പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ജൈന സംസ്‌കാരത്തിന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും മാനവികതയ്ക്കായുള്ള അതിന്റെ കാലാതീതമായ മൂല്യങ്ങളും സാമ്രാട്ട് സംപ്രതി മ്യൂസിയം പ്രദർശിപ്പിക്കുന്നു: പ്രധാനമന്ത്രി

ഭഗവാൻ മഹാവീരന്റെ പാദങ്ങളിൽ ഞാൻ വണങ്ങുന്നു, കോബ തീർത്ഥിൽ നിന്ന് എല്ലാ പൗരന്മാർക്കും ഭഗവാൻ മഹാവീർ ജയന്തി ആശംസകൾ നേരുന്നു: പ്രധാനമന്ത്രി

സാമ്രാട്ട് സംപ്രതി മ്യൂസിയം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ പൈതൃകവും ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തിന്റെ പൈതൃകവുമാണ്: പ്രധാനമന്ത്രി

സിംഹാസനാരോഹണത്തിന് ശേഷം സംപ്രതി ചക്രവർത്തി അഹിംസ വ്യാപിപ്പിച്ചു. അദ്ദേഹം സത്യം, അസ്തേയം, അപരിഗ്രഹം എന്നിവ പ്രചരിപ്പിച്ചു: പ്രധാനമന്ത്രി

ഇന്ത്യയിൽ അറിവ് എപ്പോഴും സ്വതന്ത്രമായി ഒഴുകുന്ന ഒരു അരുവിയായിരുന്നു: പ്രധാനമന്ത്രി

ഓരോ യുഗത്തിലും തീർത്ഥങ്കരന്മാരും മുനിമാരും ചിന്തകരും അവതരിച്ചു, ജ്ഞാന സംഹിത വളർന്നുകൊണ്ടിരുന്നു, കാലക്രമേണ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു: പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 31 MAR 2026 1:07PM by PIB Thiruvananthpuram

ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥത്തിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. "കോബ തീർത്ഥ് ആത്മീയ ശാന്തിയിൽ അലിഞ്ഞുചേർന്നതാണ്. ഒട്ടനവധി ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ ഇവിടെ പ്രകടമാകുന്നു, കൂടാതെ സൃഷ്ടിയും സേവനവും സ്വാഭാവികമായി ഇവിടെ വിരിഞ്ഞുനിൽക്കുന്നു," ശ്രീ മോദി പറഞ്ഞു.

കോബ തീർത്ഥിന്റെ കാലാതീതമായ പാരമ്പര്യങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വർഷങ്ങളായി പഠനത്തിന്റെയും സാധനയുടെയും ആത്മനിയന്ത്രണത്തിന്റെയും പാരമ്പര്യങ്ങൾ ഈ പുണ്യഭൂമിയിൽ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മൂല്യങ്ങളുടെ സംരക്ഷണം, സംസ്കാരങ്ങളുടെ പരിപോഷണം, അറിവിന്റെ പോഷണം എന്നിവയാണ് ഇന്ത്യൻ നാഗരികതയുടെ അടിത്തറയായ 'ത്രിവേണി' അഥവാ സംഗമമെന്ന് അദ്ദേഹം അടിവരയിട്ടു. "ഈ ത്രിവേണിയെ തടസ്സമില്ലാതെ ഒഴുകാൻ അനുവദിക്കുക എന്നത് നമ്മൾ എല്ലാവരുടെയും പങ്കിട്ട ഉത്തരവാദിത്തമാണ്," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

പുരാതന ജ്ഞാനത്തെ പുതിയതും ആധുനികവുമായ രൂപങ്ങളിൽ അടുത്ത തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി സന്യാസിമാർ വിഭാവനം ചെയ്ത ഈ ജൈന പൈതൃക മ്യൂസിയത്തിലൂടെ, ജൈനധർമ്മത്തിന്റെ കാലാതീതമായ അറിവും ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും വരുംനൂറ്റാണ്ടുകളിലേക്ക് സംരക്ഷിക്കപ്പെടുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. "ഇന്ന് ജൈന തത്ത്വചിന്തയുടെയും ഇന്ത്യൻ സംസ്‌കാരത്തിന്റെയും നമ്മുടെ പുരാതന പൈതൃകത്തിന്റെയും പവിത്രമായ കേന്ദ്രമായ സാമ്രാട്ട് സംപ്രതി സംഗ്രഹാലയിന്റെ രൂപത്തിൽ ആ മഹത്തായ ദർശനം യാഥാർത്ഥ്യമായിരിക്കുന്നു," പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

ഈ സംരംഭത്തിന് മഹത്തായ സംഭാവനകൾ നൽകിയ എല്ലാ ജൈന മുനിമാരെയും സന്യാസിമാരെയും ആയിരക്കണക്കിന് ഭക്തരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പൈതൃക സംരക്ഷണത്തിൽ നവീകരണത്തിനുള്ള പ്രാധാന്യം അടിവരയിട്ടുകാട്ടിയ അദ്ദേഹം, പുരാതന ജ്ഞാനം പുതിയ രീതികളിൽ അവതരിപ്പിക്കപ്പെടുമ്പോൾ പൈതൃകം സമ്പന്നമാകുമെന്നും വരുംതലമുറകൾക്ക് അത് പുതിയ പ്രചോദനം നൽകുമെന്നും നിരീക്ഷിച്ചു. "സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടേതാണ്. അത് നമ്മുടെ മഹത്തായ ഭൂതകാലത്തിന്റെ സാക്ഷ്യമായി നിലകൊള്ളുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്രാട്ട് സംപ്രതിയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, പല നാഗരികതകളും മഹത്തായ ചിന്തകരെയും ദാർശനികരെയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഭരണാധികാരികൾ അധികാരത്തിന്റെ ചോദ്യം വരുമ്പോൾ പലപ്പോഴും ആദർശങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടെന്നും ഇത് ചിന്തയും ഭരണവും തമ്മിൽ വലിയ അകലം സൃഷ്ടിച്ചുവെന്നും നിരീക്ഷിച്ചു. സാമ്രാട്ട് സംപ്രതി വെറുമൊരു ചരിത്രപുരുഷനായ രാജാവല്ല, മറിച്ച് ഇന്ത്യയുടെ തത്ത്വചിന്തയെയും ശീലത്തെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഇന്ത്യയിൽ സാമ്രാട്ട് സംപ്രതിയെപ്പോലുള്ള ഭരണാധികാരികൾ അധികാരത്തെ സേവനമായും സാധനയായും പരിഗണിച്ചു. സിംഹാസനത്തിലിരുന്നുകൊണ്ട് അഹിംസയെ വ്യാപിപ്പിക്കുകയും തികഞ്ഞ നിസ്സംഗതയോടും നിസ്വാർത്ഥതയോടും കൂടി സത്യം, അസ്തേയം (അപഹരിക്കാതിരിക്കൽ), അപരിഗ്രഹം (കൈവശം വെക്കാതിരിക്കൽ) എന്നിവ പ്രചരിപ്പിക്കുകയും ചെയ്തു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഓരോ ചുവടിലും ഇന്ത്യയുടെ പ്രതാപം വെളിവാക്കുന്ന രീതിയിലാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നതെന്നും അതിലെ ഏഴ് ഗ്യാലറികൾ രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക സമൃദ്ധിയും വിളിച്ചോതുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നവപദ്, അരിഹന്ത്, സിദ്ധ, ആചാര്യ, ഉപാധ്യായ, സാധു എന്നിവയും സംയക് ദർശനം, സംയക് ജ്ഞാനം, സംയക് ചരിത്രം, സംയക് തപം എന്നീ നാല് തത്വങ്ങളും പ്രദർശിപ്പിക്കുന്ന ഒന്നാം ഗ്യാലറിയെയും തീർത്ഥങ്കരന്മാരുടെ കഥകളും ദർശനങ്ങളും കലാപരമായി പുനരാവിഷ്കരിക്കുന്ന മൂന്നാം ഗ്യാലറിയെയും അദ്ദേഹം എടുത്തുപറഞ്ഞു. "അറിവ് സംയക് (നീതിനിഷ്ഠം) ആയിരിക്കുമ്പോൾ അത് സമചിത്തതയുടെയും സേവനത്തിന്റെയും അടിത്തറയായിമാറുന്നു," പ്രധാനമന്ത്രി മോദി നിരീക്ഷിച്ചു.

ജൈന പൈതൃകത്തോടൊപ്പം ഇന്ത്യയുടെ മറ്റ് മതപാരമ്പര്യങ്ങളായ വേദിക്, ബുദ്ധമതം തുടങ്ങിയവയെയും ഈ മ്യൂസിയം മനോഹരമായി പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ നാനാത്വവും നാനാത്വത്തിലെ ഏകത്വവുമാണെന്ന് എടുത്തുപറഞ്ഞു. മതത്തിന്റെയും വിഭാഗീയതയുടെയും പേരിൽ ലോകം സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഈ മ്യൂസിയം വേദങ്ങൾ, പുരാണങ്ങൾ, ആയുർവേദം, യോഗ, ദർശനം എന്നിവയെല്ലാം ഒരു മഴവിൽ പോലെ ഐക്യത്തോടെ വശങ്ങളിൽ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. "ഇത് ഇന്ത്യയിൽ മാത്രമേ നടക്കൂ," അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

നിലവിലുള്ള ആഗോള അസ്ഥിരതയെയും അശാന്തിയെയും പരാമർശിച്ചുകൊണ്ട്, ഈ മ്യൂസിയം ഉൾക്കൊള്ളുന്ന പൈതൃകവും സന്ദേശവും ഇന്ത്യയ്ക്ക് മാത്രമല്ല, മാനവികതയ്ക്ക് മുഴുവൻ അതീവ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോകമെമ്പാടുമുള്ള ജിജ്ഞാസുക്കളായ സന്ദർശകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും എണ്ണം തുടർന്നും വർദ്ധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "ഇവിടം സന്ദർശിക്കുന്നവർ ഇന്ത്യയുടെയും ജൈനധർമ്മത്തിന്റെയും പ്രബോധനങ്ങൾ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കണം," ശ്രീ മോദി അഭ്യർത്ഥിച്ചു.

തക്ഷശില, നളന്ദ തുടങ്ങിയ ഇന്ത്യയുടെ പുരാതന സർവ്വകലാശാലകളിൽ ഒരുകാലത്ത് ലക്ഷക്കണക്കിന് കയ്യെഴുത്തുപ്രതികൾ നിറഞ്ഞിരുന്നുവെന്നും മത സങ്കുചിത ചിന്തകളാൽ പ്രേരിതരായ വിദേശ അധിനിവേശക്കാർ അവ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു. ആ പ്രതിസന്ധിഘട്ടങ്ങളിൽ സാധാരണക്കാർ അവശേഷിച്ച കയ്യെഴുത്തുപ്രതികൾ തലമുറകളായി സംരക്ഷിച്ചുവെന്ന് അദ്ദേഹം കുറിച്ചു. കൂടാതെ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം കയ്യെഴുത്തുപ്രതികൾക്കായി ഗ്രാമങ്ങൾ തോറും നഗരങ്ങൾ തോറും 60 വർഷം സഞ്ചരിച്ച ആചാര്യ ഭഗവന്ത് ശ്രീ പത്മസാഗർ സൂരീശ്വർജി മഹാരാജ് സാഹിബിന്റെ അസാധാരണമായ അർപ്പണബോധത്തെ അദ്ദേഹം പ്രശംസിച്ചു. "താളിയോലകളിലും മരത്തോലുകളിലും കൊത്തിവെച്ച, നൂറുകണക്കിന് വർഷം പഴക്കമുള്ള മൂന്ന് ലക്ഷത്തിലധികം കയ്യെഴുത്തുപ്രതികൾ ഇന്ന് കോബയിൽ സുരക്ഷിതമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഭാവികാലത്തിനും നൽകുന്ന മഹത്തായ സേവനത്തെ പ്രതിനിധീകരിക്കുന്നു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത എടുത്തുപറഞ്ഞുകൊണ്ട്, മുൻ ​ഗവൺമെന്റുകളുടെ അവഗണന പരിഹരിക്കുന്നതിനായി 'ജ്ഞാൻ ഭാരതം മിഷൻ' ആരംഭിച്ചിട്ടുണ്ടെന്നും പുരാതന കൈയെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷൻ, ശാസ്ത്രീയ സംരക്ഷണം, സ്കാനിംഗ്, കെമിക്കൽ ട്രീറ്റ്‌മെന്റ്, ഡിജിറ്റൽ ആർക്കൈവിംഗ് എന്നിവയ്ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ പക്കൽ സൂക്ഷിച്ചിരിക്കുന്ന കൈയെഴുത്തുപ്രതികൾ അപ്‌ലോഡ് ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന രാജ്യവ്യാപകമായ സർവേയെക്കുറിച്ച് താൻ സംസാരിച്ച തന്റെ സമീപകാല 'മൻ കി ബാത്ത്' എപ്പിസോഡിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "രാജ്യത്തിന്റെ ഓരോ കോണിലും ചിതറിക്കിടക്കുന്ന കൈയെഴുത്തുപ്രതികൾ ശേഖരിക്കുന്നതിൽ ഈ ക്യാമ്പയിൻ സുപ്രധാന പങ്ക് വഹിക്കും," പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.

​ഗവൺമെന്റ് തലത്തിലുള്ള 'ജ്ഞാൻ ഭാരതം മിഷന്റെ' സംയുക്ത പരിശ്രമങ്ങളെയും കോബ തീർത്ഥിന്റെ അസാധാരണമായ സംഭാവനകളെയും ഇന്ത്യയുടെ പുതിയ സാംസ്കാരിക നവോത്ഥാനത്തിന്റെ പ്രതീകങ്ങളായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനവും മുതൽ ആയുർവേദത്തിന്റെയും യോഗയുടെയും പ്രചാരണം വരെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും മനസ്സിലാക്കാനും പ്രദർശിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇന്ന് എല്ലാ തലങ്ങളിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു. ലോത്തലിലെ ബൃഹത്തായ മാരിടൈം മ്യൂസിയം, വഡ്‌നഗറിലെ മ്യൂസിയം, ഡൽഹിയിൽ വരാനിരിക്കുന്ന യുഗേ യുഗീൻ ഭാരത് മ്യൂസിയം എന്നിവയുൾപ്പെടെ വരാനിരിക്കുന്ന നാഴികക്കല്ലായ പദ്ധതികളെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, രാഷ്ട്രീയ പക്ഷപാതമില്ലാതെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരുന്നതിനായി ആദ്യമായി അർത്ഥവത്തായതും സമഗ്രവുമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞു. "പൈതൃകത്തെ രാഷ്ട്രീയ കണ്ണിലൂടെ നോക്കിക്കാണുന്ന മാനസികാവസ്ഥ ഞങ്ങൾ അവസാനിപ്പിച്ചു, വികസിത ഭാരതം എന്ന കാഴ്ചപ്പാടിന്റെ ആത്മാവായ 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രവുമായി മുന്നോട്ട് പോവുകയാണ്," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കുന്നതിൽ സന്യാസിമാർ നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു, കൂടാതെ നാല് ജൈന വിഭാഗങ്ങളും ഒത്തുചേർന്ന ഡൽഹിയിലെ ചരിത്രപരമായ നവ്കാർ മഹാമന്ത്ര ദിവസ് പരിപാടിയെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. തദ് അവസരത്തിൽ താൻ മുന്നോട്ടുവെച്ച പത്ത് തീരുമാനങ്ങൾ അദ്ദേഹം ആവർത്തിച്ചു: ജലസംരക്ഷണം; ഏക് പേഡ് മാ കേ നാം; ശുചിത്വ ദൗത്യം; വോക്കൽ ഫോർ ലോക്കൽ; ദേശ് ദർശൻ; പ്രകൃതി കൃഷി; ആരോഗ്യകരമായ ജീവിതശൈലി; യോഗയും കായിക വിനോദങ്ങളും; പാവപ്പെട്ടവരെ സഹായിക്കൽ; കൂടാതെ സമാജം തന്നെ കൂട്ടിച്ചേർത്ത പത്താമത്തെ തീരുമാനമായ ഇന്ത്യയുടെ പൈതൃക സംരക്ഷണം. "ഇന്നത്തെ പരിപാടി ഈ തീരുമാനങ്ങളുടെ തന്നെ ജീവസ്സുറ്റ പ്രതിഫലനമാണ്," അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ ഐക്യവും സാംസ്കാരിക കരുത്തുമായിരിക്കും രാജ്യത്തിന്റെ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ ചാലകശക്തിയെന്ന് പറഞ്ഞു. വ്യക്തിപരമായ അഭിലാഷങ്ങൾക്ക് ഉപരിയായി ജനങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ വികസനത്തിന്റെ വേഗത വർദ്ധിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"സാമ്രാട്ട് സംപ്രതി മ്യൂസിയം അറിവിന്റെയും സാധനയുടെയും സംസ്കാരത്തിന്റെയും ഒരു സുപ്രധാന കേന്ദ്രമായി ഉയർന്നുവരുമെന്നും വരുംകാലങ്ങളിൽ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും സമൂഹത്തിന് ഊർജ്ജം പകരുകയും ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്," ശ്രീ മോദി ഉപസംഹരിച്ചു.

 

 

***

SK


( റിലീസ് ഐ.ഡി: 2248285) സന്ദര്‍ശക കൗണ്ടര്‍ : 18