വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

സർഗാത്മക മേഖലയ്ക്കായുള്ള ഐ.ഐ.സി.ടി.യുടെ ദേശീയ നിർമിതബുദ്ധി നൈപുണ്യ വികസനപരിപാടിയിൽ പ്രവേശനത്തിന് അവസരം

വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയവും ഐ.ഐ.സി.ടി.യും സർഗപ്രതിഭകൾക്കായി 15,000 നിർമിതബുദ്ധി നൈപുണ്യ സ്കോളർഷിപ്പുകൾ നൽകും

പോസ്റ്റഡ് ഓണ്‍: 04 MAY 2026 4:53PM by PIB Thiruvananthpuram

വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (IICT) സംയുക്തമായി സർഗാത്മക മേഖലയ്ക്കായി ദേശീയ നിർമിതബുദ്ധി (AI) നൈപുണ്യ വികസന പരിപാടിക്കു തുടക്കം കുറിച്ചു. ഗൂഗിൾ, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ച ഈ ദൗത്യം; മാധ്യമം, വിനോദം, ആനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ കഥാഖ്യാനം എന്നീ മേഖലകളിലെ വളർന്നുവരുന്ന പ്രതിഭകൾക്ക് വ്യവസായ മേഖലയ്ക്കനുയോജ്യമായ നിർമിതബുദ്ധി നൈപുണ്യം ലഭ്യമാക്കുന്നതിന് 15,000 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താനും സർഗാത്മക മേഖലയിൽ ജീവിതോപാധി കെട്ടിപ്പടുക്കാൻ നിർമിതബുദ്ധി നൈപുണ്യം നേടിയെടുക്കാനും പദ്ധതി പ്രോത്സാഹനമേകുന്നു. ഈ പരിപാടിയിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. 

അടിസ്ഥാനപരമായ അറിവും പ്രായോഗിക നൈപുണ്യവും ഉറപ്പാക്കുന്നതിനായി ഈ ദൗത്യം ഘട്ടംഘട്ടമായുള്ള രണ്ട് രീതികളാണ് സ്വീകരിച്ചിരിക്കുന്നത്:

ഒന്നാം ഘട്ടം: അടിസ്ഥാനം (ഓൺലൈൻ)

നിർമിതബുദ്ധിയിലുള്ള അടിസ്ഥാന പരിജ്ഞാനം എല്ലാവരിലും എത്തിക്കുന്നതിനാണ് ഈ ഘട്ടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 15,000 പേർക്ക് ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾക്കും ഗൂഗിൾ ക്ലൗഡിൻ്റെ   ജെൻ എഐ (Gen AI) ലേണിങ് പാതകൾക്കുമായുള്ള സ്കോളർഷിപ്പുകൾ ലഭിക്കും. ഗൂഗിൾ രൂപകൽപ്പന ചെയ്ത പ്രൊഫഷണൽ പരിശീലനവും പ്രമുഖ തൊഴിൽദാതാക്കളുമായി ബന്ധപ്പെടാനുള്ള അവസരവുമാണ് ഗൂഗിളിൻ്റെ   കരിയർ സർട്ടിഫിക്കറ്റ് പ്രോഗ്രാം നൽകുന്നത്. ഇത് നിർമിതബുദ്ധിയുടെ അടിസ്ഥാന ആശയങ്ങളും ഉത്തരവാദിത്വപരമായ രീതികളും എല്ലാവർക്കും ലഭ്യമാക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾ ഏകദേശം 33 മണിക്കൂർ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ജനറേറ്റീവ് എഐയുടെ അടിസ്ഥാനം, പ്രോംപ്റ്റിങ് ടെക്നിക്കുകൾ, ഉത്തരവാദിത്വപരമായ എഐ രീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പാഠ്യപദ്ധതിയിലൂടെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകളും ഗൂഗിൾ ക്ലൗഡിൻ്റെ   ജനറേറ്റീവ് എഐ പഠന വഴികളും ലഭ്യമാകുന്നതിലൂടെ, പഠിതാക്കൾക്ക് യഥാർഥ സാഹചര്യങ്ങളിൽ പ്രായോഗികമായി ഉപയോഗിക്കാൻ കഴിയുന്ന അറിവും പ്രശ്നപരിഹാര നൈപുണ്യവും നേടിയെടുക്കാൻ സാധിക്കും.

രണ്ടാം ഘട്ടം: സ്പെഷ്യലൈസേഷൻ (ഹൈബ്രിഡ് രീതി)

 

അടിസ്ഥാന ഘട്ടം പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന നൂതന പരിശീലനത്തിലേക്ക് പ്രവേശിക്കാം. നേരിട്ടും ഓൺലൈനായും (ഹൈബ്രിഡ് രീതി) നടപ്പാക്കുന്ന ഈ ഘട്ടത്തിൽ കഥപറച്ചിൽ, ക്രിയേറ്റീവ് പ്രൊഡക്ഷൻ, നൂതന നിർമിതബുദ്ധി ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പ്രോജക്ട് അധിഷ്ഠിത പഠനം ഉൾപ്പെടുന്നു. ഉള്ളടക്കത്തിൻ്റെ   വ്യാപ്തിയും ജനപങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം രീതികൾ കൂടി ഉൾപ്പെടുത്തി ഐ.ഐ.സി.ടി.യും യൂട്യൂബും സംയുക്തമായാണ് ഈ പാഠ്യപദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ഡെവലപ്പേഴ്സ് കോഡ്‌ലാബ്‌സ് മൊഡ്യൂളുകളിലൂടെ വിവിധ ഉപകരണങ്ങളെയും പ്ലാറ്റ്‌ഫോമുകളെയും കുറിച്ച് പഠിതാക്കൾക്ക് നേരിട്ട് അറിവ് ലഭിക്കും.

 

ജനറേറ്റീവ് നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ, വർക്ക്ഫ്ലോ ഓട്ടോമേഷൻ, ഡിസിഷൻ മേക്കിങ് ടൂളുകൾ എന്നിവയുൾപ്പെടെ സുഗമവും ഘടനാപരവുമായ പഠന വഴികൾ വാഗ്ദാനം ചെയ്യുന്ന "എഐ സ്കിൽസ് ഹൗസ്" പ്ലാറ്റ്‌ഫോമിൻ്റെ   പിന്തുണയും ഈ പരിപാടിക്കുണ്ടാകും. സാങ്കേതിക പ്രാവീണ്യത്തെ സർഗാത്മകതയുമായി സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മീഡിയ-ഡിജിറ്റൽ മേഖലകളിൽ നൂതനാശയ ഉപജ്ഞാതാക്കൾക്ക് കരുത്തേകാൻ പ്രാപ്തിയുള്ള പ്രതിഭാസഞ്ചയം കെട്ടിപ്പടുക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

 

ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ഗവണ്മെൻ്റ്  കാഴ്ചപ്പാടിന് അനുസൃതമായി, നിർമിതബുദ്ധിയെ മുഖ്യധാരാ ഉള്ളടക്ക നിർമാണത്തിലേക്കും പ്രൊഡക്ഷൻ രീതികളിലേക്കും സംയോജിപ്പിക്കുന്നതിനുള്ള സുപ്രധാനമായ സ്ഥാപനപരമായ ചുവടുവയ്പാണിത്. മാധ്യമം, വിനോദം, ആനിമേഷൻ, ഗെയിമിങ്, ഡിജിറ്റൽ കഥാഖ്യാനം എന്നീ മേഖലകളിൽ ഉയർന്ന സാധ്യതയുള്ള വ്യക്തികളെ ലക്ഷ്യമിട്ടുള്ളതും ഫലപ്രദവുമായ നൈപുണ്യ വികസന പാതയായാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിശ്ചയിക്കപ്പെട്ട നിർവഹണ പങ്കാളി എന്ന നിലയിൽ, പാഠ്യപദ്ധതി വികസിപ്പിക്കൽ, ഉദ്യോഗാർഥികളിലേക്കുള്ള എത്തിച്ചേരൽ, പദ്ധതി നടത്തിപ്പ് എന്നിവയുൾപ്പെടെ, ദേശീയതലത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഐ.ഐ.സി.ടി. നേതൃത്വം നൽകുന്നു. ഗൂഗിൾ, യൂട്യൂബ് എന്നിവയുമായി സഹകരിച്ച് ഐ.ഐ.സി.ടി. രൂപകൽപ്പന ചെയ്ത പാഠ്യപദ്ധതിയിൽ നൂതന നിർമിതബുദ്ധി ഉപകരണങ്ങൾ, ക്രിയേറ്റീവ് വർക്ക്ഫ്ലോകൾ, പ്ലാറ്റ്‌ഫോം തലത്തിലുള്ള മികച്ച രീതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പഠിതാക്കൾക്ക് തുടക്കം മുതൽ പ്രൊഡക്ഷൻ രംഗത്തിന് അനുയോജ്യമായതും വ്യവസായ മേഖലയ്ക്ക് യോജിച്ചതുമായ നൈപുണ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നു.

 

ഉള്ളടക്ക സൃഷ്ടി, പ്രൊഡക്ഷൻ, വിതരണം എന്നീ മേഖലകളിൽ നിർമിതബുദ്ധി പ്രായോഗികമായി ഉപയോഗിക്കുന്നതിന് ക്രിയേറ്റീവ് പ്രൊഫഷണലുകളെ സജ്ജരാക്കുക എന്ന വ്യക്തമായ ദേശീയ ആവശ്യകത പരിഹരിക്കാനാണ് ഈ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഐ.ഐ.സി.ടി. സി.ഇ.ഒ. ഡോ. വിശ്വാസ് ദേവ്‌സ്കർ പറഞ്ഞു.

പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

എഐ സ്കിൽസ് ഹൗസ് പരിപാടിയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ QR കോഡ് സ്കാൻ ചെയ്യുക.

****


( റിലീസ് ഐ.ഡി: 2257895) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu