പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്തർ മന്ത്രാലയ വാർത്താസമ്മേളനം

പോസ്റ്റഡ് ഓണ്‍: 02 APR 2026 6:19PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി നാഷണൽ മീഡിയ സെന്ററിൽ ഇന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും  ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന സഹായങ്ങൾ, സ്ഥിരത ഉറപ്പാക്കന്‍ കൈക്കൊള്ളുന്ന നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ധനമന്ത്രാലയത്തിന് കീഴിലെ കേന്ദ്ര പരോക്ഷ നികുതി  കസ്റ്റംസ് ബോര്‍ഡിലെയും  വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. നികുതി, തീരുവ എന്നിവയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ സംബന്ധിച്ച്  കേന്ദ്ര പരോക്ഷ നികുതി  കസ്റ്റംസ് ബോര്‍ഡും പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയില്‍ വ്യാപാരം സംരക്ഷിക്കാനും കയറ്റുമതിക്കാരെ സഹായിക്കാനും സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയവും  വിശദീകരിച്ചു.  

ഊർജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും തടസരഹിത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:

അസംസ്‌കൃത എണ്ണയും എണ്ണസംസ്കരണശാലകളും

  • രാജ്യത്തെ എല്ലാ എണ്ണ സംസ്കരണ ശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. അസംസ്‌കൃത എണ്ണയുടെ മതിയായ ശേഖരം ലഭ്യമാണ്. ആവശ്യത്തിന് പെട്രോൾ, ഡീസൽ ശേഖരവും രാജ്യം നിലനിർത്തുന്നു.  
  • ആഭ്യന്തര ഉപഭോഗം മുൻനിർത്തി എണ്ണ സംസ്കരണ ശാലകളിലെ എൽ.പി.ജി. ഉല്പാദനം വർധിപ്പിച്ചു.

ചില്ലറ വില്പന കേന്ദ്രങ്ങൾ  

  • രാജ്യത്തെ എല്ലാ ചില്ലറ വില്പന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്‌കൃത എണ്ണവിലയിൽ അസാധാരണ വർധനയ്ക്ക്  കാരണമായിട്ടുണ്ട്. വിലവര്‍ധനയില്‍നിന്ന്  ഉപഭോക്താക്കളെ  സംരക്ഷിക്കാന്‍  പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്രസർക്കാർ കുറച്ചു.
  • ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഡീസൽ  ലിറ്ററിന് 21.5 രൂപയും വ്യോമയാന ഇന്ധനം ലിറ്ററിന് 29.5 രൂപയും കയറ്റുമതി തീരുവ സർക്കാർ ഏർപ്പെടുത്തി.
  • അഭ്യൂഹങ്ങൾ മൂലം ചിലയിടങ്ങളിൽ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുന്ന പ്രവണത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പമ്പുകളിൽ അമിതമായ തിരക്കിന് വഴിയൊരുക്കുന്നുണ്ടെങ്കിലും രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്ന് സർക്കാർ അറിയിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില്പന വിലയിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പെട്രോള്‍  ലിറ്ററിന് 24.40 രൂപയും ഡീസല്‍  ലിറ്ററിന് 104.99 രൂപയും വില്പന നഷ്ടം  നേരിടുന്നുണ്ട്. 

അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് സർക്കാർ പൊതുജനങ്ങളോട് ആവർത്തിച്ച് നിർദേശിച്ചു. കൃത്യമായ വിവരങ്ങൾ വാർത്താസമ്മേളനങ്ങളിലൂടെ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രകൃതിവാതകം 

  • ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയ്ക്ക് 100% വിതരണമെന്ന മുൻഗണന തുടരുന്നു.
  • ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിച്ച വ്യാവസായിക-വാണിജ്യ ഉപഭോക്താക്കൾക്ക് ശരാശരി ഉപഭോഗത്തിന്റെ 80% വിതരണം നിലനിർത്തുന്നുണ്ട്.
  • റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ  ഏജൻസികൾക്ക് നിർദേശം നൽകി.
  • നിലവിൽ പ്രവർത്തനക്ഷമമായ യൂറിയ പ്ലാന്റുകളിലേക്കുള്ള ഇന്ധന വിതരണം കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 70 മുതൽ 75% വരെ എന്ന തോതിൽ സുസ്ഥിരമായി തുടരുന്നു. പൈപ്പ്‌ലൈൻ ശൃംഖലയുടെ പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താന്‍ എൽ.എൻ.ജി-യുടെയും പുനര്‍വാതകീകരിച്ച എൽ.എൻ.ജി-യുടെയും അധിക ശേഖരം ലഭ്യമാക്കുന്നുണ്ട്.
  • വളം പ്ലാന്റുകൾ ഉൾപ്പെടെ എല്ലാ വ്യാവസായിക ഉപഭോക്താക്കളോടും അവരുടെ അധിക ആവശ്യകതകൾ സ്പോട്ട് അടിസ്ഥാനത്തിൽ അറിയിക്കാൻ നിർദേശിച്ചു.
  • ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ പുതിയ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കാനാവശ്യമായ അനുമതികൾ ത്വരിതപ്പെടുത്താന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വിവിധ മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചു.
  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് മാറുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10% അധിക വാണിജ്യ എൽ.പി.ജി വിഹിതം അനുവദിച്ചു. പരിഷ്കരണ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകാനും ശിപാർശ ചെയ്തിട്ടുണ്ട്. നിലവിൽ എട്ട് സംസ്ഥാനങ്ങൾക്ക് ഈ അധിക വിഹിതം നൽകുന്നു.  മൂന്ന് സംസ്ഥാനങ്ങളുടെ അപേക്ഷകൾ പരിഗണനയിലാണ്.
  • പൈപ്പ്‌ലൈൻ സൗകര്യം ലഭ്യമായ ഇടങ്ങളിൽ റെസിഡൻഷ്യൽ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകള്‍,  അങ്കണവാടികൾ എന്നിവിടങ്ങളിൽ അഞ്ച് ദിവസത്തിനകം പി.എൻ.ജി കണക്ഷനുകൾ നൽകാൻ പി.എൻ.ജി.ആർ.ബി  നിർദേശം നൽകി.
  • സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് 'അതിവേഗ അനുമതി ചട്ടക്കൂട്'  നടപ്പാക്കി.
  • പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനും വിദൂരമേഖലകളിലെ ഗുണഭോക്താക്കൾക്ക് നേരിട്ട് കണക്ഷൻ ഉറപ്പാക്കുന്നതിനും ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് ലക്ഷ്യമിട്ട് 'പ്രകൃതിവാതക-പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് - 2026' കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.
  • പ്രതിരോധ മേഖലയിലെ താമസസ്ഥലങ്ങളിൽ പി.എൻ.ജി സൗകര്യങ്ങൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാന്‍ 2026 ജൂൺ 30 വരെ പ്രാബല്യത്തില്‍  താൽക്കാലിക നയമാറ്റങ്ങൾ രാജ്യരക്ഷാ മന്ത്രാലയം പുറപ്പെടുവിച്ചു.
  • പി.എൻ.ജി വ്യാപനത്തിന്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യജ്ഞം 2.0' പി.എൻ.ജി.ആർ.ബി 2026 ജൂൺ 30 വരെ  നീട്ടി.
  • കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 110 ഭൂമിശാസ്ത്ര മേഖലകളിലായി  55,000-ത്തിലധികം പി.എൻ.ജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കി.

എൽ.പി.ജി 

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽ.പി.ജി വിതരണത്തെ ബാധിച്ചിട്ടുണ്ട്.

ഗാർഹിക എൽ.പി.ജി വിതരണം 

  • എൽ.പി.ജി വിതരണ ഏജൻസികളിൽ ഇന്ധനശേഖരം തീർന്നുപോയ സാഹചര്യം  ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഓൺലൈൻ  എൽ.പി.ജി സിലിണ്ടർ  ബുക്കിങ് ഇന്നലെ 95 ശതമാനമായി ഉയർന്നു.
  • വിതരണ തലത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാനായി നടപ്പാക്കിയ ഡെലിവറി ഓതന്റിക്കേഷൻ കോഡ് അധിഷ്ഠിത വിതരണം ഫെബ്രുവരിയിലെ 53 ശതമാനത്തിൽ നിന്ന് ഇന്നലെ 85 ശതമാനമായി ഉയര്‍ന്നു.   
  • ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.

വാണിജ്യ എൽ.പി.ജി വിതരണം 

  • സെന്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്ന അളവനുസരിച്ച് ഔഷധ നിർമാണ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, രാസവസ്തു പെട്രോ-കെമിക്കൽ വകുപ്പ് തുടങ്ങി സുപ്രധാന മേഖലകൾക്ക് നിശ്ചിത അളവ് സി-3,  സി-4 വാതക മിശ്രിതങ്ങൾ ലഭ്യമാക്കാൻ 2026 ഏപ്രിൽ 1-ലെ ഉത്തരവിലൂടെ എണ്ണ സംസ്കരണ ശാലകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.
  • വാണിജ്യ എൽ.പി.ജി വിതരണം നേരത്തെ തന്നെ ഭാഗികമായി (20%) സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കൂടാതെ പി.എൻ.ജി വ്യാപന പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് 10% അധിക വാണിജ്യ വിഹിതം നൽകാമെന്ന് 2026 മാർച്ച് 18-ലെ കത്തില്‍ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു.
  • 2026 മാർച്ച് 21-ലെ കത്തിലൂടെ വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 20% കൂടി സർക്കാർ അനുവദിച്ചതോടെ ആകെ വിഹിതം 50 ശതമാനമായി (പി.എൻ.ജി പരിഷ്കാരങ്ങളുടെ 10% വിഹിതം ഉൾപ്പെടെ) ഉയർന്നു. റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകള്‍,  ഹോട്ടലുകൾ, വ്യാവസായിക കാന്റീനുകൾ, ഭക്ഷ്യസംസ്കരണ/ക്ഷീര കേന്ദ്രങ്ങൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ സബ്സിഡി നിരക്കിൽ നടത്തുന്ന ഭക്ഷണശാലകൾ, സമൂഹ അടുക്കളകള്‍,  അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന അ‍ഞ്ചുകിലോ എഫ്.ടി.എൽ  സിലിണ്ടറുകൾ എന്നിവയ്ക്കാണ് ഈ അധിക വിഹിതത്തിൽ മുൻഗണന.
  • 2026 മാർച്ച് 27-ലെ കത്തിലൂടെ വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 20% കൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ ആകെ വിതരണം പ്രതിസന്ധിക്ക് മുൻപത്തെ കാലയളവിലുണ്ടായിരുന്നതിന്റെ 70 ശതമാനമായി ഉയർന്നു. സ്റ്റീൽ, വാഹനനിര്‍മാണം,  വസ്ത്രനിര്‍മാണം,  ഡൈ, രാസവസ്തുക്കൾ, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങൾക്കാണ് ഈ അധിക വിഹിതം നൽകുക. പ്രകൃതിവാതകം പകരമായി ഉപയോഗിക്കാൻ കഴിയാത്ത പ്രത്യേക താപ പ്രക്രിയകള്‍ ആവശ്യമായ  വ്യവസായങ്ങൾക്ക് ഇതിൽ മുൻഗണന നൽകും.
  • 2026 മാർച്ച് 23 മുതൽ അതിഥി തൊഴിലാളികൾക്കായി 4.3 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.
  • കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായി മിക്ക സംസ്ഥാനങ്ങളും ഗാർഹികേതര എൽ.പി.ജി വിഹിതം അനുവദിക്കാന്‍  ഉത്തരവുകൾ പുറപ്പെടുവിച്ചു. മാർച്ച് 14 മുതൽ വിവിധ സംസ്ഥാനങ്ങളിലെ വാണിജ്യ സ്ഥാപനങ്ങൾ ആകെ 60,370 മെട്രിക് ടൺ എൽ.പി.ജി വിതരണത്തിനായി ഏറ്റെടുത്തു. 

മണ്ണെണ്ണ

· എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമേ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

· എസ്‌കെ‌ഒ നല്കാത്ത സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും പി‌ഡി‌എസ് എസ്‌കെ‌ഒ വിതരണം സുഗമമാക്കിയിട്ടുണ്ട്. ഓരോ ജില്ലയിലും രണ്ട് നിയുക്ത പൊതുമേഖലാ  ഒ‌എം‌സി സർവീസ് സ്റ്റേഷനുകൾക്ക് 5,000 ലിറ്റർ വരെ സംഭരിക്കാൻ അനുവാദമുണ്ട്.

· 17 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എസ്‌കെ‌ഒ വിഹിതത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും  ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്

 

സംസ്ഥാന  / കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകളുടെ പങ്ക്

· 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽ‌പി‌ജി നിയന്ത്രണ ഉത്തരവും പ്രകാരം, പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും അവശ്യവസ്തുക്കളുടെ വിതരണം നിയന്ത്രിക്കുന്നതിൽ പ്രാഥമിക പങ്ക് വഹിക്കാനും സംസ്ഥാന ഗവണ്മെന്റുകൾക്ക് അധികാരമുണ്ട്.

· സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളോട് ഇനിപ്പറയുന്നവ അഭ്യർത്ഥിച്ചിട്ടുണ്ട്:

Ø ദിവസേനയുള്ള പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജന മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുക.

Ø സമർപ്പിത കൺട്രോൾ റൂമുകളും ഹെൽപ്പ് ലൈനുകളും സ്ഥാപിക്കുക.

 Ø സമൂഹ മാധ്യമങ്ങളിലെ തെറ്റായ വിവരങ്ങൾ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

Ø എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കുകയും പതിവ് റെയ്ഡുകളും പരിശോധനകളും നടത്തുകയും ചെയ്യുക.

Ø വാണിജ്യ എൽപിജി, എസ്‌കെഒ വിഹിതത്തിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുക.

Ø RoW/RoU അംഗീകാരങ്ങൾ ഉൾപ്പെടെ സിജിഡി വിപുലീകരണത്തെ വേഗത്തിലാക്കുക.

Ø പിഎൻജി സ്വീകരിക്കലും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

Ø മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നതിന് മുതിർന്ന നോഡൽ ഓഫീസർമാരെ നാമനിർദ്ദേശം ചെയ്യുക.

 17 സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നുണ്ട്.

 

എൻഫോഴ്‌സ്‌മെന്റ് നടപടി

· സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമുടനീളം എൻഫോഴ്‌സ്‌മെന്റ് നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസം 2,600-ലധികം റെയ്ഡുകൾ നടത്തുകയും ഏകദേശം 700 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

· പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ചില്ലറ വില്പന ഔട്ട്‌ലെറ്റുകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലും ദിവസേന മിന്നൽ പരിശോധനകൾ നടത്തുന്നു.

· എൽപിജി വിതരണകേന്ദ്രങ്ങളിൽ 600-ലധികം കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയിട്ടുണ്ട്.

 

ഗവണ്മെന്റ് നടപടികൾ

· ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക മേഖലകൾക്കൊപ്പം ആഭ്യന്തര എൽപിജി, പിഎൻജി വിതരണത്തിനും ഗവണ്മെന്റ് മുൻഗണന നൽകുന്നത് തുടരുന്നു.

·  റിഫൈനറികളിൽ മെച്ചപ്പെട്ട ഉൽപ്പാദനം, പുതുക്കിയ ബുക്കിംഗ് ഇടവേളകൾ, നിശ്ചിത മേഖലകൾക്ക് മുൻഗണന നൽകി വിതരണം എന്നിവ നടപടികളിൽ ഉൾപ്പെടുന്നു.

· എൽപിജി ആവശ്യകത ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

· ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്കുള്ള  വിതരണം വർദ്ധിപ്പിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗറേനി കൊളിയറിസിനും നിർദ്ദേശം നൽകി.

· ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്കായി പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

പൊതു അറിയിപ്പ്

· പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നു. പരിഭ്രാന്തിയോടെ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.

· ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും കിംവദന്തികൾ വിശ്വസിക്കാതിരിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടു .

· എൽപിജിക്ക് വേണ്ടി  ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ ഡിജിറ്റൽ രീതി ഉപയോഗിക്കാനും അനാവശ്യമായി എൽപിജി വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.

· പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

· എല്ലാ പൗരന്മാരും അവരുടെ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.

 

നികുതി & തീരുവ നടപടികൾ

മാറുന്ന സാഹചര്യം കണക്കിലെടുത്ത് നികുതി, തീരുവ സംബന്ധമായ നടപടികളെക്കുറിച്ച് സിബിഐസി മാധ്യമങ്ങളെ അറിയിച്ചു. അതിൽ ഇങ്ങനെ അറിയിച്ചു :

· നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പെട്രോകെമിക്കൽ മേഖലയിലെ ചില ഇനങ്ങളുടെ തീരുവ കുറയ്ക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 · പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെയും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും വെളിച്ചത്തിൽ, നിർണായക പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾക്ക് മൂന്ന് മാസത്തേക്ക്, അതായത് 2026 ജൂൺ 30 വരെ താൽക്കാലികമായി പൂർണ്ണ കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചു.

· ആഭ്യന്തര വ്യവസായങ്ങൾക്ക് അവശ്യ പെട്രോകെമിക്കൽ സാമഗ്രികളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുക; ആശ്രിത വ്യവസായ മേഖലകളിലെ ചെലവ് സമ്മർദ്ദം കുറയ്ക്കുക, രാജ്യത്തുടനീളമുള്ള വിതരണ സ്ഥിരത സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള  താൽക്കാലിക  ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

•പ്ലാസ്റ്റിക്, പാക്കേജിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, ഓട്ടോമോട്ടീവ് ഘടകങ്ങൾ, മറ്റ് നിർമ്മാണ വ്യവസായങ്ങൾ എന്നിവയുൾപ്പെടെ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക്, ഇന്റർമീഡിയറ്റ് ഉൽപ്പന്നങ്ങൾ എന്നിവയെ ആശ്രയിക്കുന്ന വിവിധ മേഖലകൾക്ക് ഈ നടപടിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

· അന്തിമ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കൾക്കും ഈ നടപടി ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

· മൂന്ന് മാസ കാലയളവിൽ കണക്കാക്കിയ വരുമാന നഷ്ടം ഏകദേശം ₹1,800 കോടിയാണ്. ഇത് മാറി കൊണ്ടിരിക്കുന്ന  സാഹചര്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കും.

· ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വ്യവസായ പങ്കാളികൾ, വ്യാപാര പ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

· പെട്രോൾ പ്രകൃതിവാതക അനുബന്ധ വ്യവസായങ്ങൾക്ക് അത്യാവശ്യമായ നിർണായക ഉൽപ്പന്നങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ നിർദ്ദിഷ്ട കാലയളവിലേക്ക് ഈ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇല്ലാതാക്കിയിട്ടുണ്ട്.

· ഈ നടപടി വില സ്ഥിരത ഉറപ്പാക്കുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും അവശ്യവസ്തുക്കളുടെ തുടർച്ചയായ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വ്യാപാരത്തെയും കയറ്റുമതിക്കാരെയും പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ

പശ്ചിമേഷ്യയിലെ തടസ്സങ്ങൾ വ്യാപാരത്തിൽ ചെലുത്തുന്ന ആഘാതം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. വിതരണ ശൃംഖലകളെ സംരക്ഷിക്കുന്നതിലും കയറ്റുമതിക്കാരെ പിന്തുണയ്ക്കുന്നതിലും സമയബന്ധിതമായ ഇടപെടലുകളിലൂടെ വ്യാപാരത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു 

 · തടസ്സങ്ങൾ നേരിടുന്ന കയറ്റുമതിക്കാർക്ക് സമയബന്ധിതമായ പിന്തുണ നൽകുന്നതിനായി ടോൾ ഫ്രീ ഹെൽപ്പ്‌ലൈനും ഇമെയിൽ അധിഷ്ഠിത പരാതി പരിഹാര സംവിധാനവും അടങ്ങുന്ന ഒരു സമർപ്പിത പശ്ചിമേഷ്യ ക്രൈസിസ് ഡെസ്‌ക് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കാർഷിക, മറ്റ് പെട്ടെന്ന് കേടാകുന്ന ഉൽപ്പന്നങ്ങളുടെ സമയബന്ധിത  കയറ്റുമതി  ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഒരു കേന്ദ്രീകൃത ഉപഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.

· മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിക്കാരുമായും പങ്കാളികളുമായും സമയബന്ധിതമായ ഏകോപനം ഉറപ്പാക്കുന്നതിനും ഫീൽഡ്-തല അഭിപ്രായ സമാഹരണത്തിനുമായി മേഖലയിലെ ഇന്ത്യൻ മിഷനുകളും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കുചെയ്യുക:  https://www.pib.gov.in/PressReleasePage.aspx?PRID=2248537&v=5&reg=3&lang=2

****


( റിലീസ് ഐ.ഡി: 2248666) സന്ദര്‍ശക കൗണ്ടര്‍ : 8