തെരഞ്ഞെടുപ്പ് കമ്മീഷന്‍
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ക്യു.ആർ അധിഷ്ഠിത തിരിച്ചറിയൽ കാർഡ് സംവിധാനം ഏർപ്പെടുത്തി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ
പോസ്റ്റഡ് ഓണ്‍:
30 APR 2026 4:18PM by PIB Thiruvananthpuram
1. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃത വ്യക്തികൾ പ്രവേശിക്കുന്നത് ഒഴിവാക്കാൻ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകീകൃത ഇ.സി.ഐ പോർട്ടലായ ഇ.സി.ഐ നെറ്റിൽ ക്യു.ആർ കോഡ് അധിഷ്ഠിതമായൊരു ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനം അവതരിപ്പിച്ചു.
2. അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുകളുടെയും 5 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും 2026 മെയ് നാലിന് ആരംഭിക്കുന്ന വോട്ടെണ്ണൽ മുതൽ, ഭാവിയിൽ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലേക്കും ഉപതിരഞ്ഞെടുപ്പുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും.
3. കഴിഞ്ഞ ഒരു വർഷത്തിനിടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച മുപ്പതിലധികം സംരംഭങ്ങളുടെ തുടർച്ചയാണ് ഈ സുപ്രധാന സംരംഭം. അതിൽ ബി.എൽ.ഒമാർക്കായി ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോട്ടോ ഐ.ഡി കാർഡുകൾ അവതരിപ്പിച്ചതും ഉൾപ്പെടുന്നു.
4. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തിരിച്ചറിയൽ പരിശോധനയ്ക്കായി ത്രിതല സുരക്ഷാ സംവിധാനം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഒന്നും രണ്ടും തലങ്ങളിൽ, വരണാധികാരി (ആർ.ഒ) നൽകുന്ന ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. വോട്ടെണ്ണൽ ഹാളിന് സമീപമുള്ള മൂന്നാമത്തെയും ഏറ്റവും ഉള്ളിലെയും സുരക്ഷാ വലയത്തിൽ, ക്യു.ആർ കോഡ് സ്‌കാനിങ് വഴിയുള്ള സ്ഥിരീകരണം വിജയകരമായതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
5. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഹാളുകളിലും പ്രവേശിക്കാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ വരണാധികാരികൾ (റിട്ടേണിങ് ഓഫീസർമാർ), ഉപ വരണാധികാരികൾ (അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർമാർ), വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ജീവനക്കാർ (കൗണ്ടിങ് സ്റ്റാഫ്), സാങ്കേതികവിഭാഗം ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഏജൻ്റുമാർ, കൗണ്ടിങ് ഏജൻ്റുമാർ തുടങ്ങിയ വിഭാഗം വ്യക്തികൾക്ക് ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പുതിയ ഫോട്ടോ തിരിച്ചറിയൽ കാർഡുകൾ ബാധകമാകും.
6. അംഗീകൃത മാധ്യമപ്രവർത്തകരുടെ സൗകര്യാർത്ഥം ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലെയും വോട്ടെണ്ണൽ ഹാളുകൾക്ക് സമീപം ഒരു മീഡിയ സെൻ്റർ സ്ഥാപിക്കും.
7. കമ്മീഷൻ്റെ നിലവിലുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി ഇ.സി.ഐ നൽകുന്ന അനുമതി പത്രങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കുന്നത് തുടരും.
8. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന്, സുഗമവും സുരക്ഷിതവുമായ പ്രവേശന നിയന്ത്രണം ഉറപ്പാക്കുന്നതിന് നിർദിഷ്ട ചെക്ക്പോസ്റ്റുകളിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോടും വരണാധികാരികളോടും നിർദ്ദേശിച്ചിട്ടുണ്ട്.
9. വോട്ടെണ്ണൽ പ്രക്രിയയിൽ സുതാര്യത, സുരക്ഷ, കാര്യക്ഷമത എന്നിവയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനായി ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കും, വരണാധികാരികൾക്കും, ഉപ വരണാധികാരികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2257067)
സന്ദര്‍ശക കൗണ്ടര്‍ : 15