പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-കൊറിയ റിപ്പബ്ലിക് (ROK) പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിനായുള്ള സംയുക്ത നയരേഖ
प्रविष्टि तिथि:
20 APR 2026 10:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് കൊറിയ (ROK) പ്രസിഡന്റ് ആദരണീയനായ ലീ ജേ മ്യുങ്, 2026 ഏപ്രിൽ 19 മുതൽ 21 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. അധികാരമേറ്റ ശേഷം ഒരു കൊറിയൻ പ്രസിഡന്റ് നടത്തുന്ന ആദ്യത്തെ ഇന്ത്യ സന്ദർശനം എന്ന പ്രത്യേകതയും ഇതിനുണ്ട്. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ കൊറിയൻ കമ്പനികളുടെ സി.ഇ.ഒമാർ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും പ്രസിഡന്റ് ലീ ജേ മ്യുങ്ങിനെ അനുഗമിച്ചു.
2. ഇരു നേതാക്കളും 2026 ഏപ്രിൽ 20-ന് ന്യൂഡൽഹിയിൽ വെച്ച് സൗഹൃദപരവും ഫലപ്രദവും ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്നതുമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. അസ്ഥിരവും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ ഇന്നത്തെ ലോകത്ത്, തങ്ങളുടെ ജനതയ്ക്ക് സുസ്ഥിരമായ അഭിവൃദ്ധിയും സമാധാനവും പുരോഗതിയും പ്രദാനം ചെയ്യുന്നതിനായി വിവിധ മേഖലകളിൽ ക്രിയാത്മകമായി സഹകരിക്കാനുള്ള ഇരു സർക്കാരുകളുടെയും പ്രതിജ്ഞാബദ്ധത അവർ എടുത്തുപറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ (2026-2030) ഇന്ത്യ-കൊറിയ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം നടപ്പിലാക്കുന്നതിനും അതിന് കൂടുതൽ കരുത്ത് പകരുന്നതിനുമായി താഴെ പറയുന്ന സംയുക്ത നയരേഖ അവർ പ്രഖ്യാപിച്ചു.
3. ഏഷ്യയിലെ ഊർജ്ജസ്വലവും കരുത്തുറ്റതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളും ലോകത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുമായ ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും തമ്മിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങൾക്കിടയിൽ പരസ്പര സ്നേഹവും നിലനിൽക്കുന്നു. ഇരുരാജ്യങ്ങളും ജനാധിപത്യപരവും നാഗരികവുമായ മൂല്യങ്ങൾ പങ്കിടുന്നവരും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ സമാന താൽപ്പര്യങ്ങൾ ഉള്ളവരുമാണ്. ഇന്ത്യയുടെ "ആക്ട് ഈസ്റ്റ്" (Act East) നയത്തിൽ കൊറിയയെ ഒഴിവാക്കാനാവാത്ത ഒരു പങ്കാളിയായാണ് ഇന്ത്യ കാണുന്നത്. അതുപോലെ, കൊറിയയുടെ പ്രായോഗിക നയതന്ത്രത്തിന്റെ കേന്ദ്രസ്തംഭമായും, 'ന്യൂ സതേൺ പോളിസി'യുടെ (New Southern Policy) നേട്ടങ്ങൾ ഉൾക്കൊള്ളുന്നതും വികസിപ്പിക്കുന്നതുമായ ഒരു പ്രധാന കണ്ണിയായുമാണ് കൊറിയ ഇന്ത്യയെ കണക്കാക്കുന്നത്. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും സുരക്ഷയും വളർത്തുന്നതിൽ തങ്ങളുടെ പങ്കാളിത്തത്തിനുള്ള സുപ്രധാന പങ്കിനെ ഇന്ത്യയും കൊറിയയും അംഗീകരിക്കുകയും ചെയ്യുന്നു.
ഉന്നതതല കൈമാറ്റങ്ങളിലൂടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുക
4. 2025 ജൂണിൽ കാനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയുടെയും, 2025 നവംബറിൽ ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തിൽ നടത്തിയ മുൻകൂട്ടി നിശ്ചയിച്ച രണ്ട് കൂടിക്കാഴ്ചകളുടെ ക്രിയാത്മക ചൈതന്യം അനുസ്മരിച്ചുകൊണ്ട്, ഇന്ത്യ-കൊറിയ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഭാവിയിലെ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി എല്ലാ വർഷവും
നേതൃതലത്തിലുള്ള കൂടിക്കാഴ്ചകൾ നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു. ഈ കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങളിലോ അല്ലെങ്കിൽ അന്താരാഷ്ട്ര വേദികളിലോ വെച്ച് നടത്തപ്പെടുന്നതാണ്.
5. ഉഭയകക്ഷി ബന്ധത്തിന് പുതിയ ഉണർവ്വ് നൽകിയ ഉന്നതതല കൈമാറ്റങ്ങളുടെ ആവൃത്തിയിൽ സംതൃപ്തി രേഖപ്പെടുത്തിയ ഇരു നേതാക്കളും, രാഷ്ട്രീയ കൈമാറ്റങ്ങളും മന്ത്രിതല ചർച്ചകളും കൂടുതൽ തീവ്രമാക്കാൻ തീരുമാനിച്ചു. ഇതിനായി വിദേശകാര്യ മന്ത്രിമാർ നയിക്കുന്ന ഇന്ത്യ-കൊറിയ ജോയിന്റ് കമ്മീഷൻ യോഗം, ധനമന്ത്രിമാരുടെ യോഗം, ശാസ്ത്ര-സാങ്കേതിക മന്ത്രിമാരുടെ ജോയിന്റ് കമ്മിറ്റി എന്നിവ ഈ വർഷം തന്നെ നടത്താൻ നേതാക്കൾ തീരുമാനിച്ചു. കൂടാതെ, കൊറിയൻ യുദ്ധത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തെ അനുസ്മരിക്കുന്നതിനായി നിർമ്മിക്കുന്ന യുദ്ധസ്മാരകത്തിന്റെ സംയുക്ത ഉദ്ഘാടനത്തിനായി 2026 മെയ് മാസത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി കൊറിയ സന്ദർശിക്കാനും ധാരണയായി. ഇരു രാജ്യങ്ങളിലെയും വ്യവസായ വകുപ്പ് മന്ത്രിമാർക്കായി 'ഇന്ത്യ-കൊറിയ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ കമ്മിറ്റി' എന്ന പുതിയ ചർച്ചാ സംവിധാനം ആരംഭിക്കാനും അതിന്റെ ആദ്യ യോഗം ഈ വർഷം തന്നെ ചേരാനും അവർ തീരുമാനിച്ചു.
6. 2026 ജനുവരിയിൽ കൊറിയൻ ഡെപ്യൂട്ടി സ്പീക്കർ നടത്തിയ ഇന്ത്യ സന്ദർശനം കണക്കിലെടുത്ത്, ഇന്ത്യൻ പാർലമെന്റിലെയും കൊറിയൻ നാഷണൽ അസംബ്ലിയിലെയും സ്പീക്കർമാരും അംഗങ്ങളും തമ്മിൽ പതിവായ സമ്പർക്കങ്ങൾ നടത്തുന്നതിനെ ഇരു നേതാക്കളും പിന്തുണച്ചു. ഇരു രാജ്യങ്ങളിലും 'ഇന്ത്യ-കൊറിയ പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പുകൾ' രൂപീകരിച്ചതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.
7. ഇന്ത്യയിലെയും കൊറിയയിലെയും അടുത്ത തലമുറയിലെ ചിന്തകരെ
കൂടുതൽ അടുപ്പിക്കുന്നതിനായി, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഈ വർഷം മുതൽ ആരംഭിക്കുന്ന വിവിധ പരിപാടികളെയും പദ്ധതികളെയും നേതാക്കൾ സ്വാഗതം ചെയ്തു. യുവ ജനപ്രതിനിധികൾ, നയതന്ത്രജ്ഞർ, പ്രമുഖ വ്യക്തികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് പരസ്പരം സന്ദർശനങ്ങൾ നടത്താനും, പരസ്പര ധാരണ ആഴത്തിലാക്കാനും, പൊതുവായ വെല്ലുവിളികളിലും അവസരങ്ങളിലും സഹകരിക്കാനും ഇത് വഴിതുറക്കും.
8. പ്രാദേശികമായ സന്തുലിത വളർച്ചയും ഉണർവും ഊർജ്ജസ്വലതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും സംസ്ഥാനങ്ങളും പ്രവിശ്യകളും തമ്മിൽ കൂടുതൽ കൈമാറ്റങ്ങൾ നടത്താൻ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. ബുസാൻ-മുംബൈ, ഇഞ്ചിയോൺ-കൊൽക്കത്ത, ഉൽസാൻ-ചെന്നൈ എന്നിവയുൾപ്പെടെയുള്ള 'സിസ്റ്റർ സിറ്റി' (Sister-city), 'ഫ്രണ്ട്ഷിപ്പ് സിറ്റി' ബന്ധങ്ങളെയും നേതാക്കൾ എടുത്തുപറഞ്ഞു.
കൂടുതൽ തന്ത്രപ്രധാനമായ വിശ്വാസത്തിലൂടെ ആഴത്തിലുള്ള ധാരണ വളർത്തുക
9. നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഒരു ഇൻഡോ-പസഫിക് മേഖലയെക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളിലെ സമാനത നേതാക്കൾ അംഗീകരിച്ചു. ഈ സാഹചര്യത്തിൽ, 'ഇൻഡോ-പസഫിക് സമുദ്ര സംരംഭത്തിൽ' (IPOI) കൊറിയ പങ്കാളിയായതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.
10. ഉയർന്നുവരുന്ന തന്ത്രപ്രധാനവും സുരക്ഷാ സംബന്ധവുമായ കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള പതിവ് ചർച്ചകളുടെ പ്രാധാന്യം അവർ അടിവരയിട്ടു പറഞ്ഞു. 2026 ഫെബ്രുവരിയിൽ ഇരു വിദേശകാര്യ മന്ത്രാലയങ്ങളും തമ്മിൽ നടന്ന ഇന്ത്യ-കൊറിയ വിദേശനയ സുരക്ഷാ ചർച്ചകൾക്ക് പിന്നാലെ, പ്രതിരോധ വ്യവസായ സഹകരണത്തിനായുള്ള ജോയിന്റ് കമ്മിറ്റി യോഗവും, വൈസ് മിനിസ്റ്റർ തലത്തിലുള്ള കന്നി 'ഡിഫൻസ് ആൻഡ് ഫോറിൻ അഫയേഴ്സ് 2+2 ചർച്ചയും' സൗകര്യപ്രദമായ സമയത്ത് നടത്താൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
11.വിതരണ ശൃംഖലകളുടെ കരുത്ത് വർദ്ധിപ്പിക്കുക, വിപണി വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, പരസ്പര തന്ത്രപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളിൽ സഹകരണം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള 'ഇന്ത്യ-കൊറിയ ഇക്കണോമിക് സെക്യൂരിറ്റി ഡയലോഗ്' ആരംഭിക്കുന്നതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
12. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെയും അക്രമാസക്തമായ തീവ്രവാദത്തെയും നേതാക്കൾ അസന്ദിഗ്ദ്ധമായി അപലപിച്ചു. ഭീകരരുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കാനും, ഭീകരവാദത്തിനുള്ള സാമ്പത്തിക സ്രോതസ്സുകളെ നിർവീര്യമാക്കാനും അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായുള്ള അവരുടെ ബന്ധം അവസാനിപ്പിക്കാനും, ഭീകരരുടെ അതിർത്തി കടന്നുള്ള നീക്കങ്ങൾ തടയാനും സഹകരണം വർദ്ധിപ്പിക്കാൻ അവർ സമ്മതിച്ചു. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇരുപക്ഷവും ശക്തമായി അപലപിക്കുകയും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരേയും സംഘാടകരേയും സാമ്പത്തിക സഹായം നൽകിയവരേയും ഒട്ടും വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) ഏറ്റെടുത്ത കാര്യം പ്രധാനമന്ത്രി മോദി പ്രസിഡന്റ് ലീയോട് വിശദീകരിച്ചു. പ്രസിഡന്റ് ലീ ഈ കാര്യത്തെ അതീവ ഗൗരവത്തോടെ രേഖപ്പെടുത്തി.
വ്യവസായ ഉണർവിലൂടെ ഉഭയകക്ഷി നേട്ടങ്ങൾ കൈവരിക്കുക
13. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും, വ്യാപാരവും നിക്ഷേപവും വ്യാപിപ്പിക്കുന്നതിനും, വിവിധ വ്യവസായ മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ തുറക്കുന്നതിനുമായി 'ഇന്ത്യ-കൊറിയ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ കമ്മിറ്റി' സംബന്ധിച്ച ധാരണാപത്രത്തിൽ (MOU) ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഓട്ടോമൊബൈൽ, കപ്പൽ നിർമ്മാണം, രാസവസ്തുക്കൾ, സെമികണ്ടക്ടറുകൾ, ടെലികോം ഉപകരണങ്ങൾ, ഡിസ്‌പ്ലേ, സെക്കൻഡറി ബാറ്ററികൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് ഇത് ഊന്നൽ നൽകുന്നു. കൂടാതെ, തന്ത്രപ്രധാന വിഭവങ്ങൾ, നിർണ്ണായക ധാതുക്കൾ , അപൂർവ്വ മൂലകങ്ങൾ എന്നിവയുടെ വിതരണ ശൃംഖല ശക്തമാക്കുന്നതിനും; ഗ്രീൻ ഹൈഡ്രജന്റെയും അതിന്റെ ഉൽപ്പന്നങ്ങളുടെയും വ്യാപാരം, ആണവോർജ്ജ പദ്ധതികൾ, വിദേശ വിഭവ വികസന പദ്ധതികൾ എന്നിവയിൽ സഹകരിക്കാനും ധാരണയായി.
14. കപ്പൽ നിർമ്മാണത്തിലും സമുദ്രമേഖലയിലും മുൻനിര രാജ്യമായ കൊറിയയുമായി ദീർഘകാല തന്ത്രപ്രധാന സഹകരണത്തിന് ഇന്ത്യയുടെ 'മാരിടൈം അമൃത് കാൽ' (Maritime Amrit Kaal) ദർശനം പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. കപ്പൽ നിർമ്മാണം, ഷിപ്പിംഗ്, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിലെ പങ്കാളിത്തത്തിനായുള്ള സമഗ്രമായ ഒരു ചട്ടക്കൂട് ഇരുപക്ഷവും അംഗീകരിക്കുകയും അത് വേഗത്തിൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിൽ കപ്പൽശാലകളുടെ വികസനം, കപ്പൽശാല സ്ഥാപിക്കുന്നതിന് ആവശ്യമായ നിർണ്ണായക അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖ പ്രവർത്തനങ്ങൾ, ഷിപ്പിംഗ് & മാരിടൈം ലോജിസ്റ്റിക്സ് എന്നിവയ്ക്കായി ഇന്ത്യ-കൊറിയ ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് (B2B) സഹകരണങ്ങളെ നേതാക്കൾ സ്വാഗതം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തു. സമുദ്ര വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള അനുബന്ധ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ സഹായിക്കുന്ന 'കൊറിയ മറൈൻ എക്യുപ്‌മെന്റ് അസോസിയേഷൻ' (KOMEA)-ൻ്റെ ഓഫീസ് മുംബൈയിൽ ആരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു.
15. 2026 ഏപ്രിൽ 20-ന് ഇന്ത്യ-കൊറിയ ബിസിനസ് ഫോറം വിജയകരമായി സംഘടിപ്പിച്ച കാര്യം നേതാക്കൾ രേഖപ്പെടുത്തി. തുടർച്ചയായ ബിസിനസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇൻഡസ്ട്രിയൽ കോർപ്പറേഷൻ കമ്മിറ്റിയുടെയും അതിന്റെ വർക്കിംഗ് ഗ്രൂപ്പുകളുടെയും യോഗങ്ങളോടനുബന്ധിച്ച് പ്രമുഖ വ്യവസായ സംഘടനകൾ തമ്മിൽ പതിവായി സംവദിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. നിക്ഷേപത്തിനും ബിസിനസ്-ടു-ബിസിനസ് (B2B) സഹകരണത്തിനുമായി ഇന്ത്യൻ, കൊറിയൻ കമ്പനികൾ നടത്തിയ പ്രഖ്യാപനങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
16. കൊറിയൻ, ഇന്ത്യൻ കമ്പനികൾക്ക് പരസ്പരം വിപണികളിൽ കൂടുതൽ നിക്ഷേപം നടത്താൻ പ്രേരണയാകുന്ന തരത്തിൽ കൂടുതൽ അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കാൻ നേതാക്കൾ സമ്മതിച്ചു.
17. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ചെറുകിട ഇടത്തരം ബിസിനസുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും, ഇരു വിപണികളിലെയും അവസരങ്ങൾ സുഗമമായി പ്രയോജനപ്പെടുത്താൻ അവരെ സഹായിക്കുന്നതിനുമായി ഈ ധാരണാപത്രത്തിന്റെ പരിധിയിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സാധ്യതകൾ ആരായുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും അവർ നിർദ്ദേശം നൽകി.
18.ഉരുക്ക് വ്യവസായത്തിൽ ശക്തമായ വളർച്ച കൈവരിക്കുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയും, പരിസ്ഥിതി സൗഹൃദ സ്റ്റീൽ നിർമ്മാണത്തിൽ സാങ്കേതിക മുന്നേറ്റം നടത്തിയ കൊറിയയും തമ്മിലുള്ള സഹകരണം അതീവ പ്രാധാന്യമുള്ളതാണ്. വ്യാപാര അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങൾ ദൃഢമാക്കുന്നതിനും ഉരുക്ക് മേഖലയിൽ ശുദ്ധമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി 'ഇന്ത്യ-കൊറിയ വാർഷിക സ്റ്റീൽ ഡയലോഗ്' (India-ROK Annual Steel Dialogue) ആരംഭിക്കാൻ അവർ തീരുമാനിച്ചു. ഒഡീഷയിൽ 6 MMT ശേഷിയുള്ള ഒരു സംയോജിത സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പോസ്കോയും (POSCO) ജെ.എസ്.ഡബ്ല്യുവും (JSW) തമ്മിൽ ധാരണാപത്രം ഒപ്പിട്ടതിനെയും അവർ സ്വാഗതം ചെയ്തു.
വ്യാപാരം, ധനകാര്യം, വികസനം എന്നിവയിലൂന്നിയുള്ള പങ്കാളിത്തം ത്വരിതപ്പെടുത്തുക
19. ഇന്ത്യ-കൊറിയ ഉഭയകക്ഷി വ്യാപാരത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ നേതാക്കൾ, ഡിജിറ്റൽ വ്യാപാരം, വിതരണ ശൃംഖലയിലെ സഹകരണം, ഹരിത സമ്പദ്‌വ്യവസ്ഥ തുടങ്ങിയ പുതിയ മേഖലകളിൽ പരസ്പര പ്രയോജനകരമായ കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പരിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കാനും അത് വേഗത്തിൽ പൂർത്തിയാക്കാനുമുള്ള തീരുമാനത്തെ അവർ സ്വാഗതം ചെയ്തു.
20. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (UPI) നിയന്ത്രണങ്ങളിലെ നൂതന ആശയങ്ങളും വഴി ഇന്ത്യയിലുണ്ടായ ഫിൻടെക് വിപ്ലവം അതിർത്തി കടന്നുള്ള സഹകരണത്തിന് നിരവധി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഘട്ടം ഘട്ടമായി സംയോജിപ്പിക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (NPCIL) കൊറിയ ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ക്ലിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും (KFTC) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. കൂടാതെ, അതിർത്തി കടന്നുള്ള സാമ്പത്തിക ഉൽപ്പന്നങ്ങളുടെ വികസനത്തിനും മേൽനോട്ടത്തിനുമായി ഇന്ത്യയുടെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും (IFSCA) കൊറിയയുടെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷനും (FSC) തമ്മിലുള്ള ധാരണാപത്രത്തെയും അവർ സ്വാഗതം ചെയ്തു.
21. ബാങ്കിംഗ്, മൂലധന വിപണി, ഫിൻടെക് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളിലെയും സാമ്പത്തിക അധികാരികളും സ്ഥാപനങ്ങളും പങ്കെടുത്ത 'കൊറിയ-ഇന്ത്യ ഫിനാൻഷ്യൽ കോ-ഓപ്പറേഷൻ ഫോറം' വിജയകരമായി സംഘടിപ്പിച്ചതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.
22.അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മേഖല, വളർന്നുവരുന്ന സാമ്പത്തിക വിപണി എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊറിയൻ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഈ പശ്ചാത്തലത്തിൽ, കൊറിയ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കുന്നത് നേതാക്കൾ ശ്രദ്ധിച്ചു. കൊറിയ ഡെവലപ്‌മെന്റ് ബാങ്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിനെ അവർ സ്വാഗതം ചെയ്തു. കൊറിയയുടെ നാഷണൽ പെൻഷൻ സർവീസ് ഇന്ത്യയിൽ ഓഫീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു.
23. ഇന്ത്യയും കൊറിയയും തമ്മിലുള്ള വികസന പങ്കാളിത്തത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ഇരു നേതാക്കളും, കൊറിയ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസി (KOICA) നടപ്പിലാക്കുന്ന നിലവിലെ പദ്ധതികൾ ഉൾപ്പെടെ, ഇന്ത്യയിലെ വിദഗ്ധരായ വ്യവസായ തൊഴിലാളികളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി വികസന സഹകരണം തുടരാൻ സമ്മതിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഫലപ്രദമായ വികസന സഹകരണം ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി.
ഉദിച്ചുവരുന്ന വ്യവസായങ്ങളിലെ പങ്കാളിത്തത്തിലൂടെ ഭാവി വളർച്ച സുരക്ഷിതമാക്കുക
24. ശക്തവും പരസ്പരപൂരകവുമായ ഡിജിറ്റൽ ശേഷിയുള്ള ഇന്ത്യയ്ക്കും കൊറിയയ്ക്കും ലോകത്തിന്റെ ഭാവി നിർണ്ണയിക്കുന്ന വ്യവസായങ്ങളിലും സാങ്കേതികവിദ്യകളിലും വലിയ സംഭാവനകൾ നൽകാൻ കഴിയും. നിർമ്മിത ബുദ്ധി (AI,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡാറ്റാ ഗവേണൻസ്, ഡിജിറ്റൽ ബിസിനസ്സുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജ്' ചട്ടക്കൂട് ആരംഭിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഡിജിറ്റൽ നവീകരണങ്ങളെയും സഹകരണത്തെയും പിന്തുണയ്ക്കുന്നതിൽ സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ പങ്ക് അവർ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ സെമികണ്ടക്ടർ വ്യവസായത്തിന്റെ വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ലീയോട് വിശദീകരിക്കുകയും, സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും വളർന്നുവരുന്ന വിപണിയും പ്രയോജനപ്പെടുത്താൻ കൊറിയൻ കമ്പനികളെ സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാവർക്കും പ്രയോജനപ്പെടുന്ന നവീകരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ലക്ഷ്യമിടുന്ന "AI for All”, "MANAV” എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായ ഇരുരാജ്യങ്ങളുടെയും AI വികസന കാഴ്ചപ്പാടുകളെ നേതാക്കൾ അഭിനന്ദിച്ചു. ഗവേഷണം, നൈപുണ്യ വികസനം തുടങ്ങി AI മേഖലയുടെ വിവിധ തലങ്ങളിൽ ഇന്ത്യ-കൊറിയ പങ്കാളിത്തം ആഴത്തിലാക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചു.
25. 2020-ലെ 'പ്രതിരോധ വ്യവസായ സഹകരണത്തിനായുള്ള റോഡ്‌മാപ്പ്(ആസൂത്രണരേഖ)' സംബന്ധിച്ച ധാരണാപത്രത്തിന് പുതിയ ജീവൻ നൽകിക്കൊണ്ട്, പ്രതിരോധ വ്യവസായ മേഖലയിലെ ഇന്ത്യ-കൊറിയ സഹകരണത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു പറഞ്ഞു. കെ9-വജ്ര (K9-Vajra) ഹോവിറ്റ്സറുകളുടെ വിജയകരമായ സംയുക്ത സംരംഭത്തിലും, അതിന്റെ രണ്ടാം ബാച്ച് നിർമ്മാണം പുരോഗമിക്കുന്നതിലും അവർ സംതൃപ്തി രേഖപ്പെടുത്തി. സെൽഫ് പ്രൊപ്പൽഡ് എയർ ഡിഫൻസ് ഗൺ-മിസൈൽ സിസ്റ്റംസ് (Self-Propelled Air Defence Gun-Missile Systems) പോലുള്ള അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളിലും മറ്റ് മേഖലകളിലും സമാനമായ മാതൃകകൾ പിന്തുടരാനുള്ള ശ്രമങ്ങളെ അവർ സ്വാഗതം ചെയ്തു.
26. ഇരു രാജ്യങ്ങളിലെയും പ്രതിരോധ വ്യവസായ മേഖലയിൽ നടക്കുന്ന നൂതന കണ്ടുപിടുത്തങ്ങൾ കണക്കിലെടുത്ത്, ഇരുവശത്തുമുള്ള ബിസിനസ്സുകൾ, ഇൻകുബേറ്ററുകൾ, നിക്ഷേപകർ, പ്രതിരോധ സ്റ്റാർട്ടപ്പുകൾ, സർവ്വകലാശാലകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 'കൊറിയ-ഇന്ത്യ ഡിഫൻസ് ആക്സിലറേറ്റർ' (KIND-X) എന്ന ഇന്നൊവേഷൻ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ നേതാക്കൾ തീരുമാനിച്ചു.
ബഹിരാകാശ മേഖല ഇരു രാജ്യങ്ങളുടെയും ദേശീയ വികസനത്തിൽ വലിയ വാഗ്ദാനങ്ങൾ നൽകുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) കൊറിയ ഏറോ സ്പേസ് അഡ്മിനിസ്ട്രേഷനും (KASA) തമ്മിൽ ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്തു. ദേശീയ ബഹിരാകാശ ഏജൻസി തലത്തിൽ സഹകരണത്തിനുള്ള അവസരങ്ങൾ ആരായുന്നതിനും, ബഹിരാകാശ സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2026 ഏപ്രിൽ 20-ന് ബംഗളൂരുവിൽ ഇൻ-സ്പേസിന്റെ (IN-SPACe) സഹകരണത്തോടെ "ഇന്ത്യ-കൊറിയ സ്പേസ് ഡേ" സംഘടിപ്പിച്ചതിനെയും അവർ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും *സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾക്കായി പരസ്പര പിന്തുണ നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ നേതാക്കൾ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിച്ചു.
( *സാറ്റലൈറ്റ് നാവിഗേഷൻ--ഭൂമിയിലെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ഉപഗ്രഹങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ)
ഭൂമിമാതാവിനായി ഒന്നിക്കുക
28. ആഗോള ഊർജ്ജ-വിഭവ വിപണിയിലെ നിലവിലെ അസ്ഥിരാവസ്ഥ കണക്കിലെടുത്ത്, ഹൈഡ്രോകാർബണുകളുടെയും പ്രധാന ധാതുക്കളുടെയും വലിയ ഇറക്കുമതിക്കാരായ ഇന്ത്യയും കൊറിയയും ഊർജ്ജത്തിന്റെ കാര്യക്ഷമമായ ഉപയോഗം, ധാതുക്കളുടെ ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. അതോടൊപ്പം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ബദൽ ഊർജ്ജസ്രോതസ്സുകളും വസ്തുക്കളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവർ തിരിച്ചറിഞ്ഞു. നിർണ്ണായക ധാതുക്കൾക്കും നൂതന സാങ്കേതിക വിദ്യകൾക്കുമായി സുരക്ഷിതവും കരുത്തുറ്റതും നവീകരണാധിഷ്ഠിതവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു പറഞ്ഞു. ഇതിനായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർണ്ണായക ധാതുക്കൾ മാപ്പ് ചെയ്യുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമായി ഇരുരാജ്യങ്ങളിലെയും ജിയോളജിക്കൽ സർവേ ഓർഗനൈസേഷനുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ധാതു മൂല്യശൃംഖലയിൽ സഹകരിക്കാൻ നേതാക്കൾ സമ്മതിച്ചു. 'സർക്കുലർ ഇക്കോണമി' സംരംഭങ്ങളുടെ ഭാഗമായി ഇ-വേസ്റ്റ് , മൈൻ ടെയിലിംഗ്സ് (Mine tailings) തുടങ്ങിയ അസാധാരണ സ്രോതസ്സുകളിൽ നിന്ന് നിർണ്ണായക ധാതുക്കൾ വീണ്ടെടുക്കുന്നതിലുള്ള സഹകരണത്തെയും അവർ പിന്തുണച്ചു.
29. കൂടാതെ, ഇന്ത്യ 'പാക്സ് സിലിക്ക' (Pax Silica) സംരംഭത്തിൽ ചേർന്നതിനെ പ്രസിഡന്റ് ലീ സ്വാഗതം ചെയ്തു. 'ഫോറം ഓൺ റിസോഴ്സ് ജിയോസ്ട്രാറ്റജിക് എൻഗേജ്‌മെന്റ്' (FORGE) അധ്യക്ഷൻ എന്ന നിലയിൽ റിപ്പബ്ലിക് ഓഫ് കൊറിയ നൽകുന്ന നേതൃത്വത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. വിതരണ തടസ്സങ്ങളോ വിപണിയിലെ അസ്ഥിരതയോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ, വിപണി സാഹചര്യങ്ങൾക്കും വാണിജ്യപരമായ പരിഗണനകൾക്കും അനുസൃതമായി നാഫ്ത (Naphtha) പോലുള്ള നിർണ്ണായക വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചു. നിർണ്ണായക വസ്തുക്കളുടെ ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനുള്ള അവസരങ്ങളും ഇരുരാജ്യങ്ങളും ആരായുന്നതാണ്.
30. സാമ്പത്തിക പുരോഗതിയെ കൂടി പ്രോത്സാഹിപ്പിക്കുന്ന ക്രിയാത്മകവും സജീവവുമായ അജണ്ടയിലൂടെ കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള വെല്ലുവിളിയെ നേരിടുന്നതിൽ ഇന്ത്യയും കൊറിയയും പങ്കാളികളാണ്. ഈ സാഹചര്യത്തിൽ, പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരമുള്ള സഹകരണ കരാറിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. നിക്ഷേപാധിഷ്ഠിതമായ ലഘൂകരണ പദ്ധതികൾക്കായി ഒരു സഹകരണ സമീപനം രൂപീകരിക്കാനും, അതത് രാജ്യങ്ങളുടെ 'നാഷണലി ഡിറ്റർമിൻഡ് കോൺട്രിബ്യൂഷൻസ്' (NDC) കൈവരിക്കുന്നതിനും, കാലാവസ്ഥാ സംരക്ഷണ മേഖലയിലെ തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ കരാർ സഹായിക്കും.
31. പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങൾ എന്ന നിലയിൽ, കാലാവസ്ഥാ-പരിസ്ഥിതി മേഖലയിലെ സഹകരണത്തിനായി ഒരു ധാരണാപത്രത്തിലൂടെ സ്ഥാപനപരമായ സഹകരണം തുടരാൻ ഇന്ത്യയും കൊറിയയും തീരുമാനിച്ചു. കൊറിയ ഇന്റർനാഷണൽ സോളാർ അലയൻസിൽ (ISA) അംഗമായതിനെയും, ഇന്ത്യ ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ (GGGI) അംഗമായതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. കൂടാതെ, ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് (Global Biofuels Alliance), ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (International Big Cat Alliance), കോളിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI) എന്നിവയിൽ ചേരാൻ പ്രധാനമന്ത്രി മോദി കൊറിയയെ ക്ഷണിച്ചു.
32. മാനവികതയുടെ ഭാവിയെ ബാധിക്കുന്ന ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യയ്ക്കും കൊറിയയ്ക്കുമുള്ള വിപുലമായ താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, സുസ്ഥിരതയുമായി ബന്ധപ്പെട്ട സഹകരണത്തിനായുള്ള സംയുക്ത പ്രസ്താവന അംഗീകരിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. അതോടൊപ്പം കാലാവസ്ഥാ വ്യതിയാനം, ആർട്ടിക് പ്രദേശം, സമുദ്ര സഹകരണം എന്നിവയുൾപ്പെടെയുള്ള ആഗോള വിഷയങ്ങളിൽ ഇരു വിദേശകാര്യ മന്ത്രാലയങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചതിനെയും അവർ സ്വാഗതം ചെയ്തു.
സാംസ്കാരിക സ്വാധീനം (Soft Power) വർദ്ധിപ്പിക്കുക
33.ഇന്ത്യയുടെയും കൊറിയയുടെയും സമ്പന്നവും പങ്കിട്ടതുമായ സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തിൽ, ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ നേതാക്കൾ പിന്തുണച്ചു. 2026-2030 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി (CEP) നീട്ടിയതിനെ അവർ സ്വാഗതം ചെയ്യുകയും, ഇത് ഉചിതമായ രീതിയിൽ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസികളോട് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ, 2028-29 വർഷം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ 'ഇന്ത്യ-കൊറിയ സൗഹൃദ വർഷമായി' ആചരിക്കാനും അവർ തീരുമാനിച്ചു.
34.സാംസ്കാരിക-സർഗ്ഗാത്മക വ്യവസായ (CCIs) മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. കൂടാതെ, ചലച്ചിത്ര മേഖലയിൽ സംയുക്ത നിർമ്മാണം, പരിശീലന കൈമാറ്റങ്ങൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് (VFX) തുടങ്ങിയ മേഖലകളിൽ സാങ്കേതിക വിദ്യ പങ്കുവെക്കൽ എന്നിവ പ്രോത്സാഹിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
35.ഇരുരാജ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും സാംസ്കാരിക സ്വാധീനത്തെക്കുറിച്ചും (Soft power projection) അവബോധം വളർത്തുന്നതിനായി കൊറിയയിൽ 'ഇന്ത്യ ദിനവും' ഇന്ത്യയിൽ 'കൊറിയ ദിനവും' ആഘോഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ നേതാക്കൾ തീരുമാനിച്ചു.
36.ഇരുരാജ്യങ്ങളും പങ്കിടുന്ന ബുദ്ധമത പൈതൃകം അനുസ്മരിച്ചുകൊണ്ടും, ഇന്ത്യയും കൊറിയയും തമ്മിലുള്ള ചരിത്രപരവും നാഗരികവുമായ ബന്ധം ആഴത്തിലാക്കുക എന്ന ലക്ഷ്യത്തിന് അനുസൃതമായും, ഇന്ത്യ കൊറിയയ്ക്ക് നൽകുന്ന 200 പുരാവസ്തുക്കളുടെ സംഭാവനയെ നേതാക്കൾ സ്വാഗതം ചെയ്തു. സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗിംഹേ (Gimhae) നഗരത്തിന്റെ ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.
37.കായിക മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും കൈമാറ്റം, പരിശീലനം , നൈപുണ്യ വികസനം, സ്പോർട്സ് സയൻസ് എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളുടെയും അറിവിന്റെയും കൈമാറ്റം, ഇരുരാജ്യങ്ങളിലെയും കായിക അധികാരികളും മറ്റ് കായിക സമിതികളും തമ്മിലുള്ള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഈ ധാരണാപത്രം സഹായിക്കും.
ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം
38. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ആണിക്കല്ലെന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. സർവ്വകലാശാലകൾക്കും സെക്കൻഡറി സ്കൂളുകൾക്കും ഇടയിൽ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെയും അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടികളിലൂടെയും, പ്രത്യേകിച്ച് നിർമ്മിത ബുദ്ധി (AI), സ്റ്റെം (STEM) എന്നീ മേഖലകളിലെ സംയുക്ത അക്കാദമിക് സംരംഭങ്ങളിലൂടെയുമുള്ള സഹകരണത്തെ അവർ സ്വാഗതം ചെയ്തു.
39. ഭാഷാപരവും സാംസ്കാരികവുമായ ധാരണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഇരു നേതാക്കളും ഇന്ത്യയിൽ കൊറിയൻ ഭാഷയുടെയും, കൊറിയയിൽ ഇന്ത്യൻ ഭാഷകളുടെയും (പ്രത്യേകിച്ച് ഹിന്ദി) പഠനത്തെയും അധ്യാപനത്തെയും പിന്തുണച്ചു. അക്കാദമിക് പാഠ്യപദ്ധതികൾ, ഡിജിറ്റൽ സംവിധാനങ്ങൾ, അധ്യാപക പരിശീലനം, അനുയോജ്യമായ സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവയിലൂടെ ഇത് നടപ്പിലാക്കും. 2026 ജനുവരിയിൽ ഇന്ത്യയിൽ ആദ്യത്തെ 'കൊറിയ എഡ്യൂക്കേഷൻ സെന്റർ' ആരംഭിച്ചതിനെ അവർ സ്വാഗതം ചെയ്തു.
40.ഇന്ത്യയിലെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും (IITs), കൊറിയയിലെ 'കെ.എൻ.യു.10' (KNU10) കൺസോർഷ്യത്തിൽ ഉൾപ്പെട്ട 10 കൊറിയൻ നാഷണൽ സർവ്വകലാശാലകളും തമ്മിൽ സംയുക്ത ഗവേഷണം, ക്രെഡിറ്റ് ട്രാൻസ്ഫർ, വിദ്യാർത്ഥി വിനിമയം എന്നിവയിലൂടെ സർവ്വകലാശാലാ തലത്തിലുള്ള അക്കാദമിക് സഹകരണം വർദ്ധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
41. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 'ഗ്ലോബൽ കൊറിയ സ്കോളർഷിപ്പ്' (GKS) നൽകുന്നതിനെയും, പകരമായി കൊറിയൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) വഴിയുള്ള 'അടൽ ബിഹാരി വാജ്‌പേയി ജനറൽ സ്കോളർഷിപ്പ്', 'ലതാ മങ്കേഷ്‌കർ സ്കോളർഷിപ്പ്', ആയുഷ് (AYUSH) സ്കോളർഷിപ്പ് എന്നിവ നൽകുന്നതിനെയും നേതാക്കൾ സ്വാഗതം ചെയ്തു. ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധം ആഴത്തിലാക്കുന്നതിനായി, അതത് സ്കോളർഷിപ്പുകളിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് ഈ പദ്ധതികൾ വിപുലീകരിക്കാൻ നേതാക്കൾ ലക്ഷ്യമിടുന്നു.
42.മനുഷ്യവിഭവശേഷി രംഗത്ത് ഇന്ത്യയും കൊറിയയും പരസ്പരപൂരകങ്ങളായ വലിയ കരുത്തുകൾ പങ്കിടുന്നു. പരസ്പരമുള്ള ശാസ്ത്ര-സാങ്കേതിക പ്രാവീണ്യം പ്രയോജനപ്പെടുത്തുന്നതിനും ശാസ്ത്ര സ്ഥാപനങ്ങൾക്കും മനുഷ്യവിഭവശേഷിക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. അടുത്ത ശാസ്ത്ര-സാങ്കേതിക ജോയിന്റ് കമ്മിറ്റിയിലൂടെ സംയുക്ത ഗവേഷണവും വികസനവും (R&D) പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനത്തെ അവർ സ്വാഗതം ചെയ്തു.
43.ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കൂടുതൽ സജീവമാക്കുന്നതിനായി വിസ, ഇമിഗ്രേഷൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള വഴികൾ തേടാൻ ഇരുപക്ഷവും യോജിച്ചു. ചരക്കുനീക്കവും ആളുകളുടെ യാത്രയും വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയ്ക്കും കൊറിയയ്ക്കുമിടയിലുള്ള വിമാന സർവീസുകൾ ശക്തിപ്പെടുത്തുന്നതിനെയും നേതാക്കൾ പിന്തുണച്ചു.
44.ഇരു രാജ്യങ്ങളിലും വസിക്കുന്ന കൊറിയൻ-ഇന്ത്യൻ സമൂഹങ്ങളുടെ സംഭാവനകളെ പ്രശംസിച്ച നേതാക്കൾ, അവരുടെ ക്ഷേമത്തിനും അതത് സമൂഹങ്ങളിലെ സജീവമായ പങ്കാളിത്തത്തിനും പിന്തുണ നൽകുന്നതിലൂടെ ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് വീണ്ടും ഉറപ്പിച്ചു.
ആഗോള നന്മയ്ക്കായുള്ള പങ്കാളിത്തം
45.ആഗോളതലത്തിൽ ആണവ നിർവ്യാപന പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും നൽകുന്ന സംഭാവനകളും പ്രതിജ്ഞാബദ്ധതയും കണക്കിലെടുത്ത്, അന്താരാഷ്ട്ര ആണവ നിർവ്യാപന സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയ്ക്ക് 'ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ' (NSG) അംഗത്വം ലഭിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
46.ലോക വ്യാപാര സംഘടന (WTO) കേന്ദ്രബിന്ദുവായ, നിയമവാഴ്ചയിൽ അധിഷ്ഠിതവും സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ബഹുതല വ്യാപാര സംവിധാനത്തോടുള്ള തങ്ങളുടെ ശക്തമായ പ്രതിജ്ഞാബദ്ധത ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. ബഹുതല വ്യാപാര സംവിധാനത്തെയും ഡബ്ല്യു.ടി.ഒയുടെ പ്രവർത്തനത്തെയും ശക്തിപ്പെടുത്തുന്നതിന് ക്രിയാത്മകമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു പറഞ്ഞു. 2028-ൽ കൊറിയ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിൽ, ജി20 ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും കൊറിയയും തീരുമാനിച്ചു.
47. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടി (UNCLOS) പ്രകാരമുള്ള അന്താരാഷ്ട്ര നിയമതത്വങ്ങൾ അടിസ്ഥാനമാക്കി, കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം ,സമുദ്രത്തിന് മുകളിലൂടെ പറക്കാനുള്ള സ്വാതന്ത്ര്യം, തടസ്സമില്ലാത്ത നിയമപരമായ വാണിജ്യം എന്നിവയോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. സമുദ്രനിയമ ഉടമ്പടി ഉൾപ്പെടെയുള്ള സാർവത്രികമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമതത്വങ്ങൾക്കനുസൃതമായി സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ എല്ലാ കക്ഷികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.
48. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഇരു നേതാക്കളും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക, സാധാരണക്കാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുക, കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുക തുടങ്ങിയ അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ അവർ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും തുടരണമെന്ന് അവർ ഊന്നിപ്പറഞ്ഞു.
49.കൊറിയൻ ഉപദ്വീപിലെ പൂർണ്ണമായ ആണവനിരായുധീകരണത്തോടും സുസ്ഥിരമായ സമാധാനത്തോടും തങ്ങൾക്കുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. കൊറിയൻ ഉപദ്വീപിൽ സമാധാനപരമായ സഹവർത്തിത്വവും പങ്കിട്ട വളർച്ചയും കൈവരിക്കുന്നതിനായി വിനിമയങ്ങൾ വർദ്ധിപ്പിക്കുന്നതിനും ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിനും ഘട്ടം ഘട്ടമായുള്ള ആണവനിരായുധീകരണത്തിനുമുള്ള കൊറിയയുടെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു. കൂട്ടനശീകരണ ആയുധങ്ങളുടെയും (WMD) അവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെയും വ്യാപനം, പ്രത്യേകിച്ച് ഭീകരരിലേക്കും ഇതര ഗ്രൂപ്പുകളിലേക്കും എത്തുന്നത് തടയാനും അവർ പ്രതിജ്ഞയെടുത്തു.
50.യുഎൻ ചാർട്ടർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഉക്രെയ്നിൽ നീതിയുക്തവും സുസ്ഥിരവുമായ സമാധാനം ഉണ്ടാകണമെന്നതിനെ നേതാക്കൾ പിന്തുണച്ചു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ഉക്രെയ്നിലെ ശത്രുത അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.
51.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ വിപുലീകരണം ഉൾപ്പെടെയുള്ള സമഗ്രമായ യുഎൻ പരിഷ്കരണങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. സുരക്ഷാ കൗൺസിലിനെ കൂടുതൽ ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതും ഇന്നത്തെ ലോക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാക്കി മാറ്റാൻ അവർ യോജിച്ചു.
52. തങ്ങളുടെ ഉഭയകക്ഷി ചർച്ചകൾക്കിടയിൽ ഇന്ത്യ-കൊറിയ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ച് നടത്തിയ സമഗ്രമായ അവലോകനത്തിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. സഹകരണം ആഴത്തിലായ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി 2025-ൽ ഈ പങ്കാളിത്തം 10 വർഷം പിന്നിട്ടത് കണക്കിലെടുത്ത്, വരും വർഷങ്ങളിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അവർ വീണ്ടും ഉറപ്പിച്ചു.
***
SK
(रिलीज़ आईडी: 2255847)
आगंतुक पटल : 548
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada