സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ 14,105.83 കോടി രൂപാ ചെലവിൽ 1200 മെഗാവാട്ട് കലായ്-II ജലവൈദ്യുത പദ്ധതി നിർമ്മാണത്തിനുള്ള നിക്ഷേപ നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 08 APR 2026 4:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിൽ ലോഹിത് നദിക്ക് കുറുകെ കലായ്-II ജലവൈദ്യുത പദ്ധതി (HEP) നിർമ്മിക്കുന്നതിനായി 14,105.83 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. 78 മാസമാണ് പദ്ധതിയുടെ പൂർത്തീകരണ കാലാവധി.

1200 മെഗാവാട്ട് (6 x 190 MW & 1 x 60 MW) ശേഷിയുള്ള ഈ പദ്ധതി പ്രതിവർഷം 4852.95 ദശലക്ഷം യൂണിറ്റ് ഊർജ്ജം ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഹിത് നദീതടത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയെന്ന നിലയിൽ ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുകയും ഉയർന്ന ആവശ്യകതയുള്ള സമയത്തെ വൈദ്യുതി മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയും ദേശീയ ഗ്രിഡിനെ സന്തുലിതമാക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്യും.

THDC ഇന്ത്യ ലിമിറ്റഡും അരുണാചൽ പ്രദേശ് ​ഗവൺമെന്റും തമ്മിലുള്ള സംയുക്ത സംരംഭം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി റോഡുകൾ, പാലങ്ങൾ, അനുബന്ധ ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുടെ നിർമ്മാണത്തിനായി ഇന്ത്യാ ​ഗവൺമെന്റ് 599.88 കോടി രൂപ ബജറ്റ് വിഹിതമായി നൽകും. കൂടാതെ സംസ്ഥാനത്തിന്റെ ഓഹരിവിഹിതത്തിലേക്ക് 750 കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായവും നൽകും.

സംസ്ഥാനത്തിന് 12% സൗജന്യ വൈദ്യുതിയും ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് ഫണ്ടിനായി (LADF) മാറ്റിവെച്ച അധിക 1% വൈദ്യുതിയും ലഭിക്കും. ഇതിനോടൊപ്പം മേഖലയ്ക്ക് ഗണ്യമായ അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

അരുണാചൽ പ്രദേശിലെ നംസായ്, അഞ്ജാവ് ജില്ലകളിൽ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടാകും. പദ്ധതിക്കായി നിർമ്മിക്കുന്ന ഏകദേശം 29 കിലോമീറ്റർ റോഡുകളും പാലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇവ ഭൂരിഭാഗവും പ്രാദേശിക ഉപയോഗത്തിന് ലഭ്യമാകും. വിവിധ തരത്തിലുള്ള നഷ്ടപരിഹാരങ്ങൾ, തൊഴിൽ, CSR പ്രവർത്തനങ്ങൾ എന്നിവയിലൂടെ പ്രാദേശിക ജനവിഭാഗത്തിന് പ്രയോജനം ലഭിക്കുകയും ചെയ്യും.

 

-NK-


( റിലീസ് ഐ.ഡി: 2250148) സന്ദര്‍ശക കൗണ്ടര്‍ : 14