പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുജറാത്തിലെ സാണന്ദിൽ കെയ്ൻസ് സെമിക്കോൺ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

പോസ്റ്റഡ് ഓണ്‍: 31 MAR 2026 3:54PM by PIB Thiruvananthpuram

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ ഹർഷ് ഭായ് സംഘവി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, സംസ്ഥാന മന്ത്രി സഹോദരൻ അർജുൻ മോദ്‌വാഡിയ ജി, കെയ്ൻസ്, ആൽഫ ഒമേഗ സെമികണ്ടക്ടറുകളുടെ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ.

കഴിഞ്ഞ മാസത്തെ അവസാന ദിവസവും ഞാൻ സാണന്ദിലായിരുന്നു, ഈ മാസത്തെ അവസാന ദിവസവും ഞാൻ സാണന്ദിലാണ്. ഫെബ്രുവരി 28 ന് മൈക്രോണിന്റെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചു, ഇന്ന് മാർച്ച് 31 ന് കെയ്ൻസ് ടെക്നോളജിയുടെ സെമികണ്ടക്ടർ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കുന്നു. ഇത് യാദൃശ്ചികം മാത്രമല്ല; ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുന്ന ​ഗതി, വേഗത, ചലനം എന്നിവയുടെ തെളിവാണ് ഇത്. കെയ്ൻസ് ടെക്നോളജിയുടെ മുഴുവൻ നേതൃത്വത്തിനും ഞാൻ നിരവധി അഭിനന്ദനങ്ങൾ നേരുന്നു. രമേശ് രഘു, അഭിനന്ദനങ്ങൾ. ഗുജറാത്ത് ​ഗവൺമെൻ്റിനും ഈ പ്ലാന്റിൽ പ്രവർത്തിക്കുന്ന എല്ലാ സഹപ്രവർത്തകർക്കും ഞാൻ നിരവധി അഭിനന്ദനങ്ങൾ നേരുന്നു.

സുഹൃത്തുക്കളെ,

ഇന്ന് രാവിലെ ഞാൻ 'ദെെവിക' മായ ഒരു പരിപാടിയിലായിരുന്നു, ഇപ്പോൾ ഞാൻ 'ഡിജിറ്റലായ' ഒരു പരിപാടിയിലാണ്.

സുഹൃത്തുക്കളെ,

ഒരു ഇന്ത്യൻ കമ്പനി സെമികണ്ടക്ടർ ചിപ്പുകൾ നിർമ്മിക്കാൻ താൽപര്യം കാണിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്, അതിന്റെ ഫലം നമുക്കെല്ലാവർക്കും മുന്നിലുണ്ട്. നമ്മുടെ ഇന്ത്യയുടെ സ്വന്തം കമ്പനിയായ കെയ്‌ൻസ് ഇപ്പോൾ ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയുടെ ശക്തമായ ഭാഗമായി മാറിയിരിക്കുന്നു. ഇത് വളരെ ഗംഭീരമായ ഒരു തുടക്കമാണ്, അഭിമാനത്തിന്റെ നിമിഷമാണ്, ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമാണ്. വരും ദിവസങ്ങളിൽ, നിരവധി ഇന്ത്യൻ കമ്പനികൾ, ആഗോള സഹകരണത്തിലൂടെ, ലോകത്തിന് ഒരു മികച്ച സെമികണ്ടക്ടർ വിതരണ ശൃംഖല നൽകാൻ പോകുന്നു.

സുഹൃത്തുക്കളെ,

ഇന്നത്തെ ദിവസം, യഥാർത്ഥ അർത്ഥത്തിൽ, ഈ മന്ത്രം സാക്ഷാത്കരിക്കുന്നു - മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്. ഈ പദ്ധതിയുടെ ഉല്പാദനം ആരംഭിച്ചതോടെ, ആഗോള വിപണിയിൽ വിശ്വസനീയമായ ഒരു സെമികണ്ടക്ടർ വിതരണക്കാരൻ എന്ന നിലയിൽ ഇന്ത്യ അതിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇന്ന്, ഒരു തരത്തിൽ, സാനന്ദിനും സിലിക്കൺ വാലിക്കും ഇടയിൽ ഒരു പുതിയ പാലം രൂപപ്പെട്ടിരിക്കുന്നു. ഒരു കാലിഫോർണിയൻ കമ്പനിക്ക്, സാണന്ദിലെ ഈ പ്ലാന്റ് ഇന്റലിജന്റ് പവർ മൊഡ്യൂളുകൾ നൽകുന്നു. ഇവിടെ നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ വലിയൊരു ഭാഗം ഇതിനകം കയറ്റുമതിക്കായി ബുക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാൻ സാധിച്ചു. സാണന്ദിൽ നിർമ്മിക്കുന്ന മൊഡ്യൂളുകൾ അമേരിക്കൻ കമ്പനികളിൽ എത്തും, അവിടെ നിന്ന് മുഴുവൻ ലോകത്തിനും ശക്തി നൽകും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്ന മന്ത്രത്തിന്റെ വിജയത്തിന്റെ പ്രതിധ്വനി ലോകത്തിന്റെ എല്ലാ കോണുകളിലും എത്തും.

സുഹൃത്തുക്കളെ,

ഇവിടെ നിർമ്മിക്കുന്ന ഇന്റലിജന്റ് പവർ മൊഡ്യൂളുകളിൽ നിന്ന്, ഇന്ത്യയുടെയും ലോകത്തിന്റെയും ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥയ്ക്കും, ഘന വ്യവസായത്തിനും വലിയ ശക്തി ലഭിക്കും. ഈ ആഗോള പങ്കാളിത്തം തന്നെയാണ് ലോകത്തിന്റെ മികച്ച ഭാവിയുടെ ശക്തമായ അടിത്തറ.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഈ ദശകം തുടക്കം മുതൽ ലോകത്തിന് നിരവധി വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. പകർച്ചവ്യാധിയുടെയും സംഘർഷങ്ങളുടെയും പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇതിലും ഏറ്റവും വലിയ ഇര ആഗോള വിതരണ ശൃംഖലയാണ്. ചിപ്‌സായാലും, അപൂർവ ഭൂമി ധാതുക്കളായാലും, ഊർജ്ജമായാലും, സംഘർഷങ്ങൾ ഇവയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇവ മനുഷ്യരാശിയുടെ ദ്രുതഗതിയിലുള്ള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്; അവയുടെ വിതരണ ശൃംഖലയിലെ ഒരു തകർച്ച, അവയുടെ ഒഴുക്കിലെ തടസ്സം, മുഴുവൻ മനുഷ്യരാശിയുടെയും വികസനത്തെ ബാധിക്കുന്നു. അതിനാൽ, ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന്റെ ഈ ദിശയിലുള്ള മുന്നേറ്റം മുഴുവൻ ലോകത്തിന്റെയും വികസനത്തിന് വളരെ പ്രധാനമാണ്.

സുഹൃത്തുക്കളെ,

കൊറോണ ദുരിതസമയത്ത് തന്നെ ഇന്ത്യ സെമികണ്ടക്ടർ മേഖലയുടെ പുതിയ ആഗോള കേന്ദ്രമായി മാറുമെന്നും ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. സെമികണ്ടക്ടറുകളിൽ സ്വയംപര്യാപ്തത എന്നത് ഒരു ചിപ്പിൽ മാത്രം ഒതുങ്ങുന്നതല്ല. അതായത്, AI, ഇലക്ട്രിക് വാഹനങ്ങൾ, ശുദ്ധമായ ഊർജ്ജം, പ്രതിരോധം, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിൽ സ്വാശ്രയത്വം ശക്തി പ്രാപിക്കും. അതിനാൽ, 2021 ൽ ഇന്ത്യ-സെമികണ്ടക്ടർ മിഷൻ ആരംഭിച്ചു. ഈ ദൗത്യം വെറുമൊരു വ്യാവസായിക നയമല്ല; ഇത് ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. അതിന്റെ സ്വാധീനം എല്ലാവരുടെയും മുന്നിലുണ്ട്. ഈ ദൗത്യത്തിന് കീഴിൽ, രാജ്യത്തെ 6 സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ 10 പദ്ധതികൾ പ്രവർത്തിക്കുന്നു. കെയ്‌ൻസ്, മൈക്രോൺ എന്നിവയുടെ പദ്ധതികളും ഇതിന്റെ ഭാഗമാണ്. സെമികണ്ടക്ടർ ചിപ്പ് രൂപകൽപ്പനയിലും നിർമ്മാണത്തിലും സ്വാശ്രയത്വത്തിനായി, ധ്രുവ് സിക്സ്റ്റി ഫോർ പോലുള്ള ഒരു ആധുനിക മൈക്രോപ്രൊസസ്സർ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന്, 5G ഇൻഫ്രാസ്ട്രക്ചർ, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങി നിരവധി മേഖലകൾക്ക്, നമുക്ക് സ്വന്തമായി ഒരു സുരക്ഷിത പ്ലാറ്റ്ഫോം ലഭിച്ചു.

സുഹൃത്തുക്കളെ,

ഇതുവരെയുള്ള സെമികണ്ടക്ടർ ദൗത്യത്തിന്റെ വിജയത്തിനുശേഷം, ഇന്ത്യ ഇപ്പോൾ അടുത്ത ഘട്ടത്തിലേക്ക് ഒരു ചുവട് വച്ചിരിക്കുന്നു. ഈ ചിന്തയോടെ, ഇന്ത്യ-സെമികണ്ടക്ടർ മിഷൻ 2.0 ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചു. ഈ ഘട്ടത്തിന്റെ ശ്രദ്ധ ഇന്ത്യയിൽ സെമികണ്ടക്ടർ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ഉത്പാദനത്തിലാണ്. ഇപ്പോൾ നമ്മുടെ ശ്രമം ഒരു പൂർണ്ണ-സ്റ്റാക്ക് ഇന്ത്യൻ സെമികണ്ടക്ടർ ആവാസവ്യവസ്ഥ തയ്യാറാക്കുക എന്നതാണ്. അങ്ങനെ നമുക്ക് ആഭ്യന്തര, ആഗോള വിതരണ ശൃംഖലകളിൽ വലിയ പങ്കാളിത്തം ഉണ്ടാക്കാൻ കഴിയും.

സുഹൃത്തുക്കളെ,

ഇന്ത്യ ഇന്ന് വ്യവസായ നേതൃത്വത്തിലുള്ള ഗവേഷണ പരിശീലന കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി സാങ്കേതിക വികസനം സംഭവിക്കുകയും ഭാവിയ്ക്ക് സജ്ജമായ ഒരു വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും തയ്യാറാക്കപ്പെടുകയും ചെയ്യുന്നു. വളരെ വേഗം, രാജ്യത്ത് 85,000-ത്തിലധികം ഡിസൈൻ പ്രൊഫഷണലുകളെ തയ്യാറാക്കുക എന്ന ലക്ഷ്യം കൈവരിക്കാനാകും. ഇതോടൊപ്പം, മുഴുവൻ ആവാസവ്യവസ്ഥയുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത്, പ്രൊഫഷണലുകളുടെ പരിശീലനത്തിനുള്ള ക്രമീകരണങ്ങളും നടക്കുന്നു. സെമികണ്ടക്ടർ ഡിസൈൻ പ്രോത്സാഹിപ്പിക്കുന്നതിനായി, ചിപ്‌സ് ടു സ്റ്റാർട്ടപ്പ് പ്രോഗ്രാമും പ്രവർത്തിക്കുന്നു. ഇന്ന്, രാജ്യത്തെ ഏകദേശം 400 സർവകലാശാലകൾക്കും സ്റ്റാർട്ടപ്പുകൾക്കും ആധുനിക ഡിസൈൻ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന്, അമ്പത്തഞ്ചിലധികം ചിപ്പുകളുടെ രൂപകൽപ്പനയും നിർമ്മാണവും ഇതിനകം പൂർത്തിയായി.

സുഹൃത്തുക്കളെ,

വ്യവസായ കണക്കുകൾ പ്രകാരം, ഇന്ന് ഇന്ത്യയുടെ സെമികണ്ടക്ടർ വിപണി ഏകദേശം അമ്പത് ബില്യൺ ഡോളറാണ്, അതായത് ഏകദേശം നാലര ലക്ഷം കോടി രൂപ. ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് നൂറ് ബില്യൺ ഡോളർ, അതായത് ഒമ്പത് ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ ഈ മേഖലയിൽ എത്രത്തോളം സാധ്യതയുണ്ടെന്ന് ഇത് കാണിക്കുന്നു. ഇന്ത്യയിൽ തന്നെ നമ്മുടെ ആവശ്യങ്ങൾക്കായി കൂടുതൽ കൂടുതൽ ചിപ്പുകൾ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയുടെ ഈ ദൃഢനിശ്ചയത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ആവേശം ഞങ്ങൾക്ക് വളരെ വലിയ മൂലധനമാണ്.

സുഹൃത്തുക്കളെ,

ഇന്ത്യ ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ സൃഷ്ടിക്കുക മാത്രമല്ല, അതേ സമയം, അസംസ്കൃത വസ്തുക്കളുടെ ഒരു സുസ്ഥിര വിതരണ ശൃംഖലയ്ക്കായി വലിയ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. പാക്സ് സിലിക്കയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമാണ്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ പങ്കാളികൾക്കൊപ്പം തന്നെ, ഇന്ത്യയിൽ സുരക്ഷിതമായ ഒരു വിതരണ ശൃംഖല ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളെ,

നിർണ്ണായക ധാതുക്കളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി, ഇന്ത്യ നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷനും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ, നിർണായക ധാതുക്കളുടെ ഖനനത്തിനും ഉൽപാദനത്തിനും ഊന്നൽ നൽകുന്നു. ധാതുക്കളുടെ പുനരുപയോഗത്തിനും 1500 കോടി രൂപയുടെ ഒരു പദ്ധതി ആരംഭിച്ചു. ഈ വർഷത്തെ ബജറ്റിൽ ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളെ സംയോജിപ്പിച്ച് ഒരു അപൂർവ ഭൂമി ഇടനാഴിയുടെ നിർമ്മാണം പ്രഖ്യാപിച്ചു. ഖനനം, ശുദ്ധീകരണം, ഉല്പാദനം എന്നിവയുടെ ശക്തമായ ഒരു ശൃംഖലയായി മാറുന്ന ഒരു സംയോജിത ശൃംഖലയായിരിക്കും ഈ ഇടനാഴി. രാജ്യത്ത് നിർണായക ധാതുക്കളുടെ ഒരു ദേശീയ ശേഖരം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ ശ്രമം. ഈ പ്രവൃത്തി 30-40 വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ ഇതിനായി ദൗത്യ രീതിയിൽ പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ കാലഘട്ടം സാമ്പത്തിക മത്സരത്തിന്റെ മാത്രം സമയമല്ലെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഭാവിയിലെ സാങ്കേതിക ഭൂപ്രകൃതി രൂപപ്പെടുത്താനുള്ള സമയമാണിത്. അതിനാൽ, ഈ ദശകത്തെ, ഈ ദശാബ്​ദത്തെ, ഇന്ത്യയുടെ ടെക്കേഡ് എന്ന് ഞാൻ വിളിക്കുന്നു. ഈ ദശകത്തിൽ ഇന്ത്യ സ്വീകരിക്കുന്ന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ വരും ദശകങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തെ ശാക്തീകരിക്കും. അടുത്തിടെ നടന്ന AI ഇംപാക്ട് ഉച്ചകോടിയുടെ വിജയം നിങ്ങൾക്കെല്ലാവർക്കും സുപരിചിതമായിരിക്കും. AI സ്വീകരിക്കുന്നതിൻ്റെ കാര്യത്തിൽ, ഇന്ത്യ ലോകത്തിലെ എല്ലാവരേക്കാളും മുന്നിലാണ്. നമ്മൾ ഇന്ത്യക്കാർ സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയം, ഫിൻടെക്കിൽ നടക്കുന്ന മഹത്തായ പ്രവർത്തനം, ഇതിൽ സാങ്കേതികവിദ്യയിലുള്ള ഇന്ത്യക്കാരുടെ വിശ്വാസം നമുക്ക് കാണാൻ കഴിയും, അത് കാണിക്കുന്നു. നമ്മുടെ സെമികണ്ടക്ടർ മേഖലയുടെ ആവിർഭാവത്തിൽ നിന്ന് ഇന്ത്യയ്ക്കുള്ള AI ആവാസവ്യവസ്ഥയ്ക്ക് ധാരാളം സഹായം ലഭിക്കും.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ മാറ്റത്തിന് സാക്ഷിയാകുക മാത്രമല്ല, മാറ്റത്തിന് നേതൃത്വം നൽകാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് നീങ്ങുകയാണ്. നമ്മുടെ നയങ്ങളും തീരുമാനങ്ങളും വരും ദശകങ്ങളിലെ സാങ്കേതികവിദ്യയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും ശക്തമായ അടിത്തറ പാകുകയാണ്. അതിനാൽ, ഇന്ന് ഇന്ത്യ എല്ലാ നിർണായക സാങ്കേതികവിദ്യകളിലും അഭൂതപൂർവമായ നിക്ഷേപം നടത്തുകയും പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല നാം തുറന്നുകൊടുത്തു, IN-SPACe പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഫലം ഇന്ന് ദൃശ്യമാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട നമ്മുടെ സ്റ്റാർട്ടപ്പുകൾ വളരെ മികച്ച പ്രവർത്തനങ്ങൾ ചെയ്യുന്നു. അതുപോലെ, അടുത്തിടെ ഞങ്ങൾ ആണവ മേഖലയിൽ ശാന്തി ബിൽ പോലുള്ള ചരിത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇത് പുനരുപയോഗ ഊർജ്ജ മിശ്രിതത്തിൽ ആണവോർജ്ജത്തിന്റെ പങ്ക് വളരെയധികം വർദ്ധിപ്പിക്കും. ഇത് നമ്മുടെ AI ഭാവിക്കും വളരെ ആവശ്യമാണ്.

സുഹൃത്തുക്കളെ,

ക്വാണ്ടം കമ്പ്യൂട്ടിംഗിനെ തന്ത്രപരമായ ആസ്തിയായി കണക്കാക്കുന്ന ഇന്ത്യ, ദൗത്യ രീതിയിൽ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ ശാക്തീകരിക്കുന്നതിൽ ഇത് വളരെ വലിയ പങ്ക് വഹിക്കും. അതായത്, ഇന്ന് സാങ്കേതികവിദ്യ വികസനത്തിലും സാങ്കേതികവിദ്യ ഉപയോഗത്തിലും ഇന്ത്യ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഇത് വളരെ വലിയ അവസരമാണ്. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കൽ, നിർമ്മാണം എളുപ്പമാക്കൽ, ലോജിസ്റ്റിക്സ് സു​ഗമമാക്കൽ എന്നിവയിലും ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളെ,

കെയ്‌ൻസിന്റെ ഈ പ്ലാന്റിൽ നിന്ന് പുറത്തുവരുന്ന ഉൽപ്പന്നങ്ങൾ ലോകത്തിന്റെ ഫാക്ടറി എന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയ്ക്ക് കൂടുതൽ ശക്തി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും നിരവധി, നിരവധി ആശംസകൾ. വളരെ നന്ദി.

നിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

-SK-


( റിലീസ് ഐ.ഡി: 2248540) സന്ദര്‍ശക കൗണ്ടര്‍ : 13