പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനം
പോസ്റ്റഡ് ഓണ്‍:
29 APR 2026 5:42PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ പൗരന്മാരെ അറിയിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരന്തരം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട്, ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള സഹായം, പ്രധാന മേഖലകളില്‍ സ്ഥിരത ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ വിശദീകരിച്ചുകൊണ്ട് പെട്രോളിയം& പ്രകൃതിവാതകം, തുറമുഖ, കപ്പല്‍ ഗതാഗത- ജലപാത മന്ത്രാലയത്തിലേയും, വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പത്രസമ്മേളനം ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ നടന്നു.
ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും:
പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍പിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര പെട്രോളിയം& പ്രകൃതിവാതക മന്ത്രാലയം നല്‍കി. ഇതില്‍ ഇപ്രകാരം അറിയിച്ചു:
പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പൗര അവബോധവും:
പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാല്‍, ഇന്ധനലഭ്യത സംബന്ധിച്ച് ആശങ്കകളും അധികമായുള്ള വാങ്ങലുകളും ഒഴിവാക്കണമെന്ന് പൗരന്മാരെ അറിയിക്കുന്നു.
കിംവദന്തികള്‍ സൂക്ഷിക്കുക, ശരിയായ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
• എല്‍പിജി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും അഭ്യര്‍ത്ഥിക്കുന്നു.
• പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക് ടോപ്പുകള്‍ പോലുള്ള ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
• നിലവിലെ സാഹചര്യത്തില്‍ ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.
ഗവണ്‍മെന്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും:
നിലവില്‍ ഭൗമ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിടുന്നെങ്കിലും , ഗാര്‍ഹിക എല്‍പിജി, ഗാര്‍ഹിക പിഎന്‍ജി, സിഎന്‍ജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്.
• വാണിജ്യ എല്‍പിജി വിതരണത്തില്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി മുതലായ മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, 2026 മാര്‍ച്ച് 2, 3 തീയതികളില്‍ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്ടിഎല്‍ വിതരണം ഇരട്ടിയാക്കുന്നു.
ശുദ്ധീകരണശാലകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളില്‍ ബുക്കിംഗ് ഇടവേള 21 ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിവയുള്‍പ്പെടെ വിതരണത്തിന്റെയും ആവശ്യകതയുടെയും കാര്യത്തില്‍ ഗവണ്‍മെന്റ് ഇതിനകം നിരവധി യുക്തിസഹ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അധിക കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും നിര്‍ദ്ദേശിച്ചു.
ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ക്ക് സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍, സ്ഥാപന സംവിധാനങ്ങള്‍ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങള്‍:
1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എല്‍പിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരമുണ്ട്.
പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്‍മെന്റുകള്‍ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പൗരന്മാര്‍ക്ക് മതിയായ ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനല്‍കുന്നതിന് പൊതുജനങ്ങളെ വിവരങ്ങള്‍ അറിയിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഗവണ്‍മെന്റ് 27.03.2026 ലും 02.04.2026 ലുമുള്ള കത്തുകളിലൂടെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, 02.04.2026 (MoPNG സെക്രട്ടറി അധ്യക്ഷത വഹിച്ചു ) നും 06.04.2026 (MoPNG സെക്രട്ടറിയും I&B, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും അധ്യക്ഷത വഹിച്ചു ) യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു, അതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി :
•ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും പതിവായി പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക
•സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ / തെറ്റായ വിവരങ്ങള്‍ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
•ജില്ലാ ഭരണകൂടങ്ങളുടെ ദിവസേനയുള്ള പരിശോധനാ നടപടികള്‍ ശക്തമാക്കുകയും എണ്ണ വിപണന കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക
•സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വാണിജ്യ എല്‍പിജി വിതരണ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകള്‍ക്കായി എസ്‌കെഒ വിഹിത അനുമതി ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
•പിഎന്‍ജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
• എല്‍പിജി വിതരണത്തിന്, പ്രത്യേകിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മുന്‍ഗണന നല്‍കുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
•പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
•പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പത്രക്കുറിപ്പുകള്‍ പുറത്തിറക്കുകയോ പത്രസമ്മേളനങ്ങള്‍ നടത്തുകയോ ചെയ്യുന്നു
പരിശോധന, നിരീക്ഷണ നടപടികള്‍:
എല്‍പിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധനാ നടപടികള്‍ തുടരുന്നു. ഇന്നലെ 2200 ല്‍ അധികം റെയ്ഡുകള്‍ നടത്തി.
പിഎസ്‌യു എണ്ണ വിപണന കമ്പനികള്‍ അപ്രതീക്ഷിത പരിശോധനകള്‍ ശക്തമാക്കുകയും 325 എല്‍പിജി വിതരണക്കാര്‍ക്ക് പിഴ ചുമത്തുകയും ഇന്നലെ വരെ 72 എല്‍പിജി വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു..
എല്‍പിജി വിതരണം:
ആഭ്യന്തര എല്‍പിജി വിതരണ നില:
•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
• വീടുകളിലേക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
•എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
• വ്യവസായിക അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി ബുക്കിങ്ങുകള്‍ ഇന്നലെ ഏകദേശം 98% ആയി വര്‍ദ്ധിച്ചു.
•വഴിതിരിച്ചുവിടല്‍ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 94% ആയി വര്‍ദ്ധിച്ചു.
ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഡിഎസി ലഭിക്കും.
•28.04.26 ന്, 50.8 ലക്ഷത്തിലധികം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്തു.
വാണിജ്യ എല്‍.പി.ജി വിഹിതവും വിതരണ നടപടികളും:
പാചകവാതക മേഖലയിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട 10 ശതമാനം വിഹിതമുള്‍പ്പെടെ ആകെ വാണിജ്യ എല്‍.പി.ജി വിഹിതം പ്രതിസന്ധിക്ക് മുന്‍പത്തെ വിതരണത്തിന്റെ 70 ശതമാനത്തോളമായി വര്‍ധിപ്പിച്ചു.
2026 മാര്‍ച്ച് 2, 3 തീയതികളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതിദിനം വിതരണം ചെയ്ത ശരാശരി സിലിണ്ടറുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ എണ്ണം 2026 മാര്‍ച്ച് 21ലെ കത്തില്‍ പരാമര്‍ശിച്ച 20 ശതമാനം എന്ന പരിധിക്ക് പുറമെ ഇരട്ടിയാക്കിയതായി 2026 ഏപ്രില്‍ 6ലെ കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ എണ്ണ വിപണന കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രം വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
2026 ഫെബ്രുവരിയില്‍ ആകെ വിറ്റ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ 21.7 ലക്ഷമായിരുന്നു. എന്നാല്‍ 2026 ഏപ്രില്‍ 1 മുതല്‍ ഇതുവരെ ഏകദേശം 21.05 ലക്ഷം 5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റു.
73,000ത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളാണ് ഇന്നലെ വിതരണം ചെയ്തത്.
2026 ഏപ്രില്‍ 3 മുതല്‍ പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ എഫ്.ടി.എല്‍ സിലിണ്ടറുകളുമായി ബന്ധപ്പെട്ട് 9550ലധികം ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 1,59,000ത്തിലധികം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വില്‍ക്കാന്‍ സാധിച്ചു.
ഇന്നലെ 175ഓളം ക്യാമ്പുകളിലൂടെ 2759 എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റു.
ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യാവസായിക സ്ഥാപനങ്ങളുമായും ഏകോപനത്തോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നുണ്ട്.
2026 ഏപ്രിലില്‍ (ഏപ്രില്‍ 28 വരെ) ആകെ 1,84,043 മെട്രിക് ടണ്‍ (19 കിലോയുടെ 96.86 ലക്ഷത്തിലധികം എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് തുല്യം) വാണിജ്യ എല്‍.പി.ജി വിറ്റഴിച്ചു.
2026 ഏപ്രില്‍ 28ന് 8838 മെട്രിക് ടണ്‍ വാണിജ്യ എല്‍.പി.ജി (19 കിലോയുടെ 4.65 ലക്ഷത്തിലധികം സിലിണ്ടറുകള്‍ക്ക് തുല്യം) വിറ്റു.
2026 ഫെബ്രുവരിയിലെ ഏകദേശം 5000 മെട്രിക് ടണ്‍ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 2026 ഏപ്രില്‍ മാസം (ഏപ്രില്‍ 28 വരെ) ഓട്ടോ എല്‍.പി.ജി വില്‍പന 9880 മെട്രിക് ടണ്ണിലധികമായി വര്‍ധിച്ചു.
2026 ഏപ്രിലില്‍ (ഏപ്രില്‍ 28 വരെ) പൊതുമേഖലാ എണ്ണക്കമ്പനികളുടെ ശരാശരി ഓട്ടോ എല്‍.പി.ജി വില്‍പന പ്രതിദിനം 353 മെട്രിക് ടണ്ണാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിദിന ശരാശരി 177 മെട്രിക് ടണ്‍ ആയിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓട്ടോ എല്‍.പി.ജി വില്‍പനയില്‍ ഏകദേശം 100 ശതമാനം വര്‍ധനയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രകൃതിവാതക വിതരണവും പി.എന്‍.ജി വിപുലീകരണ നടപടികളും
ഗാര്‍ഹിക പി.എന്‍.ജി, ഗതാഗത മേഖലയിലെ സി.എന്‍.ജി എന്നിവയുടെ 100 ശതമാനം വിതരണം ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
വളം നിര്‍മാണ പ്ലാന്റുകളുടെ ആകെ ഗ്യാസ് വിഹിതം അവരുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95 ശതമാനമായി വര്‍ധിപ്പിച്ചു.
കൂടാതെ സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വഴി നടത്തുന്ന വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലെ ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ധിപ്പിച്ചു.
വാണിജ്യ എല്‍.പി.ജി ലഭ്യതയിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഭൂമിശാസ്ത്രപരമായ എല്ലാ മേഖലകളിലെയും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി കണക്ഷനുകള്‍ ലഭ്യമാക്കുന്നതില്‍ മുന്‍ഗണന നല്‍കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഐ.ജി.എല്‍, എം.ജി.എല്‍, ഗെയില്‍ ഗ്യാസ്, ബി.പി.സി.എല്‍ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ഗാര്‍ഹികവാണിജ്യ പി.എന്‍.ജി കണക്ഷനുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
എല്‍.പി.ജിയില്‍ നിന്ന് പി.എന്‍.ജിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റത്തിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വാണിജ്യ എല്‍.പി.ജി വിഹിതത്തില്‍ 10 ശതമാനം അധികം നല്‍കാമെന്ന് 2026 മാര്‍ച്ച് 18ലെ കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്. 22 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ പി.എന്‍.ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ഈ അധിക വാണിജ്യ എല്‍.പി.ജി വിഹിതം നിലവില്‍ കൈപ്പറ്റുന്നുണ്ട്.
സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിന് ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24ലെ കത്തിലൂടെ മൂന്ന് മാസത്തെ പ്രത്യേക കാലയളവിലേക്ക് 'അതിവേഗ അംഗീകാര ചട്ടക്കൂട്' നടപ്പാക്കി.
2026 മാര്‍ച്ച് 24ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 1955ലെ അവശ്യസാധന നിയമത്തിന് കീഴില്‍ 'പ്രകൃതിവാതക പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാനും വിപുലീകരിക്കാനും ഈ ഉത്തരവ് ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് നല്‍കുന്നു; അനുമതികളിലെ കാലതാമസം, ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ എന്നിവ പരിഹരിക്കാനും പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യത്തിന്റെ അതിവേഗ വികസനം സാധ്യമാക്കാനും ഇത് സഹായിക്കും. പി.എന്‍.ജി ശൃംഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഈ നടപടി 'സേവനലഭ്യത കുറഞ്ഞ മേഖലകളില്‍ സേവനവിതരണം മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇതിലൂടെ സാധിക്കും.
ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി.ആര്‍.ബി നിര്‍ദേശം നല്‍കി. കൂടാതെ, പി.എന്‍.ജി വിപുലീകരണത്തിന്റെ വേഗം നിലനിര്‍ത്താന്‍ ദേശീയ പി.എന്‍.ജി യജ്ഞം 2.0' 2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
സംശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനതല കംപ്രസ്ഡ് ബയോഗ്യാസ് മാതൃകാ നയം തയ്യാറാക്കിയിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസ് വികസനത്തിന് നിക്ഷേപക സൗഹൃദവും എളുപ്പം നടപ്പാക്കാവുന്നതുമായ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സമഗ്രവും ലളിതവുമായ വഴികാട്ടിയായി ഈ മാതൃകാ നയം നിലകൊള്ളും. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വാണിജ്യ എല്‍.പി.ജി വിഹിതത്തിന്റെ അടുത്ത ഗഡുവില്‍ മുന്‍ഗണന നല്‍കും.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും 15 ദിവസത്തിനകം പ്രവര്‍ത്തനാനുമതി നല്‍കാനാവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും മലിനീകരണ നിയന്ത്രണ സമിതികള്‍ക്കും നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7ലെ ഉത്തരവ് വഴി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
2026 മാര്‍ച്ചിന് ശേഷം ഏകദേശം 5.69 ലക്ഷം പി.എന്‍.ജി കണക്ഷനുകള്‍ ലഭ്യമാക്കി. കൂടാതെ 2.65 ലക്ഷം അധിക കണക്ഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഇതോടെ ആകെ കണക്ഷനുകള്‍ 8.34 ലക്ഷമായി ഉയര്‍ന്നു. 6.37 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2026 ഏപ്രില്‍ 28 വരെ 42,950ലധികം പി.എന്‍.ജി ഉപഭോക്താക്കള്‍ MYPNGD.in വെബ്‌സൈറ്റ് വഴി എല്‍.പി.ജി കണക്ഷനുകള്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.
അസംസ്‌കൃത എണ്ണ ലഭ്യതയും എണ്ണ സംസ്‌കരണ ശാലകളിലെ പ്രവര്‍ത്തനങ്ങളും
എല്ലാ എണ്ണ സംസ്‌കരണശാലകളും അസംസ്‌കൃത എണ്ണയുടെ മതിയായ ശേഖരത്തോടെ ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരവും നിലനിര്‍ത്തുന്നുമുണ്ട്.
ആഭ്യന്തര ഉപഭോഗം പിന്തുണയ്ക്കുന്നതിന് എണ്ണ സംസ്‌കരണശാലകളിലെ എല്‍.പി.ജി ഉല്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍ പെട്രോകെമിക്കല്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അന്തര്‍മന്ത്രാലയ സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി നിശ്ചയിച്ച നിര്‍ണായക മേഖലകള്‍ക്ക് നിശ്ചിത അളവില്‍ C3, C4 വാതകങ്ങള്‍ ലഭ്യമാക്കാന്‍ പെട്രോ കെമിക്കല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ എണ്ണ സംസ്‌കരണ കമ്പനികള്‍ക്ക് 2026 ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ കേന്ദ്രം അനുമതി നല്‍കി.
ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു പെട്രോ കെമിക്കല്‍സ് വകുപ്പ്, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവയുടെ അഭ്യര്‍ത്ഥനപ്രകാരം ഔഷധ രാസവസ്തു മേഖലയിലെ കമ്പനികള്‍ക്ക് എല്‍.പി.ജി ശേഖരത്തില്‍ നിന്ന് പ്രതിദിനം 1000 മെട്രിക് ടണ്‍ വിഹിതം അനുവദിച്ചിട്ടുണ്ട്.
2026 ഏപ്രില്‍ 9 മുതല്‍ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര എന്നിവിടങ്ങളിലെ എണ്ണ സംസ്‌കരണ ശാലകളില്‍നിന്ന് 8900 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീനും 950 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈല്‍ അക്രിലേറ്റും രാസഔഷധ പെയിന്റ് വ്യവസായങ്ങള്‍ക്കായി വിറ്റഴിച്ചു.
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
• രാജ്യത്തുടനീളമുള്ള എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
• മിഡില്‍ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയില്‍ അസാധാരണമായ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
• ആഭ്യന്തര വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രില്‍ 11ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭാരത സര്‍ക്കാര്‍ ഡീസലിന്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിന്റേത് ലിറ്ററിന് 42 രൂപയായും വര്‍ദ്ധിപ്പിച്ചു.
• വ്യാജ പ്രചരണങ്ങള്‍ കാരണം ചില ചില്ലറ വില്പന ശാലകളില്‍ പരിഭ്രാന്തി മൂലമുള്ള വാങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിന്റേയും ഡീസലിന്റേയും മതിയായ സ്‌റ്റോക്ക് ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ ചില്ലറ വില്പന വിലകളില്‍ മാറ്റമില്ല. കൂടാതെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ കീഴിലുള്ള ചില്ലറ വില്പന കേന്ദ്രങ്ങളിലും വില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
• പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ചിട്ടുണ്ട്.
• 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഹിമാചല്‍ പ്രദേശും ലഡാക്കും തങ്ങള്‍ക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും
പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം പുതിയ വിവരങ്ങള്‍ നല്കി. പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്:
• സുഗമമായ സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും കപ്പല്‍ വഴിയുള്ള കയറ്റുമതി-ഇറക്കുമതി സുഗമമാക്കുന്നതിനുമായി തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, രാസവള വകുപ്പ് എന്നിവ സ്വീകരിച്ച നടപടികള്‍ തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി അവലോകനം ചെയ്തു.
• ഈ മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
• ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം സംബന്ധിച്ച വിവരങ്ങള്‍: പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ കണ്‍ട്രോള്‍ റൂം 8,034 കോളുകളും 17,114ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 114 കോളുകളും 276 ഇമെയിലുകളും ലഭിച്ചു.
• ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) മുഖേന ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇതുവരെ 2,829ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ മന്ത്രാലയത്തിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മടങ്ങിയെത്തിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്, തുറമുഖങ്ങളില്‍ തിരക്കോ തടസ്സങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രത്യേക ഊന്നല്‍ നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ താഴെ നല്കുന്നു:
• ഇന്ത്യന്‍ പൗരന്മാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അന്വേഷണങ്ങള്‍ക്ക് മറുപടി നല്കുന്നതിനായി മന്ത്രാലയത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
• വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.
• മേഖലയിലുടനീളമുള്ള ഇന്ത്യന്‍ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവര്‍ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
• പ്രാദേശിക സര്‍ക്കാരുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിമാന സര്‍വീസുകള്‍, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികള്‍ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായ ഇടവേളകളില്‍ പുറപ്പെടുവിക്കുന്നുണ്ട്.
• മേഖലയിലുള്ള പ്രവാസി സമൂഹവുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ബന്ധപ്പെടുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, സംഘടനകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍ എന്നിവരുമായി അവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു.
• ഈ മേഖലയിലുള്ള ഇന്ത്യന്‍ നാവികരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്കുന്നത്. പ്രാദേശിക അധികാരികളുമായും ഏജന്‍സികളുമായുള്ള ഏകോപനം, കോണ്‍സുലാര്‍ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകള്‍ സുഗമമാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പിന്തുണയും ഇന്ത്യന്‍ മിഷനുകള്‍ മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യന്‍ ജീവനക്കാര്‍ക്ക് നല്കിവരുന്നു.
• മേഖലയില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാനയാത്രാ സാഹചര്യം മെച്ചപ്പെട്ടുവരുന്നു.
• യുഎഇയില്‍, പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയില്‍ പരിമിതമായ വാണിജ്യ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് ഏകദേശം 110 വിമാന സര്‍വീസുകളാണ് പ്രതീക്ഷിക്കുന്നത്.
• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടരുന്നു.
• ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തില്‍, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു.
• കുവൈറ്റ് വ്യോമപാത തുറന്നിരിക്കുകയാണ്. ജസീറ എയര്‍വേയ്‌സും കുവൈറ്റ് എയര്‍വേയ്‌സും കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ രീതിയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.
• ബഹ്‌റൈന്‍ വ്യോമപാത തുറന്നിട്ടുണ്ട്. ഗള്‍ഫ് എയര്‍ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു.
• ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്. മേഖലയിലെ മറ്റ് സ്ഥലങ്ങളിലേക്കുള്ള പരിമിതമായ വിമാന സര്‍വീസുകള്‍ ഇന്ത്യയിലേക്കുള്ള തുടര്‍ യാത്രയ്ക്കായി ഉപയോഗിക്കാവുന്നതാണ്.
• ചരക്ക് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുമായി ഇറാന്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. നിലവില്‍ അവിടെയുള്ളവര്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ കരമാര്‍ഗ്ഗമുള്ള അതിര്‍ത്തികളിലൂടെ പുറത്തുകടക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതുവരെ 2,464 ഇന്ത്യന്‍ പൗരന്മാരെ കരമാര്‍ഗ്ഗം ഇറാനില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചു.
• ഇസ്രായേല്‍ വ്യോമപാത തുറന്നിരിക്കുകയാണ്. മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള തുടര്‍ യാത്രയ്ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്.
****
( റിലീസ് ഐ.ഡി: 2256768)
സന്ദര്‍ശക കൗണ്ടര്‍ : 6