പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 12 APR 2026 4:51PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ സംഭവങ്ങളുടെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യാ ഗവൺമെൻ്റ്     സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിർണായക മേഖലകളിലെ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ഏകോപിത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന സഹായം എന്നീ മേഖലകളിൽ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങൾ ഇനി വിവരിക്കുന്നു:

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന സംഭവവികാസങ്ങൾക്കിടയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളുടെ കർമപദ്ധതിയും നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങളും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പങ്കിട്ടു. ഇത് ഇപ്രകാരമാണ്:

പൊതുജന മാർഗ്ഗനിർദേശവും പൗരബോധവും

പെട്രോൾ, ഡീസൽ, എൽപിജി എന്നിവ സംബന്ധിച്ച പരിഭ്രാന്തി ഒഴിവാക്കാനും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും ജനങ്ങൾക്ക് നിർദേശം നൽകി.

എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.

പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനമാർഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

 ഗവണ്മെൻ്റ്     തയ്യാറെടുപ്പും വിതരണ നിയന്ത്രണ നടപടികളും

ഭൗമരാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നൽകുന്നതിനൊപ്പം, ആഭ്യന്തര എൽപിജി, പിഎൻജി വിതരണത്തിനും ഗവണ്മെൻ്റ്     മുൻഗണന നൽകിയിട്ടുണ്ട്.
**റിഫൈനറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിനായി ഗവണ്മെൻ്റ്     നിരവധി നടപടികൾ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട് .
** എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
** ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി വിതരണം ചെയ്യാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറിസിനും നിർദ്ദേശം നൽകിയിട്ടുണ്ട് 
** ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്കായി പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി ഏകോപിതമായ ശ്രമങ്ങൾ

1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്.

27.03.2026 ലും 02.04.2026 ലും ഇന്ത്യാ ഗവൺമെൻ്റ്     അയച്ച കത്തുകൾ പ്രകാരം മതിയായ ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനൽകുന്നതിനായി പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, 02.04.2026 നും (പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി അധ്യക്ഷത വഹിച്ചു ) 06.04.2026 നും (വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, ഉപഭോക്തൃ കാര്യ മന്ത്രാലയ സെക്രട്ടറി എന്നിവർക്കൊപ്പം പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ) യോഗം വിളിച്ചുചേർത്തു. അതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകി :

•ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജന മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുക.

സമൂഹ മാധ്യമത്തിൽ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ എന്നിവ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

 ജില്ലാ ഭരണകൂടത്തിന്റെ ദൈനംദിന പരിശോധനകൾ ശക്തമാക്കുക 

ഒഎംസികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുക 

അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിഹിത ഉത്തരവുകൾ പുറപ്പെടുവിക്കുക

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവദിച്ചിട്ടുള്ള അധിക എസ്‌കെഒകൾക്കായി എസ്‌കെഒ വിഹിത ഉത്തരവുകൾ പുറപ്പെടുവിക്കുക.

പിഎൻജിയിലേക്കുള്ള മാറ്റവും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി എൽപിജി വിതരണത്തിന് മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും യുടികളിലും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ, 24 സംസ്ഥാനങ്ങളിലും യുടികളിലും പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നുണ്ട്.

പരിശോധന & നിരീക്ഷണ നടപടികൾ

എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം എൻഫോഴ്‌സ്‌മെൻ്റ്   നടപടികൾ തുടരുന്നു. 11.04.2026 ന് രാജ്യത്തുടനീളം 2700 ലധികം റെയ്ഡുകൾ നടത്തി.

പിഎസ്‌യു എണ്ണ വിപണന കമ്പനികൾ അപ്രതീക്ഷിത പരിശോധനകൾ ശക്തിപ്പെടുത്തുകയും തുടരുകയും ചെയ്യുന്നു. 

219 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ഇതുവരെ 56 വിതരണകേന്ദ്രങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു

എൽപിജി വിതരണം


ഗാർഹിക എൽപിജി വിതരണ നില:

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നു.

എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.

 ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഏകദേശം 98% ആയി വർദ്ധിച്ചു.

വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 93% ആയി വർദ്ധിച്ചു.

ഗാർഹിക എൽപിജി സിലിണ്ടർ വിതരണം സാധാരണ നിലയിലാണ്.

11.04.2026 ന്, 52.3 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.

വാണിജ്യ എൽപിജി വിതരണവും വിഹിത അനുമതിക്കുള്ള നടപടികളും:

മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള കാലയളവിലെ നിലവാരത്തിൻ്റെ ഏകദേശം 70% ആയി വർദ്ധിപ്പിച്ചു, പരിഷ്കരണവുമായി ബന്ധപ്പെട്ട 10% വിഹിതവും ഇതിൽ ഉൾപ്പെടുന്നു.

 2026 മാർച്ച് 2 മുതൽ 3 വരെയുള്ള കാലയളവിൽ കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി നൽകുന്ന 5 കിലോഗ്രാം FTL സിലിണ്ടറുകളുടെ ദൈനംദിന ലഭ്യത ഇരട്ടിയാക്കുന്നതായി 06.04.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ്  അറിയിച്ചിട്ടുണ്ട്. 21.03.2026 ലെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന 20% പരിധിക്ക് മുകളിലാണ് ഇത്. ഈ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംസ്ഥാനത്തെ എണ്ണ വിപണന കമ്പനികളുടെ (OMC) സഹായത്തോടെ,അതാത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവണമെൻ്റുകൾക്ക് അനുവദിക്കും. 

കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഏകദേശം 3300 ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ പരിപാടിയിലൂടെ 5 കിലോഗ്രാം FTL സിലിണ്ടറുകൾ 35,800 എണ്ണംവിറ്റു.

2026 ഫെബ്രുവരി 26 മാസത്തിൽ പ്രതിദിനം ശരാശരി 77000 ആയിരുന്നു വില്പന. 11.04.2026 ന് രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു.
 2026 മാർച്ച് 23 മുതൽ, 13 ലക്ഷത്തിലധികം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.

വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന മൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കുന്നു.

2026 മാർച്ച് 14 മുതൽ ആകെ 1,20,898 മെട്രിക് ടൺ (19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ 63.6 ലക്ഷത്തിലധികം എണ്ണം ) വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.

11.04.2026 ന്, 7665 മെട്രിക് ടൺ വാണിജ്യ എൽപിജി (19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് തുല്യമായ 4 ലക്ഷത്തിലധികം ) വിറ്റു.
പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും

• ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക്  നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.

• നിലവിലെ ഇന്ധന ശേഖരത്തിൻ്റേയും എത്തിച്ചേരാനിരിക്കുന്ന എൽഎൻജി ചരക്കുകൾ സംബന്ധിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിൽ,  വളം നിർമ്മാണ ശാലകൾക്കുള്ള മൊത്തം ഗ്യാസ് വിഹിതം അഞ്ച് ശതമാനം കൂടി വർദ്ധിപ്പിച്ചു. ഇതോടെ 2026 ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരുംവിധം, ഈ ശാലകൾക്ക് അവരുടെ കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനം ഗ്യാസ് ലഭ്യമാകും.

• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ  ഗവൺമെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും  അഭ്യർത്ഥിച്ചിട്ടുണ്ട്.

• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ്   വാഗ്ദാനം ചെയ്തിട്ടുണ്ട്.

• പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ  ഇതിനകം തന്നെ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.

•  സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനായി റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക്  ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്.

• 1955-ലെ അവശ്യവസ്തു നിയമപ്രകാരം,  2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യാ ഗവൺമെൻ്റ്    വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ  മെച്ചപ്പെടുത്തുകയും,  പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട്  കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

• പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ പിഎൻജിആർബി ദീർഘിപ്പിച്ചു.

• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി,  ഇന്ത്യാ ഗവൺമെൻ്റ്   ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.

• 2026 മാർച്ച് മുതൽ ഏകദേശം 4.24 ലക്ഷം പിഎൻജി കണക്ഷനുകളിൽ വാതക വിതരണം ആരംഭിച്ചു. കൂടാതെ ഏകദേശം 4.66 ലക്ഷം പുതിയ ഉപഭോക്താക്കൾ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

• 2026 ഏപ്രിൽ 11 വരെയുള്ള കണക്കുകൾ പ്രകാരം, 30,000-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.

ക്രൂഡ് ഓയിൽ നിലയും റിഫൈനറി പ്രവർത്തനങ്ങളും

• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നുണ്ട്.

• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

• ഫാർമസ്യൂട്ടിക്കൽ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെമിക്കൽസ്-പെട്രോകെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോ കെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യാ ഗവൺമെൻ്റ്    ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് അനുമതി നല്കിയിട്ടുണ്ട്. മേൽപ്പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പ്രതിദിനം 800 മെട്രിക് ടൺ എന്ന തോതിൽ വിഹിതം അനുവദിച്ചിട്ടുണ്ട്.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  ചില്ലറ വില്പനശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

•  മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി,  ഇന്ത്യാ ഗവൺമെൻ്റ്    പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രിൽ 11-ലെ ഗസറ്റ് വിജ്ഞാപനം വഴി  ഇന്ത്യാ ഗവൺമെൻ്റ്    ഡീസലിൻ്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിൻ്റേത്  ലിറ്ററിന് 42 രൂപയായും വർദ്ധിപ്പിച്ചു.

•  പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. ചില്ലറ വില്പന ശാലകളിൽ വില വർദ്ധന ഉണ്ടായിട്ടില്ല.

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

•  പതിവ് വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാതാ  മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം അറിയിച്ച പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

• ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

• ഷിപ്പിംഗ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 6,053 കോളുകളും 12,787-ലധികം ഇമെയിലുകളും കൺട്രോൾ റൂം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 80 കോളുകളും 112 ഇമെയിലുകളും ലഭിച്ചു.

• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 2,084-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 75 പേരും ഇതിൽ ഉൾപ്പെടുന്നു.

 •  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

•  ഇന്ത്യൻ നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി മന്ത്രാലയം ഏകോപനം തുടരുന്നു.


മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.  പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹായങ്ങൾ നല്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്:

• ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ   ഗവൺമെൻ്റ്    അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.

• വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

•  ഈ മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിലാണ് പ്രവർത്തനങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

•  മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ അവർ മുൻകൈയെടുത്ത് നല്കിവരുന്നു.

•  പ്രാദേശിക  ഗവൺമെൻ്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ  പുറപ്പെടുവിക്കുന്നുണ്ട്.

• മേഖലയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.

• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 8,97,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ  പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 95 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.

• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.

• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 8 മുതൽ 10 വരെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നത്. കുവൈറ്റിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി തുടരുന്നു.

• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ഉടൻ തന്നെ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ സർവീസ് നടത്തുന്നത്. ബഹ്‌റൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര സൗദി അറേബ്യ വഴി തുടരുന്നു.

• ഇറാൻ വ്യോമപാത അടഞ്ഞുകിടക്കുകയാണ്. ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.

• ഇസ്രായേൽ വ്യോമപാത അടഞ്ഞുകിടക്കുന്നു. ഇന്ത്യയിലേക്കുള്ള പൗരന്മാരുടെ യാത്ര ജോർദ്ദാൻ, ഈജിപ്ത്  വഴി സുഗമമാക്കുന്നു.

• ഇറാഖ് വ്യോമപാത നിയന്ത്രിത വിമാന സർവീസുകളോടെ തുറന്നിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ യാത്ര ജോർദ്ദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക് സുഗമമാക്കുന്നു.

***


( റിലീസ് ഐ.ഡി: 2251380) സന്ദര്‍ശക കൗണ്ടര്‍ : 20