പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയതല പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 08 APR 2026 6:07PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, കേന്ദ്ര സർക്കാർ ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും വിവിധ മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ച നടപടികളും പങ്കുവെച്ചു. കൽക്കരി മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ കൽക്കരി മന്ത്രാലയം പങ്കുവെച്ചു.

കൽക്കരി മേഖലയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ
കൽക്കരിയുടെ നിലവിലെ ലഭ്യതയെക്കുറിച്ചും രാജ്യത്തുടനീളം തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും കൽക്കരി മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം അറിയിച്ചതനുസരിച്ച്:

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ, കൽക്കരി മേഖലയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും റെയിൽവേയുടേയും ഖനികളിലും താപനിലയങ്ങളിലുമുള്ള മതിയായ കൽക്കരി ശേഖരത്തിൻ്റേയും പിന്തുണയോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു. വർഷം മുഴുവനുമുള്ള ക്രിയാത്മകമായ സമീപനത്തിലൂടെയും സമയബന്ധിതമായ ആസൂത്രണത്തിലൂടെയും പശ്ചിമേഷ്യയിലെ സാഹചര്യം മാറുന്നതിന് മുൻപുതന്നെ മതിയായ സ്റ്റോക്ക് സജ്ജമാക്കിയിരുന്നു. ഇത് രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയും സംഭവിക്കാവുന്ന തടസ്സങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയും ചെയ്തു.

  • മാറുന്ന ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, കൽക്കരി മന്ത്രാലയം സജീവവും ഏകോപിതവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തടസ്സമില്ലാത്ത കൽക്കരി വിതരണം ഉറപ്പാക്കുന്നതിനും ക്ഷാമം തടയുന്നതിനുമായി വർദ്ധിപ്പിച്ച ലഭ്യതയിലൂടെയും ഊർജ്ജ മന്ത്രാലയം, ഇന്ത്യൻ റെയിൽവേ, സംസ്ഥാന സർക്കാരുകൾ എന്നിവയുമായുള്ള അടുത്ത ഏകോപനത്തിലൂടെയും താങ്ങാനാവുന്ന വിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനം ഉൾപ്പെടെയുള്ള നടപടികൾ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്

  • സ്ഫോടക വസ്തുക്കളുടേയും ഡീസലിൻ്റേയും വർദ്ധിച്ച വില ഉൾപ്പെടെയുള്ള ഉയർന്ന ഇൻപുട്ട് ചെലവുകൾ, ഉപഭോക്താക്കളിലേക്ക് കൈമാറാതെ കൽക്കരി ഇന്ത്യ ലിമിറ്റഡും സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡും ഏറ്റെടുത്തു.

  • താങ്ങാനാവുന്ന വിലയും ലഭ്യതയും ഉറപ്പാക്കുന്നതിനായി, കോൾ ഇന്ത്യ ലിമിറ്റഡ് ഇ-ലേലങ്ങളിലെ കൽക്കരിയുടെ കരുതൽ വില 20 ശതമാനം കുറയ്ക്കുകയും, ഇ-ലേലങ്ങൾ, സ്റ്റേറ്റ് നോമിനേറ്റഡ് ഏജൻസി സംവിധാനം എന്നിവയിലൂടെ വിതരണം വർദ്ധിപ്പിക്കുകയും ചെയ്തു. ചെറുകിട, ഇടത്തരം, മറ്റ് വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾ എന്നിവർക്കുള്ള കൽക്കരി വിതരണം ഈ രണ്ട് ചാനലുകളിലൂടെയും മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടിയന്തര, ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന വിഹിതം അനുവദിക്കുകയും ചെയ്തു.

  • 2026 മാർച്ചിൽ കൽക്കരി ഇന്ത്യ ലിമിറ്റഡ് ഇ-ലേലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും 32.53 ദശലക്ഷം ടൺ കൽക്കരി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതിൽ 13.32 ദശലക്ഷം ടൺ (ഏകദേശം 40.94 ശതമാനം) ബുക്ക് ചെയ്യപ്പെട്ടു, ഇത് മതിയായ വിതരണത്തെ സൂചിപ്പിക്കുന്നു. 2026 ഏപ്രിലിലേക്ക് 25.80 ദശലക്ഷം ടൺ വാഗ്ദാനം ചെയ്യുന്ന 30 ഇ-ലേലങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുവരെ 3.20 ദശലക്ഷം ടൺ ലഭ്യമാക്കുകയും 1.24 ദശലക്ഷം ടൺ (ഏകദേശം 38.75 ശതമാനം) ബുക്ക് ചെയ്യപ്പെടുകയും ചെയ്തു.

  • ന്യായമായ വിതരണം ഉറപ്പാക്കുന്നതോടൊപ്പം, പൂഴ്ത്തിവെയ്പ്പും അമിതലാഭമെടുക്കുന്നതും തടയുന്നതിനും ആവശ്യങ്ങൾ കൃത്യസമയത്ത് സമർപ്പിക്കാനും മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നല്കി. സ്റ്റേറ്റ് നോമിനേറ്റഡ് ഏജൻസികൾ വഴിയുള്ള കൽക്കരി ഏറ്റെടുക്കൽ ദിവസേന നിരീക്ഷിച്ചുവരികയാണ്. 2025-26 വർഷത്തെ വാർഷിക ശരാശരി ഏറ്റെടുക്കൽ അനുവദിച്ച വിഹിതത്തിൻ്റെ 14.26 ശതമാനമായിരുന്നു. ബാക്കി വിഹിതം 31.03.2026-ന് ശേഷം 90 ദിവസത്തിനുള്ളിൽ കൈപ്പറ്റാൻ സംസ്ഥാനങ്ങൾക്ക് അനുമതി നല്കിയിട്ടുണ്ട്, ഈ ദീർഘിപ്പിച്ച കാലയളവിലെ ഏറ്റെടുക്കൽ നിലവിൽ 14.75 ശതമാനമാണ്.

  • സംസ്ഥാനങ്ങളുമായുള്ള ഏകോപനത്തെത്തുടർന്ന് ബിഹാർ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ വിഹിതത്തിനായുള്ള അപേക്ഷകൾ സമർപ്പിച്ചു, 2026-27 വർഷത്തേക്ക് ആകെ 1.502 ദശലക്ഷം ടൺ കൽക്കരി അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്ന് അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് അവർക്കുള്ള വിഹിതം അനുവദിക്കുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്.

  • മൂല്യശൃംഖലയിലുടനീളം മതിയായ കരുതൽ ശേഖരം നിലനിർത്തിയിട്ടുണ്ട്. 06.04.2026 ലെ കണക്കനുസരിച്ച് താപനിലയങ്ങളിലെ കൽക്കരി ശേഖരം 55.18 ദശലക്ഷം ടൺ ആണ്. സമീപകാല ഉപഭോഗത്തെ അടിസ്ഥാനമാക്കി ഏകദേശം 24 ദിവസത്തേക്ക് ഇത് മതിയാകും. ഇതിനുപുറമെ, കോൾ  ഇന്ത്യ ലിമിറ്റഡ്, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് ഖനികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ ശേഖരവും നീക്കത്തിലുള്ളതും ഉൾപ്പെടെ ഏകദേശം 171.90 ദശലക്ഷം ടൺ കൽക്കരി ഖനികളിലും നീക്കത്തിലുമായി ലഭ്യമാണ്.

  • കൽക്കരി ഉത്പാദനം ഉപഭോഗവുമായി പൊരുത്തപ്പെട്ടു തുടരുന്നതിനാൽ കുറവ് ഉണ്ടായിട്ടില്ല. കൂടാതെ ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള പിന്തുണയും പര്യാപ്തമായി തുടരുന്നു. ശക്തമായ ലോജിസ്റ്റിക്സ് പിന്തുണയും മികച്ച ശേഖരവും ഉള്ളതിനാൽ രാജ്യത്തിൻ്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ കൽക്കരി മേഖല പൂർണ്ണമായും സജ്ജമാണ്.

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും


ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യം സംബന്ധിച്ച പുതിയ വിവരങ്ങൾ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി:

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും

  • പെട്രോൾ, ഡീസൽ, എൽപിജി എന്നിവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൗരന്മാർക്ക് നിർദ്ദേശം നല്കുന്നു.
  • എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ  നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
  • സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
  • നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

ഗവണ്മെൻ്റിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ തന്നെ, ഗാർഹിക എൽപിജി, പിഎൻജി വിതരണത്തിന്, പ്രത്യേകിച്ച് ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഉയർന്ന മുൻഗണന നല്കിയിട്ടുണ്ട്.
  • റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഗവണ്മെൻ്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
  • എൽ‌പി‌ജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
  • ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
  • ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

  • പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.


• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം  സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നല്കി:

 ◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുക.

 ◦  സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

 ◦  ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലുള്ള ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണ വിതരണ കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

 ◦  അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

 ◦  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.

 ◦ പി.എൻ.ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.

 ◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക, വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.

  • പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
  • നിലവിൽ 24 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നുണ്ട്.

പരിശോധനയും നിരീക്ഷണ നടപടികളും

  • എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികൾ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 4000 റെയ്ഡുകൾ നടത്തുകയും 1000-സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
  • രാജ്യത്തുടനീളം ഇതുവരെ 56,000-ത്തിലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു.
  • പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ  മിന്നൽ പരിശോധനകൾ ശക്തമാക്കുകയും 1770-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ നല്കുകയും ചെയ്തു. കൂടാതെ 175 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 51 വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

 

എൽപിജി വിതരണം

ഗാർഹിക എൽപിജി വിതരണ സ്ഥിതി:

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.
  • എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് വ്യവസായത്തിൽ ഉടനീളം 95 ശതമാനമായി വർദ്ധിച്ചു.
  • വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 91 ശതമാനമായി ഉയർന്നു.
  • ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.
  • 2026 ഏപ്രിൽ 7-ന് 53.5 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.

വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
 

•  മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

•  2026 ഏപ്രിൽ 8-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് താഴെ പറയുന്ന കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്:

◦  ഫാർമ, ഭക്ഷണം, പോളിമർ, കൃഷി, പാക്കേജിംഗ്, പെയിൻ്റ്, യുറേനിയം, ഹെവി വാട്ടർ, സ്റ്റീൽ, വിത്തുകൾ, ലോഹം, സെറാമിക്, ഫൗണ്ടറി, ഫോർജിംഗ്, ഗ്ലാസ്, എയറോസോൾ തുടങ്ങിയ മേഖലകളിലെ വ്യവസായ യൂണിറ്റുകൾക്കും 2026 മാർച്ചിന് മുൻപുള്ള അവയുടെ മൊത്തം ഗാർഹികേതര എൽപിജി ഉപഭോഗത്തിൻ്റെ 70 ശതമാനം ലഭിക്കും. ഇത് പ്രതിദിനം 0.2 ടിഎംടി എന്ന മൊത്തം സെക്ടറൽ പരിധിക്ക് വിധേയമായിരിക്കും.
◦  ഈ വിഹിതത്തിന് കീഴിൽ ബൾക്ക് എൽപിജി ലഭിക്കുന്നതിന്, എണ്ണ വിതരണ കമ്പനികളിൽ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട 2026 മാർച്ച് 21-ലെ കത്തിലെ ഖണ്ഡിക (b)-യിലെ നിബന്ധനകളും, സിജിഡി സ്ഥാപനങ്ങൾക്ക് പിഎൻജി അപേക്ഷ നല്കുന്നത് സംബന്ധിച്ച ഖണ്ഡിക (c)-യിലെ നിബന്ധനകളും അതത് വ്യവസായങ്ങൾ പാലിച്ചിരിക്കണം. എന്നാൽ, മേൽപ്പറഞ്ഞ വ്യവസായങ്ങൾ എൽപിജി ഒരു അവിഭാജ്യ ഘടകമായോ അല്ലെങ്കിൽ പ്രകൃതിവാതകം ഉപയോഗിച്ച് മാറ്റാൻ കഴിയാത്ത പ്രത്യേക ആവശ്യങ്ങൾക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ, പിഎൻജി അപേക്ഷ നല്കണമെന്ന നിബന്ധന ഒഴിവാക്കുന്നതാണ്.
•  കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ അടിസ്ഥാനത്തിണ് ഈ വർദ്ധനവ്. ഈ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരുകൾക്ക് വിട്ടുനല്കും.
•   2026 മാർച്ച് 23 മുതൽ ഏകദേശം 8.9  ലക്ഷം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
• കഴിഞ്ഞ 5 ദിവസത്തിനിടെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 1600 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതേത്തുടർന്ന് 14,000-ത്തിലധികം 5 കിലോ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
•  2026 ഏപ്രിൽ 7-ന് രാജ്യത്തുടനീളം 1.1 ലക്ഷത്തിലധികം 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. 2026 ഫെബ്രുവരിയിലെ പ്രതിദിന ശരാശരി 77,000 ആയിരുന്നു.
•  ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന അധികാരികളുമായും വ്യവസായ  സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു.
•  2026 മാർച്ച് 14 മുതൽ ഏകദേശം 93,085 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 49 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു. ഇന്നലെ മാത്രം 6646 മെട്രിക് ടൺ വാണിജ്യ എൽ.പി.ജിയാണ് (3.5 ലക്ഷത്തിലധികം 19 കിലോ സിലിണ്ടറുകൾക്ക് തുല്യം) വിറ്റഴിക്കപ്പെട്ടത്.

 

പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും

• ആഭ്യന്തര പിഎൻജി, സിഎൻജി ഗതാഗത മേഖലയ്ക്കുള്ള 100% വിതരണം ഉൾപ്പെടെ, മുൻഗണനാ മേഖലകൾക്ക് വിതരണ സംരക്ഷണം തുടർന്നും നൽകുന്നു.

• ലഭ്യമായ സംഭരണത്തിൻ്റെയും ഷെഡ്യൂൾ ചെയ്ത എൽഎൻജി കാർഗോ വരവിൻ്റെയും അടിസ്ഥാനത്തിൽ, വളം പ്ലാൻ്റുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം 5% വർദ്ധിപ്പിച്ച് അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95% ആക്കി ഉയർത്തി. ഇത് 09.04.2026 മുതൽ പ്രാബല്യത്തിൽ വരും.

• സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) ശൃംഖലകൾ ഉൾപ്പെടെയുള്ള മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണവും 10% വർദ്ധിപ്പിച്ചു. ഇത് 06.04.2026 മുതൽ പ്രാബല്യത്തിൽ വരും.

• വാണിജ്യ എൽപിജിയുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

• ഐജിഎൽ, എംജിഎൽ, ഗെയിൽ, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻ ജി കണക്ഷനുകൾ എടുക്കുന്നതിനു കിഴിവ് വാഗ്ദാനം ചെയ്യുന്നു.

• CGD ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

• എൽ‌പി‌ജിയിൽ നിന്ന് പി‌എൻ‌ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ പ്രവർത്തിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും/യു‌ടികൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 10% അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

• ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ 18 സംസ്ഥാനങ്ങൾക്കും/യു‌ടികൾക്കും പി‌എൻ‌ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽ‌പി‌ജി വിഹിതം ഇതിനകം ലഭിക്കുന്നുണ്ട്.

• പൈപ്പ്‌ലൈനുകൾ ലഭ്യമായ ഇടങ്ങളിലെ സ്കൂളുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി അടുക്കളകൾ, അങ്കണവാടി അടുക്കളകൾ തുടങ്ങിയ സ്ഥാപനങ്ങളെ അഞ്ച് ദിവസത്തിനുള്ളിൽ പി‌എൻ‌ജി വഴി ബന്ധിപ്പിക്കാൻ സി‌ജി‌ഡി സ്ഥാപനങ്ങൾക്ക് പി‌എൻ‌ജി‌ആർ‌ബി നിർദ്ദേശം നൽകി.

• അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, സി‌ജി‌ഡി അടിസ്ഥാന സൗകര്യങ്ങൾക്കായി മൂന്ന് മാസത്തേക്ക് ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.

• 1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ് 2026, ഇന്ത്യാ ഗവണ്മെൻ്റ് 24.03.2026 ലെ ഗസറ്റ് വഴി വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു. അനുമതി, ഭൂമി ലഭ്യത എന്നിവയിലെ കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് പിഎൻജി  ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

• പ്രതിരോധ വകുപ്പിൻ്റെ താമസ സൗകര്യകേന്ദ്രങ്ങളിൽ പിഎൻജി  അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രാലയം 2026 ജൂൺ 30 വരെ ഒരു ഹ്രസ്വകാല നയ പരിഷ്കരണം പുറപ്പെടുവിച്ചു.

• പിഎൻജി വിപുലീകരണത്തിൽ ആക്കം നിലനിർത്താൻ ദേശീയ പിഎൻജി യജ്ഞo 2.0, പി‌എൻ‌ജി‌ആർ‌ബി 2026 ജൂൺ 30 വരെ നീട്ടി.

• ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് സംസ്ഥാന സിബിജി മാതൃകാ കരട് നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപകർക്ക് അനുയോജ്യമായതും നടപ്പിലാക്കാൻ സൗകര്യപ്രദവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ഈ മാതൃകാ നയത്തിൻ്റെ ലക്ഷ്യം. ഈ നയം സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.

• 2026 മാർച്ച് മുതൽ, ഏകദേശം 3.87 ലക്ഷം പിഎൻജി കണക്ഷനുകൾ നൽകിയിട്ടുണ്ട്.കൂടാതെ ഏകദേശം 4.21 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി അധികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

• MYPNGD.in വെബ്സൈറ്റ് വഴി 17,100-ലധികം പിഎൻജി ഉപഭോക്താക്കൾ അവരുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.

 

അസംസ്കൃത എണ്ണയുടെ സ്ഥിതിയും എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനങ്ങളും

• എല്ലാ എണ്ണ ശുദ്ധീകരണ ശാലകളും മതിയായ അസംസ്കൃത എണ്ണ സംഭരണത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു.  പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണമുണ്ട്.

• ഗാർഹിക ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.

• സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിർണ്ണയിക്കുന്ന നിർദ്ദിഷ്ട അളവും റിഫൈനറി ഉറവിടവും അടിസ്ഥാനമാക്കി, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കെമിക്കൽസ് പെട്രോ കെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണായക മേഖലകൾക്ക് ആവശ്യമുള്ള C3 & C4 സംയുക്തങ്ങളുടെ ഏറ്റവും മിനിമം ലഭ്യത ഉറപ്പാക്കാൻ രാജ്യത്തെ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള റിഫൈനിംഗ് കമ്പനികൾക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം കേന്ദ്ര ഗവൺമെൻ്റ് അനുമതി നൽകിയിട്ടുണ്ട്.

• മുകളിൽ സൂചിപ്പിച്ച വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പ്രതിദിനം 800 മെട്രിക് ടൺ എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

 

ചില്ലറ ഇന്ധന ലഭ്യതയും വിലനിർണ്ണയ നടപടികളും

• രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധനവിൽപ്പന ശാലകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നു.

• പശ്ചിമേഷ്യയിലെ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.

• ആഭ്യന്തര ലഭ്യത ഉറപ്പാക്കാൻ ഡീസലിന് ലിറ്ററിന് ₹21.5 ഉം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന് (ATF) ലിറ്ററിന് ₹29.5 ഉം കയറ്റുമതി തീരുവ ചുമത്തി.

• ഇന്ധനങ്ങളുടെ ചില്ലറവിൽപ്പന ശാലകളിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വിൽപ്പന വിലയിൽ മാറ്റമില്ല.

• കിംവദന്തികൾ വിശ്വസിക്കരുതെന്ന് ഗവണ്മെൻ്റ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുന്നു. പത്രസമ്മേളനങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സംസ്ഥാന ഗവണ്മെൻ്റുകളോട് അഭ്യർത്ഥിക്കുന്നു 

 

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

• പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു.

• പാചകത്തിനും പ്രകാശ സംവിധാന ആവശ്യങ്ങൾക്കും മാത്രമായി പിഡിഎസ് എസ്‌കെഒ ഇല്ലാത്ത സംസ്ഥാനങ്ങളിലും യുടികളിലും പിഡിഎസ് സുപ്പീരിയർ മണ്ണെണ്ണ (എസ്‌കെഒ) വിതരണം ചെയ്യാൻ ഇന്ത്യാ ഗവണ്മെൻ്റ് 29.03.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട് -

• ഒരു ജില്ലയിൽ പരമാവധി രണ്ട് പി‌എസ്‌യു ഒ‌എം‌സി സർവീസ് സ്റ്റേഷനുകൾക്ക് (കമ്പനി ഉടമസ്ഥതയിലുള്ള, കമ്പനി പ്രവർത്തിപ്പിക്കുന്നത് അഭികാമ്യം) 5,000 ലിറ്റർ വരെ പി‌ഡി‌എസ് എസ്‌കെ‌ഒ സംഭരിക്കാൻ അനുവാദമുണ്ട്.

• ഓരോ ജില്ലയിലും ഈ പി‌എസ്‌യു ഒ‌എം‌സി സർവീസ് സ്റ്റേഷനുകളെ സംസ്ഥാന ഗവണ്മെൻ്റ് /യുടി ഭരണകൂടം നിയുക്തമാക്കും.

•18 സംസ്ഥാനങ്ങൾ/യുടികൾ എസ്‌കെ‌ഒ അനുമതി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകതയില്ലെന്ന് അറിയിച്ചിട്ടുണ്ട് .

 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

പേർഷ്യൻ ഉൾക്കടലിലെ നിലവിലെ സമുദ്ര സ്ഥിതിയും ഇന്ത്യൻ കപ്പലുകളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

• മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ടസംഭവവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവിച്ചു.

• കപ്പൽ ഉടമകൾ, ആർ‌പി‌എസ്‌എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവരുമായി ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ 139 കോളുകളും 673 ഇമെയിലുകളും ഉൾപ്പെടെ ആകെ 5481 കോളുകളും 11,726 ഇമെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്.

• ഗൾഫിലെ വിമാനത്താവളങ്ങളിൽ നിന്നും വിവിധ പ്രാദേശിക സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63 പേർ ഉൾപ്പെടെ ഇതുവരെ 1754 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.

• ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും യാതൊരു തിരക്കും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാന മാരിടൈം ബോർഡുകൾ തുറമുഖങ്ങളിൽ സുഗമമായ പ്രവർത്തനം സ്ഥിരീകരിച്ചു.

• ഇന്ത്യൻ നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി മന്ത്രാലയം ഏകോപനത്തോടെ പ്രവർത്തിക്കുന്നു.

 

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

ഇന്ത്യൻ മിഷനുകൾ വഴിയുള്ള സഹായം ഉൾപ്പെടെ, മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. അതിൽ ഇപ്രകാരം അറിയിച്ചു:

• പശ്ചിമേഷ്യ മേഖലയിലെ വികസിക്കുന്ന സ്ഥിതിവിശേഷം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഗണ്യമായ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നത് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു. ഇന്ത്യൻ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി, മന്ത്രാലയത്തിൽ ഒരു പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നു. വിവരങ്ങൾ പങ്കിടുന്നതിനും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മന്ത്രാലയം സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ആശയവിനിമയം നടത്തുന്നു

• മേഖലയിലുടനീളമുള്ള മിഷനുകളും പോസ്റ്റുകളും തുടർച്ചയായി പ്രവർത്തിക്കുന്നു, 24 മണിക്കൂറും ഹെൽപ്പ്‌ലൈനുകൾ പ്രവർത്തിക്കുന്നു. കൂടാതെ ഇന്ത്യൻ സമൂഹ അസോസിയേഷനുകൾ, സംഘടനകൾ, ഇന്ത്യൻ കമ്പനികൾ എന്നിവയുമായി സജീവമായി സംവദിക്കുന്നു. പൗരന്മാർക്ക് പുതിയ വിവരങ്ങൾ നൽകുന്നതിനായി നിരന്തരം മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു. മിഷനുകൾ പ്രാദേശിക ഗവണ്മെൻ്റുകളുമായി അടുത്ത ബന്ധം പുലർത്തുന്നു. കൂടാതെ വിസ സൗകര്യം, കോൺസുലാർ സേവനങ്ങൾ, വ്യോമാതിർത്തി നിയന്ത്രണങ്ങളുള്ള അയൽ രാജ്യങ്ങളിലൂടെയുള്ള ഗതാഗതം, ആവശ്യമുള്ളിടത്തെല്ലാം ലോജിസ്റ്റിക്കൽ പിന്തുണ നൽകൽ എന്നിവയുൾപ്പെടെ ഇന്ത്യൻ പൗരന്മാരുടെ പ്രശ്നങ്ങളും ആശങ്കകളും സജീവമായി പരിഹരിക്കുന്നു. 

• മേഖലയിൽ വ്യോമാതിർത്തി തുറന്നിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നു. ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 7,88,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

• ഇസ്രായേൽ, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ വിമാന നിയന്ത്രണങ്ങളും വ്യോമാതിർത്തി അടച്ചിടലും കണക്കിലെടുത്ത്, ഇന്ത്യൻ പൗരന്മാരുടെ യാത്ര ഇതര മാർഗങ്ങളിലൂടെ ഇപ്രകാരം സുഗമമാക്കുന്നു:

• ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക്

• ഇസ്രായേലിൽ നിന്ന് ഈജിപ്ത്, ജോർദാൻ വഴി ഇന്ത്യയിലേക്ക്

• ഇറാഖിൽ നിന്ന് ജോർദാൻ, സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക്

• കുവൈറ്റിൽ നിന്നും ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യ വഴി ഇന്ത്യയിലേക്ക്

• എംബസിയുടെഏകോപനത്തോടെ, നിർദ്ദേശിച്ചിരിക്കുന്ന വഴികളിലൂടെ ഇറാനിൽ നിന്ന് എത്രയും വേഗം മടങ്ങാൻ ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ച് കൊണ്ട് ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഏകദേശം 7,500 ഇന്ത്യൻ പൗരന്മാർ ഇറാനിൽ തുടരുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്.

 

• ഇന്നലെ വരെ, അർമേനിയ, അസർബൈജാൻ എന്നിവയുമായുള്ള കര അതിർത്തിയിലൂടെ 1,864 ഇന്ത്യൻ പൗരന്മാർക്ക് ഇറാനിൽ നിന്ന് പുറത്തുകടക്കാൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിൽ 935 ഇന്ത്യൻ വിദ്യാർത്ഥികളും 472 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.

 

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രസ്താവന

"വെടിനിർത്തൽ കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അത് പശ്ചിമേഷ്യയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ നിരന്തരം ആവശ്യപ്പെടുന്നതുപോലെ, നിലവിലുള്ള പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിന് സംഘർഷം ലഘൂകരിക്കൽ, സംഭാഷണം, നയതന്ത്രം എന്നിവ അനിവാര്യമാണ്.

സംഘർഷം ഇതിനകം തന്നെ ജനങ്ങൾക്ക് വലിയ ദുരിതം സൃഷ്ടിച്ചിട്ടുണ്ട്. ആഗോള ഊർജ്ജ വിതരണ, വ്യാപാര ശൃംഖലകളെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സുഗമമായ സമുദ്രയാത്രാ സ്വാതന്ത്ര്യവും ആഗോളതലത്തിൽ വാണിജ്യ നീക്കവും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഇന്ത്യ എപ്പോഴും സമാധാനത്തിന് പിന്തുണ നൽകുന്നു. സമാധാനത്തിലേക്കും സ്ഥിരതയിലേക്കും നയിക്കുന്ന എല്ലാ നടപടികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പശ്ചിമേഷ്യയിലെ ഈ ശുഭകരമായ നീക്കം ഉക്രെയ്നിലെ സമാധാന ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

***

 


( റിലീസ് ഐ.ഡി: 2250296) സന്ദര്‍ശക കൗണ്ടര്‍ : 18