വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് മൂന്ന് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു; സാങ്കേതികവിദ്യ എല്ലാവരിലേക്കും എത്തിക്കുന്നതിനും ഡിജിറ്റല്‍ ഉള്ളടക്ക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് അടിവരയിടുന്നു

പോസ്റ്റഡ് ഓണ്‍: 23 MAR 2026 4:08PM by PIB Thiruvananthpuram

ഇന്ത്യയുടെ മാധ്യമ, പ്രക്ഷേപണ, ഡിജിറ്റല്‍ മേഖലകളെ ശക്തിപ്പെടുത്തുക, സര്‍ഗ്ഗാത്മക  സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള  മൂന്ന് പ്രധാന സംരംഭങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഇന്ന് തുടക്കം കുറിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസിന്റെ (IICT) നേതൃത്വത്തില്‍ ഗൂഗിള്‍, യൂട്യൂബ് എന്നിവയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ദേശീയ എഐ സ്‌കില്ലിംഗ് സംരംഭം, വേവ്‌സ് ഒടിടി പ്ലാറ്റ്ഫോമിലെ സിറ്റിസണ്‍ ക്രിയേറ്റര്‍ പ്ലാറ്റ്ഫോമായ മൈ വേവ്‌സ്, ഡിഡി ഫ്രീ ഡിഷ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ടെലിവിഷന്‍ സെറ്റുകളില്‍ തന്നെ സജ്ജീകരിച്ചിട്ടുള്ള അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡും (EPG) ഇന്‍-ബില്‍റ്റ് സാറ്റലൈറ്റ് ട്യൂണറുകളും ഉള്‍പ്പെടുത്തുന്ന പദ്ധതി, എന്നിവയാണ് മൂന്ന് സംരംഭങ്ങള്‍. 'ഓറഞ്ച് സമ്പദ്വ്യവസ്ഥ' പ്രോത്സാഹിപ്പിക്കുക, പൊതു പ്രക്ഷേപണം ശക്തിപ്പെടുത്തുക, മാധ്യമ-വിനോദ മേഖലയില്‍ എഐ നൈപുണ്യമുള്ള തൊഴില്‍ ശക്തി കെട്ടിപ്പടുക്കുക എന്നിവയാണ് ഈ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമ-വിനോദ മേഖലയിലെ പ്രമുഖ പ്രതിനിധികള്‍, യൂട്യൂബ് ഇന്ത്യ മേധാവി, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 



 

എല്ലാവര്‍ക്കും താങ്ങാനാവുന്ന സാങ്കേതിക വിദ്യ

സാങ്കേതിക വിദ്യയെ ജനാധിപത്യവല്‍ക്കരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഈ സംരംഭങ്ങള്‍  സാങ്കേതികവിദ്യയെ കൂടുതല്‍ താങ്ങാനാവുന്നതും എളുപ്പത്തിലും ലഭ്യമാക്കുമെന്ന് ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്‍-ബില്‍റ്റ് സാറ്റലൈറ്റ് ട്യൂണറുകളും ആധുനിക പ്രോഗ്രാം ഗൈഡും വരുന്നതോടെ, അധിക ഉപകരണങ്ങളില്ലാതെ തന്നെ പൗരന്മാര്‍ക്ക് ഉള്ളടക്കം ഇനി എളുപ്പത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



 

രണ്ടാമത്തെ സംരംഭത്തെക്കുറിച്ച് സംസാരിക്കവേ, മൈ വേവ്സ് എന്നത് ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് അവരുടെ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും അപ്ലോഡ് ചെയ്യാനും പങ്കിടാനും സഹായിക്കുന്ന ശക്തമായ പ്ലാറ്റ്ഫോമാണെന്നും, ഇത് ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, 'ഓറഞ്ച്  സമ്പദ്വ്യവസ്ഥ' പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ  പ്രതിജ്ഞാബദ്ധത അദ്ദേഹം അടിവരയിട്ടു.

യൂട്യൂബിന്റെ  പിന്തുണയോടെ നടപ്പിലാക്കുന്ന ദേശീയ എഐ സ്‌കില്ലിംഗ് സംരംഭത്തിന് കീഴില്‍ ഏകദേശം 15,000 യുവാക്കള്‍ക്ക് യാതൊരു ഫീസും കൂടാതെ പരിശീലനം നല്കുമെന്ന് മന്ത്രി എടുത്തുപറഞ്ഞു.

'ക്രിയേറ്റേഴ്സ് കോര്‍ണര്‍' സംരംഭത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചില ഉള്ളടക്കങ്ങള്‍ക്ക് ഇതിനോടകം 30 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചത് ഇതിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി സൂചിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം, പാരമ്പര്യങ്ങള്‍, പ്രാദേശിക വൈവിധ്യം എന്നിവ പ്രദര്‍ശിപ്പിക്കാന്‍ രാജ്യത്തുടനീളമുള്ള ഉള്ളടക്ക സ്രഷ്ടാക്കള്‍ ദൂരദര്‍ശനും മൈ വേവ്‌സ് പ്ലാറ്റ്ഫോമുകളും സജീവമായി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഈ പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്താന്‍ ഉള്ളടക്ക സ്രഷ്ടാക്കളോട് ആവശ്യപ്പെട്ട അദ്ദേഹം, അവരുടെ പ്രദേശങ്ങളില്‍ നിന്നുള്ള കഥകള്‍ അവതരിപ്പിക്കാനും സജീവവും എല്ലാവരേയും  ഉള്‍ക്കൊള്ളുന്നതുമായ ഒരു മാധ്യമ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളാകാനും അവരെ പ്രോത്സാഹിപ്പിച്ചു.

സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നു, ലഭ്യത വര്‍ദ്ധിപ്പിക്കുന്നു

''ദേശീയ എഐ സ്‌കില്ലിംഗ് സംരംഭം, മൈവേവ്‌സ് പ്ലാറ്റ്ഫോം, കൂടാതെ ടെലിവിഷന്‍ സെറ്റുകളില്‍ ഇന്‍ബില്‍റ്റ് സാറ്റലൈറ്റ് ട്യൂണറുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡും ഉള്‍പ്പെടുത്തുന്ന പദ്ധതി എന്നിവയെക്കുറിച്ച് സംസാരിക്കവെ,  ഈ മൂന്ന് സംരംഭങ്ങളും പൊതുവായ ഒരു നയദിശയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ശ്രീ. സഞ്ജയ് ജാജു എടുത്തുപറഞ്ഞു. ഗുണമേന്മയുള്ള പ്രക്ഷേപണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതോടൊപ്പം ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്

മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയില്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും ലക്ഷ്യങ്ങള്‍ കൈവരിക്കാനും ദേശീയ എഐ സ്‌കില്ലിംഗ് സംരംഭം സഹായിക്കും. പൗരന്മാര്‍ക്ക് ഉള്ളടക്കം നിര്‍മിക്കാനും അപ്ലോഡ് ചെയ്യാനും പങ്കിടാനും അവസരമൊരുക്കുന്നതിലൂടെ സജീവമായ ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ മൈ വേവ്‌സ് പിന്തുണയ്ക്കും. മൂന്നാമത്തെ സംരംഭമായ  ഡിഡി ഫ്രീ ഡിഷ്, സെറ്റ്-ടോപ്പ് ബോക്സിന്റെ ആവശ്യമില്ലാതെ തന്നെ ഉള്ളടക്കം ആസ്വദിക്കാന്‍ പൗരന്മാരെ അനുവദിക്കുന്നു. പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രക്ഷേപണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത് ഗണ്യമായ പങ്കുവഹിക്കുന്നു.

ചുരുക്കത്തില്‍, ആദ്യത്തെ സംരംഭം ജനങ്ങളെ പ്രാപ്തരാക്കും, രണ്ടാമത്തേത് അവസരങ്ങളുടെ വിപുലീകരണത്തിന് സഹായിക്കും, മൂന്നാമത്തേത് എല്ലാവര്‍ക്കും ഉള്ളടക്കം ലഭ്യമാക്കുമെന്ന് ഉറപ്പാക്കും.

നിര്‍മിതബുദ്ധി(AI)-യിലൂടെ സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നു

ഈ പങ്കാളിത്തം സ്രഷ്ടാക്കളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഗുഞ്ജന്‍ സോണി പറഞ്ഞു, 'ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സര്‍ഗ്ഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് അതുല്യമായ അവസരങ്ങള്‍ തുറന്നു നല്കാന്‍ AI-ക്ക് സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായും IICT-യുമായും സഹകരിക്കുന്നതിലൂടെ, ഭാവിയിലെ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടാനും AI ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷകമായ കഥകള്‍ അവതരിപ്പിക്കാനും പുതിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ പങ്കുചേരാനും ആവശ്യമായ നൈപുണ്യങ്ങള്‍ സ്രഷ്ടാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും നല്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാങ്കേതികവിദ്യ എല്ലാവര്‍ക്കും ഒരു സഹായിയായി പ്രവര്‍ത്തിക്കുന്ന 'ഡിജിറ്റല്‍ ഇന്ത്യ'യോടുള്ള ഞങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.'

 


 

ദേശീയ എഐ സ്‌കില്ലിംഗ് സംരംഭം

സര്‍ഗ്ഗാത്മക-മാധ്യമ മേഖലകളില്‍ നിന്നുള്ള 15,000 പേര്‍ക്ക് പരിശീലനം നല്കുന്നതിനായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഗൂഗിള്‍, യൂട്യൂബ് എന്നിവയുമായി സഹകരിച്ച്  ദേശീയ എഐ സ്‌കില്ലിംഗ് സംരംഭം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT) വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അനിമേഷന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഗെയിമിംഗ്, കോമിക്‌സ് (AVGC), മീഡിയ ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ എഐ കഴിവുകള്‍ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

എഐ സ്‌കില്ലിംഗ് പരിപാടി രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. 2026 മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 30 വരെയുള്ള ആദ്യ ഘട്ടത്തില്‍, ഗൂഗിള്‍ കരിയര്‍ സര്‍ട്ടിഫിക്കറ്റുകളിലൂടെയും ഗൂഗിള്‍ ക്ലൗഡ് ജനറേറ്റീവ്  എഐ പഠന പാതകളിലൂടെയും അടിസ്ഥാന എഐ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എഐ എസന്‍ഷ്യല്‍സ്, പ്രോംപ്റ്റിംഗ് എസന്‍ഷ്യല്‍സ്, ഇന്‍ട്രൊഡക്ഷന്‍ ടു ജനറേറ്റീവ് എഐ, ജനറേറ്റീവ്  എഐ ലീഡര്‍ പാത്ത് തുടങ്ങിയ കോഴ്സുകള്‍ പഠിതാക്കള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്.

 



 

2026 ജൂലൈ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന രണ്ടാം ഘട്ടത്തില്‍, സര്‍ഗ്ഗാത്മക വ്യവസായത്തിന്  ആവശ്യമായ ആധുനികവും, പ്രായോഗികവും, പ്രോജക്റ്റ് അധിഷ്ഠിതവുമായ  പ്രത്യേക പരിശീലനത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥപറച്ചിലിന്റെ കല, യൂട്യൂബിലെ മികച്ച രീതികള്‍, ജെമിനി 3, നാനോ ബനാന, വിയോ (Veo), വെര്‍ട്ടെക്‌സ് എഐ തുടങ്ങിയ എഐ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വിപുലമായ പരിശീലനം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലായിരിക്കും പരിശീലനം നടത്തുക.

ഭാവിയിലേക്ക് സജ്ജമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് ഉള്ളടക്ക സ്രഷ്ടാക്കളെയും, മാധ്യമ പ്രൊഫഷണലുകളേയും, വിദ്യാര്‍ത്ഥികളേയും, ഡെവലപ്പര്‍മാരേയും ഈ സംരംഭം സഹായിക്കും. കൂടാതെ ഡിജിറ്റല്‍ ഉള്ളടക്കത്തിന്റേയും നവീന ആശയങ്ങളുടേയും ആഗോള കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവരാന്‍ ഇത് സംഭാവന നല്കുകയും ചെയ്യും.

മൈ വേവ്‌സ് - വേവ്സ് ഒടിടിക്ക് കീഴിലുള്ള സിറ്റിസണ്‍ ക്രിയേറ്റര്‍ പ്ലാറ്റ്ഫോം

കേവലം കാഴ്ചക്കാര്‍ എന്ന നിലയില്‍ നിന്ന് ഉള്ളടക്ക നിര്‍മാണത്തില്‍ സജീവമായി പങ്കുചേരുന്ന രീതിയിലേക്കുള്ള മാറ്റമാണ് ഈ പ്ലാറ്റ്ഫോം അടയാളപ്പെടുത്തുന്നത്. ഇതോടെ, വേവ്സ് ഒടിടി ഉള്ളടക്കം  കാണുന്നതിന് മാത്രമല്ല, അതോടൊപ്പം തന്നെ പുതിയ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഇടവുമായി മാറും. ഹ്രസ്വ വീഡിയോകള്‍, വെര്‍ട്ടിക്കല്‍ വീഡിയോകള്‍, എപ്പിസോഡിക് ഉള്ളടക്കങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള ഉള്ളടക്കങ്ങളെ മൈ വേവ്‌സ് പിന്തുണയ്ക്കും. കൂടാതെ വിവിധ ഇന്ത്യന്‍ ഭാഷകളിലുടനീളം ഒരു ബഹുഭാഷാ ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യും. രാജ്യത്തുടനീളമുള്ള വളര്‍ന്നുവരുന്ന ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും കഥാകാരന്മാര്‍ക്കും മൈ വേവ്‌സ് ഒരു പ്രധാന പ്ലാറ്റ്ഫോമായി വര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അഡ്വാന്‍സ്ഡ് EPG-യും ഇന്‍-ബില്‍റ്റ് സാറ്റലൈറ്റ് ട്യൂണറും ഉള്ള ടെലിവിഷന്‍ സെറ്റുകള്‍

ടെലിവിഷന്‍ കാഴ്ച കൂടുതല്‍ ലളിതവും എളുപ്പവുമാക്കുന്നതിനുള്ള സുപ്രധാനമായ ഒരു നീക്കത്തിലൂടെ, ടെലിവിഷന്‍ സെറ്റുകളില്‍ തന്നെ സജ്ജീകരിച്ചിട്ടുള്ള സാറ്റലൈറ്റ് ട്യൂണറുകളും ഒപ്പം ഉപഭോക്തൃ സൗഹൃദപരമായ ഒരു ആധുനിക പ്രോഗ്രാം ഗൈഡും (EPG) വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിച്ചു. ഈ സംരംഭത്തിലൂടെ, പ്രത്യേകമായ സെറ്റ്-ടോപ്പ് ബോക്‌സ് ഇല്ലാതെ തന്നെ കാഴ്ചക്കാര്‍ക്ക് ഡിഡി ഫ്രീ ഡിഷ് ചാനലുകള്‍ നേരിട്ട് തങ്ങളുടെ ടെലിവിഷന്‍ സെറ്റുകളില്‍ കാണാന്‍ സാധിക്കും. ഇത് അധിക ചെലവ്, വയറിംഗ്, ഒന്നിലധികം റിമോട്ടുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം, പുതിയ അഡ്വാന്‍സ്ഡ് പ്രോഗ്രാം ഗൈഡ് വഴി ചാനലുകളും പ്രോഗ്രാം ഷെഡ്യൂളുകളും ലളിതവും വ്യക്തവുമായ ഒരു ഇന്റര്‍ഫേസിലൂടെ ഒരിടത്തുതന്നെ നോക്കി മനസ്സിലാക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇത് മൊത്തത്തിലുള്ള കാഴ്ചാനുഭവം കൂടുതല്‍ മികച്ചതാക്കുന്നു.

 



'ഓറഞ്ച് സമ്പദ്വ്യവസ്ഥ' പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ പൊതു പ്രക്ഷേപണം ശക്തിപ്പെടുത്തുക, മാധ്യമ-വിനോദ മേഖലയ്ക്കായി ഭാവിയിലേക്ക് സജ്ജമായ എഐ നൈപുണ്യമുള്ള ഒരു തൊഴില്‍ ശക്തി കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. പൊതു പ്രക്ഷേപണം മെച്ചപ്പെടുത്തുന്നതില്‍ പ്രസാര്‍ ഭാരതി പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നു. അതേസമയം, സര്‍ഗ്ഗാത്മക മേഖലയിലെ  എഐ സ്‌കില്ലിംഗ് പരിപാടിക്ക് IICT നേതൃത്വം നല്കും. പൗരന്മാരുടെ പങ്കാളിത്തത്തിനും ഉള്ളടക്ക നിര്‍മാണത്തിനുമായി വേവ്സ് ഒടിടി പ്ലാറ്റ്ഫോം ഒരുക്കും, ഇതില്‍ 'ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ച്' കൂടി സമന്വയിപ്പിക്കും.

 

***


( റിലീസ് ഐ.ഡി: 2244105) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , Marathi , हिन्दी , Bengali , Assamese , Odia , Kannada