പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉത്തർപ്രദേശിലെ വാരാണസിയിൽ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.

प्रविष्टि तिथि: 28 APR 2026 7:34PM by PIB Thiruvananthpuram


നമഃ പാർവ്വതീ പതയേ, ഹര-ഹര മഹാദേവ്.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ,  ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകനും ബിജെപി ദേശീയ അധ്യക്ഷനുമായ ശ്രീ നിതിൻ നബിൻ ജി, ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗവും യുപി ബിജെപി അധ്യക്ഷനുമായ ശ്രീ പങ്കജ് ചൗധരി ജി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സഹോദരി പൂനം മൗര്യ ജി, വേദിയിലുള്ള കാശിയിലെ വനിതാ കൗൺസിലർമാരും ഗ്രാമത്തലവന്മാരും, മറ്റ് ജനപ്രതിനിധികളെ, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന എന്റെ അമ്മമാരെ, സഹോദരിമാരെ, മക്കളെ... ഏവർക്കും എന്റെ നമസ്കാരം.

സുഹൃത്തുക്കളേ,

നമ്മുടെ കാശി മാതാ ശൃംഗാർ ഗൗരി, മാതാ അന്നപൂർണ്ണ, മാതാ വിശാലാക്ഷി, മാതാ സങ്കത, ഗംഗാമാതാവ് എന്നീ ദൈവിക ശക്തികളുടെ പുണ്യഭൂമിയാണ്. ഇത്തരമൊരു സ്ഥലത്ത്, സഹോദരിമാരുടെയും പുത്രിമാരുടെയും ഈ ഒത്തുചേരൽ ഈ സന്ദർഭത്തെ അതീവ പവിത്രമാക്കിയിരിക്കുന്നു. കാശിയുടെ മണ്ണിൽ, കാശിയിലെ എന്റെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പുത്രിമാർക്കും മുന്നിൽ ഞാൻ തലകുനിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നത്തെ ഈ അവസരം സ്ത്രീശക്തിയെ ആദരിക്കുന്നതിന്റേയും വികസിപ്പിക്കുന്നതിന്റേയും ആഘോഷം തന്നെയാണ്. അല്പം മുമ്പ് ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. കാശിയുടെ എല്ലാ മേഖലയിലുമുള്ള വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിനോടൊപ്പം കാശിയും അയോധ്യയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമുണ്ട്. അല്പം മുമ്പ് രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കാശി മുതൽ പൂനെ വരെയും, അയോധ്യ മുതൽ മുംബൈ വരെയുമുള്ള ഈ രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഉത്തർപ്രദേശും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. ഇപ്പോൾ മുംബൈ-പൂനെ നിവാസികൾക്കും മഹാരാഷ്ട്രയിലുടനീളമുള്ളവർക്കും അയോധ്യ ധാമിലും കാശി വിശ്വനാഥ ധാമിലും എത്തിച്ചേരാൻ ആധുനികമായ മറ്റൊരു സൗകര്യം കൂടി ലഭിച്ചിരിക്കുന്നു. ഈ ഉദ്ഘാടന വേളയിൽ ഞാൻ രാജ്യത്തെ ജനങ്ങളെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയെ വികസിതമാക്കാനുള്ള ദൗത്യം തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ വികസിത ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിന്റെ ഏറ്റവും ശക്തമായ സ്തംഭം  ഇന്ത്യയുടെ സ്ത്രീശക്തിയാണ്. ഇന്ന് ഈ പരിപാടിയിൽ, ഒരു മഹായാഗത്തിന്റെ തുടക്കത്തിനായി നിങ്ങളെല്ലാവരുടെയും, സഹോദരിമാരുടെയും പുത്രിമാരുടെയും അനുഗ്രഹം തേടിയാണ് ഞാൻ വന്നിരിക്കുന്നത്. കാശിയിൽ നിന്നുള്ള പാർലമെന്റ് അംഗം എന്ന നിലയിലും രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലും, ഒരു വലിയ ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന് എനിക്ക് നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ വലിയ ലക്ഷ്യം ഇതാണ്- ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പിലാക്കുക എന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, എസ്പി, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ കാരണം പാർലമെന്റിൽ നമ്മുടെ ഈ ശ്രമം വിജയിച്ചില്ല. എന്നാൽ എല്ലാ സഹോദരിമാർക്കും ഞാൻ വീണ്ടും ഉറപ്പുനൽകുന്നു, നിങ്ങളുടെ സംവരണാവകാശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ഒരു പരിശ്രമവും ബാക്കിവെക്കില്ല.

സുഹൃത്തുക്കളേ,

വീട്ടിൽ ഒരു സ്ത്രീ ശാക്തീകരിക്കപ്പെടുമ്പോൾ, കുടുംബം മുഴുവൻ കരുത്താർജ്ജിക്കുന്നു, സമൂഹം ശക്തമാകുന്നു, രാജ്യം ശക്തമാകുന്നു. മുൻകാലങ്ങളിൽ സഹോദരിമാർക്കും പുത്രിമാർക്കും ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. കാശിയിലെ സഹോദരിമാരായ നിങ്ങളും ഒരുപാട് ബുദ്ധിമുട്ടുകൾ കണ്ടിട്ടുണ്ട്, ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പലപ്പോഴും പെൺമക്കൾക്ക് പലതരത്തിലുള്ള ചോദ്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്- "ഇതുകൊണ്ട് നീ എന്തുചെയ്യാനാണ്?", "നിനക്ക് ഇതിന്റെ ആവശ്യമെന്താണ്?", "നീ എന്തുചെയ്യും?", "നിനക്ക് എന്തിന്റെ കുറവാണ്?", "മിണ്ടാതിരിക്കൂ, ഈ ജോലി നിന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ല" എന്നിങ്ങനെ. പലപ്പോഴും ചോദ്യങ്ങൾ പോലും ചോദിച്ചിരുന്നില്ല, നേരിട്ടുള്ള ഉത്തരവുകൾ നൽകുകയായിരുന്നു പതിവ്- "ഇത് നിന്റെ പണിയല്ല" എന്ന്.

സുഹൃത്തുക്കളേ,

ഇത്തരം സാഹചര്യങ്ങൾ കാശിയിലെ സഹോദരിമാർക്ക് മാത്രമല്ല, രാജ്യത്തെ ഭൂരിഭാഗം സഹോദരിമാർക്കും പുത്രിമാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നു, ഇത് സ്വാഭാവികമാണെന്ന് കരുതപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് 25 വർഷം മുമ്പ് ഗുജറാത്തിൽ മുഖ്യമന്ത്രിയായപ്പോൾ ഇത്തരം സങ്കൽപ്പങ്ങളെ തകർക്കാൻ ഞാൻ ആദ്യം ശ്രമിച്ചത്. അന്ന് പെൺമക്കൾക്കായി സമർപ്പിക്കപ്പെട്ട രണ്ട് വലിയ പദ്ധതികൾ ആരംഭിച്ചു. ഒന്ന്- 'ശാലാ പ്രവേശോത്സവ്', പെൺകുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനും കൂടുതൽ പെൺകുട്ടികൾ സ്കൂളിലെത്തുന്നതിനും ഇടയ്ക്ക് പഠനം നിർത്താതിരിക്കാനുമാണിത്. രണ്ടാമത്തേത്- 'മുഖ്യമന്ത്രി കന്യാ കെലവാനി നിധി', പെൺകുട്ടികളുടെ ഫീസ് അടയ്ക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു അത്.

സുഹൃത്തുക്കളേ,

അന്നു മുതൽ ഇന്നുവരെ, ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ  നയങ്ങളിൽ സ്ത്രീക്ഷേമത്തിനാണ് തുടർച്ചയായി ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. 2014-ൽ സേവനം ചെയ്യാൻ നിങ്ങൾ ഞങ്ങൾക്ക് അവസരം നൽകിയപ്പോൾ, രാജ്യത്ത് 12 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചു, "ഇസ്സത്ത് ഘറുകൾ" നിർമ്മിച്ചു. 30 കോടിയിലധികം സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. 2.5 കോടിയിലധികം വീടുകളിൽ വൈദ്യുതി കണക്ഷനുകൾ നൽകി. 12 കോടിയിലധികം വീടുകളിൽ പൈപ്പിലൂടെ വെള്ളമെത്തി. അതായത്, പല വലിയ പദ്ധതികളുടെയും കേന്ദ്രസ്ഥാനത്ത് സഹോദരിമാരെയും പെൺമക്കളെയും പ്രതിഷ്ഠിച്ചു.

സുഹൃത്തുക്കളേ,

രണ്ടു വർഷം മുമ്പ് ഇവിടെ ബനാറസിൽ സുകന്യ സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട് ഒരു വലിയ പ്രചാരണം നടത്തിയിരുന്നു. അന്ന് വെറും ഒരു മാസത്തിനുള്ളിൽ കാശിയിൽ 27,000 പെൺകുട്ടികളുടെ സുകന്യ സമൃദ്ധി അക്കൗണ്ടുകൾ ആരംഭിക്കുകയും ഓരോ പെൺകുട്ടിയുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 300 രൂപ വീതം കൈമാറുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും മെച്ചപ്പെട്ട ഭാവിയിലും സുകന്യ സമൃദ്ധി യോജന വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ പദ്ധതി പെൺകുട്ടികളുടെ പഠനത്തിന് കരുത്തുപകർന്നപ്പോൾ, മുദ്ര യോജന അവരുടെ വരുമാനം ഉറപ്പാക്കി. അതേസമയം, മാതൃ വന്ദന യോജനയും ആയുഷ്മാൻ ഭാരത് യോജനയും സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ട ഔഷധങ്ങൾ ലഭ്യമാക്കി.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസം, വരുമാനം, മരുന്ന് എന്നിവയ്‌ക്കൊപ്പം ഇതാദ്യമായി കോടിക്കണക്കിന് സഹോദരിമാരുടെ പേരിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പിഎം ആവാസ് യോജന പ്രകാരമുള്ള ഭൂരിഭാഗം വീടുകളും സഹോദരിമാരുടെ പേരിലാണ്. ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും യഥാർത്ഥത്തിൽ സ്വന്തം വീടിന്റെ ഉടമകളായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഞങ്ങളുടെ ഗവൺമെൻ്റിൻ്റെ  മുഴുവൻ ശ്രദ്ധയും സഹോദരിമാരുടെ സൗകര്യങ്ങളിലും സുരക്ഷയിലുമാണ്. ഈ രണ്ട് കാര്യങ്ങളാണ് ശാക്തീകരണത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തുന്നത്. ഉത്തർപ്രദേശിൽ സാഹചര്യങ്ങൾ എങ്ങനെ മാറിയെന്ന് നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇവിടെ സമാജ്‌വാദി പാർട്ടി ഗവൺമെൻറ്  ഉണ്ടായിരുന്നപ്പോൾ പെൺമക്കൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ, ബിജെപി ഗവൺമെന്റിന് കീഴിൽ, പെൺമക്കൾക്കെതിരെ തെറ്റായ ചിന്തകൾ വെച്ചുപുലർത്തുന്നവർക്ക് അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് കൃത്യമായി അറിയാം.

സുഹൃത്തുക്കളേ,

ഭാരതീയ ന്യായ സംഹിതയും സഹോദരിമാർക്കും പുത്രിമാർക്കും സുരക്ഷയുടെ പുതിയൊരു ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് കീഴിൽ, സ്ത്രീകൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നു. അതുപോലെ തന്നെ, വനിതാ പോലീസ് സ്റ്റേഷനുകളുടെയും കൗൺസിലിംഗ് സെന്ററുകളുടെയും ശൃംഖല തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ഇവിടെയും ഒരു വനിതാ പോലീസ് ഔട്ട്‌പോസ്റ്റിനും കൗൺസിലിംഗ് സെന്ററിനുമുള്ള കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികൾ പെൺമക്കൾക്ക് സുരക്ഷയുടെ ഗ്യാരണ്ടി നൽകുന്നു.

സുഹൃത്തുക്കളേ,

സ്ത്രീകളുടെ സാമ്പത്തിക ശക്തി വർദ്ധിക്കുമ്പോൾ, വീട്ടിൽ അവരുടെ ശബ്ദവും കൂടുതൽ ശക്തമാകും. അതിനാൽ, സൗകര്യങ്ങളുടെയും സുരക്ഷയുടെയും ഉറപ്പ് നൽകുന്നതിനൊപ്പം സഹോദരിമാരുടെ സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഞങ്ങൾ ഊന്നൽ നൽകി. കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തെ ഏകദേശം 10 കോടി സഹോദരിമാരെ സ്വയംസഹായ സംഘങ്ങളുമായി ബന്ധിപ്പിച്ചു. കാശിയിലും ഏകദേശം 1.25 ലക്ഷം സഹോദരിമാർ ഇത്തരം സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഈ സംഘങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ സഹായം ലഭിക്കുന്നു, അതിലൂടെ സഹോദരിമാർ തങ്ങളുടെ ജോലികൾ ചെയ്യുന്നു. ഇത്തരം ശ്രമങ്ങളിലൂടെ 3 കോടി സഹോദരിമാർ ഇതിനകം തന്നെ "ലാഖ്‌പതി ദീദി"മാരായി(ലക്ഷാധിപതി സഹോദരിമാർ)മാറിയിരിക്കുന്നു—3 കോടി ലാഖ്‌പതി  ദീദിമാർ!—അവരിൽ ആയിരക്കണക്കിന് പേർ ബനാറസിൽ നിന്നുള്ള സഹോദരിമാരാണ്.

സുഹൃത്തുക്കളേ,

 ലാഖ്‌പതി ദീദി പ്രചാരണത്തിന് വേഗത പകരുന്നതിൽ നമ്മുടെ ക്ഷീരമേഖലയ്ക്കും വലിയ പങ്കുണ്ട്. ഇവിടെ ബനാസ്കാന്ത ഡയറിയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് സഹോദരിമാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇന്ന് ഈ സഹോദരിമാർക്ക് ബോണസ് ഇനത്തിൽ നേരിട്ട് 106 കോടി രൂപ ലഭിച്ചു. ഈ സഹോദരിമാരെയെല്ലാം ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. കാശിയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ത്രീകളോട് എനിക്ക് പറയാനുള്ളത്—ഇതൊരു തുടക്കം മാത്രമാണ്, ബനാറസ് വളരും, ബനാസ്കാന്ത ഡയറി വളരും, ഈ ബോണസും വർദ്ധിച്ചുകൊണ്ടേയിരിക്കും.

സുഹൃത്തുക്കളേ,

ബിജെപി-എൻഡിഎ ഗവൺമെൻറ്  സഹോദരിമാരെ സ്വയംപര്യാപ്തരാക്കുക മാത്രമല്ല, വികസിത ഇന്ത്യയാക്കാനുള്ള പ്രചാരണത്തിൽ അവർക്ക് നേതൃസ്ഥാനം നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ആയിരക്കണക്കിന് "ബാങ്ക് സഖിമാരുടെ" പങ്ക് വലുതാണ്. ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ "ബീമാ സഖിമാർ" നേതൃത്വം നൽകുന്നു. പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നതിൽ "കൃഷി സഖിമാർ" വലിയ പങ്ക് വഹിക്കുന്നു. കൃഷിരംഗത്ത് വരുന്ന ഡ്രോൺ വിപ്ലവത്തിന് നമ്മുടെ "നമോ ഡ്രോൺ ദീദിമാർ" നേതൃത്വം നൽകുന്നു. കഴിഞ്ഞ ദശകത്തിൽ കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ പെൺമക്കൾക്ക് പുതിയ അവസരങ്ങൾ നൽകി. ആദ്യമായി സൈനിക് സ്കൂളുകളുടെയും ഡിഫൻസ് അക്കാദമിയുടെയും വാതിലുകൾ പെൺമക്കൾക്കായി തുറന്നിട്ടു. അതായത്, ബിജെപി-എൻഡിഎ ഗവൺമെൻറ് എന്നാൽ—സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ ഉന്നമനം, സ്ത്രീകളുടെ ജീവിതം എളുപ്പമാക്കൽ എന്നാണ് അർത്ഥം.

സുഹൃത്തുക്കളേ,

ഇന്ന് എല്ലാ മേഖലകളിലും, എല്ലാ മുന്നണികളിലും ഇന്ത്യയുടെ പുത്രിമാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ സ്വാഭാവികമായും നയരൂപീകരണത്തിലും രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും സഹോദരിമാരുടെയും പുത്രിമാരുടെയും പങ്ക് ഇനിയും വർദ്ധിക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിനായി സത്യസന്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്. പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചതിന് പിന്നിലെ ഒരു വലിയ കാരണം സ്ത്രീകളുടെ പങ്കാളിത്തം എന്ന ആശയമായിരുന്നു. പുതിയ പാർലമെന്റ് നിർമ്മിച്ചപ്പോൾ നമ്മൾ ആദ്യം ചെയ്ത ജോലി സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുക എന്നതായിരുന്നു. 40 വർഷത്തോളം സഹോദരിമാരുടെ ഈ അവകാശം തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. അതിനാൽ, 2023-ൽ നമ്മൾ പാർലമെന്റിൽ 'നാരി ശക്തി വന്ദൻ അധിനിയമം' പാസാക്കി.

സുഹൃത്തുക്കളേ,

ഒരു നിയമം നിർമ്മിച്ചു കഴിഞ്ഞാൽ അത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്. ഇനി ഈ നിയമം എത്രയും വേഗം നടപ്പിലാക്കുകയാണ് വേണ്ടത്. അതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. ഭരണഘടനാ ഭേദഗതിക്കായി നമ്മൾ ഒരു നിയമം കൊണ്ടുവന്നു. നിയമസഭകളിലും പാർലമെന്റിലും കൂടുതൽ സഹോദരിമാർക്ക് എത്തിച്ചേരാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു ഈ ഭേദഗതി.

എന്നാൽ സുഹൃത്തുക്കളേ,

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ടിഎംസി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഒരിക്കൽ കൂടി രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചു. ഇത്തരം പാർട്ടികൾ 40 വർഷമായി വനിതാ സംവരണത്തിന് തടയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമാജ്‌വാദി പാർട്ടി വീണ്ടും ഇതിന് ചുവപ്പുകൊടി കാട്ടിയിരിക്കുകയാണ്.

സുഹൃത്തുക്കളേ,

കുടുംബവാഴ്ചയിലും പ്രീണന രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഈ പാർട്ടികളെല്ലാം സ്ത്രീശക്തിയെ ഭയപ്പെടുന്നു എന്നതാണ് യഥാർത്ഥ കാര്യം. അവർ നിങ്ങളെ എല്ലാവരെയും ഭയപ്പെടുന്നു. കോളേജ് കാമ്പസുകൾ മുതൽ പഞ്ചായത്തുകൾ വരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വരെയും സ്വന്തം കരുത്തിൽ നേതൃത്വം നൽകുന്ന രാജ്യത്തെ പുത്രിമാർ നിയമസഭകളിലും പാർലമെന്റിലും എത്തുന്നത് ഈ കുടുംബവാഴ്ചാ പാർട്ടികൾ ആഗ്രഹിക്കുന്നില്ല. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പെൺമക്കൾ ഉയർന്നുവന്നാൽ തങ്ങളുടെ നിയന്ത്രണം അവസാനിക്കുമെന്നും തങ്ങളുടെ അധികാരത്തിന്മേൽ ചോദ്യങ്ങൾ ഉയരുമെന്നും അവർക്കറിയാം. അതുകൊണ്ടാണ് ഈ കുടുംബവാഴ്ചാ പാർട്ടികൾ പാർലമെന്റിൽ ഇതിനെ എതിർക്കാൻ മുൻപന്തിയിൽ നിന്നത്.

സുഹൃത്തുക്കളേ,

രാജ്യത്തെ സഹോദരിമാരും പുത്രിമാരും ഇവരുടെ കുടിലതന്ത്രങ്ങൾ തിരിച്ചറിഞ്ഞു എന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. അസം, കേരളം, പുതുച്ചേരി, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സഹോദരിമാർ റെക്കോർഡ് എണ്ണത്തിൽ വോട്ട് ചെയ്യുന്നത് നിങ്ങൾ കാണുന്നുണ്ടാകും. വനിതാ സംവരണത്തെ എതിർക്കുന്ന പാർട്ടികൾ ഒരു കാര്യം മനസ്സിലാക്കുന്നില്ല—സഹോദരിമാരുടെ ഈ വോട്ട് അത്തരം സ്ത്രീവിരുദ്ധ പാർട്ടികളെ ശിക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു.

സുഹൃത്തുക്കളേ,

ബിജെപി-എൻഡിഎ ഗവൺമെന്റിന്  ഒരേയൊരു മന്ത്രമേയുള്ളൂ—'നാഗരിക് ദേവോ ഭവ'. രാജ്യത്തെ പൗരന്മാരുടെ വിദ്യാഭ്യാസം, വരുമാനം, മരുന്ന്, ജലസേചനം, അവരുടെ പരാതികൾ കേൾക്കൽ എന്നിവയ്ക്കാണ് ഞങ്ങളുടെ മുൻഗണന. ഈ ചൈതന്യത്തോടെ ഇന്ന് കാശിയുടെ വികസനവും വിപുലീകരിച്ചിരിക്കുകയാണ്. ഗംഗാ നദിക്ക് കുറുകെ സിഗ്നേച്ചർ ബ്രിഡ്ജ് നിർമ്മിക്കുന്നതോടെ പൂർവ്വാഞ്ചലിലെ കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ ഉത്തരേന്ത്യയുടെയും കിഴക്കൻ ഇന്ത്യയുടെയും പ്രധാന ആരോഗ്യ കേന്ദ്രമായി കാശി ഉയർന്നു വന്നിട്ടുണ്ട്. 500 കിടക്കകളുള്ള മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാശിയുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിന് പുറമെ 100 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കിനും തറക്കല്ലിട്ടു. ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി കാശിയിൽ ഇതൊരു വലിയ സൗകര്യമായി മാറും.

സുഹൃത്തുക്കളേ,

ഗംഗാ നദിയുടെ ശുചീകരണം, ഘാട്ടുകളുടെ വികസനം, ഭരണ-ഭരണനിർവഹണവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെ നിർമ്മാണം, ഹർഹുവയിലും ഭവാനിപൂരിലും കർഷകർക്കായുള്ള സംഭരണ ശാലകൾ, വൃദ്ധസദനങ്ങൾ അല്ലെങ്കിൽ വനിതാ ഹോസ്റ്റലുകൾ—ഇവയെല്ലാം കാശിയുടെ സുവ്യക്തമായ വികസനത്തിന്റെ തെളിവുകളാണ്. ഈ പ്രവർത്തനങ്ങളിൽ നിന്ന് ബനാറസിലെ ജനങ്ങൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്.

സുഹൃത്തുക്കളേ,

കാശിയുടെ പൈതൃകവും പാരമ്പര്യവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രചാരണവും തുടർച്ചയായി നടക്കുന്നുണ്ട്. സന്ത് കബീറിന്റെ സ്മൃതിമണ്ഡപത്തിന്റെ വികസനവും നഗ്‌വയിലെ സന്ത് രവിദാസ് പാർക്കിന്റെ നവീകരണവും ഈ പ്രചാരണത്തിന്റെ ഭാഗമാണ്.

സുഹൃത്തുക്കളേ,

നമ്മുടെ കാശി ശാശ്വതമാണ്, അത് ഇടതടവില്ലാതെ തുടരുന്ന ഒരു നഗരമാണ്. അതേപോലെ തന്നെ, വികസനത്തിന്റെ ഈ പ്രയാണവും തുടർച്ചയായി മുന്നോട്ട് നീങ്ങുകയാണ്. സ്ത്രീശക്തിയെ ആദരിച്ചുകൊണ്ട്, ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരിക്കൽ കൂടി ഞാൻ നിങ്ങളോട് നന്ദി പറയുന്നു, ഒപ്പം വികസന പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. എന്നോടൊപ്പം പറയൂ—

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

വന്ദേ മാതരം. വന്ദേ മാതരം. വന്ദേ മാതരം.

ഹര-ഹര മഹാദേവ്.

-NK-


(रिलीज़ आईडी: 2257099) आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Telugu , Kannada