പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ വഡോദരയിൽ സർദാർധാം ഹോസ്റ്റലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
11 MAY 2026 10:09PM by PIB Thiruvananthpuram
ഭാരതമാതാവ് ജയിക്കട്ടേ..
ഭാരതമാതാവ് ജയിക്കട്ടേ..
ഗുജറാത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ജി, കേന്ദ്രമന്ത്രിയും സ്ഥാപക ട്രസ്റ്റിയുമായ മൻസുഖ് ഭായ് മാണ്ഡവ്യ, സർദാർ ധാം അധ്യക്ഷൻ ഗഗ്ജി ഭായ് സുതരിയ ജി, ദുഷ്യന്ത് ഭായ് പട്ടേൽ, പങ്കജ് ഭായ് പട്ടേൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ ജി, വേദിയിലുള്ള ഗുജറാത്ത് സർക്കാരിലെ മറ്റ് മന്ത്രിമാരേ,പദ്ധതിക്കായി സംഭാവന ചെയ്തവരേ,ട്രസ്റ്റികളേ, വിശിഷ്ട അതിഥികളേ, ഗുജറാത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചേർന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.
ഇന്ന് ഒരു പവിത്രമായ ഉത്സവം പോലെതന്നെയാണ്. ഇവിടെ വരുന്നതിന് മുൻപ് ഞാൻ സോമനാഥ ക്ഷേത്രത്തിലായിരുന്നു. സോമനാഥ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയുടെ 75 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. സർദാർ പട്ടേലിന്റെ നിശ്ചയദാർഢ്യത്തിലൂടെയാണ് സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം സാക്ഷാത്കരിക്കപ്പെട്ടത്. ഈ അവസരത്തിൽ പ്രഭാസ് പതനിൽ സോമനാഥ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. ഇതേ ദിവസം തന്നെ വഡോദരയിൽ സർദാർ ധാമുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടക്കുന്നു. ഡോ. ദുഷ്യന്ത് - ദക്ഷ പട്ടേൽ കോംപ്ലക്‌സിന്റെ ഉദ്ഘാടനം, വിദ്യാഭ്യാസ സഹായ പദ്ധതിയുടെ തുടക്കം, പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം — ഈ സംരംഭങ്ങളെല്ലാം ഭാവിയിൽ രാഷ്ട്രനിർമ്മാണത്തിനുള്ള ഫലപ്രദമായ ഉപാധികളായി മാറും. ഒരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ യുവജനങ്ങളുടെ ഭാവി കരിയറിനായുള്ള ലോഞ്ചിംഗ് പാഡുകളായി ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ഈ ഉൽകൃഷ്ടമായ പ്രവർത്തനത്തിന് നിങ്ങളെല്ലാവരെയും സമൂഹത്തിലെ ഓരോ അംഗത്തെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് നിങ്ങളുടെ ഇടയിലേക്ക് എത്തിയതിൽ എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തുടനീളം ആവേശത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. അതിനോടൊപ്പം തന്നെ, നിങ്ങളെല്ലാവരും ചേർന്ന് ഒരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുന്നു — ഗുജറാത്ത് മുൻസിപ്പൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളും ശ്രദ്ധേയമായിരുന്നു, അത് ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ,
ഗുജറാത്തിലെ ജനങ്ങൾ എപ്പോഴും രാഷ്ട്രീയ സ്ഥിരതയ്ക്ക് വലിയ വില കൽപ്പിക്കാറുണ്ട്. ഇത് അവരുടെ രാഷ്ട്രീയ ദീർഘവീക്ഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. രാഷ്ട്രീയ സ്ഥിരതയുടെ പ്രാധാന്യം അവർക്ക് നന്നായി അറിയാം, കാരണം എവിടെയെല്ലാം രാഷ്ട്രീയ സ്ഥിരതയുണ്ടോ അവിടെയെല്ലാം സാമ്പത്തിക വളർച്ച വേഗത്തിലാകും. ഗുജറാത്ത് ഇത് പണ്ട് തന്നെ തിരിച്ചറിഞ്ഞതാണ്. അതിന്റെ ഫലങ്ങളാണ് ഗുജറാത്തിന്റെ വളർച്ചയിലും ഒന്നിനുപുറകെ ഒന്നായി വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലും ഇന്ന് പ്രതിഫലിക്കുന്നത്.
സുഹൃത്തുക്കളേ,
നിങ്ങളുടെ ഇടയിലേക്ക് വരുന്നതും നിങ്ങളുടെ പരിപാടികളുടെ ഭാഗമാകുന്നതും എനിക്ക് എപ്പോഴും സന്തോഷകരമായ അനുഭവമാണ്; ഇത് സ്വന്തം വീട്ടിലേക്ക് വരുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. കാരണം, നിങ്ങളുടെ ഇടയിൽ ഏതൊരാൾക്കും സമൂഹത്തിന്റെ കരുത്ത് അനുഭവിക്കാൻ കഴിയും. യഥാർത്ഥ പരിവർത്തനം സംഭവിക്കുമ്പോഴെല്ലാം അത് സമൂഹത്തിന്റെ കൂട്ടായ കരുത്തിലൂടെയാണ് കൈവരിക്കപ്പെടുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. പ്രത്യേകിച്ച്, വിദ്യാഭ്യാസത്തിന് മുൻഗണന നൽകുകയും വിദ്യാഭ്യാസത്തിൽ തുല്യ പങ്കാളിത്തം ലക്ഷ്യമാക്കുകയും ചെയ്ത സമുദായങ്ങൾ എപ്പോഴും പുരോഗതി കൈവരിക്കുകയും പുതിയ ഉയരങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടാണ് സഹോദരീ സഹോദരന്മാരേ,
സർദാർ ധാമിന്റെ ഓരോ പരിശ്രമത്തിലും, എപ്പോഴൊക്കെ അവസരം ലഭിക്കുന്നുവോ അപ്പോഴൊക്കെ നിങ്ങളോടൊപ്പം നിൽക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. ഗഗ്ജി ഭായ് ഇപ്പോൾ വിശദമായി സൂചിപ്പിച്ചതുപോലെ, 2021-ൽ അഹമ്മദാബാദിൽ നടന്ന സർദാർ ധാമിന്റെ ഒരു പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു, അവിടെ വെച്ചാണ് പെൺകുട്ടികളുടെ ഹോസ്റ്റലിന് തറക്കല്ലിട്ടത്. കഴിഞ്ഞ വർഷം അതിന്റെ ഉദ്ഘാടനം നടന്നു. ഇന്ന് ആയിരക്കണക്കിന് പെൺമക്കൾ അവിടെ വിദ്യാഭ്യാസം നേടുകയും അവരുടെ സ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യുന്നു. സൂറത്ത്, രാജ്‌കോട്ട്, ഭുജ്, മെഹ്‌സാന, ഡൽഹി എന്നിവിടങ്ങളിലെ സർദാർ ധാമിന്റെ അത്തരം നിരവധി സ്ഥാപനങ്ങൾ യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നുണ്ട്. ഇന്ന് പോലും അഹമ്മദാബാദിലെ നിക്കോളിൽ ആയിരം പെൺകുട്ടികൾക്കായി പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
സുഹൃത്തുക്കളേ,
മാറ്റങ്ങൾ വ്യാപകമാകുന്നതിനും അതിന്റെ ഫലങ്ങൾ ശാശ്വതമായി നിലനിൽക്കുന്നതിനും സമൂഹവും സർക്കാരും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിൽ യാഥാർത്ഥ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം ഇതിനൊരു പ്രധാന ഉദാഹരണമാണ്. ഇന്ന് യുവാക്കളുടെ പാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിക്കുകയാണ്. പഠനം എന്നത് വെറും പുസ്തകങ്ങളിലും ബിരുദങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല ഇന്ന്. നൈപുണ്യ വികസനവും നൂതനാശയങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. ഗവേഷണത്തിൽ താൽപ്പര്യമുള്ള യുവാക്കൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്. ബിരുദം പൂർത്തിയാക്കിയ ശേഷം പ്രായോഗിക പരിചയമില്ലാതെ യുവാക്കൾ അലയാതിരിക്കാൻ അപ്രന്റീഷിപ്പ് അവസരങ്ങൾ നൽകിവരുന്നു. ഭാവിയിൽ എത്ര വലിയ നൈപുണ്യമുള്ള തൊഴിൽ സേനയായിരിക്കും നമ്മുടെ രാജ്യത്തിനുണ്ടാകുക എന്ന് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കാൻ പോകുന്നത് ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്കായിരിക്കും.
സുഹൃത്തുക്കളേ,
ഗുജറാത്തിലെ യുവാക്കൾക്ക് സ്വതവേ തന്നെ സംരംഭകത്വ മികവുണ്ട്. ഇന്ന് 'സ്റ്റാർട്ടപ്പ് ഇന്ത്യ' മിഷൻ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നു. ചെറിയ പട്ടണങ്ങളിൽ നിന്നുള്ള യുവാക്കളും ഇന്ന് സംരംഭകരായി മാറിക്കൊണ്ടിരിക്കുകയാണ്. ചെറിയ നഗരങ്ങളിൽ നിന്ന് വലിയ സ്റ്റാർട്ടപ്പുകൾ ഉയർന്നു വരുന്നു. സ്റ്റാർട്ടപ്പുകളിൽ സ്ത്രീകളുടെ പങ്കാളിത്തം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത്
അസാധ്യ മേഖലകളായി കണക്കാക്കപ്പെട്ടിരുന്നവ ഇന്ന് യുവാക്കളുടെ ആദ്യ തിരഞ്ഞെടുപ്പായി മാറുകയാണ്. കായികം മുതൽ ബഹിരാകാശ സാങ്കേതികവിദ്യ വരെ കഴിഞ്ഞ 10–12 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ഗുജറാത്തിലെ നമ്മുടെ പെൺമക്കളും ആൺമക്കളും ഇതിന്റെ ഗുണഫലങ്ങൾ വലിയ തോതിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ഒരു സമൂഹത്തിന്റെ പുരോഗതിയുടെ ഏറ്റവും വലിയ ആണിക്കല്ല് അവിടുത്തെ സ്ത്രീകളുടെ — സമൂഹത്തിന്റെ പകുതി ഭാഗത്തിന്റെ — പങ്കാളിത്തമാണ്. ഗുജറാത്ത് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത് മനസ്സിലാക്കുകയും ഈ ദിശയിൽ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സുഹൃത്തുക്കളേ,
ഇന്ന് ഗുജറാത്ത് മാതൃകയുടെ അതേ വിജയം രാജ്യം മുഴുവൻ ആവർത്തിക്കപ്പെടുകയാണ്. കോടിക്കണക്കിന് സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ നൽകി. ശുചിമുറികൾ, പൈപ്പ് വഴിയുള്ള കുടിവെള്ള കണക്ഷനുകൾ, ഗ്യാസ് കണക്ഷനുകൾ എന്നിവ ലഭ്യമാക്കി. മുദ്ര യോജനയിലൂടെ സ്ത്രീകൾ സ്വയംപര്യാപ്തരായി മാറുന്നു. കുടുംബത്തിനുള്ളിൽ സ്ത്രീകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി ആയുഷ്മാൻ ഭാരത്, മാതൃ വന്ദൻ തുടങ്ങിയ പദ്ധതികൾ സുരക്ഷാ കവചങ്ങളായി പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളേ,
മുൻപ് പല മേഖലകളുടെയും വാതിലുകൾ പെൺമക്കൾക്ക് മുന്നിൽ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഇന്ന് അത്തരം മേഖലകളിൽ സ്ത്രീകൾ മുൻനിരയിലേക്ക് ഉയർന്നുവരികയാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ഇന്ന് വനിതാ കേഡറ്റുകൾ പരിശീലനം നേടുന്നു. നമ്മുടെ പെൺമക്കൾ യുദ്ധവിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരായി മാറുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നിരന്തരമായ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. നാരീശക്തി വന്ദൻ നിയമഭേദഗതിയിലൂടെ ഈ ദിശയിൽ ഞങ്ങൾ മറ്റൊരു ശ്രമം കൂടി നടത്തി. ചില രാഷ്ട്രീയ കാരണങ്ങളാൽ അത് പാസാക്കാൻ കഴിഞ്ഞില്ല, എന്നാൽ ഈ ലക്ഷ്യത്തിനായി ഞങ്ങൾ തുടർന്നും പരിശ്രമിക്കുമെന്ന് നിങ്ങളോടും രാജ്യത്തെ മുഴുവൻ സ്ത്രീകളോടും ഞാൻ ഉറപ്പുനൽകുന്നു.
സുഹൃത്തുക്കളേ,
എല്ലാ മേഖലകളിലും സ്ത്രീകൾക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നുകൊടുക്കുക എന്നത് സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. സർദാർ ധാം ഈ ഉത്തരവാദിത്തം പൂർണ്ണമായ അർപ്പണബോധത്തോടെ നിറവേറ്റുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ശ്രമങ്ങൾക്ക് നിങ്ങളെ എല്ലാവരെയും ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
കാലത്തിന്റെ ദിശ വളരെ വേഗത്തിൽ തിരിച്ചറിയുന്നു എന്നതാണ് ഗുജറാത്തിന്റെ എക്കാലത്തെയും വലിയ കരുത്തുകളിലൊന്ന്. മാറ്റങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതും, പുതിയ സാധ്യതകളെ നെഞ്ചേറ്റുന്നതും, ഭാവി മുൻകൂട്ടി കണ്ട് നേരത്തെ തന്നെ തയ്യാറെടുക്കുന്നതും ഗുജറാത്തിന്റെ പ്രവർത്തന സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്ന് ലോകം ഭാവി സാങ്കേതികവിദ്യകളിലേക്ക് നീങ്ങുമ്പോൾ, ഗുജറാത്തും പുതിയ ഉണർവോടെ മുന്നേറുകയാണ്. സെമികണ്ടക്ടർ നിർമ്മാണം, എയ്‌റോസ്‌പേസ്, അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഗ്രീൻ എനർജി, ഫിനാൻഷ്യൽ സർവീസസ് എന്നീ മേഖലകളിൽ ഗുജറാത്ത് ഒരു പുതിയ വ്യക്തിമുദ്ര പതിപ്പിക്കുന്നു. സാനന്ദിൽ 'മെയ്ഡ് ഇൻ ഇന്ത്യ' സെമികണ്ടക്ടറുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. കെയ്‌ൻസ് (Kaynes) സെമികണ്ടക്ടർ പ്ലാന്റിലും ഉൽപ്പാദനം ആരംഭിച്ചു കഴിഞ്ഞു. ധോലേരയിലും സൂറത്തിലും പുതിയ സെമികണ്ടക്ടർ പദ്ധതികൾ പുരോഗമിക്കുകയാണ്.
സുഹൃത്തുക്കളേ,
ഇന്ത്യയെയും ഗുജറാത്തിനെയും ആഗോള സപ്ലൈ ചെയിനിന്റെ പ്രധാന കേന്ദ്രങ്ങളാക്കി മാറ്റാൻ ഞങ്ങൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ വഡോദരയും ഇതിൽ സുപ്രധാന പങ്ക് വഹിക്കും. ഇവിടെ നിർമ്മിക്കുന്ന മെട്രോ കോച്ചുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സാവ്‌ലിയിൽ ആധുനിക റെയിൽ സംവിധാനങ്ങളും കോച്ചുകളും നിർമ്മിച്ചുവരുന്നു. എഞ്ചിനീയറിംഗ്, ഹെവി മെഷിനറി, കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, പവർ ഇക്വിപ്‌മെന്റ്, MSME എന്നീ മേഖലകളിൽ വഡോദര ഇന്ന് ശക്തമായ ഒരു നിർമ്മാണ ഹബ്ബായി മാറിയിരിക്കുന്നു. ഇവിടുത്തെ ഗതിശക്തി സർവ്വകലാശാല ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലകളിൽ വിദഗ്ധരെ വാർത്തെടുക്കുന്നു. ഇപ്പോൾ എയ്‌റോസ്‌പേസ് മേഖലയിലും വഡോദര ഒരു പുതിയ സ്വത്വത്തിലേക്ക് നീങ്ങുകയാണ്. ഇവിടുത്തെ വിമാന നിർമ്മാണ പദ്ധതി അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
സുഹൃത്തുക്കളേ,
ഗുജറാത്തിലും രാജ്യത്തും നടക്കുന്ന ഈ വികസന പ്രവർത്തനങ്ങൾക്കിടയിൽ മറ്റൊരു വിഷയം കൂടി അതീവ ഗൗരവകരമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലോകം അസ്ഥിരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യം കൊറോണ പ്രതിസന്ധി വന്നു, പിന്നീട് ആഗോള സാമ്പത്തിക വെല്ലുവിളികൾ, ഇപ്പോൾ പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ. ഈ സാഹചര്യങ്ങൾ ലോകത്തെ മുഴുവൻ നിരന്തരം ബാധിച്ചുകൊണ്ടിരിക്കുന്നു, ഇന്ത്യയും ഇതിൽ നിന്ന് മുക്തമല്ല. കൊറോണ മഹാമാരി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നെങ്കിൽ, പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച സാഹചര്യങ്ങൾ ഈ ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. നമ്മൾ ഒത്തൊരുമിച്ച് മഹാമാരിയെ അതിജീവിച്ചതുപോലെ, ഈ പ്രതിസന്ധിയെയും നമ്മൾ മറികടക്കും.
ഈ പ്രതികൂല സാഹചര്യങ്ങൾ സാധാരണ പൗരന്മാരെ കഴിയുന്നത്ര കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെൻറ് നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ രാജ്യത്തിന് ജനപങ്കാളിത്തത്തിന്റെ കരുത്ത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ നമ്മൾ നമ്മുടെ കടമകൾക്ക് മുൻഗണന നൽകണം. മുൻ ദശകങ്ങളിലും രാജ്യം യുദ്ധത്തെയോ വലിയ പ്രതിസന്ധികളെയോ നേരിട്ടപ്പോഴെല്ലാം, ഗവൺമെൻ്റിൻ്റെ ആഹ്വാനം സ്വീകരിച്ച് പൗരന്മാർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടുണ്ട്. ഇന്നും രാജ്യത്തിന്റെ വിഭവങ്ങൾക്കുമേലുള്ള ഭാരം കുറയ്ക്കാൻ നമ്മളെല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണം. പല ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ലക്ഷക്കണക്കിന് കോടി രൂപ വിദേശനാണ്യം ചിലവഴിക്കുന്നുണ്ട്. അതേസമയം, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കുതിച്ചുയരുകയും വിതരണ ശൃംഖലകൾ മോശമായ രീതിയിൽ തടസ്സപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽ രാജ്യം ഒരു ഇരട്ട വെല്ലുവിളിയാണ് നേരിടുന്നത്.
തുള്ളി തുള്ളിയായി കുടം നിറയുന്നതുപോലെ, ഓരോ ചെറിയ പരിശ്രമത്തിലൂടെയും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നമ്മൾ കുറയ്ക്കണം. അനാവശ്യമായ വിദേശനാണ്യ വിനിയോഗത്തിന് കാരണമാകുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ ഒഴിവാക്കുകയും വേണം.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ഇറക്കുമതിയുടെ വലിയൊരു ഭാഗം അസംസ്‌കൃത എണ്ണയാണ്. നിർഭാഗ്യവശാൽ, ലോകത്തിന്റെ ഭൂരിഭാഗം എണ്ണയും വിതരണം ചെയ്യുന്ന പ്രദേശം ഇപ്പോൾ സംഘർഷങ്ങളിലും യുദ്ധത്തിലും അകപ്പെട്ടിരിക്കുകയാണ്. അതിനാൽ, സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ നമ്മൾ എല്ലാവരും ചേർന്ന് ചില ചെറിയ പ്രതിജ്ഞകൾ എടുക്കേണ്ടതുണ്ട്. ഇന്നലെ കർണാടകയിലും തെലങ്കാനയിലും ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു, ഇന്ന് ഗുജറാത്തിലും ഞാൻ ഇത് വീണ്ടും ഊന്നിപ്പറയുകയാണ്. എനിക്ക് നിങ്ങളുടെ മേൽ കൂടുതൽ അവകാശമുള്ളതുകൊണ്ട് സ്നേഹപൂർവ്വം ഞാൻ ഇത് പറയുന്നു: സാധ്യമായ ഇടങ്ങളിലെല്ലാം പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കുക. മെട്രോ സേവനങ്ങളും ഇലക്ട്രിക് ബസുകളും പൊതുഗതാഗതവും കൂടുതൽ ഉപയോഗിക്കുക. 'കാർപൂളിംഗ്' പ്രോത്സാഹിപ്പിക്കുക. കാറുള്ളവർ കൂടുതൽ ആളുകളെ കൂടെ കൂട്ടി യാത്ര ചെയ്യുക. ഇലക്ട്രിക് വാഹനങ്ങളുള്ളവരും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ട് വരണം.
സുഹൃത്തുക്കളേ,
ഡിജിറ്റൽ സാങ്കേതികവിദ്യ പല കാര്യങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് നമ്മെ വളരെയധികം സഹായിക്കാൻ കഴിയും. ഗവൺമെൻറ് ഓഫീസുകളും സ്വകാര്യ ഓഫീസുകളും വെർച്വൽ മീറ്റിംഗുകൾക്കും(ഓൺലൈൻ മീറ്റിംഗുകൾ)വർക്ക്-ഫ്രം-ഹോം രീതികൾക്കും മുൻഗണന നൽകേണ്ടത് പ്രധാനമാണ്. ചില സ്കൂളുകൾ കുറച്ചു കാലത്തേക്ക് ഓൺലൈൻ ക്ലാസുകൾക്കുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ധനം മാത്രമല്ല, പാചക എണ്ണയുടെ ഇറക്കുമതിക്കും വലിയൊരു തുക വിദേശനാണ്യം ചിലവാകുന്നുണ്ട്. നമ്മൾ അല്പം സംയമനം പാലിക്കുകയും പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്താൽ, അത് രാജ്യത്തിനും നമ്മുടെ ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാകും. സൂറത്തിലുള്ളവരോട് എനിക്ക് ഇത് പ്രത്യേകം പറയാനുണ്ട്.
അതുപോലെ, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ എല്ലാ സഹോദരീ സഹോദരന്മാരോടുമായി ഞാൻ അഭ്യർത്ഥിക്കുന്നു: സ്വർണ്ണത്തിന്റെ ഇറക്കുമതിയും വലിയ തോതിലുള്ള വിദേശനാണ്യ ചോർച്ചയ്ക്ക് കാരണമാകുന്നുണ്ട്. സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതുവരെ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കണമെന്ന് ഞാൻ എല്ലാ നാട്ടുകാരോടും അഭ്യർത്ഥിക്കുന്നു. ഇപ്പോൾ സ്വർണ്ണത്തിന്റെ ആവശ്യമില്ല.
സുഹൃത്തുക്കളേ,
ഇന്ന് 'വോക്കൽ ഫോർ ലോക്കൽ' (Vocal for Local) എന്നത് ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും രാജ്യത്തെയും സംരംഭകരെ ശാക്തീകരിക്കുക. ഇവിടെ ഇരിക്കുന്ന പലരും ലോകനിലവാരമുള്ള മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവരാണ്.
സുഹൃത്തുക്കളേ,
നമ്മളിൽ ഭൂരിഭാഗവും കർഷക പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. കൃഷിയിൽ നാം തദ്ദേശീയ വളങ്ങളെയും പ്രകൃതി സൗഹൃദ കൃഷിരീതികളെയും പ്രോത്സാഹിപ്പിക്കണം. ഡീസൽ പമ്പുകൾക്ക് പകരം സോളാർ പമ്പുകൾ വരണം. നമ്മൾ കർഷകരുടെ മക്കളാണ്; ആദ്യം നമ്മുടെ പാടങ്ങളെയും ഭൂമിമാതാവിനെയും നാം സംരക്ഷിക്കണം. രാസവളങ്ങളിലൂടെ നമ്മുടെ മണ്ണ് നശിപ്പിക്കരുത്. അതിനാൽ, നിങ്ങളുടെ ഗ്രാമത്തിലെ ഓരോ കർഷകനെയും രാസവളങ്ങളിൽ നിന്നുള്ള മോചനത്തിലേക്കും പ്രകൃതി കൃഷിയിലേക്കും നയിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
നിങ്ങളിൽ പലർക്കും ബാധകമായ മറ്റൊരു സുപ്രധാന വിഷയം കൂടിയുണ്ട് — ദയവായി തെറ്റായി കരുതരുത്. അവധിക്കാലം ആരംഭിച്ചാലുടൻ കുട്ടികളുടെ കയ്യിൽ വിദേശത്തേക്കുള്ള ടിക്കറ്റുകൾ നൽകുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ആളുകൾ അവധിക്കാലം വിദേശത്ത് ചിലവഴിക്കുന്നു. വേനലവധി അടുത്തെത്തിയിരിക്കുന്നു. വിദേശയാത്രകളും വിദേശ രാജ്യങ്ങളിലെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും (മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലോ ചരിത്രപരമായ സ്ഥലത്തോ വെച്ച് നടത്തുന്ന വിവാഹങ്ങൾ) ഇന്ന് വർദ്ധിച്ചുവരുന്ന ഒരു പ്രവണതയാണ്. മുൻപ് ആളുകൾ എനിക്ക് ക്ഷണക്കത്തുകൾ അയക്കുമായിരുന്നു; ഇന്ന് അവർ അത് ചെയ്യുന്നില്ല, കാരണം വിവാഹങ്ങൾ നടക്കുന്നത് വിദേശത്താണ്. എന്നാൽ ഇതും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടത്തിന് കാരണമാകുന്നുണ്ട്.
സുഹൃത്തുക്കളേ,
ഒന്ന് ചിന്തിച്ചുനോക്കൂ — നമുക്ക് അവധിക്കാലം ചിലവഴിക്കാൻ കഴിയുന്ന മനോഹരമായ സ്ഥലങ്ങൾ ഇന്ത്യയിലില്ലേ? നമ്മുടെ ചരിത്രം നമ്മുടെ കുട്ടികളെ പഠിപ്പിക്കാം, സ്വന്തം നാടുകളെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ഇന്ത്യയ്ക്കുള്ളിൽ തന്നെ നമ്മൾ അവധിക്കാലം ആഘോഷിക്കേണ്ടത് പ്രധാനമാണ്. വിവാഹങ്ങളുടെ കാര്യമെടുത്താലും, ഇന്ത്യയേക്കാൾ പവിത്രമായ മറ്റൊരു സ്ഥലം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിവാഹങ്ങൾ ഇവിടെ നടക്കുമ്പോൾ നമ്മുടെ പൂർവ്വികരുടെ മണ്ണ് പോലും നമ്മെ അനുഗ്രഹിക്കുന്നു.
വിവാഹങ്ങൾക്കായി ഇന്ത്യയിൽ തന്നെ അത്ഭുതകരമായ നിരവധി സ്ഥലങ്ങളുണ്ട്, അവ നമ്മൾ തിരഞ്ഞെടുക്കണം. ഗുജറാത്തിൽ തന്നെ എണ്ണമറ്റ മനോഹരമായ സ്ഥലങ്ങളുണ്ട്. എന്റെ പാട്ടിദാർ സഹോദരങ്ങളോട് എനിക്ക് പ്രത്യേകം പറയാനുള്ളത്, ഇനി മുതൽ നിങ്ങൾ 'സ്റ്റാച്യു ഓഫ് യൂണിറ്റി'യിൽ (ഏകതാ പ്രതിമ) വെച്ച് വിവാഹങ്ങൾ സംഘടിപ്പിക്കണം എന്നാണ്; അവിടെ സർദാർ സാഹിബ് തന്നെ ഓരോ വിവാഹത്തെയും അനുഗ്രഹിക്കും. ഹരിദ്വാറിലും ഋഷികേഷിലും സമാധാനത്തിനും ആത്മീയതയ്ക്കും വേണ്ടി ക്രമീകരണങ്ങൾ ചെയ്യുന്നത് പോലെ, വിവാഹങ്ങൾക്കായി സമാനമായ സൗകര്യങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിലും വികസിപ്പിക്കണം.
സമീപ വർഷങ്ങളിൽ സ്റ്റാച്യു ഓഫ് യൂണിറ്റിയും ഏകതാ നഗറും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർന്നു വന്നിട്ടുണ്ട്. സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ പരമാവധി ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് നമുക്ക് തീരുമാനിക്കാമോ? നിരവധി ഇന്ത്യക്കാർ വിദേശത്ത് താമസിക്കുന്നുണ്ട്; ഇന്ത്യ കാണുന്നതിനായി വിദേശ കുടുംബങ്ങളെ കൂടി കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ അവരോട് പറയുന്നു. ഇന്ത്യയിലായാലും വിദേശത്തായാലും സ്റ്റാച്യു ഓഫ് യൂണിറ്റി ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത നിങ്ങൾക്ക് അറിയാവുന്ന ഓരോ കുടുംബത്തെയും അവിടെ ഒരിക്കലെങ്കിലും പോകാൻ പ്രേരിപ്പിക്കുക. വിവാഹങ്ങൾക്കുള്ള ഒരു മികച്ച ഇടമായി മാറാനും ഏകതാ നഗറിന് സാധിക്കും. സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ സൗകര്യങ്ങൾ ഉജ്ജ്വലമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സർദാർ വല്ലഭ്ഭായ് പട്ടേലിന്റേതാണെന്നതിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്. ഈ രാജ്യത്തെ ഏതൊരു പൗരനും ഇതിൽ അഭിമാനം കൊള്ളാതിരിക്കാൻ കഴിയില്ല.
സുഹൃത്തുക്കളേ,
ഞാൻ സൂചിപ്പിച്ച ഈ കാര്യങ്ങളെല്ലാം ചെറിയ ചെറിയ ശ്രമങ്ങൾ മാത്രമാണ്; പ്രയാസകരമായ യാതൊന്നും ചെയ്യാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഓർക്കുക, 140 കോടി ഇന്ത്യക്കാർ ഒരേ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമ്പോൾ ഇത്തരം ചെറിയ ശ്രമങ്ങൾ പോലും രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറും. 140 കോടി ജനങ്ങൾ ഒരടി മുന്നോട്ട് വെക്കുമ്പോൾ, രാജ്യം മുന്നോട്ട് പോകുന്നത് 140 കോടി അടികളാണ്.
അതുകൊണ്ട്, ഒരു പ്രതിസന്ധിക്കും നമ്മുടെ പുരോഗതിയെയും വികസനത്തെയും തടയാൻ കഴിയാത്തവിധം നമ്മൾ വീണ്ടും ഒന്നിക്കണം. നമ്മൾ ഒത്തൊരുമിച്ച് ഈ നിശ്ചയദാർഢ്യങ്ങൾ നിറവേറ്റുമെന്നും രാജ്യത്തെ കൂടുതൽ ശക്തമാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
പിന്നെ ഗഗ്ജി ഭായിയോട് ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. നിങ്ങൾ എന്നെ 'സർദാർ ഗൗരവ് രത്‌ന' പുരസ്കാരം നൽകി ആദരിച്ചു. ഒരു അവാർഡിനൊപ്പം സർദാർ സാഹിബിന്റെ പേര് വരുമ്പോൾ, ഉത്തരവാദിത്തം വളരെയധികം വർദ്ധിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ഗഗ്ജി ഭായ് എന്നെ കൗശലപൂർവ്വം ബന്ധിച്ചിരിക്കുകയാണ്, ഇനി പിന്നോട്ട് പോകരുത് എന്ന് പറഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ, സർദാർ സാഹിബിന്റെ എല്ലാ സ്വപ്നങ്ങളും പൂർത്തിയാകാത്ത ജോലികളും എനിക്ക് പൂർത്തിയാക്കാൻ ഉള്ളതാണെന്ന് എന്റെ വിധിയിൽ എഴുതപ്പെട്ടിട്ടുണ്ടാകാം.
ഇന്ന് ഈ ബഹുമതിയും പുരസ്കാരവും ഏറ്റുവാങ്ങിക്കൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു ഉറപ്പ് നൽകുന്നു; നിങ്ങളുടെ അനുഗ്രഹത്തോടും ഗുജറാത്തിന്റെ മണ്ണിൽ നിന്ന് എനിക്ക് ലഭിച്ച കരുത്തോടും മൂല്യത്തോടും കൂടി, സർദാർ സാഹിബിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഞാൻ ഒരിക്കലും പിന്നോട്ട് പോകില്ല. ഗുജറാത്തിന് എന്റെ സ്വഭാവം നന്നായി അറിയാം — പിന്നോട്ട് പോകുക എന്നത് എനിക്കറിയാവുന്ന കാര്യമല്ല.
ഈ ബഹുമതി എനിക്ക് ഏറെ വിലപ്പെട്ടതാണ്. ജനറൽ കരിയപ്പയെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഒരിക്കൽ വായിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഒരു ചടങ്ങ് നടക്കാൻ പോകുകയായിരുന്നു, അദ്ദേഹം അതീവ സന്തോഷവാനായിരുന്നു. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ലോകമെമ്പാടും സൈനിക മര്യാദകളനുസരിച്ച് തനിക്ക് സല്യൂട്ടുകളും ബഹുമതികളും ലഭിക്കാറുണ്ട്, എന്നാൽ സ്വന്തം നാട്ടിൽ നിന്ന് ലഭിക്കുന്ന ആദരവിന്റെ സന്തോഷം തികച്ചും വ്യത്യസ്തമാണെന്നാണ്.
ഇന്ന് ഇന്ത്യ കരുത്താർജ്ജിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ഇന്ത്യൻ പ്രധാനമന്ത്രി ലോകമെമ്പാടും ആദരിക്കപ്പെടുന്നത്. എന്നാൽ സ്വന്തം നാട്ടുകാരിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ, അത് ജോലി ചെയ്യാനുള്ള കരുത്ത് വളരെയധികം വർദ്ധിപ്പിക്കുന്നു.
ഈ 'സർദാർ രത്‌ന' പുരസ്കാരത്തിലൂടെ നിങ്ങൾ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നിങ്ങളോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, ഈ കടപ്പാട് വിനയപൂർവ്വം ഞാൻ സ്വീകരിക്കുന്നു.
നിങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന സ്വപ്നങ്ങളും നിശ്ചയദാർഢ്യങ്ങളും നിറവേറ്റാൻ ദൈവം നിങ്ങൾക്ക് കരുത്ത് നൽകട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു. സർദാർ സാഹിബിന്റെ അനുഗ്രഹങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ, പങ്കജ് ഭായിയെപ്പോലെയുള്ള കൂട്ടാളികൾ നിങ്ങൾക്ക് എന്നും കൂട്ടുണ്ടാകട്ടെ. ഇവിടെ ഇരിക്കുന്ന ഞങ്ങളിൽ മൂന്നുപേർക്ക് — പങ്കജ് ഭായ്, നർഹരി അമീൻ, പിന്നെ എനിക്കും — ഒരു പ്രത്യേക ബന്ധമുണ്ട്; ഞങ്ങൾ എല്ലാവരും നവനിർമ്മാൺ പ്രസ്ഥാനത്തിന്റെ മക്കളാണ്. ഇന്ന് പങ്കജ് ഭായ് ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്.
എല്ലാവർക്കും ഒത്തിരി നന്ദി.
ജയ് സർദാർ! ജയ് സർദാർ! നന്ദി. നന്ദി.
നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
SK
( റിലീസ് ഐ.ഡി: 2260484)
സന്ദര്‍ശക കൗണ്ടര്‍ : 4