ്‍:
13 MAY 2026 11:08AM by PIB Thiruvananthpuram
ബൃഹദ് മാർജാര ഇനമൃഗങ്ങളുടെ സംരക്ഷണത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ഉയർത്തിക്കാട്ടുന്നതിനും ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെ (IBCA) ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാജ്യത്തുടനീളം നിരവധി വിഷയാധിഷ്ഠിത പരിപാടികൾ സംഘടിപ്പിക്കും.
ഈ പരിപാടികൾ ഇന്ത്യയിലെ അഞ്ച് വന്യ ബൃഹദ് മാർജാര ഇനങ്ങളായ കടുവ, ഏഷ്യാറ്റിക് സിംഹം, പുള്ളിപ്പുലി, ഹിമപുലി , ചീറ്റ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ ഇവയുടെ സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ, വെല്ലുവിളികൾ, സഹകരണ പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
വിഷയാധിഷ്ഠിത പരിപാടികൾ ഇനിപ്പറയുന്ന സ്ഥലങ്ങളിലാണ് സംഘടിപ്പിക്കുക:
- ഏഷ്യാറ്റിക് സിംഹങ്ങൾക്കായുള്ള സംരക്ഷണ പരിപാടി - ഗിർ, ഗുജറാത്ത്
- ചീറ്റ സംരക്ഷണ പരിപാടി - ഭോപ്പാൽ, മധ്യപ്രദേശ്
- പുലി സംരക്ഷണവും അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിന പരിപാടിയും - ഭുവനേശ്വർ, ഒഡീഷ
- ഹിമപ്പുലി സംരക്ഷണ പരിപാടി - ഗാങ്‌ടോക്ക്, സിക്കിം
- കടുവ സംരക്ഷണ പരിപാടി - ചന്ദ്രപൂർ, മഹാരാഷ്ട്ര
ഇന്ത്യാ ഗവൺമെന്റിന്റെ മുൻനിര സംരംഭങ്ങൾക്ക് കീഴിലുള്ള മൃഗ സംരക്ഷണ വിജയഗാഥകൾ ഉയർത്തിക്കാട്ടുന്നതിനും, പങ്കാളികളുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വ്യക്തമായ ആഹ്വാനപ്രകാരം ഇന്ത്യയുടെ നേതൃത്വത്തിൽ ഐബിസിഎ സ്ഥാപിക്കുന്നതിലേക്കുള്ള നടപടികളും പ്രദർശിപ്പിക്കുന്നതിനാണ് ഈ പ്രീ-സമ്മിറ്റ് പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാനങ്ങളുടെയും പ്രധാന സംരക്ഷണ സംരംഭങ്ങൾ
1.ഏഷ്യാറ്റിക് സിംഹ സംരക്ഷണം - ഗിർ, ഗുജറാത്ത്
വിഷയം: ഇന്ത്യയുടെ അതുല്യമായ സംരക്ഷണ നേട്ടം
ഏഷ്യാറ്റിക് സിംഹം ഇന്ത്യയിൽ മാത്രമേ കാണപ്പെടുന്നുള്ളു. ലോകത്തിലെ ഏറ്റവും വിജയകരമായ ജീവിവർഗ സംരക്ഷണ പരിപാടികളിൽ ഒന്നാണിത്.
സ്വീകരിച്ച പ്രധാന നടപടികൾ:
- ദീർഘകാല സംരക്ഷണത്തിനും ആവാസ വ്യവസ്ഥയുടെ വികാസത്തിനുമായി പ്രോജക്റ്റ് ലയൺ നടപ്പിലാക്കൽ.
- ശാസ്ത്രീയമായ മൃഗസംഖ്യ നിരീക്ഷണവും രോഗ നിരീക്ഷണ സംവിധാനങ്ങളും.
- ഗ്രേറ്റർ ഗിർ മേഖലയിൽ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തലും ഇരകളുടെ എണ്ണത്തിലെ വർദ്ധന മെച്ചപ്പെടുത്തലും
- ഗിർ സംരക്ഷിത പ്രദേശത്തിന് പുറത്ത് ചുറ്റുമുള്ള ഭൂപ്രകൃതികളിലേക്ക് സിംഹങ്ങളുടെ വിതരണം വ്യാപിപ്പിക്കുക.
- സംഘർഷ ലഘൂകരണത്തിനുള്ള രക്ഷാപ്രവർത്തന, ദ്രുത പ്രതികരണ സംഘങ്ങൾ.
- സ്പീഷീസ് സംരക്ഷണത്തിൽ മൽധാരികൾ പോലുള്ള സമൂഹങ്ങളുടെ പങ്ക്
- സമൂഹങ്ങളുടെ ഇടപെടലിനും കന്നുകാലി നഷ്ടപരിഹാര സംവിധാനങ്ങൾക്കുമുള്ള ഗുജറാത്ത് ഗവണ്മെന്റ് സംരംഭങ്ങൾ.
2. കടുവ സംരക്ഷണം - ചന്ദ്രപൂർ, മഹാരാഷ്ട്ര
വിഷയം: ഇന്ത്യയുടെ വനസംരക്ഷണത്തിന്റെ മുൻനിര പരിപാടികൾ
ലോകത്തിലെ വന്യ കടുവകളുടെ എണ്ണത്തിന്റെ 70% ത്തിലധികവും ഇന്ത്യയിലാണ്. കൂടാതെ പ്രോജക്റ്റ് ടൈഗറിന്റെയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെയും (NTCA) കീഴിലുള്ള സുസ്ഥിരമായ ശ്രമങ്ങളിലൂടെ കടുവ സംരക്ഷണത്തിൽ ആഗോള നേതൃ നിരയിലേക്ക് ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്.
സ്വീകരിച്ച പ്രധാന നടപടികൾ:
- രാജ്യത്തുടനീളമുള്ള കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ ശക്തിപ്പെടുത്തലും വിപുലീകരണവും.
- ആവാസസ്ഥാന തല സംരക്ഷണവും വന്യജീവി ഇടനാഴി സംരക്ഷണവും.
- ക്യാമറ ട്രാപ്പിംഗ്, എം-സ്ട്രൈപ്പ്സ്, എഐ- അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം.
- വേട്ടയാടലിനെതിരായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രത്യേക കടുവ സംരക്ഷണ സേനയുടെ വിന്യാസം.
- കോർ ആവാസ വ്യവസ്ഥകളിൽ നിന്ന് സ്വമേധയാ ഗ്രാമങ്ങൾ മാറ്റി സ്ഥാപിക്കൽ.
- കടുവ സംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള സമൂഹ പങ്കാളിത്തവും പരിസ്ഥിതി വികസന സംരംഭങ്ങളും.
- വന്യജീവി ടൂറിസവും ഉപജീവനമാർഗ്ഗവും പ്രോത്സാഹിപ്പിക്കൽ
- ചന്ദ്രപൂർ ഉൾപ്പെടെയുള്ള വിദർഭ മേഖലയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും മനുഷ്യ-കടുവ സംഘർഷം കുറയ്ക്കുന്നതിനുമുള്ള മഹാരാഷ്ട്രയുടെ ശ്രദ്ധ ഊന്നിയുള്ള ശ്രമങ്ങൾ.
- കടുവകളുടെ എണ്ണത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുനരുജീവനവും ആവാസ വ്യവസ്ഥകളും ഇടനാഴികളും സുരക്ഷിതമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും ചന്ദ്രപൂർ പരിപാടി എടുത്തുകാണിക്കും.
3. പുള്ളിപ്പുലി സംരക്ഷണവും അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനവും - ഭുവനേശ്വർ, ഒഡീഷ
വിഷയം: മനുഷ്യരുടെ ആധിപത്യമുള്ള ഭൂപ്രകൃതികളിലെ സഹവർത്തിത്വം
ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വലിയ മാർജാര ഇനങ്ങളിൽ ഒന്നാണ് പുള്ളിപ്പുലികൾ, പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് അവ വസിക്കുന്നത് .
സ്വീകരിച്ച പ്രധാന നടപടികൾ:
- മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പരിപാടികളും ദ്രുത പ്രതികരണ സംഘങ്ങളും.
- രക്ഷാപ്രവർത്തന, പുനരധിവാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ.
- സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്ന പൊതു അവബോധ പരിപാടികൾ .
- പ്രധാന വനം ജീവനക്കാർക്കായി ശേഷി വികസനപരിപാടികൾ .
- സംഘർഷ സാധ്യതയുള്ള മേഖലകളെ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം.
- ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനവും സമൂഹ പങ്കാളിത്തവുമായി ബന്ധപ്പെട്ട ഒഡീഷയുടെ ജൈവവൈവിധ്യ സംരക്ഷണ സംരംഭങ്ങൾ.
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ഭുവനേശ്വരിൽ നടക്കുന്ന പരിപാടി, മനുഷ്യ ആധിപത്യമുള്ള ഭൂപ്രകൃതികളിൽ സഹവർത്തിത്വത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഊന്നൽ നൽകും.
4. ഹിമപ്പുലി സംരക്ഷണം - ഗാങ്‌ടോക്ക്, സിക്കിം
വിഷയം: ഹിമാലയത്തിന്റെ സെന്റിനൽ
ഹിമപ്പുലികൾ ഹിമാലയൻ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക ആരോഗ്യത്തിന്റെ സൂചകങ്ങളാണ്.ഇവ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ആവാസവ്യവസ്ഥയുടെ തകർച്ചയിൽ നിന്നുമുള്ള ഭീഷണികൾ നേരിടുന്നു.
സ്വീകരിച്ച പ്രധാന നടപടികൾ:
- ഇന്ത്യയിലെ ഹിമപ്പുലി എണ്ണം കണക്കെടുപ്പ് (SPAI) പരിപാടി നടപ്പിലാക്കൽ.
- പ്രാദേശിക ഹിമാലയൻ ജനങ്ങൾ ഉൾപ്പെടുന്ന സമൂഹ അധിഷ്ഠിത സംരക്ഷണം.
- സുസ്ഥിര ഉപജീവനമാർഗ്ഗങ്ങളുടെയും പരിസ്ഥിതി ടൂറിസത്തിന്റെയും പ്രോത്സാഹനം.
- സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള ആവാസ വ്യവസ്ഥകളുടെയും ഇര ജീവികളുടെയും സംരക്ഷണം.
- ഹിമാലയൻ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള സംരക്ഷണ ആസൂത്രണം.
- അതിർത്തി കടന്നുള്ള സംരക്ഷണ സംരംഭങ്ങൾക്കായി ഹിമാലയൻ സംസ്ഥാനങ്ങളുമായുള്ള സഹകരണം
- ദുർബലമായ പർവത ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും ഹിമപ്പുലികളെ സംരക്ഷിക്കുന്നതിൽ പ്രാദേശിക സമൂഹങ്ങളുടെ ഉടപെടലിലും ഗാംഗ്‌ടോക്ക് പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും.
5. ചീറ്റ സംരക്ഷണം - ഭോപ്പാൽ, മധ്യപ്രദേശ്
വിഷയം : ഇന്ത്യയിലെ പുൽമേട് ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ
പ്രോജക്റ്റ് ചീറ്റയ്ക്ക് കീഴിൽ വലിയ മാംസഭോജി മൃഗങ്ങൾക്കായി ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര സ്ഥാനമാറ്റ പദ്ധതി ഇന്ത്യ ആരംഭിച്ചു.
സ്വീകരിച്ച പ്രധാന നടപടികൾ:
- മധ്യപ്രദേശിലെ അനുയോജ്യമായ ആവാസ വ്യവസ്ഥകളിലേക്ക് നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ചീറ്റകളെ പുനരുജ്ജീവിപ്പിക്കൽ.
- ഇരകളുടെ എണ്ണത്തിലും പുൽമേടുകളുടെ ആവാസവ്യവസ്ഥയിലും വികസനം.
- സാറ്റലൈറ്റ് കോളറുകളിലൂടെയും വിദഗ്ദ്ധ പരിപാലന പ്രോട്ടോക്കോളുകളിലൂടെയും ശാസ്ത്രീയ നിരീക്ഷണം.
- ഫീൽഡ് സ്റ്റാഫിന്റെയും വെറ്ററിനറി ടീമുകളുടെയും ശേഷി വികസനം .
- ദീർഘകാല ആവാസവ്യവസ്ഥ പരിപാലനവും വിപുലീകരണ ആസൂത്രണവും.
- മൃഗങ്ങളെ തുടർന്നുവിടുന്നമേഖലകൾക്ക്സ ചുറ്റുമുള്ള സമൂഹങ്ങൾക്ക്അവബോധം ശക്തിപ്പെടുത്തൽ.
- ചീറ്റകളുടെ എണ്ണം പുനഃസ്ഥാപിക്കുന്നതിനും പുൽമേടുകളുടെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ മുൻനിര ശ്രമങ്ങളെ ഭോപ്പാൽ പരിപാടി ഉയർത്തിക്കാട്ടും.
ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (ഐബിസിഎ)
ലോകമെമ്പാടുമുള്ള ഏഴ് പ്രധാന ബൃഹത് മാർജാര ഇനങ്ങളുടെ സംരക്ഷണത്തിനായി ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഇന്ത്യ ആരംഭിച്ച ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് ലക്ഷ്യമിടുന്നത്. വിഷയാധിഷ്ഠിത പരിപാടികൾ താഴെപ്പറയുന്നവയ്ക്ക് വേദിയാകും:
- ബൃഹത് മാർജാര സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ആഗോള ഉച്ചകോടിയാണിത്
- ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുക
- സംരക്ഷണ പരിജ്ഞാനം പങ്കിടുക
- നയ സംരംഭങ്ങൾ എടുത്തുകാണിക്കുക
- പൊതു അവബോധം വർദ്ധിപ്പിക്കുക
- വന്യജീവി സംരക്ഷണത്തിൽ ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്തുക.
സംസ്ഥാന വനം വകുപ്പുകൾ, എൻടിസിഎ, വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, നാഷണൽ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ്, മറ്റ് പങ്കാളികൾ എന്നിവരുമായി ഏകോപിപ്പിച്ച് കേന്ദ്രപരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
*****
( റിലീസ് ഐ.ഡി: 2260591)
|