മന്ത്രിസഭ
azadi ka amrit mahotsav

ഇമിഗ്രേഷൻ, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷൻ & ട്രാക്കിംഗ് (ഐവിഎഫ്ആർടി) പദ്ധതിയുടെ തുടർച്ചയ്‌ക്ക്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 25 MAR 2026 4:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, ഇമിഗ്രേഷൻ, വിസ, ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് (IVFRT) പദ്ധതി 2026 മാർച്ച് 31-ന് ശേഷവും തുടരുന്നതിന് അംഗീകാരം നൽകി. 1,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ അടുത്ത ഘട്ടം 2026 ഏപ്രിൽ 01 മുതൽ 2031 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്കാണ് നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ ഇമിഗ്രേഷൻ, വിസ അനുവദിക്കൽ, വിദേശികളുടെ രജിസ്ട്രേഷൻ എന്നീ സേവനങ്ങളെ സംയോജിപ്പിക്കാനും അവ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്ന IVFRT (Immigration, Visa, Foreigners Registration & Tracking) പ്ലാറ്റ്‌ഫോം, സുരക്ഷിതവും ഏകോപിതവുമായ ഒരു സേവന വിതരണ സംവിധാനത്തിലൂടെ ഈ മേഖലകളെ ആധുനികവൽക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമപരമായ യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം രാജ്യസുരക്ഷ ശക്തിപ്പെടുത്തുക എന്നതും ഇതിന്റെ പ്രധാന ലക്ഷ്യമാണ്. 2010 മെയ് 13-ന് 1,011 കോടി രൂപ ബജറ്റോടെ 2014 സെപ്റ്റംബർ വരെ കാലാവധി നിശ്ചയിച്ച് സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ഈ പദ്ധതിയുടെ ബജറ്റ് 2015-ൽ 638.90 കോടി രൂപയായി പുതുക്കി നിശ്ചയിക്കുകയും കാലാവധി അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ആദ്യം 2017 മാർച്ച് 31 വരെയും പിന്നീട് 2021 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. പുതുക്കിയ തുകയിൽ 613.28 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. തുടർന്ന്, 2021 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തെ തുടർച്ചയ്ക്കായി 1,365 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ 2022 ജനുവരി 19-ന് കേന്ദ്ര മന്ത്രിസഭ ഈ പദ്ധതിക്ക് വീണ്ടും അംഗീകാരം നൽകി.

നിലവിലുള്ള IVFRT പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുക മാത്രമല്ല, സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ആഗോള യാത്രാ രംഗത്തെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉയർന്നുവരുന്ന ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും IVFRT പദ്ധതിയുടെ ആധുനികവൽക്കരണം അത്യന്താപേക്ഷിതമാണ്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025-ന്റെയും അതിനെത്തുടർന്നുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പശ്ചാത്തലത്തിൽ, ഇമിഗ്രേഷൻ നിയന്ത്രണം, അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള വിദേശികളുടെ മാനേജ്‌മെന്റ് എന്നീ മേഖലകളിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ IVFRT സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുന്നു. ഈ പദ്ധതിയുടെ തുടർച്ച കേവലം ഒരു സാങ്കേതിക നവീകരണം മാത്രമല്ല, മറിച്ച് ലോകോത്തര ഇമിഗ്രേഷൻ-വിസ സംവിധാനത്തിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള യാത്രകൾ സുഗമമാക്കുക എന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ  കാഴ്ചപ്പാടിന് അനുസൃതമായ ഒരു തന്ത്രപ്രധാനമായ മാറ്റമാണ്. പദ്ധതിയുടെ അടുത്ത ഘട്ടം പ്രധാനമായും മൂന്ന് മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: (എ) പുത്തൻ സാങ്കേതിക വിദ്യകളിലെ നവീന ആശയങ്ങൾ, (ബി) അടിസ്ഥാന സൗകര്യങ്ങളുടെ പരിവർത്തനം, (സി) സാങ്കേതികവിദ്യയുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കൽ.

യാത്രക്കാരുടെ നീക്കം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി മൊബൈൽ അധിഷ്ഠിത സേവനങ്ങളും സെൽഫ് സർവീസ് കിയോസ്കുകളും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് ഈ പദ്ധതി ഇമിഗ്രേഷൻ-വിസ മേഖലയെ ആധുനികവൽക്കരിക്കും. രാജ്യവ്യാപകമായി കരുത്തുറ്റതും വിപുലീകരിക്കാവുന്നതുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിനായി ഇമിഗ്രേഷൻ പോസ്റ്റുകൾ, എഫ്.ആർ.ആർ.ഒ (FRRO) ഓഫീസുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇത് മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യും. കൂടാതെ, ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിച്ചും ആപ്ലിക്കേഷൻ ആർക്കിടെക്ചർ പരിഷ്കരിച്ചും സേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കും. ഇത് നിയമപരമായ യാത്രക്കാർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം ദേശീയ സുരക്ഷ ശക്തമാക്കുകയും ചെയ്യും.സേവനങ്ങളുടെ തുടർച്ച നിലനിർത്താനും ഭാവിയിൽ കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി നൂതന സാങ്കേതിക പരിഹാരങ്ങൾ കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും. ഇത് ടൂറിസം, മെഡിക്കൽ, ബിസിനസ് മേഖലകൾക്ക് വലിയ ഉത്തേജനം നൽകും. അന്താരാഷ്ട്ര യാത്രാസൗകര്യങ്ങൾ, വ്യാപാരം, വാണിജ്യം എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ IVFRT വലിയ തോതിലുള്ള ഗുണഫലങ്ങൾ ഉണ്ടാക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കുകയും അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യും.

ഈ പദ്ധതി രാജ്യത്തുടനീളമുള്ള 117 ഇമിഗ്രേഷൻ പോസ്റ്റുകൾ (IPs), 15 ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസുകൾ (FRROs), 854 ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസുകൾ (FROs)/എസ്.പി (SP)/ഡി.സി.പി (DCP) ഓഫീസുകൾ എന്നിവയെ ഉൾക്കൊള്ളുന്നു.

ഇമിഗ്രേഷൻ, വിസ സേവനങ്ങളുടെ വിതരണത്തിലും പ്രവർത്തനക്ഷമതയിലും വലിയ പുരോഗതി കൊണ്ടുവരാൻ IVFRT സംവിധാനത്തിന് സാധിച്ചു. ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിംഗ്, പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയിലൂടെ 100% സമ്പർക്കരഹിതവും നേരിട്ട് ഹാജരാകേണ്ടതില്ലാത്തതുമായ വിസ നടപടികൾ ഈ സംവിധാനം ഉറപ്പാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 91.24% ഇ-വിസ (e-Visa) അപേക്ഷകളും 72 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിച്ചു. ഇമിഗ്രേഷൻ പോസ്റ്റുകളിൽ ബയോമെട്രിക്സ് ഉൾപ്പെടെയുള്ള യാത്രക്കാരുടെ പരിശോധനാ സമയം മുമ്പത്തെ 5-6 മിനിറ്റിൽ നിന്ന് 2.5-3 മിനിറ്റായി കുറഞ്ഞു.

13 പ്രധാന വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ വഴിയുള്ള ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP), ഇമിഗ്രേഷൻ പരിശോധനാ സമയം 2.5-3 മിനിറ്റിൽ നിന്ന് വെറും 30 സെക്കൻഡായി കുറച്ചു. നിലവിൽ ഇന്ത്യൻ പൗരന്മാർക്കും ഒ.സി.ഐ (OCI) കാർഡ് ഉടമകൾക്കും സൗജന്യമായാണ് ഇതിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നത്.

ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം, യാത്രക്കാരുടെ സൗകര്യം, സുരക്ഷാ ഉറപ്പ് എന്നിവയിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങളാണ് IVFRT സംവിധാനം വഴി കൈവരിക്കാനായത്. വിനോദസഞ്ചാരം, വ്യാപാരം, വാണിജ്യം, സേവന മേഖലകൾ, പ്രത്യേകിച്ച് ഏവിയേഷൻ , ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾ എന്നിവയ്ക്ക് ഈ സംവിധാനം വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്.

***

SK


( റിലീസ് ഐ.ഡി: 2248456) സന്ദര്‍ശക കൗണ്ടര്‍ : 19