പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടര്‍ വില്‍പന സുഗമമായി തുടരുന്നു; ഏപ്രില്‍ 1 മുതല്‍ ഇതുവരെ വിറ്റത് 17.83 ലക്ഷത്തിലധികം സിലിണ്ടറുകള്‍
പോസ്റ്റഡ് ഓണ്‍:
24 APR 2026 5:21PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ കൃത്യമായ ഇടവേളകളില്‍ പുതിയ വിവരങ്ങള്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖകപ്പല്‍ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഇന്ധന ലഭ്യത, നാവിക പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കിവരുന്ന സഹായങ്ങള്‍, സുപ്രധാന മേഖലകളില്‍ സ്ഥിരത ഉറപ്പാക്കാന്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പങ്കുവെച്ചു.
ഊര്‍ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ പെട്രോളിയം ഉല്പന്നങ്ങളുടെയും എല്‍.പി.ജിയുടെയും തടസ്സമില്ലാത്ത ലഭ്യത നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ എടുത്തുപറഞ്ഞ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചു.
മന്ത്രാലയം പങ്കുവെച്ചതനുസരിച്ച്: പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ബോധവല്‍ക്കരണവും
പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്ന സാഹചര്യത്തില്‍ പരിഭ്രാന്തി മൂലം ഇവ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാന്‍ ജനങ്ങളോട് നിര്‍ദേശിക്കുന്നു.
കിംവദന്തികളെ സൂക്ഷിക്കുകയും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യുക.
എല്‍.പി.ജി ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണക്കാരെ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
പി.എന്‍.ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍ തുടങ്ങി പാചകത്തിനായി ബദല്‍ ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ എല്ലാവരും ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജം ലാഭിക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാര്‍ തയ്യാറെടുപ്പുകളും വിതരണ നിര്‍വഹണ നടപടികളും
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ തന്നെ ഗാര്‍ഹിക എല്‍.പി.ജി, ഗാര്‍ഹിക പി.എന്‍.ജി, ഗതാഗത മേഖലയിലെ സി.എന്‍.ജി എന്നിവയുടെ 100 ശതമാനം വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
വാണിജ്യ എല്‍.പി.ജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കൂടാതെ ഔഷധനിര്‍മാണം, സ്റ്റീല്‍, വാഹനനിര്‍മാണം, വിത്ത്, കൃഷി തുടങ്ങിയവയ്ക്കും മുന്‍ഗണന നല്‍കി. കൂടാതെ, കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കുന്ന അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തില്‍ ഇരട്ടിയാക്കിയിട്ടുണ്ട്.
എണ്ണ സംസ്‌കരണശാലകളിലെ ഉല്പാദനം വര്‍ധിപ്പിക്കുക, സിലിണ്ടര്‍ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും ഉയര്‍ത്തുക, വിതരണത്തിന് മുന്‍ഗണനാ മേഖലകള്‍ നിശ്ചയിക്കുക തുടങ്ങി വിതരണ ആവശ്യകത മേഖലകളില്‍ യുക്തിസഹമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
എല്‍.പി.ജി ആവശ്യകതയുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ബദല്‍ ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ചെറുകിട ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധിക കല്‍ക്കരി നല്‍കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയോടും സിംഗരേണി കോളിയറീസിനോടും നിര്‍ദേശിച്ചു.
ഗാര്‍ഹിക വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പി.എന്‍.ജി കണക്ഷനുകള്‍ നല്‍കുന്നത് സുഗമമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
1955ലെ അവശ്യസാധന നിയമം, 2000ത്തിലെ എല്‍.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്.
പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയടക്കം അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് പ്രാഥമിക പങ്കുണ്ട്. വിവിധ കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്രം ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ധന ലഭ്യതയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ സജീവമായ പൊതു ആശയവിനിമയം അനിവാര്യമാണെന്ന് 2026 മാര്‍ച്ച് 27, 2026 ഏപ്രില്‍ 2 തീയതികളിലെ കത്തുകളിലൂടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2026 ഏപ്രില്‍ 2ന് പെട്രോളിയം മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും 2026 ഏപ്രില്‍ 6ന് പെട്രോളിയം മന്ത്രാലയ സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, ഉപഭോക്തൃ കാര്യ മന്ത്രാലയ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങള്‍ ചേര്‍ന്നു. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളിലാണ് ഈ യോഗങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചത്:
പ്രതിദിന വാര്‍ത്താ കുറിപ്പുകളും പതിവായി പൊതുനിര്‍ദേശങ്ങളും പുറപ്പെടുവിക്കുക.
സമൂഹ മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ പ്രതിദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണ വിപണന കമ്പനികളുമായി ചേര്‍ന്ന് പരിശോധന നടപടികള്‍ തുടരുകയും ചെയ്യുക.
അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാണിജ്യ എല്‍.പി.ജി വിഹിതം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ച മണ്ണെണ്ണയുടെ വിതരണ ഉത്തരവുകള്‍ പുറപ്പെടുവിക്കുക.
പി.എന്‍.ജി ഉപയോഗവും ബദല്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
എല്‍.പി.ജി വിതരണത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാന്‍ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം നടപ്പാക്കുകയും ചെയ്യുക.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും രൂപീകരിച്ചിട്ടുണ്ട്.
പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പതിവ് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിവരുന്നു.
നിയമനിര്‍വഹണവും നിരീക്ഷണ നടപടികളും
എല്‍.പി.ജി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ രാജ്യത്ത് നിയമനിര്‍വഹണ നടപടികള്‍ തുടരുകയാണ്. ഇന്നലെ മാത്രം രാജ്യത്തുടനീളം 2300ലധികം പരിശോധനകള്‍ നടത്തി.
പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു. ഇതിനകം 307 എല്‍.പി.ജി വിതരണക്കാര്‍ക്കെതിരെ പിഴ ചുമത്തുകയും ഇന്നലെ വരെ 70 എല്‍.പി.ജി വിതരണ ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്‍.പി.ജി വിതരണം
ഗാര്‍ഹിക എല്‍.പി.ജി വിതരണ സാഹചര്യം
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നുണ്ട്.
ഗാര്‍ഹിക എല്‍.പി.ജി വിതരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
എല്‍.പി.ജി വിതരണ ഏജന്‍സികളില്‍ ഒരിടത്തും സ്‌റ്റോക്ക് തീരുന്ന സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓണ്‍ലൈന്‍ എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ് ഇന്നലെ വ്യാവസായികാടിസ്ഥാനത്തില്‍ 98 ശതമാനമായി വര്‍ധിപ്പിച്ചു.
ദുരുപയോഗം തടയുന്നതിനായി ഏര്‍പ്പെടുത്തിയ 'ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്' അധിഷ്ഠിത വിതരണം ഏകദേശം 94 ശതമാനമായി ഉയര്‍ന്നു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ഡി.എ.സി ലഭിക്കുന്നത്.
വാണിജ്യ എല്‍.പി.ജി വിതരണവും വിതരണ നടപടികളും
ആകെ വാണിജ്യ എല്‍.പി.ജി വിഹിതം പ്രതിസന്ധിക്ക് മുന്‍പത്തെ വിതരണത്തിന്റെ 70 ശതമാനത്തോളമായി വര്‍ധിപ്പിച്ചു. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
2026 മാര്‍ച്ച് 2, 3 തീയതികളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കിയ ശരാശരി പ്രതിദിന വിതരണത്തിന്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുടെ പ്രതിദിന അളവ് 2026 മാര്‍ച്ച് 21ലെ കത്തില്‍ പരാമര്‍ശിച്ച 20 ശതമാനം എന്ന പരിധിക്ക് പുറമെ ഇരട്ടിയാക്കിയതായി 2026 ഏപ്രില്‍ 6ലെ കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഈ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ എണ്ണക്കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രം വിതരണം ചെയ്യാനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.
2026 ഏപ്രില്‍ 1 മുതല്‍ ഇതുവരെ 17.83 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചു.
ഇന്നലെ മാത്രം രാജ്യത്ത് 81,000ലധികം അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളാണ് വിറ്റത്.
2026 ഏപ്രില്‍ 3 മുതല്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകളുമായി ബന്ധപ്പെട്ട് 8500ലധികം ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 1,33,000ലധികം സിലിണ്ടറുകള്‍ വില്‍ക്കാന്‍ സാധിച്ചു.
ഇന്നലെ 250ലധികം ക്യാമ്പുകളിലൂടെ 5549 അഞ്ചുകിലോ എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റു.
ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവിടങ്ങളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാണിജ്യ എല്‍.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നുണ്ട്.
2026 ഏപ്രിലില്‍ (ഏപ്രില്‍ 23 വരെ) ആകെ 1,47,262 മെട്രിക് ടണ്‍ (19 കിലോയുടെ 77.50 ലക്ഷത്തിലധികം എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് തുല്യം) വാണിജ്യ എല്‍.പി.ജി വിറ്റു.
പ്രകൃതിവാതക വിതരണവും പി.എന്‍.ജി വിപുലീകരണ നടപടികളും
ഗാര്‍ഹിക പി.എന്‍.ജി, ഗതാഗത മേഖലയിലെ സി.എന്‍.ജി എന്നിവയ്ക്ക് 100 ശതമാനം വിതരണം ഉറപ്പാക്കി ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കി.
വളം നിര്‍മാണ പ്ലാന്റുകളുടെ ആകെ ഗ്യാസ് വിഹിതം അവരുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 95 ശതമാനമായി വര്‍ധിപ്പിച്ചു.
കൂടാതെ സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ വഴി നടത്തുന്ന വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലെ ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ധിപ്പിച്ചു.
വാണിജ്യ എല്‍.പി.ജി ലഭ്യതയിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എല്ലാ മേഖലകളിലും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും കാന്റീനുകളുമടക്കം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി കണക്ഷനുകള്‍ ലഭ്യമാക്കുന്നതില്‍ മുന്‍ഗണന നല്‍കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഐ.ജി.എല്‍, എം.ജി.എല്‍, ഗെയില്‍ ഗ്യാസ്, ബി.പി.സി.എല്‍ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ ഗാര്‍ഹികവാണിജ്യ പി.എന്‍.ജി കണക്ഷനുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അംഗീകാരങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചു.
എല്‍.പി.ജിയില്‍ നിന്ന് പി.എന്‍.ജിയിലേക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റത്തിന് സഹായിക്കുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വാണിജ്യ എല്‍.പി.ജി വിഹിതം 10 ശതമാനം അധികം നല്‍കാമെന്ന് 2026 മാര്‍ച്ച് 18ലെ കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ട്. 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ പി.എന്‍.ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ഈ അധിക വാണിജ്യ എല്‍.പി.ജി വിഹിതം നിലവില്‍ കൈപ്പറ്റുന്നു.
സിറ്റി ഗ്യാസ് വിതരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുന്നതിന് ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24ലെ കത്തിലൂടെ മൂന്ന് മാസത്തെ പ്രത്യേക കാലയളവിലേക്ക് 'അതിവേഗ അംഗീകാര ചട്ടക്കൂട്' നടപ്പാക്കി.
2026 മാര്‍ച്ച് 24ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ 1955ലെ അവശ്യസാധന നിയമത്തിന് കീഴില്‍ 'പ്രകൃതിവാതക പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും വിപുലീകരിക്കാനും ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് നല്‍കുന്നതാണ് ഈ ഉത്തരവ്. അനുമതികളിലെ കാലതാമസം, ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ എന്നിവ പരിഹരിക്കാനും പാര്‍പ്പിട മേഖലകളിലുള്‍പ്പെടെ പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങളുടെ അതിവേഗ വികസനം സാധ്യമാക്കാനും ഇത് സഹായിക്കും. ഈ നടപടി പി.എന്‍.ജി ശൃംഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും സേവന ലഭ്യത കുറഞ്ഞ മേഖലകളില്‍ സേവനവിതരണം മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് രാജ്യം നടത്തുന്ന പരിവര്‍ത്തനത്തിന് പിന്തുണ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇത് സഹായിക്കുന്നു.
ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങള്‍ക്ക് പി.എന്‍.ജി.ആര്‍.ബി നിര്‍ദേശം നല്‍കി. കൂടാതെ, പി.എന്‍.ജി വിപുലീകരണത്തിന്റെ വേഗം നിലനിര്‍ത്താന്‍ ദേശീയ പി.എന്‍.ജി യജ്ഞം 2.0' 2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
സംശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന മാതൃകാ കംപ്രസ്ഡ് ബയോഗ്യാസ് നയം തയ്യാറാക്കിയിട്ടുണ്ട്. സി.ബി.ജി വികസനത്തിന് നിക്ഷേപക സൗഹൃദവും എളുപ്പത്തില്‍ നടപ്പാക്കാവുന്നതുമായ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സമഗ്രവും ലളിതവുമായ വഴികാട്ടിയായി ഈ മാതൃകാ നയം നിലകൊള്ളും. നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വാണിജ്യ എല്‍.പി.ജി വിഹിതത്തിന്റെ അടുത്ത ഗഡുവില്‍ മുന്‍ഗണന നല്‍കും.
സിറ്റി ഗ്യാസ് വിതരണ ശൃംഖലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും 15 ദിവസത്തിനകം പ്രവര്‍ത്തനാനുമതി നല്‍കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും മലിനീകരണ നിയന്ത്രണ സമിതികള്‍ക്കും നല്‍കാന്‍ കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശിച്ചു.
2026 മാര്‍ച്ചിന് ശേഷം ഏകദേശം 5.27 ലക്ഷം പി.എന്‍.ജി കണക്ഷനുകള്‍ ലഭ്യമാക്കി. കൂടാതെ 2.60 ലക്ഷം അധിക കണക്ഷനുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഇതോടെ ആകെ കണക്ഷനുകള്‍ 7.87 ലക്ഷമായി ഉയര്‍ന്നു. 5.97 ലക്ഷം പേര്‍ പുതിയ കണക്ഷനുകള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2026 ഏപ്രില്‍ 23 വരെ 42,000ത്തിലധികം പി.എന്‍.ജി ഉപഭോക്താക്കള്‍ എല്‍.പി.ജി കണക്ഷനുകള്‍ MYPNGD.in വെബ്‌സൈറ്റ് വഴി സറണ്ടര്‍ ചെയ്തിട്ടുണ്ട്.
അസംസ്‌കൃത എണ്ണ ലഭ്യതയും സംസ്‌കരണ ശാലകളിലെ പ്രവര്‍ത്തനങ്ങളും
എല്ലാ എണ്ണ സംസ്‌കരണശാലകളും ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരത്തോടെ ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. ഒപ്പം പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരം നിലനിര്‍ത്തുന്നുമുണ്ട്.
ആഭ്യന്തര ഉപഭോഗം പിന്തുണയ്ക്കുന്നതിന് എണ്ണ സംസ്‌കരണ ശാലകളിലെ എല്‍.പി.ജി ഉല്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയില്‍ പെട്രോകെമിക്കല്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അന്തര്‍മന്ത്രാലയ സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഈ സാഹചര്യത്തില്‍ സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി നിശ്ചയിച്ച നിര്‍ണായക മേഖലകള്‍ക്ക് നിശ്ചിത അളവില്‍ C3, C4 വാതകങ്ങള്‍ ലഭ്യമാക്കാന്‍ പെട്രോകെമിക്കല്‍ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ എണ്ണ സംസ്‌കരണ കമ്പനികള്‍ക്ക് 2026 ഏപ്രില്‍ 1ലെ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു പെട്രോ കെമിക്കല്‍സ് വകുപ്പ്, വ്യാവസായിക ആഭ്യന്തരവ്യാപാര പ്രോത്സാഹന വകുപ്പ് എന്നിവയുടെ അഭ്യര്‍ത്ഥനകളുടെ പശ്ചാത്തലത്തില്‍ മരുന്ന് രാസവസ്തു മേഖലയിലെ കമ്പനികള്‍ക്കായി എല്‍.പി.ജി ശേഖരത്തില്‍നിന്ന് പ്രതിദിനം 1000 മെട്രിക് ടണ്‍ വിഹിതം അനുവദിച്ചിട്ടുണ്ട്.
2026 ഏപ്രില്‍ 9 മുതല്‍ മുംബൈ, കൊച്ചി, മഥുര സംസ്‌കരണശാലകളില്‍നിന്ന് 6400 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീന്‍ രാസവസ്തു മരുന്നുനിര്‍മാണ വ്യവസായങ്ങള്‍ക്കായി വിറ്റഴിച്ചു.
ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിര്‍ണ്ണയ നടപടികളും
· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വില്‍പ്പന ശാലകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
· പശ്ചിമേഷ്യന്‍ പ്രതിസന്ധി അസംസ്‌കൃത എണ്ണ വിലയില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.
· ഇന്ത്യാ ഗവണ്‍മെന്റ് 11.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും എടിഎഫിന് 42 രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ നടപടി ഈ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കുന്നു.
· വില്‍പ്പന ശാലകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു) റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും വില വര്‍ദ്ധനയില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 48,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ SKO വിഹിത ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചല്‍ പ്രദേശും ലഡാക്കും ആവശ്യകത അറിയിച്ചിട്ടില്ല .
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും:
പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സമുദ്ര സ്ഥിതി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിശദീകരിച്ചു. ഇതില്‍ ഇപ്രകാരം പറഞ്ഞു:
• നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍, സമുദ്ര പങ്കാളികള്‍ എന്നിവരുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 7,553 കോളുകളും 16,033 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ച 150 കോളുകളും 394 ഇമെയിലുകളും ഉള്‍പ്പെടുന്നു.
· ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49 പേര്‍ ഉള്‍പ്പെടെ ഇതുവരെ 2,729 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ തുടരുന്നു. എവിടെയും തിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല
മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ:
ഗള്‍ഫ്, പശ്ചിമേഷ്യ മേഖലയിലെ മാറുന്ന സംഭവവികാസങ്ങളില്‍ വിദേശകാര്യ മന്ത്രാലയം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അവിടെ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും പിന്തുണക്കും മുന്‍ഗണന നല്‍കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
·ഗള്‍ഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
• വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
• ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.
• മേഖലയിലെ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ തുറക്കുകയും പൗരന്മാരെ മുന്‍കൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു.
. ഇന്ത്യന്‍ മിഷനുകള്‍ പ്രാദേശിക ഭരണ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
തദ്ദേശ ഭരണകൂടങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിമാന, യാത്രാ സാഹചര്യങ്ങള്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പതിവായി പുറപ്പെടുവിച്ചുവരുന്നു.
• മേഖലയിലെ വിവിധ അസോസിയേഷനുകള്‍, സംഘടനകള്‍, പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഇന്ത്യന്‍ കമ്പനികള്‍, എന്നിവരുള്‍പ്പെടെയുള്ളവരുമായി ഇന്ത്യന്‍ മിഷനുകള്‍ സജീവമായി ഇടപഴകുന്നു.
• ഇന്ത്യന്‍ നാവികരുടെ ക്ഷേമം ഒരു മുന്‍ഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോണ്‍സുലാര്‍ പിന്തുണ, ആവശ്യമുള്ളപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സഹായം മിഷനുകള്‍ നല്‍കുന്നു.
•മൊത്തത്തിലുള്ള വിമാന യാത്രാ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഫെബ്രുവരി 28 മുതല്‍ ഏകദേശം 12,38,000 യാത്രക്കാര്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
• യുഎഇയില്‍ നിന്നും , പ്രവര്‍ത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങള്‍ മാത്രമാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്ന് ഏകദേശം 110 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങള്‍ തുടര്‍ന്നും സര്‍വീസ് നടത്തും.
• ഖത്തര്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാല്‍, ഖത്തര്‍ എയര്‍വേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നു.
കുവൈറ്റ് വ്യോമാതിര്‍ത്തി ഇപ്പോള്‍ തുറന്നിരിക്കുന്നു, വിമാനക്കമ്പനികള്‍ ഉടന്‍ തന്നെ പരിമിതമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്യാത്ത വിമാനങ്ങള്‍ തുടരുന്നു.
ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു. ഗള്‍ഫ് എയര്‍, ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നു
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തടസ്സമില്ലാത്ത വിധം ഇറാഖ് വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു.
•ചരക്ക്, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ഇറാന്‍ വ്യോമാതിര്‍ത്തി ഭാഗികമായി തുറന്നിരിക്കുന്നു.
ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അവിടെയുള്ളവര്‍ കര അതിര്‍ത്തികള്‍ വഴി രാജ്യത്തിന് പുറത്തേക്ക് പോകണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതായി എംബസി ആവര്‍ത്തിച്ചു. ഇതുവരെ, 1,096 വിദ്യാര്‍ത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 2,432 ഇന്ത്യന്‍ പൗരന്മാര്‍ക്ക് അര്‍മേനിയ, അസര്‍ബൈജാന്‍ വഴി ഇന്ത്യയിലേക്ക് പോകാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേല്‍ വ്യോമാതിര്‍ത്തി തുറന്നിരിക്കുന്നു, ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.
****
( റിലീസ് ഐ.ഡി: 2255440)
സന്ദര്‍ശക കൗണ്ടര്‍ : 6