|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ മന്ത്രാലയ വാർത്താസമ്മേളനം
പോസ്റ്റഡ് ഓണ്‍:
24 MAR 2026 6:24PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ കൃത്യമായി അറിയിക്കാന്‍ കേന്ദ്ര ഗവണ്മെൻ്റ് നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി നാഷണൽ മീഡിയ സെൻ്ററിൽ മാധ്യമങ്ങൾക്കായി അന്തർ-മന്ത്രാലയ വാർത്താസമ്മേളനങ്ങൾ സംഘടിപ്പിച്ചുവരുന്നു. ഇതോടനുബന്ധിച്ച് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം, തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ധന വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന സഹായങ്ങൾ, ഈ മേഖലകളിലെ സുസ്ഥിരത ഉറപ്പാക്കാൻ കൈക്കൊള്ളുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ മന്ത്രാലയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.
ഊർജ വിതരണവും ഇന്ധന ലഭ്യതയും
ഹോർമുസ് കടലിടുക്ക് അടച്ച പശ്ചാത്തലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും (എല്‍പിജി) തടസരഹിത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഇന്ധന വിതരണ നിലയെക്കുറിച്ചും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു:
ക്രൂഡ് ഓയിലും എണ്ണ സംസ്കരണശാലകളും
-
ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലനിർത്തി എല്ലാ എണ്ണ സംസ്കരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്.
-
എണ്ണ സംസ്കരണശാലകളിലെ ആഭ്യന്തര എൽ.പി.ജി ഉല്പാദനം പ്രതിസന്ധിക്ക് മുന്‍പത്തേതിനെക്കാള്‍ വര്‍ധിപ്പിച്ചു.
ചില്ലറ വില്പന കേന്ദ്രങ്ങൾ
-
രാജ്യത്തുടനീളം എല്ലാ ചില്ലറ വില്പന കേന്ദ്രങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
-
ചിലയിടങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾ കാരണം ജനങ്ങൾക്കിടയില്‍ പരിഭ്രാന്തി പരക്കുകയും ഇതുമൂലം അമിതമായി ഇന്ധനം വാങ്ങിക്കൂട്ടുകയും ചെയ്ത സാഹചര്യമുണ്ട്. ഇത് ചില്ലറ വില്പന കേന്ദ്രങ്ങളിൽ അസാധാരണ തിരക്കിനും ഉയർന്ന വില്പനയ്ക്കും കാരണമായി.
-
അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം ലഭ്യമാണെന്ന് ഗവണ്മെൻ്റ് ആവർത്തിച്ച് വ്യക്തമാക്കി.
പ്രകൃതിവാതകം
-
മുൻഗണനാ മേഖലകൾക്ക് സംരക്ഷിത ഗ്യാസ് വിതരണം തുടരുന്നു. ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയുടെ 100 ശതമാനം വിതരണം ഇതിൽ ഉൾപ്പെടുന്നു. അതേസമയം വ്യാവസായിക-വാണിജ്യ ഉപഭോക്താക്കളുടെ വിതരണം ശരാശരി ഉപഭോഗത്തിൻ്റെഏകദേശം 80 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
-
ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾ നൽകുന്നതിന് മുൻഗണന ഉറപ്പാക്കാന്‍ സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് നിർദേശം നൽകി.
-
ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഐ.ജി.എൽ, എം.ജി.എൽ, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
-
സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുന്നതിനാവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അനുമതി നൽകാൻ അഭ്യർത്ഥിച്ച് കേന്ദ്ര ഗവണ്മെൻ്റ് 2026 മാർച്ച് 16-ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.
-
എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് ദീർഘകാല മാറ്റത്തിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകുമെന്ന് 2026 മാർച്ച് 18-ലെ കത്തിലൂടെ കേന്ദ്ര ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തു.
-
സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്തതും പുതിയതുമായ എല്ലാ അനുമതികളും വേഗത്തിൽ നൽകാൻ മന്ത്രാലയങ്ങളോട് കേന്ദ്ര ഗവണ്മെൻ്റ് ആവശ്യപ്പെട്ടു.
-
കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലെ സ്ഥാപനങ്ങളില്‍ പി.എൻ.ജി കണക്ഷനുകളുടെ ആവശ്യകത വിലയിരുത്താനും ഇത് ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രാലയത്തിൽ നിന്നും ഓരോ നോഡൽ ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ട് 2026 മാർച്ച് 20-ന് സർക്കാർ കത്തയച്ചു.
-
സിറ്റി ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തില്‍ 10 ദിവസത്തിനകം തീർപ്പാക്കാൻ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അതിൻ്റെ ഓഫീസുകൾക്ക് നിർദേശം നൽകി.
-
പ്രധാന നഗരങ്ങളിലെയും നഗരപ്രദേശങ്ങളിലെയും വാണിജ്യ എൽ.പി.ജി ഉപഭോക്താക്കളോട് പി.എൻ.ജിയിലേക്ക് മാറാൻ അഭ്യർത്ഥിച്ചു.
-
പൈപ്പ്‍ലൈനുകൾ ലഭ്യമായ സ്ഥലങ്ങളിൽ റെസിഡൻഷ്യൽ സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, സമൂഹ അടുക്കളകള്‍, അങ്കണവാടി അടുക്കളകൾ എന്നിവയ്ക്ക് അഞ്ച് ദിവസത്തിനകം പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കാന്‍ മുൻഗണന നൽകുന്നതിന് പെട്രോളിയം പ്രകൃതിവാതക റെഗുലേറ്ററി ബോർഡ് (PNGRB) 2026 മാർച്ച് 23-ലെ ഉത്തരവ് വഴി സിറ്റി ഗ്യാസ് വിതരണ ഏജൻസികൾക്ക് നിർദേശം നൽകി.
-
ഭൂമിശാസ്ത്രപരമായി 110 പ്രധാന മേഖലകളിൽ ഇന്നലെ മാത്രം 7,500-ലധികം ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾ അനുവദിക്കുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്തു.
എൽ.പി.ജി
-
നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ പാചകവാതക വിതരണത്തെ തുടർച്ചയായി ബാധിക്കുന്നു.
-
പാചക വാതക വിതരണ കേന്ദ്രങ്ങളില്‍ സ്റ്റോക്ക് തീർന്നുപോയ സാഹചര്യങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
-
പരിഭ്രാന്തി മൂലം ജനങ്ങൾ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതില്‍ ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്; അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരുന്നു.
-
ഉപഭോക്താക്കൾക്ക് 20 ശതമാനം വാണിജ്യ എൽ.പി.ജി വിതരണം സർക്കാർ ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പി.എൻ.ജി വിപുലീകരണ നടപടിക്രമങ്ങള്‍ സുഗമമാക്കാനായി നടപ്പാക്കിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽ.പി.ജി വിഹിതം നൽകാൻ 2026 മാർച്ച് 18-ലെ കത്തിലൂടെ കേന്ദ്രം നിർദേശിച്ചിരുന്നു.
-
2026 മാർച്ച് 21-ലെ കത്തിലൂടെ വാണിജ്യ എൽ.പി.ജിയുടെ മറ്റൊരു 20 ശതമാനം വിഹിതം കൂടി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാൻ കേന്ദ്ര ഗവണ്മെൻ്റ് തീരുമാനിച്ചു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി (പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലെ 10 ശതമാനം ഉൾപ്പെടെ) ഉയരും. അധികമായി അനുവദിച്ച ഈ 20 ശതമാനം വിഹിതം റെസ്റ്റോറൻ്റുകൾ, പാതയോര ഭക്ഷണശാലകൾ, ഹോട്ടലുകൾ, വ്യവസായശാലകളിലെ കാൻ്റീനുകൾ, ഭക്ഷ്യസംസ്കരണ/ക്ഷീര മേഖലകൾ, സംസ്ഥാന ഗവണ്മെൻ്റുകളോ തദ്ദേശ സ്ഥാപനങ്ങളോ സബ്‌സിഡി നിരക്കില്‍ നടത്തുന്ന ഭക്ഷണശാലകളും ഔട്ട്‌ലെറ്റുകളും, സമൂഹ അടുക്കളകള്‍, അതിഥി തൊഴിലാളികൾക്ക് നല്‍കുന്ന 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എന്നീ മേഖലകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നൽകും.
-
കേന്ദ്ര ഗവണ്മെൻ്റിൻ്റെമാർഗനിർദേശങ്ങൾക്ക് അനുസൃതമായി ഗാർഹികേതര എൽ.പി.ജി വിതരണത്തിന് 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. 2026 മാർച്ച് 14 മുതൽ ഇതുവരെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വാണിജ്യ സ്ഥാപനങ്ങൾ ഏകദേശം 18,784 മെട്രിക് ടൺ ഇന്ധനം ഏറ്റെടുത്തിട്ടുണ്ട്.
മണ്ണെണ്ണ
-
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചു. ഇതിന് ജില്ലാതല വിതരണ കേന്ദ്രങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
-
15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഹിമാചൽ പ്രദേശും ലഡാക്കും നിലവില്‍ മണ്ണെണ്ണ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇനിയും മണ്ണെണ്ണ വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കാനുണ്ട്.
സംസ്ഥാന ഗവണ്മെൻ്റുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക്
-
1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ പാചകവാതക നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാൻ സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുവഹിക്കാനുണ്ട്.
-
2026 മാർച്ച് 13, 18 തീയതികളിലെ കത്തുകളിലൂടെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ഗവണ്മെൻ്റ് താഴെ പറയുന്ന കാര്യങ്ങൾ ആവശ്യപ്പെട്ടു:
-
പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഗാർഹിക എൽ.പി.ജി വകമാറ്റി ഉപയോഗിക്കൽ, മറ്റ് ക്രമക്കേടുകൾ എന്നിവ തടയാൻ കർശന ജാഗ്രത പാലിക്കുക.
-
നിയമലംഘകർക്കെതിരെ 1955-ലെ അവശ്യസാധന നിയമം, 1934-ലെ പെട്രോളിയം നിയമം, 2002-ലെ പെട്രോളിയം ചട്ടങ്ങൾ, 2005-ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് എച്ച്.എസ്.ഡി ഉത്തരവ്, ബാധകമായ മറ്റ് നിയമങ്ങൾ എന്നിവ പ്രകാരം കർശന നടപടി സ്വീകരിക്കുക.
-
പ്രാദേശിക മുൻഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എൽ.പി.ജി വിതരണത്തിന് ഉചിതമായ രീതികൾ വികസിപ്പിക്കുക.
-
പരിഭ്രാന്തി മൂലം ജനങ്ങള്‍ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് തടയാനും എൽ.പി.ജിയുടെ മിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കാനും പൊതുജനങ്ങള്‍ക്കായി നിർദേശങ്ങൾ പുറപ്പെടുവിക്കുക.
-
പ്രതിദിന പരിശോധനകളും നിയമനിർവഹണ നടപടികളും നടത്താന്‍ എല്ലാ ജില്ലാ കലക്ടർമാരോടും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരോടും അഭ്യർത്ഥിച്ചു.
-
നിലവിൽ 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളും ദിവസേന വാർത്താക്കുറിപ്പുകൾ പുറത്തിറക്കുന്നു.
-
33 സംസ്ഥാനങ്ങളിൽ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.
-
കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും ഇതുവരെ രൂപീകരിക്കാത്ത സംസ്ഥാനങ്ങൾ അടിയന്തരമായി അവ സജ്ജീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
നിയമ നിര്‍വഹണ നടപടികൾ
-
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ വിവിധ സംസ്ഥാനങ്ങളിൽ നിയമനടപടികൾ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 3,400 പരിശോധനകള്‍ നടത്തുകയും ആയിരത്തോളം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
-
ആന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും നടപടികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
-
സുഗമമായ ഇന്ധന വിതരണം ഉറപ്പാക്കാൻ ചില്ലറ വില്പന കേന്ദ്രങ്ങളിലും എൽ.പി.ജി വിതരണ ഏജൻസികളിലും പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്നലെ 1,500-ലേറെ മിന്നൽ പരിശോധനകൾ നടത്തി.
-
ഇതുവരെ ഏകദേശം 642 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും 155 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മറ്റ് ഗവണ്മെൻ്റ് നടപടികൾ
-
തടസരഹിത എൽ.പി.ജി വിതരണത്തിനും പി.എൻ.ജി ശൃംഖല വിപുലീകരണത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് വീടുകൾക്കും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്ക് ഇത് ഉറപ്പാക്കുന്നു.
-
എണ്ണ സംസ്കരണശാലകളിലെ ഉല്പാദന വർധന, എൽ.പി.ജി ബുക്കിങ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും പുതുക്കി നിശ്ചയിക്കല്‍, വിതരണത്തിലെ മുൻഗണന തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
-
എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാൻ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
-
ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി അനുവദിക്കാന്‍ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കോളിയറീസിനും ഇതിനകം ഉത്തരവ് നൽകി.
-
ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പി.എൻ.ജി കണക്ഷനുകൾ നൽകുന്നത് സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിച്ച നിർദേശങ്ങൾ
-
പരിഭ്രാന്തി മൂലം പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകുന്നു.
-
പാചകവാതകം ബുക്ക് ചെയ്യാന്‍ ഡിജിറ്റൽ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ ഏജൻസികൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
-
പി.എൻ.ജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ബദല്‍ പാചക മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
-
നിലവിലെ സാഹചര്യത്തിൽ ഊർജം ലാഭിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയും കപ്പൽ ഗതാഗത പ്രവർത്തനങ്ങളും
പേർഷ്യൻ ഉൾക്കടലിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ കപ്പൽ ഗതാഗത ജലപാത മന്ത്രാലയം വിശദീകരിച്ചു. മന്ത്രാലയം അറിയിച്ച പ്രധാന കാര്യങ്ങൾ:
-
മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾ ഉൾപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
-
എൽ.പി.ജി ചരക്കുമായി ഇന്ത്യയിലേക്ക് വരുന്ന 'പൈൻ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾ ഇന്നലെ രാത്രി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടു. ഏകദേശം 45,000 മെട്രിക് ടൺ എൽ.പി.ജിയുമായി വരുന്ന 'പൈൻ ഗ്യാസ്' മാർച്ച് 27-ന് രാവിലെ ന്യൂ മംഗലൂരുവിലെ തുറമുഖത്തെത്തും. ഏകദേശം 47,612.59 മെട്രിക് ടൺ എൽ.പി.ജിയുമായി വരുന്ന 'ജഗ് വസന്ത്' മാർച്ച് 26-ന് രാവിലെ കണ്ട്‌ല തുറമുഖത്തെത്തും.
-
ഈ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് ശേഷം പടിഞ്ഞാറൻ പേർഷ്യൻ ഉൾക്കടൽ മേഖലയിൽ ഏകദേശം 540 ഇന്ത്യൻ നാവികരുമായി 20 ഇന്ത്യൻ കപ്പലുകൾ നിലവിലുണ്ട്. കപ്പലുടമകൾ, ആർ.പി.എസ്.എൽ ഏജൻസികൾ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവരുമായി ഏകോപനത്തോടെ ഷിപ്പിങ് ഡയറക്ടർ ജനറൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
-
ഷിപ്പിങ് ഡയറക്ടർ ജനറലിൻ്റെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ 3,921 കോളുകളും 7,447 ഇമെയിലുകളും കൺട്രോൾ റൂം കൈകാര്യം ചെയ്തു. ഇതിൽ 146 കോളുകളും 226 ഇമെയിലുകളും കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചതാണ്.
-
വിമാനത്താവളങ്ങളും മറ്റ് പ്രാദേശിക കേന്ദ്രങ്ങളും വഴി ഇതുവരെ 585-ലേറെ ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഷിപ്പിങ് ഡയറക്ടർ ജനറൽ സൗകര്യമൊരുക്കി. ഇതിൽ 26 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയും 39 പേരെ കഴിഞ്ഞ 48 മണിക്കൂറിനിടെയുമാണ് തിരികെയെത്തിച്ചത്.
-
ഇന്ത്യയുടെ സമുദ്രമേഖല സുഗമമായി പ്രവർത്തനം തുടരുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മാരിടൈം ബോർഡുകളുടെ സ്ഥിരീകരണമനുസരിച്ച് തുറമുഖങ്ങളിൽ ഗതാഗതക്കുരുക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
-
ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി, വി.ഒ. ചിദംബരനാർ തുറമുഖ അതോറിറ്റി, വിശാഖപട്ടണം തുറമുഖം, മുന്ദ്ര, ദീൻദയാൽ തുറമുഖ അതോറിറ്റി, ന്യൂ മംഗലൂരു തുറമുഖ അതോറിറ്റി, കൊച്ചിൻ തുറമുഖ അതോറിറ്റി, ചെന്നൈ തുറമുഖ അതോറിറ്റി എന്നിവിടങ്ങളിൽ ചരക്കുനീക്കം സുഗമമാക്കാൻ അധിക സംഭരണശേഷി ഒരുക്കിയിട്ടുണ്ട്.
-
കാമരാജർ പോര്‍ട്ട് ലിമിറ്റഡിൽ ഗൾഫ് രാജ്യങ്ങളിലേക്ക് അയക്കുന്ന കാറുകൾക്ക് 20 ദിവസത്തെ അധിക സൗജന്യ സൂക്ഷിപ്പ് കാലാവധി (ആകെ 40 ദിവസം) അനുവദിച്ചു. കൂടാതെ കാര്യക്ഷമമായ ചരക്ക് നിര്‍വഹണത്തിന് 10 ഏക്കറോളം അധിക ഭൂമിയും അനുവദിച്ചിട്ടുണ്ട്.
-
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കപ്പൽ നീക്കങ്ങളും തുറമുഖ പ്രവർത്തനങ്ങളും നാവികരുടെ സുരക്ഷയും സമുദ്ര വ്യാപാര തുടർച്ചയും മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരുന്നു.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വഴി നൽകുന്ന സഹായങ്ങൾ ഉൾപ്പെടെ പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ:
-
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലെ സ്വാധീനത്തെക്കുറിച്ചും ചർച്ച ചെയ്തു. ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇതിൽ പ്രത്യേക മുൻഗണന നൽകി.
-
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്തുമായും വിദേശകാര്യ മന്ത്രി സംസാരിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ആഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. 'അയൽപക്കം ആദ്യം' എന്ന ഇന്ത്യയുടെ നയത്തോടും 'വിഷൻ മഹാസാഗർ' കാഴ്ചപ്പാടിനോടും രാജ്യം പുലര്‍ത്തുന്ന പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
-
ന്യൂഡൽഹിയിൽ ജിസിസി രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യ മന്ത്രി പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ചു. മേഖലയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
-
പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മന്ത്രാലയം പ്രഥമ മുൻഗണന നൽകുന്നത്.
-
വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്. വിവരങ്ങൾ കൈമാറുന്നതിന് സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപനം തുടരുന്നു.
-
മേഖലയിലുടനീളം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. മുഴുസമയ ഹെൽപ്പ് ലൈനുകൾ ലഭ്യമാക്കുന്ന ഈ കേന്ദ്രങ്ങള്‍ ഇന്ത്യൻ സാമുദായിക സംഘടനകളുമായി ബന്ധപ്പെടുകയും പുതുക്കിയ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു.
-
പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നാവികര്‍ക്കും വിദ്യാർത്ഥികള്‍ക്കും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാര്‍ക്കും സന്ദർശകർക്കും വിസ സേവനങ്ങൾ, കോൺസുലാർ സേവനങ്ങൾ, ലോജിസ്റ്റിക് പിന്തുണ എന്നിവ ഉറപ്പാക്കാൻ സജീവമായി ഇടപെടുന്നു.
-
ഫെബ്രുവരി 28 മുതൽ ഇതുവരെ ഏകദേശം 4,02,000 യാത്രക്കാർ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. വിമാന സർവീസുകൾ ക്രമേണ മെച്ചപ്പെട്ടുവരുന്നു.
-
യു.എ.ഇയിൽ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾ പരിമിതമായി തുടരുന്നു. ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 85 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
-
സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് വിമാന സർവീസുകൾ തുടരുന്നു.
-
ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 9 ഷെഡ്യൂൾ ചെയ്യാത്ത സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
-
കുവൈറ്റ്, ബഹ്‌റൈൻ വ്യോമപാതകൾ അടഞ്ഞു കിടക്കുകയാണ്. കുവൈറ്റിലെ ജസീറ എയർവേയ്‌സ് സൗദി അറേബ്യയിലെ അൽ-ഖൈസുമ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ബഹ്‌റൈനിലെ ഗൾഫ് എയറും സൗദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകള്‍ നടത്തുന്നു. ഇത് കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നു.
-
കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി തുടരുന്നു.
-
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് വരാന്‍ സഹായങ്ങൾ നൽകിവരുന്നു.
-
ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജോർദാൻ വഴി ഇന്ത്യയിലേക്ക് വരാനും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
****
( റിലീസ് ഐ.ഡി: 2244768)
|