വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

അത്യാധുനിക സാങ്കേതിക വിദ്യകളിലും ഡിജിറ്റൽ പരിവർത്തനത്തിലും സഹകരണം ശക്തിപ്പെടുത്താൻ സി-ഡാക്കുമായി ബിഇസിഐഎൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 18 APR 2026 1:00PM by PIB Thiruvananthpuram

അത്യാധുനിക സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം, കാര്യക്ഷമത വർധിപ്പിക്കൽ എന്നീ മേഖലകളിൽ സഹകരിക്കുന്നതിനായി ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ), സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങുമായി (സി-ഡാക്) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സംയുക്ത പദ്ധതി നിർവ്വഹണം, കൺസൾട്ടൻസി, സാങ്കേതിക പിന്തുണ എന്നിവയ്‌ക്കൊപ്പം നിർമിതബുദ്ധി (എഐ), യന്ത്രപഠനം (മെഷീൻ ലേണിങ്-എംഎൽ), ഇൻ്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി), സൈബർ സുരക്ഷ, 5 ജി, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ പ്രശ്‌നപരിഹാര വികസനം എന്നിവയിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ മേഖലകളിൽ പൂർണ്ണ സജ്ജമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും നൂതന ഉൽപ്പന്നങ്ങളുടെ സാങ്കേതിക കൈമാറ്റത്തിനും വാണിജ്യവത്കരണത്തിനും ഇത് സഹായകമാകും. സാങ്കേതിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യക്ഷമതാ വികസനം, തൊഴിലാളികളുടെ മികവ് വർദ്ധിപ്പിക്കൽ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവയ്ക്ക് ഈ പങ്കാളിത്തം കൂടുതൽ ഊന്നൽ നൽകുന്നു.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബിഇസിഐഎൽ ഒ ആൻഡ് എം ഡയറക്ടർ റിട്ട. ഇന്ത്യൻ നാവികസേന ക്യാപ്റ്റൻ സൗരവ് ചൗഹാൻ, സി-ഡാക് രജിസ്ട്രാർ ശ്രീ. നിരഞ്ജൻ വൈഷ്ണവ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

 


 

സി-ഡാക്കുമായുള്ള ഈ സഹകരണം അത്യാധുനിക സാങ്കേതികവിദ്യകളിലും ഡിജിറ്റൽ പരിവർത്തനത്തിലും ബിഇസിഐഎല്ലിൻ്റെ കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ചടങ്ങിൽ സംസാരിച്ച ബിഇസിഐഎൽ സി.എം.ഡി റിട്ട. കൊമ്മഡോർ ഡി.കെ. മുരളി പറഞ്ഞു. രണ്ട് സ്ഥാപനങ്ങളുടെയും പരസ്പര പൂരക ശക്തികൾ പ്രയോജനപ്പെടുത്തി, ഫലപ്രദമായ പരിഹാരങ്ങൾ നൽകാനും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയ്ക്ക് സംഭാവന നൽകാനുമാണ് പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ ഗവണ്മെൻ്റിൻ്റെ 'ഡിജിറ്റൽ ഇന്ത്യ' എന്ന ദർശനത്തിന് അനുസൃതമായി, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുന്നതിനും,  കരുത്തുറ്റതും ഭാവിയോജ്യമായതുമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സംഭാവനയേകുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഇസിഐഎല്ലിനെക്കുറിച്ച്:


കേന്ദ്രസർക്കാറിൻ്റെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്‌ന കാറ്റഗറി-ഒന്നിൽപെട്ട പൊതുമേഖലാ സ്ഥാപനമാണ് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ). 1995-ൽ സ്ഥാപിതമായ ഈ കമ്പനി പ്രക്ഷേപണം, വിവരസാങ്കേതികവിദ്യ, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങളും പൂർണസജ്ജമായ പരിഹാരനിർദേശങ്ങളും നൽകുന്നു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സേവനം നൽകിക്കൊണ്ട് ഇ-ഗവേണൻസ്, സ്മാർട്ട് സിറ്റികൾ, ആരോഗ്യ സംരക്ഷണം, മനുഷ്യവിഭവശേഷി സേവനങ്ങൾ തുടങ്ങിയ മേഖലകളിലേക്കും ബിഇസിഐഎൽ അതിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.

സി-ഡാക്കിനെക്കുറിച്ച്

ഇന്ത്യാ ഗവണ്മെൻ്റിൻ്റെ കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക വിദ്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഗവേഷണ വികസന സ്ഥാപനമാണ് സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്). അത്യാധുനിക കമ്പ്യൂട്ടിങ്, ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന കമ്പ്യൂട്ടിങ്, നിർമിത ബുദ്ധി, സൈബർ സുരക്ഷ, സോഫ്‌റ്റ്‌വെയർ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലാണ് ഇത് പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യകൾ, ഉൽപ്പന്നങ്ങൾ, കാര്യക്ഷമതാ വർധന പരിപാടികൾ എന്നിവയുടെ വികസനത്തിലൂടെ സി-ഡാക് ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നു.
 

****


( റിലീസ് ഐ.ഡി: 2253286) സന്ദര്‍ശക കൗണ്ടര്‍ : 11