പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 10 MAY 2026 5:51PM by PIB Thiruvananthpuram

തെലങ്കാന ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ജി, മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ജി കിഷൻ റെഡ്ഡി, ബണ്ടി സഞ്ജയ് കുമാർ, എന്റെ സഹ പാർലമെന്റ് അംഗം കൊണ്ട വിശ്വേശ്വർ റെഡ്ഡി ജി, തെലങ്കാന ​ഗവൺമെന്റിലെ മന്ത്രിമാരേ, മറ്റ് ജനപ്രതിനിധികളേ, മഹതികളേ, മാന്യരേ!

ദേശീയവും ആഗോളവുമാണ് സൈബരാബാദിന്റെ കരുത്ത്. തെലങ്കാനയുടെയും രാജ്യത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെ പ്രധാന കേന്ദ്രമാണിത്. അതിനാൽ തെലങ്കാനയെ രാജ്യത്തിന്റെ വലിയൊരു നിർമ്മാണ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിരവധി വലിയ പദ്ധതികൾക്കാണ് ഇന്ന് സൈബരാബാദിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇന്ന് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച പദ്ധതികൾ ഇവിടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തെലങ്കാനയുടെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഈ പദ്ധതികൾക്ക് തെലങ്കാനയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

ഇന്ന് 'പരിഷ്‌കരണ എക്‌സ്പ്രസി'ലൂടെയാണ് ഇന്ത്യ കുതിക്കുന്നത്. അതോടൊപ്പം തന്നെ ഇന്നത്തെ ഇന്ത്യ ആധുനിക അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുകയാണ്. സഹീറാബാദ് വ്യാവസായിക മേഖലയുടെ നിർമ്മാണം കൃത്യമായി ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. വ്യാവസായിക ഇടനാഴികൾ വികസിപ്പിക്കുന്നതിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ക്യാമ്പയിൻ്റെ ഭാഗമാണ് ഈ വ്യാവസായിക മേഖല. ഇത് 'ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി' ആയി മാറാൻ പോകുകയാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വൈദ്യുതി വിതരണം, വികസിത ഐ.സി.ടി ശൃംഖല എന്നിവ ഇവിടെ ഉണ്ടാകും. അതായത് ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് വ്യവസായത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഈ സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിക്കപ്പെടും. ഇതിലൂടെ തെലങ്കാനയിലെയും ഹൈദരാബാദിലെയും ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും. ഇവിടെ സ്ഥാപിക്കാൻ പോകുന്ന വാഹന, യന്ത്രോപകരണ, ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ തെലങ്കാനയിലെ തൊഴിലാളികളെയും കർഷകരെയും കൂടുതൽ ശാക്തീകരിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

പണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്ന കാലത്ത്, നമ്മുടെ തുണിത്തര വ്യവസായം വലിയൊരു പങ്ക് വഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആ പൈതൃകം വീണ്ടും ശക്തിപ്പെടുത്തുകയാണ്. വാറങ്കലിലെ 'പി.എം മിത്ര പാർക്ക്' രാജ്യത്തെ ടെക്സ്റ്റൈൽ വിപ്ലവത്തിന് വേഗത കൂട്ടും. പി.എം മിത്ര പാർക്കിൽ സ്ഥാപിക്കുന്ന യൂണിറ്റുകൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികളുടെ പൂർണ്ണമായ ആനുകൂല്യങ്ങൾ ലഭിക്കും. അവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ പി.എൽ.ഐ (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതിയുടെ പിന്തുണയും ലഭിക്കും. ഈ ടെക്സ്റ്റൈൽ പാർക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും നിരവധി അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,

കഴിഞ്ഞ 12 വർഷമായി ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും വലിയ മുൻഗണനകളിലൊന്ന് ആധുനിക കണക്റ്റിവിറ്റിയാണ്. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എന്നിങ്ങനെ കണക്റ്റിവിറ്റിയുടെ എല്ലാ മേഖലകളിലും അഭൂതപൂർവ്വമായ നിക്ഷേപമാണ് നടത്തിവരുന്നത്. ദേശീയ പാതകളിൽ മാത്രം ഏകദേശം 1.75 ലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. തെലങ്കാനയ്ക്കും ഇതിലൂടെ വലിയ നേട്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടെ തെലങ്കാനയിലെ ദേശീയപാതാ ശൃംഖല ഇരട്ടിയായി വർധിച്ചു. തെലങ്കാനയെയും കർണാടകയെയും ബന്ധിപ്പിക്കുന്ന ദേശീയപാത വീതി കൂട്ടുന്നത് വലിയ സൗകര്യമൊരുക്കും. യാത്രാ സമയം കുറയുകയും യാത്രാച്ചെലവ് ലാഭിക്കാൻ സാധിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

2014-ന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിനായുള്ള റെയിൽവേ ബജറ്റ് ആയിരം കോടി രൂപയിൽ താഴെയായിരുന്നു. രേവന്ത് ജി, താങ്കൾ കേൾക്കുന്നുണ്ടോ? സംയുക്ത ആന്ധ്രയുടെ കാലത്ത് റെയിൽവേ ബജറ്റ് 1000 കോടി രൂപയിൽ താഴെയായിരുന്നു. ഇന്ന് ഞാൻ സംയുക്ത ആന്ധ്രയെക്കുറിച്ചല്ല സംസാരിക്കുന്നത്, ഇന്ന് തെലങ്കാനയ്ക്ക് മാത്രമുള്ള റെയിൽവേ ബജറ്റ് തന്നെ ഏകദേശം 5500 കോടി രൂപയാണ്. നിലവിൽ ഏകദേശം 50,000 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് ഇവിടെ പുരോഗമിക്കുന്നത്. അഞ്ച് വന്ദേ ഭാരത് ട്രെയിനുകളും ആറ് അമൃത് ഭാരത് ട്രെയിനുകളും തെലങ്കാനയിൽ സർവീസ് നടത്തുന്നുണ്ട്.

സുഹൃത്തുക്കളേ,

കുറച്ചു സമയം മുമ്പ് കാസിപേട്ട്–വിജയവാഡ മൾട്ടി ട്രാക്കിംഗ് പദ്ധതിയുടെ ചില ഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു. ഇതിനുപുറമേ, ബൈപ്പാസ് ലൈനിന് കീഴിലുള്ള കാസിപേട്ട് റെയിൽ പാതയും രാജ്യത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ യാത്ര കൂടുതൽ എളുപ്പമാക്കുകയും ഗതാഗതം വേഗത്തിലാക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്ത് ഊർജ്ജമില്ലാതെ, എല്ലാം സ്തംഭിച്ചുപോകും. ഇന്ന് ഓരോ വ്യക്തിക്കും ഊർജ്ജ സുരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുന്നുണ്ട്. അതിനാൽ നമ്മുടെ കേന്ദ്ര ​ഗവൺമെന്റ് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കായി അഭൂതപൂർവ്വമായ നിക്ഷേപങ്ങളാണ് നടത്തിവരുന്നത്. മൽക്കാപ്പൂരിൽ ഇന്ത്യൻ ഓയിലിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത് ഈ ദിശയിലുള്ള വലിയൊരു ചുവടുവെപ്പാണ്. ഈ ടെർമിനൽ തെലങ്കാനയുടെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുകയും വിതരണ ശൃംഖലയെ ശക്തമാക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

സമീപവർഷങ്ങളിൽ സൗരോർജ്ജ ഉത്പാദനത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ മുൻനിരയിലെത്തിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ കലർത്തുന്ന പ്രക്രിയയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ആദ്യം നമ്മൾ നൂറുശതമാനം എൽ.പി.ജി ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ വിലകുറഞ്ഞ പൈപ്പ് ലൈൻ ഗ്യാസ് നൽകുന്നതിലും സി.എൻ.ജി അധിഷ്ഠിത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് നമ്മുടെ ശ്രദ്ധ. ഇത്തരത്തിലുള്ള ശ്രമങ്ങളുള്ളതുകൊണ്ടാണ് ആഗോളതലത്തിലുണ്ടായ ഈ വലിയ ഊർജ്ജ പ്രതിസന്ധിയെ ഇന്ത്യ ശക്തമായി നേരിടുന്നത്. എന്നാൽ ഇപ്പോൾ കാലഘട്ടത്തിന്റെ ആവശ്യകത കൂടിയാണ് പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയവ വളരെ നിയന്ത്രണത്തോടെ ഉപയോഗിക്കുക എന്നത്. വിദേശത്തുനിന്ന് നമ്മൾ ഇറക്കുമതി ചെയ്യുന്ന ഈ ഊർജ്ജ ഉത്പന്നങ്ങൾ നമുക്ക് ആവശ്യമുള്ളത്ര മാത്രം ഉപയോഗിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. ഇത് വിദേശ നാണ്യശേഖരം ലാഭിക്കുകയും യുദ്ധ പ്രതിസന്ധിയുടെ ദോഷഫലങ്ങൾ കുറയ്ക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇന്ന് തെലങ്കാനയിലെ യുവാക്കൾ പുതിയ സ്വപ്നങ്ങൾ നെയ്യുകയാണ്. ഇവിടുത്തെ കർഷകർ പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. ഇവിടുത്തെ വ്യവസായങ്ങളും ചെറുകിട-ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളുമെല്ലാം വികസിത തെലങ്കാന കെട്ടിപ്പടുക്കുന്നതിൽ തങ്ങളുടെ പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്നു. കാരണം തെലങ്കാന വികസിക്കുമ്പോൾ ഇന്ത്യ വികസിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര ​ഗവൺമെന്റ് ഇതിലും കൂടുതൽ വേഗത്തിൽ തുടർന്നും പ്രവർത്തിക്കുമെന്ന് തെലങ്കാനയിലെ ഓരോ കുടുംബത്തിനും ഞാൻ ഉറപ്പുനൽകുന്നു. ഞങ്ങൾ രാഷ്ട്രീയം സംസാരിക്കില്ലെന്ന് ഇപ്പോൾ നമ്മുടെ രേവന്ത് ജി പറഞ്ഞു. അതിനാൽ ഞാനും രാഷ്ട്രീയം പറയുന്നില്ല. അതുകൊണ്ട് രാഷ്ട്രീയേതരമായി ഞാൻ രേവന്ത് ജിയോട് പറയുന്നു. 10 വർഷത്തെ ഭരണകാലത്ത് ഇന്ത്യാ ​ഗവൺമെന്റ് ഗുജറാത്തിന് എന്തൊക്കെ നൽകിയിട്ടുണ്ടോ അതെല്ലാം നിങ്ങൾക്കും നൽകാൻ ഞാൻ തയ്യാറാണ്. എന്നാൽ എന്റെ അറിവിൽ നിന്ന് ഞാൻ ഒരു കാര്യം പറയട്ടെ, ഞാൻ അങ്ങനെ ചെയ്യുകയാണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് പകുതിയായി കുറയും. നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നിടത്ത് നിങ്ങൾക്ക് എത്തിച്ചേരാൻ കഴിയില്ല. അതിനാൽ, എന്നോടൊപ്പം ചേർന്നുനിൽക്കുന്നതാണ് ഏറ്റവും നല്ലത്.

സുഹൃത്തുക്കളേ,

ഒരു ജനാധിപത്യ സംവിധാനത്തിൽ വ്യത്യസ്ത തരം ​ഗവൺമെന്റുകൾ സംസ്ഥാനങ്ങളിലുണ്ടാകുന്നത് മോശം കാര്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. എന്നാൽ രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനവും ഒരുപോലെ പ്രധാനമാണ്. സംസ്ഥാനങ്ങളുടെ വികസനമില്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമല്ല. അതിനാൽ ഞങ്ങളുടെ എല്ലാ പദ്ധതികളുടെയും കേന്ദ്രബിന്ദു സംസ്ഥാനങ്ങളുടെ വികസനവും ദ്രുതഗതിയിലുള്ള പുരോഗതിയുമാണ്. ഈ വികാരത്തോടെ നമുക്കെല്ലാവർക്കും ഒന്നിച്ച് മുന്നോട്ട് പോകാം. ഒപ്പം 2047-ൽ ഒരു വികസിത ഇന്ത്യയെന്ന സ്വപ്നം നമ്മുടെ കണ്ണുകൾക്ക് മുന്നിൽ യാഥാർത്ഥ്യമാകുന്നതും കാണാം. ഇതാണ് എല്ലാവർക്കുമുള്ള എന്റെ ആശംസ. വളരെ നന്ദി!

നിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം നടത്തിയത് ഹിന്ദിയിലായിരുന്നു.

***

NK


( റിലീസ് ഐ.ഡി: 2259726) സന്ദര്‍ശക കൗണ്ടര്‍ : 7