വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
NFDC നിർമിച്ച മലയാള ചലച്ചിത്രം 'അച്ചപ്പാസ് ആൽബ'ത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം താരപ്പൊലിമയോടെ കൊച്ചിയില്‍ നടന്നു
ദീപ്തി പിള്ള ശിവന്റെ സംവിധാന സംരംഭത്തില്‍ സാക്ഷാത്കരിച്ച ചിത്രത്തിന്റെ പ്രദർശനത്തിന് നേതൃത്വം നൽകി മലയാള ചലച്ചിത്ര പ്രവർത്തകരും NFDC മാനേജിങ് ഡയറക്ടറും
പോസ്റ്റഡ് ഓണ്‍:
22 APR 2026 2:44PM by PIB Thiruvananthpuram
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) നിർമിച്ച "അച്ചപ്പാസ് ആൽബം" എന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം 2026 ഏപ്രിൽ 21-ന് കൊച്ചിയിലെ താരപ്പൊലിമയാര്‍ന്ന ചടങ്ങിൽ സംഘടിപ്പിച്ചു. 2026 ഏപ്രിൽ 24-ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പ്രീമിയര്‍ പ്രദര്‍ശനത്തിന് NFDC മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദൂം, NFDC നിര്‍മാണ-വിതരണ വിഭാഗം ജനറല്‍ മാനേജര്‍ ശ്രീ തരുണ്‍ തരേജ എന്നിവര്‍ നേതൃത്വം നൽകി. ചലച്ചിത്ര രംഗത്തെ മുതിർന്ന വ്യക്തിത്വങ്ങളുടെയും താരങ്ങളുടെയും വിശിഷ്ട സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അതുല്യമായ സിനിമാ കാഴ്ചപ്പാടുകളെ പരിപോഷിപ്പിക്കുകയെന്ന NFDC-യുടെ ലക്ഷ്യത്തിന്റെ തെളിവാണ് ‘അച്ചപ്പാസ് ആൽബ’മെന്ന് ചടങ്ങിൽ സംസാരിച്ച NFDC മാനേജിങ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദൂം പറഞ്ഞു. സമയയാത്രയെന്ന സങ്കൽപ്പത്തെ തലമുറകളുടെ ആഴമേറിയ വികാരങ്ങളുമായി സമന്വയിപ്പിക്കുന്ന ചിത്രത്തിന് എല്ലാ പ്രായത്തിലെയും പ്രേക്ഷകരെ സ്വാധീനിക്കാനാവും. ഇത്തരത്തില്‍ അർത്ഥപൂര്‍ണമായ സിനിമകളെ പിന്തുണയ്ക്കാൻ NFDC എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയ രസകരമായ കഥകളെ ഭാവിയിലും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരിക സമൃദ്ധി ആഗോള വേദിയിലെത്തിക്കുകയാണ് NFDC-യുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃദയസ്പർശിയായ ഈ കഥ വെള്ളിത്തിരയിലെത്തിക്കാന്‍ ദീപ്തി പിള്ള ശിവന്‍ പുലര്‍ത്തിയ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവിധായിക ദീപ്തി പിള്ള ശിവൻ, രചയിതാവ് സഞ്ജീവ് ശിവൻ, പ്രധാന അഭിനേതാക്കളായ പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, സുധാംശു സഞ്ജീവ് ശിവൻ എന്നിവരടങ്ങുന്ന സിനിമയുടെ സർഗാത്മക നിരയെ പ്രീമിയര്‍ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തി. ചിത്രത്തിലെ ബാലതാരം ഉൾപ്പെടെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന്റെ വിതരണക്കാരായ ഡ്രീം ബിഗ് ഫിലിംസിലെ ശ്രീ സുജിത്ത് നായര്‍ ചടങ്ങിൽ സംബന്ധിക്കുകയും അണിയറപ്രവർത്തകർക്കൊപ്പം പ്രത്യേക പ്രദർശനത്തിൽ പങ്കുചേരുകയും ചെയ്തു. ഭൂതകാലത്തെ പുനർസന്ദർശിക്കുന്നതിലെ മനുഷ്യന്റെ സാർവത്രിക ജിജ്ഞാസ പ്രമേയമാക്കി NFDC നിർമിച്ച ഈ ചിത്രം 2026 ഏപ്രിൽ 24-ന് രാജ്യവ്യാപകമായി തിയേറ്ററുകളിലെത്തും.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യൻ സിനിമയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന പരമോന്നത സ്ഥാപനമാണ് 1975-ൽ സ്ഥാപിതമായ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NFDC). വിവിധ ഇന്ത്യൻ ഭാഷകളില്‍ ചലച്ചിത്രങ്ങളുടെ നിർമാണം, പ്രചാരണം, സംരക്ഷണം തുടങ്ങി ചലച്ചിത്ര നിർമാണത്തിന്റെ സമസ്ത മേഖലകളെയും NFDC പിന്തുണയ്ക്കുന്നു.
( റിലീസ് ഐ.ഡി: 2254474)
സന്ദര്‍ശക കൗണ്ടര്‍ : 10