രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം സ്വതന്ത്രമായി ഭേദിക്കാനാവുന്ന MIRV സാങ്കേതികവിദ്യയില്‍ അത്യാധുനിക അഗ്നി മിസൈലിൻ്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ

പോസ്റ്റഡ് ഓണ്‍: 09 MAY 2026 4:48PM by PIB Thiruvananthpuram

ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം സ്വതന്ത്രമായി ഭേദിക്കാനാവുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ് ലി ടാർഗെറ്റഡ് റീ-എൻട്രി വെഹിക്കിൾ (MIRV) സംവിധാനത്തോടുകൂടിയ അത്യാധുനിക അഗ്നി മിസൈല്‍ ഇന്ത്യ  വിജയകരമായി പരീക്ഷിച്ചു. 2026 മെയ് 08-ന് ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ദ്വീപിലായിരുന്നു പരീക്ഷണം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശാല ഭൂപ്രദേശങ്ങളിൽ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ഭേദിക്കാനാവുന്ന  ഒന്നിലേറെ പേലോഡുകൾ വഹിച്ചാണ് മിസൈൽ പരീക്ഷിച്ചത്.

 

വിവിധ ഭൗമ കേന്ദ്രങ്ങളും കപ്പൽ അധിഷ്ഠിത കേന്ദ്രങ്ങളും വഴിയാണ് മിസൈലിൻ്റെ സഞ്ചാരപഥം നിരീക്ഷിച്ചത്. മിസൈൽ വിക്ഷേപിച്ച സമയം മുതൽ പേലോഡുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത് വരെ മുഴുവൻ ഘട്ടങ്ങളും ഈ സംവിധാനങ്ങളുപയോഗിച്ച് പരിശോധിച്ചു.  പരീക്ഷണത്തില്‍ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി മിസൈലിൻ്റെ സഞ്ചാരപഥ വിവരങ്ങളിലൂടെ സ്ഥിരീകരിച്ചു.

വിജയകരമായ ഈ പരീക്ഷണത്തിലൂടെ ഒരു മിസൈൽ സംവിധാനം ഉപയോഗിച്ച് ഒന്നിലേറെ തന്ത്രപ്രധാന ലക്ഷ്യസ്ഥാനങ്ങളെ ഒരേസമയം ആക്രമിക്കുന്നതിലെ  ശേഷിയാണ് ഇന്ത്യ ഒരിക്കൽകൂടി തെളിയിച്ചത്. രാജ്യത്തെ വ്യവസായ മേഖലയിലെ  വിവിധ  സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡി.ആർ.ഡി.ഒ  ലാബുകളാണ്  മിസൈൽ വികസിപ്പിച്ചത്. ഡി.ആർ.ഡി.ഒ-യിലെ മുതിർന്ന ശാസ്ത്രജ്ഞരും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

വിജയകരമായ വിക്ഷേപണത്തിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്   ഡി.ആർ.ഡി.ഒ-യെയും  ഇന്ത്യൻ സൈന്യത്തെയും വ്യാവസായിക  മേഖലയെയും അഭിനന്ദിച്ചു.  വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾക്കെതിരായ രാജ്യത്തിൻ്റെ പ്രതിരോധ തയ്യാറെടുപ്പിന് കരുത്തുപകരുന്നതാണ് പരീക്ഷണമെന്ന് അദ്ദേഹം പറഞ്ഞു.

***


( റിലീസ് ഐ.ഡി: 2259503) സന്ദര്‍ശക കൗണ്ടര്‍ : 7