പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ- മന്ത്രാലയ പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 28 APR 2026 5:35PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ഗവൺമെന്റ് തുടരുകയാണ്. ഇതിൻ്റെ ഭാഗമായി, നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, ഈ മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. ടെക്സ്റ്റൈൽസ് മേഖല സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ടെക്സ്റ്റൈൽസ് മന്ത്രാലയം പങ്കിട്ടു.

 

ടെക്സ്റ്റൈൽസ്, കരകൗശല മേഖലകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ

പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ടെക്സ്റ്റൈൽസ്, കരകൗശല മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ടെക്സ്റ്റൈൽസ് മന്ത്രാലയം ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മേഖലയെ സഹായിക്കുന്നതിന് മന്ത്രാലയത്തിന് സ്വീകരിക്കാവുന്ന നടപടികൾ പരിശോധിക്കുന്നതിനായി ഒരു മോണിറ്ററിംഗ് സെൽ രൂപീകരിച്ചിട്ടുണ്ട്. പ്രതിസന്ധിയെ മറികടക്കാൻ സ്വീകരിച്ച ചില നടപടികൾ താഴെ പറയുന്നവയാണ്:

 

പങ്കാളികളുമായുള്ള പതിവായ കൂടിയാലോചനകൾ

• സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി മന്ത്രാലയം ഗുണഭോക്താക്കളുമായി ആഴ്ചതോറും ആനുകാലിക യോഗങ്ങൾ ചേരുന്നുണ്ട്. എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകൾ (EPCs), ആഭ്യന്തര അസോസിയേഷനുകൾ, പ്രാദേശിക ക്ലസ്റ്റർ അസോസിയേഷനുകൾ (തിരുപ്പൂർ, സൂറത്ത്, പാലി ബലോത്ര), സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തുന്ന യോഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഡിജി ഷിപ്പിംഗ്, GAIL, മറ്റ് ഏജൻസികൾ എന്നിവയുമായും മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വാണിജ്യ വകുപ്പിൻ്റെ റെസിലിയൻസ് ആൻഡ് ലോജിസ്റ്റിക്സ് ഇൻ്റർവെൻഷൻ ഫോർ എക്സ്പോർട്ട് ഫെസിലിറ്റേഷൻ (RELIEF) പദ്ധതിയെക്കുറിച്ച് മന്ത്രാലയം ഒരു ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിച്ചു.

• കൂടാതെ, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകൾ (EPCs) സ്വതന്ത്രമായ കൂടിയാലോചനകളും സംഘടിപ്പിച്ചു. കാർപ്പറ്റ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (CEPC), RELIEF നടപടികളെക്കുറിച്ച് 2026 ഏപ്രിൽ 6-ന് ഒരു വെബിനാർ സംഘടിപ്പിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള ലോജിസ്റ്റിക്സ് വെല്ലുവിളികളെക്കുറിച്ച് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഫോർ ഹാൻഡിക്രാഫ്റ്റ് (EPCH) 2026 ഏപ്രിൽ 20-ന് ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ആഗോള ഷിപ്പിംഗ് തടസ്സങ്ങൾ, ബദൽ റൂട്ടുകൾ, ലോജിസ്റ്റിക്സ് ആസൂത്രണം, ചെലവ് കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകൾ, പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ചകൾ നടന്നത്.

• ഡിജി ഷിപ്പിംഗ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ ഗുണഭോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. പശ്ചിമേഷ്യയിലേക്കുള്ള വിതരണത്തിനായി ജിദ്ദ പോലുള്ള ബദൽ തുറമുഖങ്ങൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ഷിപ്പിംഗ് ലൈനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗുണഭോക്താക്കളെ അറിയിക്കുന്നുണ്ട്.

 

ടെക്സ്റ്റൈൽസ് മേഖലയ്ക്കുള്ള ഇന്ധന/പ്രകൃതിവാതക വിതരണം ഉറപ്പാക്കുന്നു

• ടെക്സ്റ്റൈൽസ്, കരകൗശല മേഖലകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം ടെക്സ്റ്റൈൽസ് മന്ത്രാലയം പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി, ടെക്സ്റ്റൈൽസ്, കരകൗശല മേഖലകൾ മുൻഗണനാ മേഖല III/IV (വ്യാവസായിക ഉപഭോക്താക്കൾ) വിഭാഗത്തിൽ ഉൾപ്പെടുന്നവയാണെന്നും, കഴിഞ്ഞ 6 മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ 80 ശതമാനം വിതരണം നിലനിർത്തുന്നുണ്ടെന്നും GAIL അറിയിച്ചു. വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ, GAIL ഇടയ്ക്കിടെ സ്പോട്ട് മാർക്കറ്റിൽ നിന്ന് വിതരണം ഉറപ്പാക്കുന്നുണ്ട്.

• വ്യവസായ ക്ലസ്റ്ററുകളിലെ വിതരണം മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. വിതരണത്തിൽ എന്തെങ്കിലും കുറവുണ്ടായാൽ, സ്പോട്ട് മാർക്കറ്റ് വഴിയുള്ള വാങ്ങലുകൾക്കായി മോണിറ്ററിംഗ് സെൽ GAIL അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും.

 

ടെക്സ്റ്റൈൽസ്, കരകൗശല മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്യൽ

 

• വിലയിലെ ചാഞ്ചാട്ടവും അനുബന്ധ വ്യവസായങ്ങൾക്ക് വിതരണ ശൃംഖലയുടെ തുടർച്ച ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയും കണക്കിലെടുത്ത്, ടെക്സ്റ്റൈൽസ്- കരകൗശല മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്യണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തുവരികയാണ്.

• ഈ പശ്ചാത്തലത്തിൽ, റവന്യൂ വകുപ്പ് 1.4.26-ന് പുറത്തിറക്കിയ കസ്റ്റംസ് വിജ്ഞാപനം 12/2026 പ്രകാരം MMF മേഖലയിലെ അസംസ്‌കൃത വസ്തുക്കൾ ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്തു. ടെക്സ്റ്റൈൽസ് മേഖലയിൽ, മോണോഎത്തിലീൻ ഗ്ലൈക്കോൾ (MEG), പ്യൂരിഫൈഡ് ടെറെഫ്താലിക് ആസിഡ് (PTA), പോളി (എത്തിലീൻ ടെറെഫ്താലേറ്റ്) (PET) ചിപ്‌സ്, പോളി (ബ്യൂട്ടിലീൻ ടെറെഫ്താലേറ്റ്) (PBT), മെഥനോൾ, ടൊളുവിൻ, സ്റ്റൈറീൻ, വിനൈൽ ക്ലോറൈഡ് മോണോമർ (VCM), ഫിനോൾ, അസറ്റിക് ആസിഡ്, വിനൈൽ അസറ്റേറ്റ് മോണോമർ (VAM), എത്തിലീൻഡയമിൻ, മോണോഎഥനോലമൈൻ/ ഡൈഎഥനോലമൈൻ, പോളിഎത്തിലീൻ (PE), പോളിപ്രോപ്പിലീൻ (PP), പോളിസ്റ്റൈറീൻ (PS), പോളി വിനൈൽ ക്ലോറൈഡ് (PVC), അക്രിലോനൈട്രൈൽ-ബ്യൂട്ടാഡിൻ-സ്റ്റൈറീൻ - അക്രിലോനൈട്രൈൽ (SAN), പോളി വിനൈൽ അസറ്റേറ്റ് (PVA), പോളി വിനൈൽ ആൽക്കഹോൾ, എപ്പോക്സി റെസിനുകൾ, പോളിയുറീഥെയ്നുകൾ, പോളികാർബണേറ്റുകൾ, ആൽക്കിഡ് റെസിനുകൾ, അൺസാച്ചുറേറ്റഡ് പോളിസ്റ്റർ റെസിനുകൾ, ടൊളുവിൻ ഡൈ-ഐസോസയനേറ്റ് (TDI), പോളിയോളുകൾ, ലീനിയർ ആൽക്കൈൽ ബെൻസീനുകൾ എന്നിവ ഉൾപ്പെടെ 29 അസംസ്‌കൃത വസ്തുക്കളുടെ തീരുവകൾ നീട്ടിവെച്ചു.

• രണ്ടാമതായി, താഴെ പറയുന്ന മറ്റ് ചില അസംസ്‌കൃത വസ്തുക്കളുടെ കൂടി കസ്റ്റംസ് തീരുവ ഒഴിവാക്കുന്ന കാര്യം മന്ത്രാലയം റവന്യൂ വകുപ്പുമായി ചർച്ച ചെയ്തിട്ടുണ്ട്:

 

• MMF മൂല്യ ശൃംഖല:

എ) കാപ്രോലാക്റ്റം

ബി) നൈലോൺ ചിപ്‌സ്

 

• റയോൺ ഗ്രേഡ് വുഡ് പൾപ്പ്

• കോട്ടൺ

• ഗ്ലാസ്‌വെയർ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ, അതായത് സോഡാ ആഷ് (സോഡിയം കാർബണേറ്റ്) (HS 283620), ബോറിക് ആസിഡ്/ ബോറോൺ ഓക്സൈഡ് (HS 281000), അലുമിന (HS 281820), സെലിനിയം സംയുക്തങ്ങൾ (HS 280490), സീറിയം ഓക്സൈഡ് (HS 284610), സിർക്കോണിയ റിഫ്രാക്റ്ററികൾ (HS 690390), ഫർണസ് ബർണറുകൾ/ സിസ്റ്റങ്ങൾ (HS 841620, 841780), പൊട്ടാസ്യം നൈട്രേറ്റ് (HS 283421), പൊട്ടാസ്യം കാർബണേറ്റ് (HS 283640), ആഴ്സനിക് ട്രയോക്സൈഡ് (HS 281129), ബേരിയം കാർബണേറ്റ് (HS 283660) എന്നിവ.

 

ആൻ്റി -ഡമ്പിംഗ് തീരുവ നീക്കം ചെയ്യൽ/ നീട്ടിവെക്കൽ

 

• വിലയിലെ അസ്ഥിരത കണക്കിലെടുക്കുമ്പോൾ, ചില അസംസ്‌കൃത വസ്തുക്കളുടെ മേലുള്ള ആൻ്റി -ഡമ്പിംഗ് തീരുവ അവരുടെ ഉറവിടങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചില അനുബന്ധ ഉൽപ്പന്ന നിർമ്മാതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്. അനുബന്ധ മേഖലയിലെ തൊഴിലവസരങ്ങൾ, എം.എസ്.എം.ഇ പങ്കാളിത്തം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവ കണക്കിലെടുത്ത് നടത്തിയ ആഭ്യന്തര വിശകലനത്തിന് ശേഷം, താഴെ പറയുന്നവയുടെ ആൻ്റി - ഡമ്പിംഗ് തീരുവ ഒഴിവാക്കാനോ അല്ലെങ്കിൽ നീട്ടിവെക്കാനോ ടെക്സ്റ്റൈൽസ് മന്ത്രാലയം റവന്യൂ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്:

 

• ഇലാസ്റ്റോമെറിക് ഫിലമെൻ്റ് യാൺ (EFY)

• വിസ്കോസ് റയോൺ ഫിലമെൻ്റ് യാൺ (VFY)

സംസ്ഥാന ഗവൺമെന്റുകളുടെ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറൽ

• സംസ്ഥാന ഗവൺമെന്റുകളുമായും ക്ലസ്റ്റർ അസോസിയേഷനുകളുമായും നടത്തിയ യോഗത്തിൽ, സംസ്ഥാനങ്ങൾ നടപ്പിലാക്കിയ ചില മികച്ച മാതൃകകൾ ഗുണഭോക്താക്കളുമായി പങ്കുവെച്ചു. അവയിൽ ചിലത് താഴെ പറയുന്നവയാണ്:

• എൽപിജി വിതരണം അവലോകനം ചെയ്യുന്നതിനായി ഡിഎം/ഡിസി അധ്യക്ഷനായ ജില്ലാതല കമ്മിറ്റി രൂപീകരിക്കുക.

• പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിലേക്ക് (പിഎൻജി) മാറാൻ എം.എസ്.എം.ഇ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക.

• ബ്ലൂ കോളർ തൊഴിലാളികൾക്കായി കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുക.

• കൽക്കരിക്ക് പകരം പരുത്തിത്തണ്ടിൽ നിന്നുള്ള ടോറെഫൈഡ് ബയോമാസ് പോലുള്ള ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുക.

 

 

കയറ്റുമതി തീരുവ ഇളവ് പദ്ധതികൾ

• ടെക്സ്റ്റൈൽസ് മേഖലയുമായി ബന്ധപ്പെട്ട കയറ്റുമതി തീരുവ ഇളവ് പദ്ധതികളെക്കുറിച്ച് ഗുണഭോക്താക്കളിൽ നിന്ന് ചില നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ നികുതിയും തീരുവയും ഒഴിവാക്കുന്നതിനുള്ള പദ്ധതി (RODTEP), സംസ്ഥാന-കേന്ദ്ര നികുതികളും ലെവികളും തിരികെ നല്കുന്നതിനുള്ള പദ്ധതി (ROSCTL) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

• ഇളവ് നിരക്കുകൾ വർദ്ധിപ്പിക്കുക, നിരക്കുകൾ കുറച്ചിരുന്ന കാലയളവിലെ പഴയ നിരക്കുകൾ പുനഃസ്ഥാപിക്കുക, പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇവ പരിശോധിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

വിദേശ വ്യാപാര നയം (FTP)/ കയറ്റുമതി പ്രോത്സാഹന ദൗത്യം (EPM) എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

 

• ഗുണഭോക്താക്കളുമായുള്ള കൂടിയാലോചന വേളയിൽ, വിദേശ വ്യാപാര നയവുമായും (FTP) കയറ്റുമതി

പ്രോത്സാഹന ദൗത്യവുമായും ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പലിശ ഇളവ്, എക്‌സ്‌പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്‌സ് (EPCG) സ്കീം, അഡ്വാൻസ് ഓതറൈസേഷൻ (AA) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടത്തിൽ കയറ്റുമതിക്കാരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ നിർദ്ദേശങ്ങളെല്ലാം. വിഷയം ആഭ്യന്തരമായി പരിശോധിക്കുകയും നിർദ്ദേശങ്ങൾ DGFT- യുടെ ഓഫീസിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

 

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി:

 

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും

• പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.

• കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.

• എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

• സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.

• നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

 

 ഗവൺമെന്റിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ ഗവൺമെന്റിന് സാധിച്ചിട്ടുണ്ട്.

• വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.

• റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ സർക്കാർ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

• എൽ‌പി‌ജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നല്കുന്നതിന് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

• പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.

• പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര ഗവൺമെന്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യാ ഗവൺമെന്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ നല്കി:

 

◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.

◦ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

◦ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

 ◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

 ◦ പിഎൻജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.

 ◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക , വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.

• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

• ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ പത്രസമ്മേളനങ്ങൾ നടത്തുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.

 

പരിശോധനയും നിരീക്ഷണ നടപടികളും

• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2800-ലധികം റെയ്ഡുകൾ നടത്തി.

• 2026 മാർച്ച് മുതൽ രാജ്യത്തുടനീളം നടത്തിയ വിവിധ റെയ്ഡുകളിലായി 67,000-ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. കൂടാതെ, 1160-ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 271 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

• പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി, ഇന്നലെ വരെ 316 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 72 വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

• ഇന്നലെ മാത്രം 46 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുകുകയും, 6

വിതരണകേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും, ഒരു വിതരണ കേന്ദ്രത്തിൻ്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

 

എൽപിജി വിതരണം

ഗാർഹിക എൽപിജി വിതരണ സ്ഥിതി:

• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.

• ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.

• എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

• ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇൻഡസ്ട്രി അടിസ്ഥാനത്തിൽ 99 ശതമാനമായി വർദ്ധിച്ചു.

• വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം 93 ശതമാനമായി വർദ്ധിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.

വാണിജ്യ എൽ‌പി‌ജി വിതരണവും വിഹിത വിതരണത്തിനുള്ള നടപടികളും:

· മൊത്തം വാണിജ്യ എൽ‌പി‌ജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിലെ സ്ഥിതിയുടെ ഏകദേശം 70% ആയി വർദ്ധിപ്പിച്ചു. ഇതിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട വിഹിതത്തിന്റെ 10% ഉൾപ്പെടുന്നു.

· കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും പ്രതിദിനം നൽകുന്ന 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതായി ഇന്ത്യാ ഗവൺമെന്റ് 06.04.2026 ലെ കത്തിലൂടെ അറിയിച്ചു. 2026 മാർച്ച് 2, 3 തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ ശരാശരി ദൈനംദിന വിതരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2026 മാർച്ച് 21-ലെ കത്തിൽ പറഞ്ഞിരുന്ന 20% എന്ന പരിധിക്ക് മുകളിലാണ് ഈ തീരുമാനം.

 എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ സംസ്ഥാന ഗവണ്മെന്റുകൾക്ക് നൽകും .

 

2026 ഫെബ്രുവരി മാസത്തിൽ വിറ്റഴിക്കപ്പെട്ട 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ ആകെഎണ്ണം 21.7 ലക്ഷമായിരുന്നു.

2026 ഏപ്രിൽ 1 മുതലുള്ള കാലയളവിൽ 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ ഏകദേശം 20.32 ലക്ഷം എണ്ണം വിറ്റഴിക്കപ്പെട്ടു.

 

ഇന്നലെ, രാജ്യത്തുടനീളമായി 82,000-ത്തിലധികം എണ്ണം - 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകൾ വിറ്റു.

2026 ഏപ്രിൽ 3 മുതൽ, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച് ഏകദേശം 9350 ൽ അധികം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. അതേസമയം, 1,53,000 എണ്ണം 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.

 

ഇന്നലെ, 220 ലധികം ക്യാമ്പുകളിലൂടെ 5436 എണ്ണം - 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.

 

· വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന ഗവൺമെന്റ് അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.

 

2016 ഏപ്രിൽ മാസത്തിൽ (27.04.26 വരെ), ആകെ 1,75,205 മെട്രിക് ടൺ (19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ 92.21 ലക്ഷത്തിലധികം) വാണിജ്യ എൽപിജി വിറ്റു.

•27.04.2026 ന്, 9578 മെട്രിക് ടൺ വാണിജ്യ എൽപിജി (5.04 ലക്ഷത്തിൽ കൂടുതൽ - 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു.

 

2026 ഏപ്രിൽ മാസത്തിൽ (27.04.2026 വരെ) 9500 മെട്രിക് ടണ്ണിൽ അധികം ഓട്ടോ എൽപിജിയുടെ വിൽപ്പന നടത്തി. 2026 ഫെബ്രുവരിയിൽ ഏകദേശം 5000 മെട്രിക് ടണ്ണിന്റെ വിൽപ്പനയാണ് നടത്തിയത്. 

2026 ഏപ്രിൽ മാസത്തിൽ (27.04.26 വരെ) പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ ശരാശരി ഓട്ടോ എൽപിജി വിൽപ്പന പ്രതിദിനം ശരാശരി 353 മെട്രിക് ടൺ ആണ്. 2026 ജനുവരിയിലും ഫെബ്രുവരിയിലും ഇത് ഏകദേശം 177 മെട്രിക് ടൺ/ദിവസം എന്ന ശരാശരി നിരക്കായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓട്ടോ എൽപിജി വിൽപ്പനയിൽ ഏകദേശം 100% വർദ്ധന ഉണ്ടായതായി ഇത് പ്രതിഫലിപ്പിക്കുന്നു.

 

 പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും

 

ഡി-പിഎൻജി, സിഎൻജി-ഗതാഗതം എന്നിവയിലേക്ക് 100% വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.

 

വളം പ്ലാന്റുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95% ആയി വർദ്ധിപ്പിച്ചു.

· സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലകൾ ഉൾപ്പെടെയുള്ള മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% ആയി വർദ്ധിപ്പിച്ചു.

· വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

· IGL, MGL, GAIL, BPCL എന്നിവയുൾപ്പെടെയുള്ള വാതക വിതരണ കമ്പനികൾ ആഭ്യന്തര, വാണിജ്യ PNG കണക്ഷനുകൾ എടുക്കുന്നതിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 

· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

· എൽ‌പി‌ജിയിൽ നിന്ന് പി‌എൻ‌ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ ശ്രമിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും/യു‌ടികൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 10% അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

പി‌എൻ‌ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അധിക വാണിജ്യ എൽ‌പി‌ജി വിഹിതം ലഭിക്കുന്നു.

 

· അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതിന് 24.03.26-ലെ കത്തിൽ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സി‌ജി‌ഡി അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.

•1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ്, 2026, ഇന്ത്യാ ഗവൺമെന്റ് 24.03.2026 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. അനുമതി, ഭൂമി ലഭ്യതയ്ക്കുള്ള കാലതാമസം എന്നിവ പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

· ഡി-പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. കൂടാതെ, പി എൻ ജി വിപുലീകരണത്തിൽ ആക്കം നിലനിർത്തുന്നതിനായി ദേശീയ PNG യജ്ഞം 2.0 PNGRB 2026 ജൂൺ 30 വരെ നീട്ടി.

· ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ് സംസ്ഥാന സി ബി ജി മാതൃകാ കരട് നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് ഒരുക്കുക എന്നതാണ് ഈ മാതൃകാ നയത്തിന്റെ ലക്ഷ്യം. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.

 

സിജിഡി ശൃംഖലകൾ / അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ ഉള്ള അനുമതി 15 ദിവസത്തിനുള്ളിൽ നൽകുന്നതിന് എസ്‌പിസിബി/പിസിസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സിപിസിബിയോട് 07.04.2026 ലെ ഉത്തരവ് പ്രകാരം MoEFCC നിർദ്ദേശിച്ചു.

· 2026 മാർച്ച് മുതൽ, ഏകദേശം 5.60 ലക്ഷം പിഎൻജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. കൂടാതെ ഏകദേശം 2.64 ലക്ഷം ഉപഭോക്താക്കൾക്കായി അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ചു. ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം 8.24 ലക്ഷമായി. കൂടാതെ, ഏകദേശം 6.29 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

· 27.04.2026 വരെ, 42,800-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.

 

 അസംസ്കൃത എണ്ണയുടെ സ്ഥിതിയും എണ്ണ ശുദ്ധീകരണശാലകളുടെ പ്രവർത്തനങ്ങളും

· എല്ലാ എണ്ണ ശുദ്ധീകരണശാലകളും മതിയായ സംഭരണ അളവിൽ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും മതിയായ സംഭരണം നിലനിർത്തുന്നു.

· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

•ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് വിതരണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ മന്ത്രാലയ സംയുക്ത പ്രവർത്തകസമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടർന്ന്, സെന്റർ ഫോർ ഹൈ ടെക്‌നോളജി (സിഎച്ച്ടി) നിർണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകൾക്കായി സി3, സി4 സ്ട്രീമുകളുടെ കുറഞ്ഞ അളവ് ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവൺമെന്റ് അനുമതി നൽകി.

•ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാരം (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് LPG പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

· 2026 ഏപ്രിൽ 9 മുതൽ, മുംബൈ, കൊച്ചി, വിശാഖപട്ടണം , ചെന്നൈ, മഥുര റിഫൈനറികൾ കെമിക്കൽ, ഫാർമ, പെയിന്റ് വ്യവസായങ്ങൾക്കായി 8300 മെട്രിക് ടണ്ണിലധികം പ്രൊപിലീനും 870 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈൽ അക്രിലേറ്റും വിറ്റു.

 

ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിർണ്ണയ നടപടികളും

· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വിൽപ്പന ശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

· പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.

· ഇന്ത്യാ ഗവൺമെന്റ് 11.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും എടിഎഫിന് 42 രൂപയായും വർദ്ധിപ്പിച്ചു. ഈ നടപടി ഈ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കുന്നു.

· കിംവദന്തികൾ കാരണം ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും ആശങ്ക മൂലം ഉപഭോക്താക്കൾ അധികമായി ഇന്ധനം വാങ്ങുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു. ചില്ലറ വിൽപ്പന ശാലകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ (പി‌എസ്‌യു) റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വില വർദ്ധനയില്ല.

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ SKO വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്

 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:

പേർഷ്യൻ ഉൽക്കടലിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതിൽ ഇപ്രകാരമറിയിച്ചു.

 

•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.

· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 • ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം വിവരങ്ങൾ:ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 7,920 കോളുകളും 16,838 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 140 കോളുകളും 180 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.

 

· നാട്ടിലേക്ക് തിരികെ എത്തിക്കൽ:ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 പേരെ ഉൾപ്പെടെ ഇതുവരെ 2800 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.

തുറമുഖ പ്രവർത്തനങ്ങൾ : ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല 

 

 മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:

ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :

•ഇന്ത്യൻ പൗരന്മാരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്.

•വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രവർത്തനങ്ങളുടെ മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം, സംസ്ഥാന ഗവൺമെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെടുന്നുണ്ട്.

 

ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ യഥാസമയവും മുൻകൈയെടുത്തും സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് 

•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.

•ഇന്ത്യൻ മിഷനുകൾ, അവിടുത്തെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു. മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ,മറ്റു പങ്കാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ മിഷനുകൾഅവരുമായി സജീവമായി ഇടപഴകുന്നു.

• ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം മുൻ‌ഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.

• മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 13,19,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

•യുഎഇയിൽ നിന്നും , പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് വിമാനക്കമ്പനികൾ തുടരുന്നു . യുഎഇ- ഇന്ത്യ പാതയിൽ ഇന്ന് ഏകദേശം 105 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.

•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്സർവീസ് നടത്തുന്നു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും ആസൂത്രണം ചെയ്യുന്നു .

•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു.ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ എണ്ണം വിമാന സർവീസുകൾ പുനരാരംഭിച്ചു. 

•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു.

 

ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ.ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തുടർന്നും ഉപയോഗിക്കാം.

ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇതിനകം അവിടെയുള്ളവർ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി രാജ്യത്തിന് പുറത്ത് കടക്കാൻ നിർദ്ദേശിക്കുന്നുവെന്നും അറിയിക്കുന്നു. ഇതുവരെ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി 2,461 ഇന്ത്യൻ പൗരന്മാരെ കര അതിർത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.

****

 


( റിലീസ് ഐ.ഡി: 2256414) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Telugu , Kannada