പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

TV9 ഉച്ചകോടി 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 23 MAR 2026 9:21PM by PIB Thiruvananthpuram

നമസ്കാരം!

അടുത്ത കാലത്തായി ഒന്നോ രണ്ടോ തവണ ടിവി9 ഭാരത്‌വർഷ് കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സാധാരണയായി നിങ്ങളുടെ ശ്രദ്ധ യുദ്ധങ്ങളിലും മിസൈലുകളിലുമാണ് പതിയാറുള്ളത്, ഈ ദിവസങ്ങളിൽ നിങ്ങൾക്ക് അത്തരം വാർത്തകൾ ധാരാളമായി ലഭിക്കുന്നുമുണ്ട്. വലിയ രാജ്യങ്ങൾ ടിവി9-ന് അത്രയധികം വാർത്താ സാമഗ്രികൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു.എന്നാൽ ഗൗരവകരമായി പറഞ്ഞാൽ, ഇന്ന് ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മുമ്പെങ്ങുമില്ലാത്തവിധം അതീവ ഗുരുതരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ആശയങ്ങൾ പങ്കുവെക്കുന്നതിനായി ടിവി9 നെറ്റ്‌വർക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദി ഒരുക്കിയിരിക്കുന്നു. ഈ ഉച്ചകോടിയിൽ നിങ്ങളെല്ലാവരും "ഇന്ത്യയും ലോകവും" എന്ന വിഷയത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ ഉച്ചകോടിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഇവിടെ എത്തിച്ചേർന്ന എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ലോകം സംഘർഷങ്ങളിൽ ഉഴലുന്ന ഒരു സമയത്ത്, ഈ സംഘർഷങ്ങളുടെ ദൂഷ്യഫലങ്ങൾ ആഗോളതലത്തിൽ ദൃശ്യമാകുമ്പോൾ, "ഇന്ത്യയും ലോകവും" എന്നതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ പ്രസക്തമാണ്. ഇന്ന് ഇന്ത്യ അതിവേഗം മുന്നേറുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഒരു രാജ്യമാണ്. 2014-ന് മുമ്പുള്ള സാഹചര്യങ്ങളെ പിന്നിലാക്കി പുതിയ ആത്മവിശ്വാസത്തോടെ ഭാരതം മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് ഇന്ത്യ വെല്ലുവിളികളെ ഒഴിവാക്കുന്നില്ല, മറിച്ച് അവയെ നേരിട്ട് അഭിമുഖീകരിക്കുന്നു.കഴിഞ്ഞ 5-6 വർഷങ്ങൾ നോക്കൂ: മഹാമാരിക്ക് ശേഷം ഓരോ വർഷവും വെല്ലുവിളികൾ വർദ്ധിച്ചുകൊണ്ടേ ഇരുന്നു. ഭാരതത്തെയും ഭാരതീയരെയും പരീക്ഷിക്കാത്ത ഒരു വർഷം പോലും കടന്നുപോയിട്ടില്ല. എന്നിട്ടും 140 കോടി പൗരന്മാരുടെ ഐക്യത്തോടെയുള്ള പരിശ്രമത്തിലൂടെ ഇന്ത്യ ഓരോ പ്രതിസന്ധിയെയും നേരിടുകയും മുന്നേറുകയും ചെയ്തു. യുദ്ധകാലത്ത് പോലും ഇന്ത്യയുടെ നയങ്ങളും തന്ത്രങ്ങളും കരുത്തും കണ്ട് ലോകം അത്ഭുതപ്പെടുകയാണ്. നമുക്കൊരു ചൊല്ലുണ്ട്: "സത്യം അഗ്നിപരീക്ഷകളെ അതിജീവിക്കും."
ലോകമെമ്പാടും കടുത്ത അശാന്തി പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 28 മുതൽ, കഠിനമായ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പുരോഗതിക്കും വികസനത്തിനും വിശ്വാസത്തിനുമുള്ള നിശ്ചയദാർഢ്യത്തോടെ ഇന്ത്യ മുന്നേറ്റം തുടർന്നു. ഈ 23 ദിവസത്തിനുള്ളിൽ, ബന്ധങ്ങൾ കെട്ടിപ്പടുക്കാനും തീരുമാനങ്ങൾ എടുക്കാനും പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുമുള്ള സ്വന്തം ശേഷി ഇന്ത്യ തെളിയിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന് ലോകം പല ചേരികളായി തിരിഞ്ഞിരിക്കുന്ന ഈ സമയത്ത്, ഇന്ത്യ മുമ്പെങ്ങും ഇല്ലാത്തവിധം ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ദൃഢമായ ബന്ധങ്ങൾ  കെട്ടിപ്പടുത്തിരിക്കുന്നു. ഗൾഫ് രാജ്യങ്ങൾ മുതൽ പാശ്ചാത്യ രാജ്യങ്ങൾ വരെയും, ഗ്ലോബൽ സൗത്ത്  മുതൽ അയൽരാജ്യങ്ങൾ വരെയും ഇന്ത്യ എല്ലാവരുടെയും വിശ്വസ്ത പങ്കാളിയാണ്. ചിലർ ചോദിക്കാറുണ്ട്, "നമ്മൾ ആരുടെ പക്ഷത്താണ്?" എന്ന്. അവർക്കുള്ള എന്റെ മറുപടി ലളിതമാണ്: നമ്മൾ ഇന്ത്യയുടെ പക്ഷത്താണ്, ഇന്ത്യയുടെ താൽപ്പര്യങ്ങളുടെ പക്ഷത്താണ്, സമാധാനത്തിന്റെയും ചർച്ചകളുടെയും പക്ഷത്താണ്.

സുഹൃത്തുക്കളേ,

ആഗോള വിതരണ ശൃംഖലകൾ  തകരാറിലായ ഈ പ്രതിസന്ധി ഘട്ടത്തിൽ, വൈവിധ്യവൽക്കരണത്തിന്റെയും അതിജീവനത്തിന്റെയും ഒരു മാതൃകയാണ് ഇന്ത്യ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഊർജ്ജമായാലും വളമായാലും അത്യാവശ്യ സാധനങ്ങളായാലും, സ്വന്തം പൗരന്മാർക്ക് കുറഞ്ഞ പ്രയാസങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ ഇന്ത്യ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, ഇന്നും അത് തുടരുന്നു.

സുഹൃത്തുക്കളേ,

ദേശീയ നയം തന്നെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാകുമ്പോൾ രാജ്യത്തിന്റെ ഭാവിക്ക് പരമപ്രധാനമായ സ്ഥാനം ലഭിക്കുന്നു. എന്നാൽ വ്യക്തിപരമായ താൽപ്പര്യങ്ങൾ രാഷ്ട്രീയത്തിന്മേൽ ആധിപത്യം സ്ഥാപിക്കുമ്പോൾ, ആളുകൾ രാജ്യത്തിന്റെ ഭാവിക്ക് പകരം സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. 2004-നും 2010-നും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഒന്ന് ഓർത്തുനോക്കൂ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് വിലകളിൽ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് കോൺഗ്രസ് ആശങ്കപ്പെട്ടത് രാജ്യത്തെക്കുറിച്ചല്ല, മറിച്ച് സ്വന്തം അധികാരത്തെക്കുറിച്ചാണ്. അവർ 1.48 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾ പുറപ്പെടുവിച്ചു. ഭാവി തലമുറയുടെ മേൽ കടബാധ്യത അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ് തീരുമാനമെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നെ സമ്മതിച്ചിരുന്നു. ഓയിൽ ബോണ്ട് തീരുമാനം തെറ്റാണെന്ന് അറിഞ്ഞിട്ടും, റിമോട്ട് കൺട്രോൾ വഴി ഭരണം നടത്തിയിരുന്നവർ തങ്ങളുടെ അധികാരം നിലനിർത്താൻ വേണ്ടി ആ തീരുമാനമെടുത്തു. കാരണം അതിന്റെ ഉത്തരവാദിത്തം അപ്പോൾ ഉണ്ടായിരുന്നില്ല; തിരിച്ചടവ് തുടങ്ങേണ്ടിയിരുന്നത് 2020-ന് ശേഷം മാത്രമായിരുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ 5-6 വർഷങ്ങളിൽ, കോൺഗ്രസ് സർക്കാരിന്റെ ആ പാപം കഴുകിക്കളയാൻ ഞങ്ങളുടെ  സർക്കാർ കഠിനമായി പരിശ്രമിച്ചു. ഈ ശുദ്ധീകരണത്തിന് രാജ്യം നൽകേണ്ടി വന്ന വില ചെറുതല്ല. ഇത്തരമൊരു 'ലൗണ്ട്രി' (കഴുകി വൃത്തിയാക്കൽ) നിങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല. 1.48 ലക്ഷം കോടി രൂപയ്ക്ക് പകരം, പലിശ കൂടി ചേർത്തപ്പോൾ രാജ്യത്തിന് 3 ലക്ഷം കോടിയിലധികം രൂപ നൽകേണ്ടി വന്നു. അതായത്, ഏകദേശം ഇരട്ടി തുക നൽകാൻ നമ്മൾ നിർബന്ധിതരായി. ഇന്ന് കോൺഗ്രസ് നേതാക്കൾ പ്രസ്താവനകളുടെ മിസൈലുകൾ തൊടുത്തുവിടുന്നു - മിസൈലുകൾ ടിവി9-നെ സന്തോഷിപ്പിക്കുന്നുണ്ടാകാം - എന്നാൽ ഈ വിഷയം വരുമ്പോൾ അവർ നിശബ്ദരാകുന്നു.

സുഹൃത്തുക്കളേ,

പശ്ചിമേഷ്യയിലെ  സാഹചര്യത്തെക്കുറിച്ച് ഇന്ന് ഞാൻ ലോക്സഭയിൽ പ്രസ്താവന നടത്തിയിരുന്നു. ലോകത്ത് എവിടെയൊക്കെ യുദ്ധങ്ങൾ നടക്കുന്നുണ്ടോ, അവയൊക്കെ ഇന്ത്യയുടെ അതിർത്തികളിൽ നിന്ന് ദൂരെയാണ്. എന്നാൽ ഇന്നത്തെ പരസ്പരബന്ധിതമായ സംവിധാനങ്ങളിൽ , ഒരു രാജ്യത്തിനും യുദ്ധങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. പല രാജ്യങ്ങളിലും സ്ഥിതിഗതികൾ ഇതിനകം തന്നെ അതീവ ഗുരുതരമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലും, ചില ആളുകളും ചില പാർട്ടികളും രാഷ്ട്രീയ സ്വാർത്ഥതയാൽ പ്രേരിതരായി ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും രാഷ്ട്രീയ അവസരങ്ങൾക്കായി തിരയുന്നത് നമ്മൾ കാണുന്നു.അതുകൊണ്ട്, ടിവി9-ന്റെ ഈ വേദിയിൽ നിന്ന് ഞാൻ വീണ്ടും പറയുന്നു: ഇത് സംയമനത്തിന്റെയും വൈകാരികമായ തിരിച്ചറിവിന്റെയും  സമയമാണ്. മഹാമാരിയുടെ വലിയ പ്രതിസന്ധി ഘട്ടത്തിൽ, ഒരു വെല്ലുവിളിയെ നേരിടാൻ പൗരന്മാർ ഒന്നിക്കുമ്പോൾ ഫലങ്ങൾ എത്രത്തോളം അർത്ഥവത്താണെന്ന് നമ്മൾ കണ്ടതാണ്. അതേ മനോഭാവത്തോടെ, ഈ യുദ്ധം സൃഷ്ടിച്ച സാഹചര്യങ്ങളെയും നമ്മൾ നേരിടണം.

സുഹൃത്തുക്കളേ,

ലോകം മുഴുവൻ കലുഷിതമായിരിക്കുന്ന ഈ സാഹചര്യത്തിലും ഇന്ത്യ അതിൻ്റെ  പുരോഗതിയുടെ വേഗത നിലനിർത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ 23 ദിവസത്തെ കണക്കുകൾ മാത്രം ഞാൻ നിങ്ങൾക്ക് നൽകുകയാണെങ്കിൽ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും രാജ്യത്തുടനീളം ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികളാണ് നടന്നത്. ഡൽഹി മെട്രോ റെയിലിന്റെ പ്രധാന ഇടനാഴികളുടെ ഉദ്ഘാടനം, സിൽചാർ ഹൈ സ്പീഡ് കോറിഡോറിന്റെ തറക്കല്ലിടൽ, കോട്ടയിൽ പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ, മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകൽ - ഇങ്ങനെയുള്ള നിരവധി പ്രവൃത്തികൾ ഈ 23 ദിവസത്തിനുള്ളിൽ മാത്രം പൂർത്തിയായി.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം, വ്യവസായ വികസനം വേഗത്തിലാക്കുന്നതിനുള്ള ഒരു വലിയ പദ്ധതിക്ക് അംഗീകാരം നൽകി. ഇതിന് കീഴിൽ രാജ്യത്തുടനീളം 100 'പ്ലഗ് ആൻഡ് പ്ലേ' (plug-and-play) ഇൻഡസ്ട്രിയൽ പാർക്കുകൾ വികസിപ്പിക്കും. ചെറുകിട ജലവൈദ്യുത വികസന പദ്ധതിക്കും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു, ഇത് വരും വർഷങ്ങളിൽ 1,500 മെഗാവാട്ട് പുതിയ ജലവൈദ്യുത ശേഷി കൂട്ടിച്ചേർക്കും. ഈ കാലയളവിൽ 'ജൽ ജീവൻ മിഷൻ' 2028 വരെ നീട്ടി. കർഷകരുടെ താൽപ്പര്യാർത്ഥം നിരവധി പ്രധാന തീരുമാനങ്ങളും എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം, 'പിഎം കിസാൻ സമ്മാൻ നിധി'ക്ക് കീഴിൽ 18,000 കോടിയിലധികം രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. നമ്മുടെ MSME-കൾക്കും കയറ്റുമതിക്കാർക്കുമായി ഏകദേശം 500 കോടി രൂപയുടെ ആശ്വാസ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി രാജ്യം എത്രത്തോളം വേഗത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ നടപടികളെല്ലാം.

സുഹൃത്തുക്കളേ,

മാനേജ്‌മെന്റ് രംഗത്ത് ഒരു തത്വമുണ്ട്: “ഏതൊന്നാണോ അളക്കപ്പെടുന്നത് , അത് നിയന്ത്രിക്കപ്പെടുകയും ചെയ്യും .” എന്നാൽ അതിനോട് ഒരു കാര്യം കൂടി ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു: “ഏതൊന്നാണോ അളക്കപ്പെടുന്നത്, അത് മെച്ചപ്പെടുകയും ഒടുവിൽ അത് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു.” കാരണം, വിലയിരുത്തൽ അവബോധം സൃഷ്ടിക്കുന്നു. വിലയിരുത്തൽ ഉത്തരവാദിത്തം സ്ഥാപിക്കുന്നു. ഏറ്റവും പ്രധാനമായി, വിലയിരുത്തൽ പുതിയ സാധ്യതകൾക്ക് ജന്മം നൽകുന്നു.

സുഹൃത്തുക്കളേ,

2014-ന് മുമ്പുള്ള 10-11 വർഷങ്ങളും 2014-ന് ശേഷമുള്ള 10-11 വർഷങ്ങളും നിങ്ങൾ വിലയിരുത്തിയാൽ, ഈ തത്വം പിന്തുടർന്ന് ഇന്ത്യ ഓരോ മേഖലയെയും എങ്ങനെ മാറ്റിമറിച്ചു എന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. മുമ്പ്, പ്രതിദിനം ഏകദേശം 11-12 കിലോമീറ്റർ വേഗതയിലായിരുന്നു ഹൈവേകൾ നിർമ്മിച്ചിരുന്നത്; ഇന്ന് ഇന്ത്യ പ്രതിദിനം ഏകദേശം 30 കിലോമീറ്റർ ഹൈവേകൾ നിർമ്മിക്കുന്നു. മുമ്പ്, തുറമുഖങ്ങളിൽ കപ്പലുകളുടെ 'ടേൺ എറൗണ്ട് ടൈം' (Turnaround time - ഒരു കപ്പൽ തുറമുഖത്ത് ചിലവഴിക്കുന്ന സമയം) 5-6 ദിവസമായിരുന്നു; ഇന്ന് അതേ ജോലി 2 ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു.മുമ്പ്, സ്റ്റാർട്ടപ്പ് സംസ്കാരത്തെക്കുറിച്ച് ചർച്ചകളേ ഉണ്ടായിരുന്നില്ല. 2014-ന് മുമ്പ് ഇന്ത്യയിൽ 400-500 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിൽ 2,00,000-ലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുണ്ട്. മുമ്പ്, മെഡിക്കൽ വിദ്യാഭ്യാസ സീറ്റുകൾ പരിമിതമായിരുന്നു, ഏകദേശം 50-55 ആയിരം എംബിബിഎസ് സീറ്റുകൾ മാത്രം; ഇന്ന് ഈ എണ്ണം 1,25,000-ൽ അധികമായി ഉയർന്നു. മുമ്പ്, ദശലക്ഷക്കണക്കിന് ആളുകൾ ബാങ്കിംഗ് സംവിധാനത്തിന് പുറത്തായിരുന്നു. രാജ്യത്ത് ഏകദേശം 25 കോടി ബാങ്ക് അക്കൗണ്ടുകൾ മാത്രമാണുണ്ടായിരുന്നത്. ജൻ ധൻ യോജനയിലൂടെ 55 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു കഴിഞ്ഞു. മുമ്പ്, രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 70-ൽ താഴെയായിരുന്നു. ഇന്ന് വിമാനത്താവളങ്ങളുടെ എണ്ണം 160-ലധികമായി വർദ്ധിച്ചു.

സുഹൃത്തുക്കളേ,

പദ്ധതികൾ മുൻപും ഉണ്ടായിരുന്നു, എന്നാൽ ഇന്നത്തെ വ്യത്യാസം ഫലങ്ങൾ നേരിട്ട് കാണാൻ കഴിയുന്നു എന്നതാണ്. മുൻപ് വികസനത്തിന്റെ വേഗത കുറവായിരുന്നു, ഇന്ന് ഇന്ത്യ അതിവേഗ പാതയിലാണ് . മുൻപ് സാധ്യതകൾ ഇരുട്ടിലായിരുന്നു, ഇന്ന് നിശ്ചയദാർഢ്യങ്ങൾ നേട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇത് പുതിയ ഇന്ത്യയാണെന്ന സന്ദേശം ലോകത്തിന് ലഭിക്കുന്നത്. വികസനത്തിന്റെ കാര്യത്തിൽ ഒരു അവസരവും  മാറ്റിവെക്കാതെ (അതായത്, സാധ്യമായതെല്ലാം ചെയ്ത്) ഇന്ത്യ മുന്നേറുകയാണ്.

സുഹൃത്തുക്കളേ,

മുൻകാലങ്ങളിൽ വികസനത്തിൽ ഉണ്ടായ അസമത്വങ്ങളെ അവസരങ്ങളാക്കി മാറ്റാനാണ് ഇന്ന് ഞങ്ങളുടെ ശ്രമം. ഉദാഹരണത്തിന് കിഴക്കൻ ഇന്ത്യയെടുക്കാം. കിഴക്കൻ ഇന്ത്യ വിഭവങ്ങളാൽ സമ്പന്നമാണ്, എന്നാൽ അവിടെ ഭരിച്ചിരുന്നവർ പതിറ്റാണ്ടുകളായി കാട്ടിയ അവഗണന വികസനത്തിന് തടസ്സമായി. ഇപ്പോൾ സാഹചര്യം മാറുകയാണ്. ഒരുകാലത്ത് വെടിയൊച്ചകൾ കേട്ടിരുന്ന അസമിൽ ഇന്ന് ഒരു സെമികണ്ടക്ടർ യൂണിറ്റ് നിർമ്മിക്കപ്പെടുന്നു. ഒഡീഷയിൽ സെമികണ്ടക്ടർ മുതൽ പെട്രോകെമിക്കൽസ് വരെയുള്ള പുതിയ മേഖലകൾ വികസിക്കുന്നു. 6–7 പതിറ്റാണ്ടിനിടെ ഗംഗാ നദിക്ക് കുറുകെ ഒരു പ്രധാന പാലം മാത്രം നിർമ്മിക്കപ്പെട്ട ബിഹാറിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചിലധികം പുതിയ പാലങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. ഒരുകാലത്ത് നാടൻ തോക്കുകളുടെ കഥകൾക്ക് പേരുകേട്ടിരുന്ന ഉത്തർപ്രദേശ്, ഇന്ന് മൊബൈൽ ഫോൺ നിർമ്മാണത്തിൽ ആഗോളതലത്തിൽ തന്നെ മുദ്രപതിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

കിഴക്കൻ ഇന്ത്യയിലെ മറ്റൊരു പ്രധാന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഒരുകാലത്ത് ഇന്ത്യയുടെ സംസ്കാരം, വിദ്യാഭ്യാസം, വ്യവസായം, വ്യാപാരം എന്നിവയുടെ കേന്ദ്രമായിരുന്നു പശ്ചിമ ബംഗാൾ. കഴിഞ്ഞ 11 വർഷത്തിനിടയിൽ കേന്ദ്രസർക്കാർ പശ്ചിമ ബംഗാളിന്റെ വികസനത്തിനായി വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, വികസനത്തിന് തടസ്സമിടുന്ന ക്രൂരമായ ഒരു സർക്കാരാണ് ഇന്ന് അവിടെയുള്ളത്. ബംഗാളിൽ ആയുഷ്മാൻ ഭാരത് പദ്ധതി ഈ ക്രൂരമായ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ടിവി9 ബംഗ്ലാ പ്രേക്ഷകർക്കറിയാം. പിഎം സൂര്യ ഘർ സൗജന്യ വൈദ്യുതി പദ്ധതിയും തടഞ്ഞു. പിഎം ആവാസ് യോജനയും തടഞ്ഞു. തേയിലത്തോട്ടം തൊഴിലാളികൾക്കായുള്ള പദ്ധതിയും തടഞ്ഞു. അതായത്, വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകുന്നതിന് പകരം, ഈ സർക്കാർ തങ്ങളുടെ രാഷ്ട്രീയ സ്വാർത്ഥതയ്ക്കാണ് മുൻഗണന നൽകുന്നത്.

സുഹൃത്തുക്കളേ,

രാജ്യത്ത് ഇത്തരത്തിലുള്ള രാഷ്ട്രീയം തുടങ്ങിയ പാർട്ടിക്ക് അവരുടെ പാപങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല; ആ പാർട്ടി കോൺഗ്രസാണ്. വികസനത്തെ സാധ്യമായ എല്ലാ വഴികളിലൂടെയും എതിർക്കുക എന്നത് മാത്രമാണ് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏക ലക്ഷ്യം. ഞാൻ ഗുജറാത്തിലായിരുന്ന കാലം മുതൽ കോൺഗ്രസ് ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. വർഷങ്ങളോളം ഗുജറാത്തിലെ ജനങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചപ്പോൾ, ആ ജനവിധിയെ അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. അവർ ഗുജറാത്തിന്റെ പ്രതിച്ഛായയെ ചോദ്യം ചെയ്തു, അവിടുത്തെ പുരോഗതിയെ പ്രതിക്കൂട്ടിലാക്കി. അതേ വിശ്വാസം രാജ്യത്തുടനീളം ദൃശ്യമായപ്പോൾ, കോൺഗ്രസിന്റെ എതിർപ്പ് പ്രാദേശിക തലത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് വളർന്നു.

സുഹൃത്തുക്കളേ,

രാഷ്ട്രീയത്തിലെ എതിർപ്പ് വികസനത്തോടുള്ള എതിർപ്പായി മാറുമ്പോൾ, വിമർശനങ്ങൾ രാജ്യത്തിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ, അത് കേവലം സർക്കാരിനോടുള്ള എതിർപ്പല്ല - മറിച്ച് രാജ്യത്തിന്റെ പുരോഗതിയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഒരു മാനസികാവസ്ഥയായി മാറുന്നു. ഇന്ന് കോൺഗ്രസ് ഈ മാനസികാവസ്ഥയുടെ അടിമയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ ഓരോ വിജയവും ചോദ്യം ചെയ്യപ്പെടുകയും, ഓരോ നേട്ടത്തിലും പോരായ്മകൾ കണ്ടെത്താൻ ശ്രമിക്കുകയും, ഓരോ ശ്രമവും പരാജയപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്.കോവിഡ് കാലത്ത് രാജ്യം സ്വന്തമായി വാക്സിൻ വികസിപ്പിച്ചപ്പോൾ കോൺഗ്രസ് അതിനെ സംശയിച്ചു. 'മേയ്ക്ക് ഇൻ ഇന്ത്യ'  ചർച്ച ചെയ്തപ്പോൾ അത് വിജയിക്കില്ലെന്ന് അവർ പറഞ്ഞു, അതിനെ 'പേപ്പർ ടൈഗർ' എന്ന് വിളിച്ച് പരിഹസിച്ചു. 'ഡിജിറ്റൽ ഇന്ത്യ' ആരംഭിച്ചപ്പോൾ അവർ അതിനെ കളിയാക്കി. എന്നാൽ ഓരോ തവണയും കോൺഗ്രസിന്റെ നിർഭാഗ്യവും ഇന്ത്യയുടെ ഭാഗ്യവുമായി, ഇന്ത്യ എല്ലാ വെല്ലുവിളികളെയും വിജയമാക്കി മാറ്റി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിന്റെ ഉദാഹരണമാണ് ഇന്ത്യ. ഡിജിറ്റൽ പേയ്‌മെന്റുകളിൽ ഇന്ത്യ ഒരു ആഗോള നേതാവാണ്. മാനുഫാക്ചറിംഗ്, സ്റ്റാർട്ടപ്പ് മേഖലകളിൽ ഇന്ത്യ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.

സുഹൃത്തുക്കളേ,

ഒരു ജനാധിപത്യത്തിൽ പ്രതിപക്ഷം അത്യാവശ്യമാണ്. എന്നാൽ എതിർപ്പും വിദ്വേഷവും തമ്മിൽ ഒരു അതിർവരമ്പുണ്ട്. സർക്കാരിനെ എതിർക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. രാജ്യത്തിന്റെ നേട്ടങ്ങളിൽ പോലും അസ്വസ്ഥത തോന്നുന്ന തരത്തിലേക്ക് എതിർപ്പ് വളരുമ്പോൾ, അത് രാഷ്ട്രീയമല്ല, മറിച്ച് കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.അടുത്തിടെ നടന്ന ഗ്ലോബൽ AI ഉച്ചകോടിയിൽ (Global AI Summit) നമ്മൾ ഇത് കണ്ടതാണ്. ലോകം മുഴുവൻ ഇന്ത്യയിൽ ഒത്തുചേർന്നപ്പോൾ, കോൺഗ്രസ് നേതാക്കൾ അവിടെ പോയി പ്രതിഷേധം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ അന്തസ്സിനെക്കുറിച്ച് അവർക്ക് എത്രമാത്രം കുറഞ്ഞ കരുതലാണ് ഉള്ളതെന്ന് ഇത് കാണിക്കുന്നു. അതുകൊണ്ടാണ് ഇന്ന് പാർട്ടി താൽപ്പര്യത്തേക്കാൾ ഉപരിയായി ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകേണ്ടത് ആവശ്യമായി വരുന്നത്. കാരണം ആത്യന്തികമായി രാഷ്ട്രീയത്തിന് മുകളിൽ നിൽക്കുന്നത് രാജ്യവും രാജ്യത്തിന്റെ വികസനവുമാണ്.

സുഹൃത്തുക്കളേ,

ഇന്നത്തെ ദിവസം നമ്മെ ഈ ദിശയിൽ ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നു. ഇതേ ദിവസമാണ് ഷഹീദ് ഭഗത് സിംഗ്, ഷഹീദ് രാജ്ഗുരു, ഷഹീദ് സുഖ്‌ദേവ് എന്നിവർ രാജ്യത്തിനായി പരമോന്നതമായ ബലിദാനം നടത്തിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ ആദർശവാദിയായിരുന്ന ഡോ. രാം മനോഹർ ലോഹ്യയുടെ ജന്മവാർഷികം കൂടിയാണ് ഇന്ന്. ഇവരെല്ലാം എപ്പോഴും തങ്ങളെക്കാൾ ഉപരിയായി രാജ്യത്തിന് സ്ഥാനം നൽകിയ പ്രചോദനങ്ങളാണ്.ദേശീയ താൽപ്പര്യത്തിന് എല്ലാറ്റിനുമുപരിയായി സ്ഥാനം നൽകുന്ന ഈ പ്രചോദനം ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റും. ഈ പ്രചോദനം ഇന്ത്യയെ സ്വയംപര്യാപ്തമാക്കും. ഈ ടിവി9 ഉച്ചകോടി ഇന്ത്യയുടെ ആത്മവിശ്വാസത്തെയും, ഇന്ത്യയിലും ഇന്ത്യക്കാരിലും  ലോകത്തിനുള്ള വിശ്വാസത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു. നിങ്ങളുടെ ഇടയിലേക്ക് വരാനും നിങ്ങളെല്ലാവരെയും കാണാനും എനിക്ക് അവസരം നൽകിയതിന് ഒത്തിരി നന്ദി.

നമസ്കാരം!

-SK-


( റിലീസ് ഐ.ഡി: 2245288) സന്ദര്‍ശക കൗണ്ടര്‍ : 8