പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ- മന്ത്രാലയ പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
20 APR 2026 5:28PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഇന്ത്യാ ഗവൺമെൻ്റ് ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങളും പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും വിശദീകരിച്ചു. ഗ്രാമവികസന മന്ത്രാലയവും പുതിയ വിവരങ്ങൾ പങ്കുവെച്ചു.
ഗ്രാമവികസന മേഖല:
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും ആഗോള വിതരണ ശൃംഖലകൾ, ചരക്ക് വിലകൾ, പണപ്പെരുപ്പ പ്രവണതകൾ എന്നിവയിൽ അവ ചെലുത്തിയേക്കാവുന്ന സ്വാധീനവും കണക്കിലെടുത്ത്, രാജ്യത്തുടനീളമുള്ള പ്രധാന ഗ്രാമീണ ക്ഷേമ, അടിസ്ഥാന സൗകര്യ വികസന പരിപാടികൾ തടസ്സമില്ലാതെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഗ്രാമവികസന മന്ത്രാലയം സമഗ്രമായ അവലോകനം നടത്തി.
ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ, ഭവന നിർമ്മാണം, റോഡ് വികസനം, നീർത്തട പ്രവർത്തനങ്ങൾ എന്നിവയിൽ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനുകൂല്യങ്ങളുടെ തുടർച്ച, സമയബന്ധിതമായ ഫണ്ട് ലഭ്യത, നിലവിലുള്ള പദ്ധതികളുടെ സുഗമമായ നടത്തിപ്പ് എന്നിവ ഉറപ്പാക്കുന്നതിനായി മന്ത്രാലയം സജീവമായ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തൊഴിൽ സുരക്ഷയും വേതന പിന്തുണയും
• നിർദ്ദിഷ്ട വി.ബി–ജി റാം ജി നിയമം-2025 പ്രാബല്യത്തിൽ വരുന്നതുവരെ 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരും. ഗ്രാമീണ കുടുംബങ്ങൾക്ക് വേതനത്തോടു കൂടിയ തൊഴിൽ നല്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടാകില്ല.
• ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിലും സമയബന്ധിതമായ വേതന വിതരണവും ഉൾപ്പെടെയുള്ള എല്ലാ നിയമപരമായ അവകാശങ്ങളും യാതൊരു കുറവും വരുത്താതെ പൂർണ്ണമായി തുടരുന്നു. കേന്ദ്ര ഗവൺമെൻ്റ് വിജ്ഞാപനം ചെയ്ത നിലവിലെ വേതന നിരക്കുകൾ തുടർന്നും ബാധകമായിരിക്കും.
• മതിയായ പണ ലഭ്യത നിലനിർത്തുന്നതിനും തടസ്സമില്ലാത്ത വേതന വിതരണം ഉറപ്പാക്കുന്നതിനുമായി, MGNREGA-യുടെ കീഴിലുള്ള വേതന വിഹിതത്തിൻ്റെ ആദ്യ ഗഡുവായി ഏകദേശം 17,744 കോടി രൂപ അനുവദിക്കുന്നു.
• വി.ബി–ജി റാം ജി നിയമം പ്രാബല്യത്തിൽ വരുന്നതോടെ, 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പും പരിഷ്കരിച്ച വേതന നിരക്കുകളും നല്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ വേതന നിരക്കുകൾ പ്രത്യേകം വിജ്ഞാപനം ചെയ്യുന്നതാണ്.
• വിതരണ ശൃംഖലയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായ ഭവന നിർമ്മാണ പദ്ധതി.
• ഗ്രാമീണ മേഖലകളിൽ "എല്ലാവർക്കും വീട്" എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി, 2029 മാർച്ച് മാസത്തോടെ 4.95 കോടി വീടുകൾ നിർമ്മിക്കുന്നതിനായി മന്ത്രാലയം, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമിൺ (PMAY-G) നടപ്പിലാക്കുന്നു.
• നിർമ്മാണ സാമഗ്രികളുടെ വിതരണത്തിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ അല്ലെങ്കിൽ വിലക്കയറ്റം എന്നിവ നേരിടുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ, സമയബന്ധിതമായ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), ആവാസ് സോഫ്റ്റ് വഴിയുള്ള തത്സമയ നിരീക്ഷണം, ജിയോ ടാഗിംഗ്, നിർമ്മാണത്തിലിരിക്കുന്ന വീടുകൾ വേഗത്തിൽ പൂർത്തിയാക്കൽ എന്നിവയ്ക്ക് മന്ത്രാലയം മുൻഗണന നല്കുന്നു.
• ഗുണഭോക്താക്കൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ പൂർണ്ണമായ പാക്കേജ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തൊഴിൽ ദിനങ്ങൾ, ശുചിത്വം, കുടിവെള്ളം, എൽപിജി, വൈദ്യുതി എന്നിവയിലൂടെ ശക്തമായ സംയോജിത പിന്തുണ ഉറപ്പാക്കുന്നു.
• ഭാവിയിലെ വിപണി ചാഞ്ചാട്ടത്തിനെതിരെയുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി മെറ്റീരിയൽ ബാങ്കുകൾ സൃഷ്ടിക്കുന്നത് പോലുള്ള ഘടനാപരമായ നടപടികളും പ്രോത്സാഹിപ്പിക്കുന്നു.
മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെ സുരക്ഷിതമാക്കിയ ഗ്രാമീണ റോഡ് പദ്ധതികൾ
• PMGSY പ്രകാരം, സംസ്ഥാനങ്ങൾ നിർദ്ദേശിക്കുന്ന നിലവിലുള്ള നിരക്ക് പട്ടിക അനുസരിച്ചാണ് പ്രവൃത്തികൾക്ക് അനുമതി നല്കുന്നത്.
• PMGSY-I, II, III, കൂടാതെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾക്കായുള്ള റോഡ് കണക്റ്റിവിറ്റി പദ്ധതികൾ എന്നിവയ്ക്ക് കീഴിൽ അനുമതി ലഭിച്ച എല്ലാ പ്രവൃത്തികളും ടെൻഡർ നടപടികളിലോ അല്ലെങ്കിൽ നിർമ്മാണ ഘട്ടത്തിലോ ആണ്. PMGSY-III പ്രകാരം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വളരെ കുറച്ച് ജോലികൾക്ക് മാത്രമാണ് ഇനി അനുമതി ലഭിക്കാനുള്ളത്.
• PMGSY-IV പ്രകാരം, ഏകദേശം 12,100 കിലോമീറ്റർ റോഡ് പ്രവൃത്തികൾക്ക് അനുമതി നല്കിയിട്ടുണ്ട്, നിലവിൽ ഇവ ടെൻഡർ ഘട്ടത്തിലാണ്. മൊത്തം പദ്ധതി ചെലവിൽ ബിറ്റുമിന് താരതമ്യേന ചെറിയ വിഹിതം മാത്രമുള്ളതിനാൽ, നിലവിൽ ആഗോള വിപണിയിലെ അസ്ഥിരതയുടെ ആഘാതം പരിമിതമാണ്.
• നിലവിലുള്ള വിപണി സാഹചര്യങ്ങളും ചെലവ് പ്രവണതകളും പ്രതിഫലിപ്പിക്കുന്നതിനായി പരിഷ്കരിച്ച നിരക്ക് പട്ടിക ഉപയോഗിച്ച് ഭാവിയിലെ പദ്ധതികൾ വിലയിരുത്തും.
• കൃഷിയും പ്രകൃതിവിഭവ പ്രതിരോധശേഷിയും ശക്തിപ്പെടുത്തൽ.
• ജലസംരക്ഷണം, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, ഹോർട്ടികൾച്ചർ, മേച്ചിൽപ്പുറ വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഭൂവിഭവ വകുപ്പ് 50 ലക്ഷം ഹെക്ടർ പ്രദേശത്ത് WDC-PMKSY 2.0 നടപ്പിലാക്കുന്നു.
• ഉയർന്നുവരുന്ന ഏതൊരു സാഹചര്യവും നേരിടുന്നതിനും പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനും കൃഷി, കർഷക ക്ഷേമ മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ഭൂവിഭവ വകുപ്പ് അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരുന്നു. മന്ത്രാലയം നല്കിയ വിവരങ്ങൾ പ്രകാരം:
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര അവബോധവും
•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത സംബന്ധിച്ച് പരിഭ്രാന്തി ഒഴിവാക്കണമെന്ന് പൗരന്മാരോട് അറിയിക്കുന്നു .
•കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
•എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
•പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
•നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവൺമെൻ്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും:
•നിലവിൽ ഭൗമ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിടുന്നെങ്കിലും , ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാൻ ഗവൺമെൻ്റ് ശ്രമിച്ചു വരുന്നു .
•വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ , 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണം ഇരട്ടിയാക്കിയിട്ടുണ്ട്
•എണ്ണ സംസ്കരണ ശാലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി നിർദിഷ്ട മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിന്റെയും ആവശ്യകതയുടെയും കാര്യത്തിൽ ഗവൺമെൻ്റ ് ഇതിനകം നിരവധി യുക്തിസഹ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
•എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
•ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും നിർദ്ദേശിച്ചു.
•ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾക്ക് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങൾ:
•1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെൻ്റ ുകൾക്ക് അധികാരം നൽകിയിട്ടുണ്ട്
•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെൻ്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവൺമെൻ്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
•പൗരന്മാർക്ക് ആവശ്യത്തിനുള്ള ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനൽകുന്നതിന് മുൻകൈയെടുത്ത് പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ഗവൺമെൻ്റ ് 27.03.2026 ലും 02.04.2026 ലുമുള്ള കത്തുകളിലൂടെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, 02.04.2026 (MoPNG സെക്രട്ടറി അധ്യക്ഷത വഹിച്ചു ) നും 06.04.2026 (MoPNG സെക്രട്ടറിയും I&B, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും അധ്യക്ഷത വഹിച്ചു ) യോഗങ്ങൾ വിളിച്ചുചേർത്തു, അതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകി :
•ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക
•സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക .
•ജില്ലാ ഭരണകൂടങ്ങളുടെ ദിവസേനയുള്ള പരിശോധന നടപടികൾ ശക്തമാക്കുകയും OMC കളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക
•സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വാണിജ്യ എൽപിജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
•സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകൾക്കായി എസ്‌കെഒ വിഹിതഅനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുക.
•പിഎൻജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
•എൽപിജി വിതരണത്തിന്,പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
•പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
•പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പത്രക്കുറിപ്പുകൾ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു
പരിശോധന, നിരീക്ഷണ നടപടികൾ:
•എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു. 19.04.2026 ന് 1900 ൽ അധികം റെയ്ഡുകൾ നടത്തി.
• പൊതുമേഖല എണ്ണ വിപണന കമ്പനികൾ അപ്രതീക്ഷിത പരിശോധനകൾ ശക്തമാക്കുകയും 267 എൽപിജി വിതരണക്കാർക്ക് പിഴ ചുമത്തുകയും ഇന്നലെ വരെ 67 എൽപിജി വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു..
എൽപിജി വിതരണം:
ആഭ്യന്തര എൽപിജി വിതരണ നില:
•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
• വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
•എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.
• വ്യവസായ അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ ഏകദേശം 99% ആയി വർദ്ധിച്ചു.
•വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 92% ആയി വർദ്ധിച്ചു.
ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
•ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം വീടുകളിൽ ഉറപ്പാക്കുന്നതിനായി നിരവധി എൽപിജി വിതരണ കമ്പനികൾ ഞായറാഴ്ച പ്രവർത്തിച്ചിരുന്നു.
വാണിജ്യ എൽപിജി വിതരണവും വിഹിത വിതരണ നടപടികളും:
•മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിൻ്റെ ഏകദേശം 70% ആയി വർദ്ധിപ്പിച്ചു. ഇതിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട 10% വിഹിതവും ഉൾപ്പെടുന്നു.
•കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും ദൈനംദിന അടിസ്ഥാനത്തിൽ നൽകുന്ന 5 കിലോഗ്രാം FTL സിലിണ്ടറുകളുടെ എണ്ണം 2026 മാർച്ച് 2 മുതൽ 3 വരെയുള്ള കാലയളവിലെ പ്രതിദിന ശരാശരി വിതരണത്തിൻ്റെ ( സിലിണ്ടറുകളുടെ എണ്ണം ) ഇരട്ടിയാക്കുന്നതായി 06.04.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ ് അറിയിച്ചിട്ടുണ്ട്. 21.03.2026 ലെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന 20% പരിധിക്ക് മുകളിലാണിത്. എണ്ണ വിപണന കമ്പനികളുടെ (OMC) സഹായത്തോടെ അതാത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംസ്ഥാന ഗവൺമെൻ്റ ുകളുടെ കൈവശം ലഭ്യമാക്കും
•2026 ഏപ്രിൽ 3 മുതൽ, 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ 7000-ലധികം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 100,000- എണ്ണത്തിൽ കൂടുതൽ 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു. ഇന്നലെ, ഏകദേശം 220 ക്യാമ്പുകളിലൂടെ 5 കിലോഗ്രാം FTL-കൾ 3360 എണ്ണം വിറ്റു.
•2026 മാർച്ച് 23 മുതൽ, 18.45 ലക്ഷത്തിലധികം 5 കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റു.
•സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎൽ, എച്ച്‌പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അംഗങ്ങളായ മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
•കഴിഞ്ഞ 5 ദിവസങ്ങളിൽ പ്രതിദിനം ശരാശരി 7000 മെട്രിക് ടണ്ണിലധികം വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.
° പൊതുമേഖലാ കമ്പനികളുടെ പ്രതിദിന ശരാശരി ഓട്ടോ എൽപിജി വിൽപ്പന ഏകദേശം 305 മെട്രിക് ടൺ ആണ്.2026 ഫെബ്രുവരി മാസത്തിൽ ഇത് ശരാശരി 177 മെട്രിക് ടൺ/ദിവസം എന്ന നിരക്കിൽ ആയിരുന്നു.
•ഓട്ടോ എൽപിജി വിൽപ്പന വിതരണം സ്വകാര്യ കമ്പനികളിൽ നിന്ന് പൊതുമേഖലാ കമ്പനികളിലേക്ക് മാറിയതായി നിരീക്ഷിക്കപ്പെട്ടു. വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി, പൊതുമേഖലാ കമ്പനികളുടെ ഓട്ടോ എൽപിജി വിൽപ്പന വർദ്ധിച്ചു. കർണാടക, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്.
.
പ്രകൃതിവാതക വിതരണവും PNG-ഗതാഗതവും വിപുലീകരിക്കുന്നതിനുള്ള സംരംഭങ്ങൾ
•D-PNG, CNG-ഗതാഗതം എന്നിവ ഉൾപ്പെടെ 100% വിതരണത്തിന് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്
•വളം പ്ലാൻ്റ ുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95% ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
•കൂടാതെ, CGD ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
•വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, എല്ലാ സി ജി ഡി സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റ ീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
•IGL, MGL, GAIL , BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾക്ക് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.
•CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി നടപടികൾ വേഗത്തിൽ നൽകാൻ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
•LPG-യിൽ നിന്ന് PNG-യിലേക്കുള്ള ദീർഘകാല പരിവർത്തനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന പക്ഷം , എല്ലാ സംസ്ഥാനങ്ങൾക്കും/UT-കൾക്കും വാണിജ്യ LPG യുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
•PNG വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധിക വാണിജ്യ LPG വിഹിതം ലഭിക്കുന്നു.
•CGD അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിനായി 3 മാസത്തേക്ക് 'കുറഞ്ഞ സമയപരിധികളോടെ CGD അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ദ്രുത അംഗീകാര ചട്ടക്കൂട്' എന്ന ഒരു പ്രത്യേക പദ്ധതി ആരംഭിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 24.03.26 ലെ കത്തിലൂടെ അറിയിച്ചു.
•1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026, ഇന്ത്യാ ഗവൺമെൻ്റ് 24.03.2026 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും, അനുമതി, ഭൂമി ലഭ്യത എന്നിവയിലെ കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഈ ഉത്തരവ് കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് നൽകുന്നു. PNG ശൃംഖലകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
•ഡി-പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് പിഎൻജിആർബി നിർദ്ദേശം നൽകി. കൂടാതെ, പിഎൻജി വിപുലീകരണത്തിൽ ആക്കം നിലനിർത്തുന്നതിനായി ദേശീയ പിഎൻജി യജ്ഞം 2.0 പരിപാടി 30.06.2026 വരെ നീട്ടിയിട്ടുണ്ട്.
•കൂടുതൽ ശുദ്ധവും സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപകർക്ക് അനുയോജ്യമായതും നിർവഹണ സജ്ജവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ്ഈ മാതൃകാ നയത്തിൻ്റെ ലക്ഷ്യം. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, വാണിജ്യ എൽപിജിയുടെ അധിക വിഹിതത്തിൻ്റെ അടുത്ത ഘട്ടത്തിന് മുൻഗണന നൽകും.
•സിജിഡി ശൃംഖലകൾ / അടിസ്ഥാന സൗകര്യങ്ങൾ എന്നിവ 15 ദിവസത്തിനുള്ളിൽ സ്ഥാപിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ അനുമതി നൽകുന്നതിന് എസ്‌പിസിബി/പിസിസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ 07.04.2026 ലെ ഉത്തരവ് പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സിപിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
•2026 മാർച്ച് മുതൽ ഏകദേശം 4.93 ലക്ഷം PNG കണക്ഷനുകൾ നൽകി.കൂടാതെ, ഏകദേശം 5.51 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
•19.04.2026 വരെ, ഏകദേശം 39,200 PNG ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ LPG കണക്ഷനുകൾ ഉപേക്ഷിച്ചു.
അസംസ്‌കൃത എണ്ണയുടെ സ്ഥിതിയും എണ്ണ സംസ്കരണശാലകളുടെ പ്രവർത്തനങ്ങളും
എല്ലാ എണ്ണ സംസ്കരണശാലകളും മതിയായ അസംസ്‌കൃത എണ്ണ ശേഖരത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ഒപ്പം പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും നിലനിർത്തുന്നുണ്ട്.
ആഭ്യന്തര ഉപഭോഗം പിന്തുണയ്ക്കാന്‍ എണ്ണ സംസ്കരണശാലകളിലെ ഗാർഹിക എൽ.പി.ജി ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ അന്തര്‍ മന്ത്രാലയ സംയുക്ത പ്രവർത്തക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയപ്രകാരം നിർണായക മേഖലകൾക്ക് നിശ്ചിത കുറഞ്ഞ അളവില്‍ C3, C4 വാതകങ്ങള്‍ ലഭ്യമാക്കാൻ പെട്രോകെമിക്കൽ സമുച്ചയങ്ങളടക്കം എണ്ണ സംസ്കരണ കമ്പനികളെ അനുവദിച്ച് 2026 ഏപ്രില്‍ 1-ന് കേന്ദ്ര ഗവൺമെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചു.
ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു - പെട്രോ കെമിക്കൽസ് വകുപ്പ്, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ മരുന്ന്, രാസവസ്തു മേഖലകളിലെ കമ്പനികൾക്ക് എൽ.പി.ജി ശേഖരത്തില്‍നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ അനുവദിച്ചിട്ടുണ്ട്.
2026 ഏപ്രിൽ 9 മുതൽ ഇതുവരെ 4050 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീൻ വിൽപന നടത്തി.
ചില്ലറവിപണിയിലെ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
രാജ്യത്തുടനീളം ഇന്ധന ചില്ലറവില്പന കേന്ദ്രങ്ങള്‍ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണ വിലയിൽ അസ്വാഭാവിക വർധനയ്ക്ക് കാരണമായിട്ടുണ്ട്. എങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കേന്ദ്രഗവൺമെൻ്റ് ലിറ്ററിന് 10 രൂപ വീതം കുറച്ചു.
ഈ ഉല്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന് 2026 ഏപ്രില്‍ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും വ്യോമയാന ഇന്ധനത്തിൻ്റേ ത് ലിറ്ററിന് 42 രൂപയായും വര്‍ധിപ്പിച്ചു.
പെട്രോളിൻ്റെയും ഡീസലിൻ്റെയും സാധാരണ ചില്ലറവില്പന വിലയിൽ മാറ്റമില്ല. കൂടാതെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറവില്പന കേന്ദ്രങ്ങളിലും വില വർധനയില്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാധാരണ അനുവദിക്കുന്നതിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.
18 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിൽ നിന്ന് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അറിയിച്ചു.
സമുദ്ര സുരക്ഷയും കപ്പല്‍ഗതാഗത പ്രവർത്തനങ്ങളും
പേർഷ്യൻ ഉള്‍ക്കടലിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രാലയം വിശദീകരിച്ചു:
കപ്പലുകള്‍ സംബന്ധിച്ച വിവരം: 97,422 മെട്രിക് ടൺ അസംസ്‌കൃത എണ്ണയുമായി ഇന്ത്യൻ പതാകയേന്തിയ 'ദേശ് ഗരിമ' എന്ന ടാങ്കർ കപ്പൽ 2026 ഏപ്രിൽ 18-ന് സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടു. 31 ഇന്ത്യൻ നാവികരുമായി ഈ കപ്പൽ 2026 ഏപ്രിൽ 22-ന് മുംബൈയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 48 മണിക്കൂറിനിടെ വി.എൽ.സി.സി സംനർ ഹെറാൾഡ്, ബൾക്ക് കാരിയർ ജഗ് അർണവ് എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് അവ പേർഷ്യൻ ഉള്‍ക്കടലിലേക്ക് മടങ്ങി. നാവികരില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
രണ്ട് കപ്പലുകളിലെയും നാവികരുമായും ഉടമകളുമായും മന്ത്രാലയം തുടർച്ചയായി ആശയവിനിമയം നടത്തുകയും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് കേന്ദ്രഗവൺമെൻ്റ് പ്രഥമ പരിഗണന നൽകുന്നത്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരുന്ന മന്ത്രാലയം സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട പങ്കാളികളുമായും ഏകോപനത്തോടെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു.
ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ കൺട്രോൾ റൂം സംബന്ധിച്ച വിവരം: കൺട്രോൾ റൂം സജ്ജമാക്കിയത് മുതൽ ഇതുവരെ 6,918 ഫോണ്‍ കോളുകളും 14,605-ലധികം ഇ-മെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കോളുകളും 135 ഇമെയിലുകളും ലഭിച്ചു.
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച വിവരം: ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ വഴി മന്ത്രാലയം ഇതുവരെ 2,563-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ് മേഖലയിലെ വിവിധയിടങ്ങളില്‍നിന്ന് തിരിച്ചെത്തിയ 25 പേരും ഇതിലുൾപ്പെടുന്നു.
തുറമുഖ പ്രവർത്തനങ്ങൾ: ഇന്ത്യയിലുടനീളം തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. ഒരിടത്തും അസാധാരണ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് മന്ത്രാലയം വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്:
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം ഗൾഫ് രാജ്യങ്ങളുമായി ആശയവിനിമയം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവൽ ഏപ്രിൽ 19-ന് റിയാദിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്‍ രാജകുമാരന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് അൽ-ഐബാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും പരസ്പര താല്പര്യമുള്ള മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
വിദേശകാര്യ മന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവ വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നു.
വിവരങ്ങൾ പങ്കുവെക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നു.
വിദേശത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കി ഇന്ത്യക്കാരെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുമായി ഇവർ അടുത്ത സമ്പർക്കം പുലർത്തുന്നു.
പ്രാദേശിക ഗവൺമെൻ്റുകളുടെ മാർഗനിർദേശങ്ങൾ, വിമാന സർവീസ്-യാത്രാ വിവരങ്ങൾ, കോൺസുലർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ സഹായിക്കുന്നതിന് വിവിധ ക്ഷേമ നടപടികൾ എന്നിവ ഉൾപ്പെടുത്തി പുതുക്കിയ നിർദ്ദേശങ്ങൾ നയതന്ത്രകാര്യാലയങ്ങള്‍ കൃത്യമായി പുറപ്പെടുവിക്കുന്നു.
പ്രവാസി സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവയുമായി പതിവ് ആശയവിനിമയം നടത്തുന്ന ഇന്ത്യൻ അംബാസഡർമാർ അവരുടെ ആശങ്കകൾ പരിഹരിക്കുന്നു.
മേഖലയിലെ ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഗവൺമെൻ്റ് ഉയർന്ന മുൻഗണന നൽകുന്നു. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. പ്രാദേശിക അധികാരികളുമായി ഏകോപനത്തോടെ കോൺസുലർ സഹായവും നാട്ടിലേക്ക് മടങ്ങാന്‍ ലഭ്യമാക്കുന്ന സഹായവും ഇതിലുൾപ്പെടുന്നു.
വ്യോമപാത തുറന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ തുടരുകയാണ്. ഫെബ്രുവരി 28 മുതൽ ഏകദേശം 11,30,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യയ്ക്കും യു.എ.ഇ-യ്ക്കുമിടയിൽ പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്ന് മാത്രം ഇന്ത്യയ്ക്കും യു.എ.ഇ-യ്ക്കുമിടയിൽ ഏകദേശം 110 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ തുടരുന്നു.
ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് പത്തോ പതിനൊന്നോ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുകയാണ്. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത പ്രത്യേക വാണിജ്യ വിമാനങ്ങളുടെ സർവീസ് നടത്തുന്നുണ്ട്.
ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ നടത്താൻ ഗൾഫ് എയർ പദ്ധതിയിടുന്നു. നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇവർ ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങളുടെ സര്‍വീസ് നടത്തുന്നുണ്ട്.
ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്. മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകളുണ്ട്. ഇത് ഇന്ത്യയിലേക്ക് തുടർ യാത്രയ്ക്കായി ഉപയോഗിക്കാം.
ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,358 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സഹായിച്ചു. 1,041 ഇന്ത്യൻ വിദ്യാർത്ഥികളും 657 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഇതിലുൾപ്പെടുന്നു.
ഇസ്രയേൽ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര തുടരുന്നു.
ചരക്ക് വിമാനങ്ങൾക്കും ചാർട്ടേഡ് വിമാനങ്ങൾക്കുമായി ഇറാനിയൻ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്കെത്താനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സഹായം നൽകുന്നത് തുടരുന്നു. ഇതുവരെ 2,423 ഇന്ത്യൻ പൗരന്മാർ ഇത്തരത്തിൽ ഇറാനിൽ നിന്ന് പുറത്തുകടന്നു. 1,091 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഇതിലുൾപ്പെടുന്നു.
ഇസ്രയേൽ വ്യോമപാത തുറന്നതോടെ മേഖലയിലെ മറ്റ് നഗരങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്രചെയ്യാനും ഇവ ഉപയോഗിക്കാം. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലൂടെ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്ന നടപടികളും തുടരുകയാണ്.
****
( റിലീസ് ഐ.ഡി: 2253935)
സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada