പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും
പ്രധാനമന്ത്രി ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിനു സമർപ്പിക്കലും നിർവഹിക്കും
പ്രധാനമന്ത്രി വാറങ്കലിലെ പിഎം മിത്ര പാർക്ക് ഉദ്ഘാടനം ചെയ്യും; സംഗറെഡ്ഡിയിലെ സഹീറാബാദ് വ്യാവസായിക മേഖലയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
പ്രധാനമന്ത്രി ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിലെ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയപാത-167 നാലുവരിപ്പാതയാക്കുന്നതിന്റെ തറക്കല്ലിടൽ നിർവഹിക്കും
പ്രധാനമന്ത്രി ഹൈദരാബാദിലെ മൽക്കാപൂരിലുള്ള ഇന്ത്യൻ ഓയിലിന്റെ ഗ്രീൻഫീൽഡ് ടെർമിനൽ രാജ്യത്തിനു സമർപ്പിക്കും.
പ്രധാനമന്ത്രി ഹൈദരാബാദിലെ അത്യാധുനിക അർബുദ ചികിത്സയ്ക്കു മുൻഗണന നൽകുന്ന മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ക്വാട്ടേണറി കെയർ സെന്ററായ സിന്ധു ആശുപത്രി രാജ്യത്തിനു സമർപ്പിക്കും.
പ്രധാനമന്ത്രി ബംഗളൂരുവിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും.
പോസ്റ്റഡ് ഓണ്‍:
09 MAY 2026 11:17AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 10-നു കർണാടകയും തെലങ്കാനയും സന്ദർശിക്കും. രാവിലെ 11നു ബംഗളൂരുവിൽ ‘ദി ആർട്ട് ഓഫ് ലിവിങ്ങി’ന്റെ 45-ാം വാർഷിക ആഘോഷങ്ങളിൽ പങ്കുചേരുന്ന പ്രധാനമന്ത്രി ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യും.
തുടർന്നു ഹൈദരാബാദിലേക്കു തിരിക്കുന്ന അദ്ദേഹം, ഉച്ചതിരിഞ്ഞ് മൂന്നോടെ ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിനു സമർപ്പിക്കലും നിർവഹിക്കും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം 3.45-ഓടെ ഹൈദരാബാദിലെ സിന്ധു ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
പ്രധാനമന്ത്രി ബംഗളൂരുവിൽ
1981-ൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച ‘ആർട്ട് ഓഫ് ലിവിങ്’, ഇന്ന് 182 രാജ്യങ്ങളിൽ സാന്നിധ്യമുള്ള, ആഗോളതലത്തിൽ സന്നദ്ധപ്രവർത്തകർ നയിക്കുന്ന മാനുഷിക-വിദ്യാഭ്യാസ പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. സംഘടനയുടെ 45-ാം വാർഷികാഘോഷങ്ങളിലും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര കേന്ദ്രത്തിൽ പുതുതായി നിർമിച്ച ‘ധ്യാൻ മന്ദിർ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആന്തരിക സമാധാനത്തിനും സമഗ്രമായ ആരോഗ്യത്തിനും ഉതകുന്ന രീതിയിൽ വിഭാവനം ചെയ്തിട്ടുള്ള പ്രത്യേക ധ്യാനകേന്ദ്രമാണിത്. ഇതിനോടൊപ്പം മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതിസംരക്ഷണം, സാമൂഹ്യപരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആർട്ട് ഓഫ് ലിവിങ് നടപ്പാക്കുന്ന ഒരു വർഷം നീളുന്ന രാജ്യവ്യാപകമായ സേവനപദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും.
പ്രധാനമന്ത്രി ഹൈദരാബാദിൽ
ഏകദേശം 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. സമ്പർക്കസൗകര്യം ശക്തിപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതത്വം വർധിപ്പിക്കുന്നതിനും യാത്രക്കാർക്കു മികച്ച യാത്രാനുഭവം നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതികൾ.
ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴിയിൽ 3,175 കോടി രൂപയിലധികം ചെലവിൽ ഗുഡെബെല്ലൂർ മുതൽ മഹബൂബ് നഗർ വരെയുള്ള ദേശീയപാത-167 നാലുവരിപ്പാതയാക്കുന്നതിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. സുഗമവും സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കുന്ന ഈ പദ്ധതി യാത്രാസമയം ഏകദേശം ഒന്നര മണിക്കൂർ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇന്ധന ഉപഭോഗവും വാഹനങ്ങളുടെ അറ്റകുറ്റപ്പണിച്ചെലവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ഈ ദേശീയപാത തെലങ്കാനയും കർണാടകയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇരുസംസ്ഥാനങ്ങളിലെയും വ്യവസായ വികസനത്തിനു ഗതിവേഗം പകരുകയും ചെയ്യും.
ദേശീയ വ്യാവസായിക ഇടനാഴി വികസനപദ്ധതിയുടെ ഭാഗമായി ഹൈദരാബാദ്-നാഗ്‌പൂർ വ്യാവസായിക ഇടനാഴിക്കു (HNIC) കീഴിൽ വികസിപ്പിക്കുന്ന, സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ് വ്യാവസായിക മേഖലയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 3,245 ഏക്കറിലായി 2,350 കോടി രൂപയിലധികം ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദേശീയപാത-65-നു സമീപം തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രധാന നഗരങ്ങൾ, തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, വിമാനത്താവളങ്ങൾ എന്നിവയുമായി മികച്ച ബഹുതല സമ്പർക്കസൗകര്യം ഉറപ്പാക്കും.
അത്യാധുനിക സംയോജിത വ്യവസായ പട്ടണമായി വിഭാവനം ചെയ്തിട്ടുള്ള സഹീറാബാദ് വ്യാവസായിക മേഖലയിൽ ആധുനികവും സുസ്ഥിരവുമായ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇത് അടുത്ത തലമുറയിലെ വ്യവസായങ്ങൾക്കു കരുത്തുപകരും. ഓട്ടോമൊബൈൽ, ഭക്ഷ്യസംസ്കരണം, യന്ത്രസാമഗ്രികൾ, ലോഹങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ഇവിടെ പ്രധാനമായും ലക്ഷ്യമിടുന്ന മേഖലകൾ. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്നു പ്രതീക്ഷിക്കുന്ന ഈ പദ്ധതി, വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കു ഗണ്യമായ സംഭാവന നൽകുകയും ചെയ്യും.
പിഎം മിത്ര പദ്ധതിക്കു കീഴിൽ വികസിപ്പിച്ച, കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്നറിയപ്പെടുന്ന വാറങ്കലിലെ പിഎം മിത്ര പാർക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 1,700 കോടി രൂപ ചെലവിൽ വികസിപ്പിച്ച പാർക്ക്, പൂർണമായി പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യത്തെ പിഎം മിത്ര പാർക്കാണ്. ഇന്ത്യാഗവണ്മെന്റിന്റെ ‘5F’ കാഴ്ചപ്പാട് (Farm to Fibre to Factory to Fashion to Foreign - കൃഷിയിടത്തിൽനിന്നു നാരുകളിലേക്കും ഫാക്ടറിയിലേക്കും ഫാഷനിലേക്കും വിദേശത്തേക്കും) യാഥാർഥ്യമാക്കുന്നതാണ് ഈ പദ്ധതി. നിർദിഷ്ട നാഗ്‌പുർ-വിജയവാഡ ഗ്രീൻഫീൽഡ് അതിവേഗപാതയ്ക്കും (NH-163G) ദേശീയപാത-163-നും സമീപം തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഈ പാർക്ക്, പ്രധാന റെയിൽ ശൃംഖലകളുമായും തുറമുഖങ്ങളുമായും മികച്ച ബഹുതലസമ്പർക്കസൗകര്യം വാഗ്ദാനം ചെയ്യുന്നു. ഇത് ആഗോള വ്യാപാരത്തിനു തടസ്സമില്ലാത്ത ലോജിസ്റ്റിക്സ് സൗകര്യം ഉറപ്പാക്കും. ലോകോത്തര വ്യവസായ ആവാസവ്യവസ്ഥയായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പാർക്കിൽ വിശാലമായ ആഭ്യന്തര റോഡ് ശൃംഖല, പ്രത്യേക വൈദ്യുത സബ്സ്റ്റേഷൻ, തടസ്സമില്ലാത്ത ജലവിതരണം തുടങ്ങിയ അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ‘സീറോ ലിക്വിഡ് ഡിസ്ചാർജ്’ സാങ്കേതികവിദ്യയുള്ള കോമൺ എഫ്ലുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലൂടെ സുസ്ഥിര വികസനത്തിനും പാർക്ക് ഊന്നൽ നൽകുന്നു.
ഏകദേശം 1,535 കോടി രൂപയുടെ സുപ്രധാന റെയിൽവേ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. 118 കിലോമീറ്റർ ദൈർഘ്യമുള്ള കാസിപേട്ട്-വിജയവാഡ മൾട്ടി-ട്രാക്കിങ് പദ്ധതിയുടെ വിവിധ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തിരക്കേറിയ ഗ്രാൻഡ് ട്രങ്ക് ഇടനാഴിയിലെ പാതയുടെ ശേഷി വർധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. ഇതിലൂടെ ട്രെയിൻ ഗതാഗതം വേഗത്തിലാക്കാനും തിരക്കു കുറയ്ക്കാനും കൃത്യനിഷ്ഠ മെച്ചപ്പെടുത്താനും മേഖലയിലെ ചരക്കുഗതാഗതം വർധിപ്പിക്കാനും സാധിക്കും.
കൂടാതെ, കാസിപേട്ട് റെയിൽ അണ്ടർ റെയിൽ ബൈപാസും രാജ്യത്തിനു സമർപ്പിക്കും. ഹൈദരാബാദ്, ബൽഹർഷാ, വിജയവാഡ ഭാഗങ്ങളിലേക്ക് ഒരേസമയം ട്രെയിൻ ഗതാഗതം സാധ്യമാക്കുന്നതിലൂടെ കാസിപേട്ട് ജങ്ഷനിലെ തിരക്കു കുറയ്ക്കാൻ ഈ തന്ത്രപ്രധാന പദ്ധതി സഹായിക്കും. ഇതു പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും വഴിയൊരുക്കും.
600 കോടി രൂപയിലധികം ചെലവിൽ വികസിപ്പിച്ച ഹൈദരാബാദിലെ ഇന്ത്യൻ ഓയിലിന്റെ മൽക്കാപൂർ ടെർമിനൽ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. പെട്രോളിയം ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനും മേഖലയിലെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായാണു മൽക്കാപൂർ ടെർമിനൽ സ്ഥാപിച്ചിരിക്കുന്നത്. 1,65,000 കിലോലിറ്റർ (KL) സംഭരണശേഷിയാണ് ഈ ടെർമിനലിനുള്ളത്.
ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി, ഹൈദരാബാദിലെ അത്യാധുനിക അർബുദ ചികിത്സാകേന്ദ്രമായ സിന്ധു ആശുപത്രി പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. അർബുദ ചികിത്സയ്ക്കു മുൻഗണന നൽകുന്ന ഈ മൾട്ടി-സൂപ്പർ സ്പെഷ്യാലിറ്റി ക്വാട്ടേണറി കെയർ സെന്റർ ലാഭരഹിത സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.
18 നിലകളിലായി 21 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ആശുപത്രിയിൽ 1,500 കിടക്കകളും, 150-ലധികം ഡോക്ടർ കൺസൾട്ടേഷൻ റൂമുകളും, 29 അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, അർബുദ ശസ്ത്രക്രിയകൾ, മജ്ജ മാറ്റിവയ്ക്കൽ, ആധുനിക ക്രിട്ടിക്കൽ കെയർ എന്നിവയുൾപ്പെടെ 33-ലധികം സൂപ്പർ സ്പെഷ്യാലിറ്റികളിലായി സമഗ്രമായ ചികിത്സാസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. അത്യാധുനിക രോഗനിർണയ സംവിധാനങ്ങൾ, മോഡേൺ ലബോറട്ടറി, ബ്ലഡ് സെന്റർ സൗകര്യങ്ങൾ എന്നിവയുടെ കരുത്തും ഈ ആശുപത്രിയ്ക്കുണ്ട്.
സാമ്പത്തിക വളർച്ചയ്ക്കു കരുത്തേകുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേഗമേറിയതും സുദൃഢവുമായ രാജ്യം കെട്ടിപ്പടുക്കുന്നതിനുമായി സംയോജിത അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന, ‘വികസിത ഇന്ത്യക്കായി വികസിത തെലങ്കാന’ എന്ന പ്രധാനമന്ത്രിയുടെ ദർശനത്തെയാണ് ഈ പദ്ധതികൾ പ്രതിഫലിപ്പിക്കുന്നത്.
-SK-
( റിലീസ് ഐ.ഡി: 2259298)
സന്ദര്‍ശക കൗണ്ടര്‍ : 9