തെരഞ്ഞെടുപ്പ് കമ്മീഷന്‍
അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടി - 2026: ഇന്ത്യയുടെ ജനാധിപത്യ ഉത്സവത്തെ ഉറ്റുനോക്കി ലോകം
വ്യാപ്തി മുതൽ റെക്കോഡ് പങ്കാളിത്തം വരെ: അന്താരാഷ്ട്ര പ്രതിനിധികളെ വിസ്മയിപ്പിച്ച് തമിഴ്‌നാട്, പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുകൾ
പോസ്റ്റഡ് ഓണ്‍:
26 APR 2026 5:32PM by PIB Thiruvananthpuram
-
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദർശക പരിപാടിയുടെ ഭാഗമായി തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും (ആദ്യഘട്ടം) നിയമസഭാ തിരഞ്ഞെടുപ്പുകൾ ആഗോള ശ്രദ്ധയാകർഷിച്ചു. 16 രാജ്യങ്ങളിലെ 32 അന്താരാഷ്ട്ര പ്രതിനിധികളും ഇൻ്റർനാഷണൽ ഐഡിയയും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വ്യാപ്തിയ്ക്കും കൃത്യതയ്ക്കും ചടുലതയ്ക്കും നേരിട്ട് സാക്ഷ്യം വഹിച്ചു.
-
തിരഞ്ഞെടുപ്പിനെ "യഥാർത്ഥ ജനാധിപത്യ ഉത്സവം" എന്ന് വിശേഷിപ്പിച്ച പ്രതിനിധികൾ വോട്ടർമാരുടെ റെക്കോഡ് പങ്കാളിത്തത്തെയും തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൂക്ഷ്മമായ ആസൂത്രണത്തെയും സുഗമമായ നടത്തിപ്പിനെയും അഭിനന്ദിച്ചു.
തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഒരു വോട്ടെടുപ്പ് കേന്ദ്രം സന്ദർശിച്ച ശേഷം മൗറീഷ്യസ് ഹൈക്കമ്മീഷണർ ശ്രീമതി ഷീലാബായ് ബാപ്പൂ പറഞ്ഞു: "തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് അനുഭവവും നടപടിക്രമങ്ങളും അറിവും ഇന്ത്യ ലോകത്തിനാകെ നൽകുകയാണ്. വോട്ടിനെ വോട്ടറിലേക്ക് എത്തിക്കുകയെന്ന ഈ സമീപനമാണ് ജനാധിപത്യം."
-
തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും വോട്ടിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍ സന്ദർശിച്ചുകൊണ്ടാണ് അന്താരാഷ്ട്ര പ്രതിനിധികൾ രണ്ടുദിവസത്തെ (ഏപ്രിൽ 22-23) സന്ദർശനം ആരംഭിച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത വിതരണ സംവിധാനങ്ങളിലൂടെയും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചും വോട്ടിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം നീങ്ങുന്ന രീതി അവർ നിരീക്ഷിച്ചു.
പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ ഫിലിപ്പീൻസിൽ നിന്നെത്തിയ പ്രതിനിധി മെലീസ ആൻ എം. ടെലൻ പറഞ്ഞു: "ഇന്ന് രാവിലെ വിതരണ കേന്ദ്രത്തിലായിരുന്നപ്പോള്‍ അവിടത്തെ പ്രവർത്തനങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സ്വീകരിക്കുന്നത് തികച്ചും സുതാര്യവും വ്യവസ്ഥാപിതവുമായിരുന്നു."
-
തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ ഡാർജിലിങ് ജില്ലയിലെ മുതിർന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും പ്രതിനിധികൾ ആശയവിനിമയം നടത്തി. സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പിൻ്റെ സമഗ്ര നടത്തിപ്പിനെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. സംഭാഷണത്തിനിടെ വോട്ടെടുപ്പ് ക്രമീകരണങ്ങളെ അഭിനന്ദിച്ച പ്രതിനിധികൾ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടില്‍ വോട്ട് രേഖപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ സൗകര്യത്തെ മികച്ച സംരംഭമെന്ന് വിശേഷിപ്പിച്ചു.
-
വോട്ടിങ് കേന്ദ്രങ്ങളിലെ 100 ശതമാനം വെബ്കാസ്റ്റിങ് നിരീക്ഷിക്കുന്നതിനായി സജ്ജീകരിച്ച മീഡിയ/വെബ്കാസ്റ്റിങ് കൺട്രോൾ റൂമുകളും പ്രതിനിധികൾ സന്ദർശിച്ചു. സുതാര്യത ഉറപ്പാക്കുന്ന സുപ്രധാന നടപടിയാണിതെന്ന് അവർ അഭിപ്രായപ്പെട്ടു.
-
വോട്ടെടുപ്പ് ദിവസം രാവിലെ മോക്ക് പോളിങ് നിരീക്ഷിച്ച പ്രതിനിധികൾ തമിഴ്നാട്ടിലെ ചെന്നൈയിലും പശ്ചിമ ബംഗാളിലെ സിലിഗുഡി, കുർസിയോങ് എന്നിവിടങ്ങളിലും വിവിധ വോട്ടിങ് കേന്ദ്രങ്ങള്‍ സന്ദർശിച്ച് യഥാർത്ഥ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചു.
-
റാംപുകൾ, വീൽചെയറുകൾ, വളണ്ടിയര്‍മാര്‍, ക്രഷ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ഉള്‍ച്ചേര്‍ക്കലും പങ്കാളിത്തവും പ്രാപ്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങളെയും സ്ത്രീകളും ഭിന്നശേഷിക്കാരും മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക വോട്ടെടുപ്പ് കേന്ദ്രങ്ങളെയും അവർ അഭിനന്ദിച്ചു.
സിലിഗുഡിയിലെ പോളിംഗ് സ്റ്റേഷനിലെത്തിയ നേപ്പാള്‍ പ്രതിനിധി ശ്രീ യജ്ഞ പ്രസാദ് ഭട്ടറായി പറഞ്ഞു: "ഞങ്ങൾ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ നിരീക്ഷിച്ചു; എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെയും നടത്തിപ്പ് വളരെ മികച്ചതും മനോഹരവുമാണ്."
-
തമിഴ്‌നാട്ടിലെ ചെന്നൈയിൽ സജ്ജീകരിച്ച നിശ്ചിത അടിസ്ഥാന സൗകര്യങ്ങളെയും കളർ കോഡ് നൽകി ക്രമീകരിച്ച വോട്ടെടുപ്പ് കേന്ദ്രങ്ങളെയും പ്രതിനിധികൾ പ്രശംസിച്ചു.
ചെന്നൈയിലെ ഒരു വോട്ടെടുപ്പ് കേന്ദ്രത്തിലെത്തിയ ഭൂട്ടാന്‍ പ്രതിനിധി ശ്രീ ഷെറിങ് സംദ്രുപ് പറഞ്ഞു: "ഞാൻ പഠിച്ച ഏറ്റവും പ്രധാന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും വോട്ടർമാർക്കായി ഉറപ്പാക്കുന്ന നിശ്ചിത അടിസ്ഥാന സൗകര്യങ്ങളാണ്.. പ്രത്യേകിച്ച് ഹെൽപ്പ് ഡെസ്കും കളർ കോഡിങും."
പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ആരോഗ്യ പരിശോധനാ സേവനങ്ങളെയും വോട്ടർമാരുടെ സൗകര്യം മെച്ചപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി നടപ്പാക്കിയ മൊബൈൽ നിക്ഷേപ സൗകര്യം പോലുള്ള സംരംഭങ്ങളെയും അവർ അഭിനന്ദിച്ചു.
സിലിഗുഡിയിലെ വോട്ടെടുപ്പ് കേന്ദ്രത്തിലെത്തിയ കെനിയയിലെ ശ്രീമതി റൂത്ത് ഖതിവി കുലുണ്ടു പറഞ്ഞു: "മൊബൈൽ ഹോൾഡർ പോക്കറ്റ് എന്നെ അത്ഭുതപ്പെടുത്തി. വോട്ടെടുപ്പ് കേന്ദ്രത്തിനകത്തേക്ക് മൊബൈൽ ഫോണുകൾ അനുവദിക്കില്ലെങ്കിലും അവ ഈ പോക്കറ്റുകളിൽ സൂക്ഷിക്കാനും വോട്ട് ചെയ്ത ശേഷം തിരികെ വാങ്ങാനും സാധിക്കുന്നു. ഇത് വോട്ടിൻ്റെ രഹസ്യാത്മകത ഉറപ്പാക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ വിശ്രമ കേന്ദ്രങ്ങളാണ്, ഇത് ഏറെ അഭിനന്ദനാർഹമാണ്."
-
മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് നിര്‍വഹണ സംവിധാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരണം മെച്ചപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സുപ്രധാന സംരംഭമാണ് അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടി. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഘടന, സ്ഥാപനപരമായ സംവിധാനങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് സമഗ്ര അവലോകനം നൽകുന്നതിനൊപ്പം തിരഞ്ഞെടുപ്പ് നിര്‍വഹണത്തിലെ മികച്ച മാതൃകകളും നൂതന രീതികളും പ്രതിനിധികൾക്ക് ഈ പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.
-
സുഗമമായ വോട്ടെടുപ്പും ഉയർന്ന പോളിങ് ശതമാനവും സന്ദർശക സംഘങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. വിപുലമായ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് സാക്ഷ്യം വഹിക്കാൻ അവസരം നൽകിയതിന് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദി അറിയിക്കുകയും സുതാര്യത, ഉൾച്ചേര്‍ക്കല്‍, മികവ് എന്നിവയോട് കമ്മീഷന്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയെ അഭിനന്ദിക്കുകയും ചെയ്തു.
-
നേരത്തെ ഏപ്രിൽ 8, 9 തീയതികളിൽ 22 രാജ്യങ്ങളിലെ 38 പ്രതിനിധികൾ അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഇതോടെ 2026-ലെ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടിയുടെ ഭാഗമായി 38 രാജ്യങ്ങളിൽനിന്നും ഇൻ്റർനാഷണൽ ഐഡിയയിൽ നിന്നുമായി ആകെ 70 പ്രതിനിധികൾ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ സന്ദർശിച്ചു. ലോകം ഇന്ത്യയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കാത്തിരിക്കുമ്പോൾ സമാനതകളില്ലാത്ത വ്യാപ്തിയിലും റെക്കോഡ് പങ്കാളിത്തത്തിലും തിരഞ്ഞെടുപ്പ് നടത്തി പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യ. ഇത് യഥാർത്ഥത്തിൽ ഒരു ജനാധിപത്യ ഉത്സവമാണ്.
കുറിപ്പ്: അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടിയ്ക്ക് കീഴില്‍ അന്താരാഷ്ട്ര പ്രതിനിധികള്‍ നടത്തിയ പ്രതികരണങ്ങളുടെ യൂട്യൂബ് ലിങ്കുകൾ അനുബന്ധമായി ചേര്‍ക്കുന്നു.
അനുബന്ധം:
( റിലീസ് ഐ.ഡി: 2255758)
സന്ദര്‍ശക കൗണ്ടര്‍ : 9