വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കിംബർലി പ്രോസസ് ഇന്റർസെഷണൽ മീറ്റിംഗ് 2026 മുംബൈയിൽ ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 12 MAY 2026 11:19AM by PIB Thiruvananthpuram
ഇന്ത്യയുടെ അധ്യക്ഷതയിലുള്ള 2026-ലെ കിംബർലി പ്രോസസിന്റെ  ഇന്റർസെഷണൽ സമ്മേളനത്തിന് മുംബൈയിൽ തുടക്കമായി. മെയ് 11 മുതൽ 14 വരെ നീളുന്ന ഈ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള കിംബർലി പ്രോസസ് പങ്കാളികൾ, നിരീക്ഷകർ, വജ്ര വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവർ  പങ്കെടുക്കുന്നുണ്ട്. പ്രകൃതിദത്ത വജ്രങ്ങളുടെ ആഗോള വ്യാപാരവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് നാല് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

സമാധാനം നിലനിർത്തുന്നതിനും, വജ്ര ഉൽപ്പാദന രാജ്യങ്ങളിലെ ജനങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനും, നിയമപരമായ വജ്രവ്യാപാരം ശക്തിപ്പെടുത്തുന്നതിനും കിംബർലി പ്രോസസ് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ 2026-ലെ കിംബർലി പ്രോസസ് ചെയർമാൻ ശ്രീ സുചീന്ദ്ര മിശ്ര അഭിപ്രായപ്പെട്ടു. ഭരണസംവിധാനങ്ങളിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെയും, പങ്കാളികൾക്കിടയിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെയും, ഒപ്പം മാറിക്കൊണ്ടിരിക്കുന്ന ആഗോള പരിതസ്ഥിതിയിൽ കിംബർലി പ്രോസസ്സ് പ്രസക്തവും ഫലപ്രദവുമായി തുടരുന്നുവെന്ന്  ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രകൃതിദത്ത വജ്രങ്ങൾ ഒരു സുസ്ഥിര ഉൽപ്പന്നത്തെ പ്രതിനിധീകരിക്കുന്നുവെന്നും, കിംബർലി പ്രോസസ്സ് ആഗോളതലത്തിൽ ഏറ്റവും പുരോഗമനപരമായ സർട്ടിഫിക്കേഷൻ സംവിധാനങ്ങളിലൊന്നായി തുടരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സമ്മേളനത്തിന്റെ വരും ദിവസങ്ങളിൽ വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെയും കമ്മിറ്റികളുടെയും യോഗങ്ങൾ നടക്കും. കിംബർലി പ്രോസസ് സർട്ടിഫിക്കേഷൻ സ്കീം നടപ്പിലാക്കൽ, നിരീക്ഷണവും അനുവർത്തന സംവിധാനങ്ങളും, കരകൗശല, അലൂവിയൽ വജ്ര ഉത്പാദനം, സ്ഥിതിവിവരക്കണക്കുകൾ, പ്രകൃതിദത്ത വജ്ര മൂല്യ ശൃംഖലയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികൾ എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്റർസെഷണൽ മീറ്റിംഗിന്റെ നടപടിക്രമങ്ങൾ 2026 മെയ് 14 വരെ തുടരും.

ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്ത വജ്രങ്ങളിൽ ഉപഭോക്താക്കൾക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നത്  ഈ സമ്മേളനത്തിന്റെ ലക്ഷ്യമാണ്. വജ്രവ്യാപാര രംഗത്തെ പുതിയ വെല്ലുവിളികൾ നേരിടുന്നതിനായി വ്യത്യസ്‌ത  കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ സമ്മേളനം അവസരമൊരുക്കും.

കേന്ദ്ര വാണിജ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, കിംബർലി പ്രോസസ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ, വേൾഡ് ഡയമണ്ട് കൗൺസിൽ അംഗങ്ങൾ, പൗരസമൂഹ സഖ്യ അംഗങ്ങൾ എന്നിവരുൾപ്പെടെ വജ്ര വ്യവസായ മേഖലയിലെ പ്രധാന പങ്കാളികളെല്ലാം മുംബൈയിൽ നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

2026-ലെ ഇന്ത്യയുടെ അധ്യക്ഷപദവിയിലെ മുഖ്യപ്രമേയം '3Cs' എന്ന ആശയത്തിൽ ഊന്നിയുള്ളതാണ്. വിശ്വാസ്യത (Credibility ) , അനുവർത്തനം (Compliance), ഉപഭോക്തൃ ആത്മവിശ്വാസം (Consumer Confidence ) എന്നിവയാണ് അവ. ക്രിയാത്മകമായ സംഭാഷണത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഉത്തരവാദിത്തത്തോടെയുള്ള വജ്രവ്യാപാരത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് ഇന്ത്യ ഊന്നൽ നൽകുന്നത്.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയം 55/56 (2000) പ്രകാരമാണ് കിംബർലി പ്രോസസ് സർട്ടിഫിക്കേഷൻ സ്കീം (KPCS) സ്ഥാപിതമായത്. സംഘർഷ മേഖലകളിൽ നിന്നുള്ള വജ്രങ്ങൾ നിയമപരമായ വജ്ര വ്യാപാരത്തിലേക്ക് കടന്നുവരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഒരു അന്താരാഷ്ട്ര സംരംഭമാണിത്. നിലവിൽ, കിംബർലി പ്രോസസിൽ 86 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 പങ്കാളികളാണുള്ളത്. യൂറോപ്യൻ യൂണിയനും അതിന്റെ അംഗരാജ്യങ്ങളും ഒരൊറ്റ ബ്ലോക്കായി പങ്കെടുക്കുന്നു.

2026 ജനുവരി 1-ന് കിംബർലി പ്രോസസ്സിന്റെ അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുക വഴി ആഗോള വജ്ര മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവും സുസ്ഥിരതയും ഉറപ്പാക്കാനുള്ള രാജ്യത്തിൻറെ പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാകുന്നത്. വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള ലോകത്തിലെ മുൻനിര കേന്ദ്രങ്ങളിലൊന്നായ ഇന്ത്യ, കിംബർലി പ്രോസസിന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ   നിർണ്ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ സമ്മേളനം അടിവരയിടുന്നു.
 
*****
 

( റിലീസ് ഐ.ഡി: 2260183) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Telugu