തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026-ലെ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടിക്ക് തുടക്കം കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ്

കമ്മീഷൻ തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഉത്സവങ്ങളായാണ് കമ്മീഷൻ കാണുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

പോസ്റ്റഡ് ഓണ്‍: 07 APR 2026 7:54PM by PIB Thiruvananthpuram
  1. അസം, കേരളം, പുതുച്ചേരി നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടി 2026-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു.
  2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) ഇന്ന്  പരിപാടി ഉദ്ഘാടനം ചെയ്തു.
  3. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഉത്സവങ്ങളായാണ് കാണുന്നതെന്നും ദൗത്യരൂപേണ അത്  ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനം ആസ്വദിക്കാനും ഇന്ത്യയുടെ വൈവിധ്യം കണ്ടറിയാനും അനുഭവിക്കാനും അദ്ദേഹം പ്രതിനിധികളെ ആഹ്വാനം ചെയ്തു.
  4. ആദ്യ ഘട്ടത്തിൽ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികൾ 2026 ഏപ്രിൽ 8, 9 തീയതികളിൽ അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങൾ സന്ദർശിക്കും. രണ്ടാം ഘട്ടത്തിൽ 2026 ഏപ്രിൽ 20 മുതൽ  പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും പ്രതിനിധികള്‍ സന്ദർശനം നടത്തും.  
  5. ഡൽഹിയിലെ അഞ്ച് വിദേശ നയതന്ത്ര കാര്യാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെ 23 രാജ്യങ്ങളിലെ 43 പ്രതിനിധികളാണ് പരിപാടിയുടെ ആദ്യഘട്ടത്തിൽ പങ്കെടുക്കുന്നത്.
  6. പ്രതിനിധികൾക്ക് ഇന്ന് IIIDEM-ൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനം കാണിച്ചുകൊടുത്തു. വോട്ടിങ് പ്രക്രിയ സംബന്ധിച്ച് നേരിട്ട് അനുഭവം ലഭിക്കാന്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ മാതൃകാ വോട്ടെടുപ്പിലും അവര്‍ പങ്കെടുത്തു.
  7. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സാങ്കേതിക ഇടപെടലുകളിലും ഭരണപരമായ സുരക്ഷാ സംവിധാനങ്ങളിലും പ്രതിനിധികൾ അതീവ താല്പര്യം പ്രകടിപ്പിച്ചു. തുടർന്ന് നടന്ന സംവേദനാത്മക സെഷനിൽ വിദഗ്ധരുമായി ആശയവിനിമയം നടത്തി അവർ  സംശയങ്ങൾ ദൂരീകരിച്ചു.
  8. 2026 ഏപ്രിൽ 8-ന്  അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കും  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്കും  പ്രതിനിധികൾ  യാത്രതിരിക്കും.  വിതരണ കേന്ദ്രങ്ങൾ, ജില്ലാ കൺട്രോൾ റൂമുകൾ, മാധ്യമ നിരീക്ഷണ കേന്ദ്രങ്ങള്‍  എന്നിവയുൾപ്പെടെ സംവിധാനങ്ങൾ സന്ദർശിക്കുന്ന പ്രതിനിധികള്‍ 2026 ഏപ്രിൽ 9-ന് രാവിലെ യഥാർത്ഥ വോട്ടിങ് പ്രക്രിയയ്ക്കും  സാക്ഷ്യം വഹിക്കും.
  9. മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് നിര്‍വഹണ സമിതികളുമായും അന്താരാഷ്ട്ര സംഘടനകളുമായും സഹകരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്കരിച്ച സുപ്രധാന പരിപാടിയാണ് അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് സന്ദര്‍ശക പരിപാടി. 
  10. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചട്ടക്കൂട്, സ്ഥാപനപരമായ സംവിധാനങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് സമഗ്ര അവലോകനം നൽകുന്നതിനൊപ്പം തിരഞ്ഞെടുപ്പ് നിര്‍വഹണത്തിലെ മികച്ച മാതൃകകളും നൂതനാശയങ്ങളും വിദേശ പ്രതിനിധികൾക്ക് പരിചയപ്പെടുത്താനും  പരിപാടി വഴിയൊരുക്കുന്നു.  
  11. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിച്ച മികച്ച മാതൃകകൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും അവ പങ്കുവെക്കാനും പരിപാടി ലക്ഷ്യമിടുന്നു.

****


( റിലീസ് ഐ.ഡി: 2249880) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Bengali , Bengali-TR , Punjabi , Telugu