രാജ്യരക്ഷാ മന്ത്രാലയം
റിട്ട്. ലഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി രാജ്യത്തെ പുതിയ സംയുക്ത സൈനിക മേധാവി
പോസ്റ്റഡ് ഓണ്‍:
09 MAY 2026 7:21AM by PIB Thiruvananthpuram
DXG9.jpeg)
രാജ്യത്തിൻ്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ (PVSM, AVSM, SM, VSM - റിട്ട്.) കേന്ദ്ര ഗവണ്മെൻ്റ് നിയമിച്ചു. സംയുക്ത സൈനിക മേധാവി എന്നതിന് പുറമെ, കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മിലിട്ടറി അഫയേഴ്‌സ് സെക്രട്ടറിയായും അദ്ദേഹം ചുമതലയേൽക്കും. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ (PVSM, UYSM, AVSM, SM, VSM) 2026 മെയ് 30-ന് സർവീസിൽ നിന്ന് വിരമിക്കും.
ലഫ്റ്റനൻ്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി 2025 സെപ്റ്റംബർ 1 മുതൽ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2024 ജൂലൈ 1 മുതൽ 2025 ജൂലൈ 31 വരെ ഇന്ത്യൻ കരസേനയുടെ വൈസ് ചീഫ് (VCOAS) ആയി പ്രവർത്തിച്ചു. 2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡിൻ്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്നു.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദം നേടിയ ജനറൽ ഓഫീസർ 1985 ഡിസംബർ 14 ന് ഗർവാൾ റൈഫിൾസിൻ്റെ എട്ടാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്യപ്പെട്ടു.
അദ്ദേഹം ബ്രിട്ടനിലെ ജോയിൻ്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളേജ്, ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും, മദ്രാസ് സർവകലാശാലയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.ഫില്ലും അദ്ദേഹം നേടിയിട്ടുണ്ട്.
40 വർഷത്തിലേറെ നീണ്ട സമാനതകളില്ലാത്ത ഔദ്യോഗിക ജീവിതമാണ് ലഫ്റ്റനൻ്റ് ജനറൽ രാജ സുബ്രഹ്മണിയുടേത്. യുദ്ധസമാനമായ സാഹചര്യങ്ങളിലും വ്യത്യസ്ത ഭൂപ്രകൃതികളിലും സൈന്യത്തെ നയിച്ച അദ്ദേഹം കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ തസ്തികകളിൽ നിർണ്ണായക പങ്ക് വഹിച്ചു. അസമിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ 'ഓപ്പറേഷൻ റിനോ'യിൽ 16 ഗർവാൾ റൈഫിൾസിനെ നയിച്ചു. ജമ്മു കശ്മീരിലെ 168 ഇൻഫൻട്രി ബ്രിഗേഡിൻ്റെയും, സെൻട്രൽ സെക്ടറിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ 17 മൗണ്ടൻ ഡിവിഷൻ്റെയും കമാൻഡറായിരുന്നു. ഇന്ത്യൻ കരസേനയുടെ പടിഞ്ഞാറൻ മുന്നണിയിലെ പ്രധാന സ്ട്രൈക്ക് കോർപ്സായ 2 കോർപ്സിൻ്റെ കമാൻഡിംഗ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചു.
നാഷണൽ ഡിഫൻസ് അക്കാദമിയിലെ ഡിവിഷണൽ ഓഫീസർ, മൗണ്ടൻ ബ്രിഗേഡിൻ്റെ ബ്രിഗേഡ് മേജർ, കസാക്കിസ്ഥാനിലെ ഡിഫൻസ് അറ്റാഷെ, മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിലെ അസിസ്റ്റൻ്റ് മിലിട്ടറി സെക്രട്ടറി, ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്തെ കേണൽ ജനറൽ സ്റ്റാഫ് (ഓപ്പറേഷൻസ്), ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസ് സെക്ടറിൻ്റെ ഡെപ്യൂട്ടി കമാൻഡർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ, പ്രതിരോധ മന്ത്രാലയത്തിൻ്റെ (കരസേന) സംയോജിത ആസ്ഥാനത്ത് മിലിട്ടറി ഇൻ്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഈസ്റ്റേൺ കമാൻഡിലെ ബ്രിഗേഡിയർ ജനറൽ സ്റ്റാഫ് (ഓപ്പറേഷൻസ്), വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ ചീഫ് ഇൻസ്ട്രക്ടർ (ആർമി), നോർത്തേൺ കമാൻഡ് ആസ്ഥാനത്തെ ചീഫ് ഓഫ് സ്റ്റാഫ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിലെ യുദ്ധതന്ത്രപരമായ സാഹചര്യങ്ങളെക്കുറിച്ചും പ്രവർത്തനരീതികളെക്കുറിച്ചും ഇദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ധാരണയുമുണ്ട്.
രാജ്യത്തിന് നൽകിയ സതുത്യർഹമായ സേവനങ്ങൾ പരിഗണിച്ച് പരമ വിശിഷ്ട സേവാ മെഡൽ (PVSM), അതി വിശിഷ്ട സേവാ മെഡൽ (AVSM), സേനാ മെഡൽ (SM), വിശിഷ്ട സേവാ മെഡൽ (VSM) എന്നീ ബഹുമതികൾ നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2259348)
സന്ദര്‍ശക കൗണ്ടര്‍ : 4