പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളിലെ പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 22 MAR 2026 4:12PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, പ്രധാന മേഖലകളിലെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും ഉറപ്പാക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് സജീവമായ നടപടികൾ സ്വീകരിക്കുന്നത് തുടരുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സഹായം എന്നിവയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ചുവടെ വിവരിക്കുന്നു.

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും സ്ഥിരമായ ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി താഴെ പറയുന്ന പ്രകാരമാണ്:

ക്രൂഡ് ഓയിൽ / റിഫൈനറികൾ

• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്കും രാജ്യം നിലനിർത്തുന്നുണ്ട്.

•  റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം പരമാവധി വർദ്ധിപ്പിച്ചിട്ടുണ്ട്.

ചില്ലറ വില്പനശാലകൾ

•  ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ചില്ലറ വില്പനശാലകളിൽ ഒന്നിലും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോളിൻ്റേയും ഡീസലിൻ്റേയും മതിയായ ശേഖരം ലഭ്യമാണെന്നും വിതരണം കൃത്യമായി നടക്കുന്നുണ്ടെന്നും  ഗവണ്മെൻ്റ്  ആവർത്തിച്ചു വ്യക്തമാക്കുന്നു. അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന്  ഗവണ്മെൻ്റ്  നിർദ്ദേശിക്കുന്നു.


പ്രകൃതിവാതകം

• ഡി-പി‌എൻ‌ജി, സി‌എൻ‌ജി-ഗതാഗതം എന്നിവയ്ക്കുള്ള നൂറു ശതമാനം വിതരണം ഉൾപ്പെടെ മുൻഗണനാ മേഖലകളിലെ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം അവരുടെ ശരാശരി ഉപഭോഗത്തിൻ്റെ 80 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.

• വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി, തങ്ങളുടെ എല്ലാ ഗ്യാസ് വിതരണ മേഖലകളിലുമുള്ള റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾക്ക് മുൻഗണന നല്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങൾക്ക്  ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ തുടങ്ങിയ സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• അപേക്ഷകൾ സമർപ്പിക്കുന്നതിനും ഉപഭോതാക്കളുടെ വീടുകളിലേക്കുള്ള ഗ്യാസ് വിതരണം ആരംഭിക്കുന്നതിനും ഇടയിലുള്ള സമയപരിധി ചുരുക്കാൻ സി‌ജി‌ഡി സ്ഥാപനങ്ങളോട് പി‌എൻ‌ജി‌ആർ‌ബി നിർദ്ദേശിച്ചു.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് 16.03.2026-ലെ കത്തിലൂടെ   ഇന്ത്യാ ഗവണ്മെൻ്റ്  സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.

• എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ  ഇന്ത്യാ ഗവണ്മെൻ്റ്  വാഗ്ദാനം ചെയ്തു.

• കൂടാതെ, 19.03.2026-ലെ കത്തിലൂടെ ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും  ഇന്ത്യാ ഗവണ്മെൻ്റ്  താഴെ പറയുന്നവ അഭ്യർത്ഥിച്ചു:


◦ സിജിഡി അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തീർപ്പുകൽപ്പിക്കാത്തതും പുതിയതുമായ എല്ലാ അനുമതികളും വേഗത്തിൽ ട്രാക്കുചെയ്യുന്നതിനും തീർപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കുക.

  ◦  പിഎൻജി ലഭ്യമായ ഇടങ്ങളിലെല്ലാം, എല്ലാ കേന്ദ്ര  ഗവണ്മെൻ്റ്  സ്ഥാപനങ്ങളും/കോളനികളും/ഓഫീസുകളും/കാൻ്റീനുകളും പിഎൻജിയിലേക്ക് മാറാൻ നിർദ്ദേശിക്കുക.


• ഇന്ത്യാ ഗവണ്മെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിലുള്ള സ്ഥാപനങ്ങളിലെ പിഎൻജി കണക്ഷനുകളുടെ സാധ്യതകൾ വിലയിരുത്താനും, ഇത് ഏകോപിപ്പിക്കുന്നതിനായി ഓരോ മന്ത്രാലയത്തിൽ നിന്നും/വകുപ്പിൽ നിന്നും ഒരു നോഡൽ ഓഫീസറെ നിയോഗിക്കാനും 20.03.2026-ലെ കത്തിലൂടെ എല്ലാ കേന്ദ്ര മന്ത്രാലയങ്ങളോടും  ഗവണ്മെൻ്റ്  അഭ്യർത്ഥിച്ചു.

• മേൽപ്പറഞ്ഞ കത്തിന് മറുപടിയായി, സിജിഡി അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ അതായത് ലഭിച്ച് 10 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അതിൻ്റെ  എല്ലാ ഓഫീസുകൾക്കും നിർദ്ദേശം നല്കി.

• പ്രധാന നഗരങ്ങളിലേയും നഗരപ്രദേശങ്ങളിലേയും വാണിജ്യ എൽപിജി ഉപഭോക്താക്കളോട്  പിഎൻജിയിലേക്ക് മാറാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

എൽപിജി

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി വിതരണം ഇപ്പോഴും ഒരു ആശങ്കയായി തുടരുന്നു.

ഗാർഹിക എൽപിജി വിതരണം:

•  എൽപിജി വിതരണ ഏജൻസികളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

•  ഭൂരിഭാഗം വിതരണങ്ങളും ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) വഴിയാണ് നടക്കുന്നത്.

•  പരിഭ്രാന്തി മൂലമുള്ള ബുക്കിംഗുകൾ കുറഞ്ഞിട്ടുണ്ട്.

• ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാണ്.

വാണിജ്യ എൽപിജി വിതരണം:

•  ഉപഭോക്താക്കൾക്കുള്ള വാണിജ്യ എൽപിജി വിതരണം ഭാഗികമായി (20 ശതമാനം)  ഗവണ്മെൻ്റ്  ഇതിനകം പുനഃസ്ഥാപിച്ചു. കൂടാതെ, പിഎൻജി വിപുലീകരണത്തിനായി ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 10 ശതമാനം അധിക വാണിജ്യ എൽപിജി കൂടി അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ  ഇന്ത്യാ ഗവണ്മെൻ്റ് നിർദ്ദേശിച്ചിരുന്നു.

•  21.03.2026-ലെ കത്തിലൂടെ വാണിജ്യ എൽപിജിയുടെ മറ്റൊരു 20 ശതമാനം കൂടി അനുവദിക്കാൻ  ഇന്ത്യാ ഗവണ്മെൻ്റ് തീരുമാനിച്ചു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയരും (പിഎൻജി വിപുലീകരണത്തിനായുള്ള പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുള്ള 10 ശതമാനം വിഹിതം ഉൾപ്പെടെ). ഈ അധിക 20 ശതമാനം വിഹിതം റെസ്റ്റോറൻ്റുകൾ, ധാബകൾ, ഹോട്ടലുകൾ, ഇൻഡസ്ട്രിയൽ കാൻ്റീനുകൾ,
ഭക്ഷ്യ സംസ്കരണം/ക്ഷീര യൂണിറ്റുകൾ, സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി നിരക്കിലുള്ള കാൻ്റീനുകൾ/ഔട്ട്‌ലെറ്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോ എഫ്‌ടിഎൽ തുടങ്ങിയ മേഖലകൾക്ക് മുൻഗണനാടിസ്ഥാനത്തിൽ നല്കും.

• ഇന്ത്യാ ഗവണ്മെൻ്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി വാണിജ്യ എൽപിജി വിതരണം ചെയ്യുന്നതിനായി 20 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഉത്തരവുകൾ പുറപ്പെടുവിച്ചു. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിട്ട് വാണിജ്യ എൽപിജി സിലിണ്ടറുകൾ നല്കുന്നുണ്ട്. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വാണിജ്യ സ്ഥാപനങ്ങൾ ഏകദേശം 15,440 മെട്രിക് ടൺ എൽപിജി ഏറ്റെടുത്തിട്ടുണ്ട്.

• വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നല്കിയിരിക്കുന്നത്, ആകെ അനുവദിച്ച വാണിജ്യ എൽപിജിയുടെ ഏകദേശം 50 ശതമാനവും ഈ മേഖലകളിലേക്കാണ് പോകുന്നത്.

മണ്ണെണ്ണ

•  എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.

•  മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി ജില്ലകളിലെ സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

• 15 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ (SKO) വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചു. കൂടാതെ, ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് മണ്ണെണ്ണയുടെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കനുസരിച്ച്, 17 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഇനിയും വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കാനുണ്ട്.


സംസ്ഥാന/കേന്ദ്രഭരണ പ്രദേശ  ഗവണ്മെൻ്റുകളുടെ പങ്ക്

• 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം പൂഴ്ത്തിവെയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാൻ സംസ്ഥാന  ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ  ഗവണ്മെൻ്റുകൾക്ക് പ്രധാന പങ്കുവഹിക്കാനുണ്ട്.

• 13.03.2026, 18.03.2026 എന്നീ തീയതികളിലെ കത്തുകളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണ പ്രദേശങ്ങളോടും താഴെ പറയുന്നവ അഭ്യർത്ഥിച്ചു:

◦ പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, ഗാർഹിക എൽപിജിയുടെ ദുരുപയോഗം, മറ്റ് ക്രമക്കേടുകൾ എന്നിവ തടയുന്നതിനായി കർശന ജാഗ്രത പുലർത്തുക.

 ◦ 1955-ലെ അവശ്യവസ്തു നിയമം, 1934-ലെ പെട്രോളിയം നിയമം, 2002-ലെ പെട്രോളിയം ചട്ടങ്ങൾ, 2005-ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് എച്ച്എസ്ഡി ഉത്തരവ്, മറ്റ് ബാധകമായ നിയമങ്ങൾ എന്നിവ പ്രകാരം നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക.

◦ പ്രാദേശിക മുൻഗണനകളും ആവശ്യകതകളും കണക്കിലെടുത്ത് വാണിജ്യ എൽപിജി വിതരണത്തിനായി ഉചിതമായ രീതികൾ വികസിപ്പിക്കുക.

 ◦ പരിഭ്രാന്തി മൂലമുള്ള വാങ്ങൽ തടയുന്നതിനും, എൽപിജിയുടെ വിവേകപൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, കൃത്യമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക.


• 32 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും ദിവസേന പത്രസമ്മേളനങ്ങളും നടത്തുന്നുണ്ട്.

•  32 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

• കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും ഇതുവരെ സജ്ജമാക്കാത്ത സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ അടിയന്തരമായി അവ സജ്ജമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പരിശോധനാ നടപടികൾ

• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും പരിശോധിക്കുന്നതിനായി പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റെയ്ഡുകൾ തുടരുന്നു. ഇന്നലെ മാത്രം ബിഹാർ, ഹരിയാന, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഏകദേശം 3,500 റെയ്ഡുകൾ നടത്തുകയും 1200-ലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.

• കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ  ഗവണ്മെൻ്റുകളും കൃത്യമായ ഇടവേളകളിൽ റെയ്ഡുകൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

• സുഗമമായ വിതരണം ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്/കരിഞ്ചന്ത കേസുകൾ പരിശോധിക്കുന്നതിനുമായി പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥർ രാജ്യത്തുടനീളം 1,800-ലധികം ചില്ലറ വില്പനശാലകളിലും എൽപിജി വിതരണ കേന്ദ്രങ്ങളിലും മിന്നൽ പരിശോധന നടത്തി.


മറ്റ്  ഗവണ്മെൻ്റ് നടപടികൾ

•  യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉയർന്ന മുൻഗണന നല്കുന്നതിനൊപ്പം, ഗാർഹിക എൽപിജി, പിഎൻജി എന്നിവയ്ക്കും സർക്കാർ ഉയർന്ന മുൻഗണന നല്കിയിട്ടുണ്ട്.

•  വിതരണത്തിലും ആവശ്യകതയിലും  ഗവണ്മെൻ്റ്  ഇതിനകം നിരവധി യുക്തിസഹമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മുൻഗണനാ മേഖലകൾ നിശ്ചയിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

• എൽ‌പി‌ജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മണ്ണെണ്ണയും കൽക്കരിയും ബദൽ ഇന്ധനങ്ങളായി ഉപയോഗിക്കാൻ അനുമതി നല്കണമെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട്  ഇതിനകം നിർദ്ദേശിച്ചിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്കായി പുതിയ പിഎൻജി കണക്ഷനുകൾ സുഗമമാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

• വീടുകളിൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതയും സമയബന്ധിതമായ  വിതരണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും  ഗവണ്മെൻ്റ്  സ്വീകരിക്കുന്നുണ്ട്. പൗരന്മാർ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ ഒഴിവാക്കണമെന്നും നിർദ്ദേശിക്കുന്നു.

• ചിലയിടങ്ങളിൽ ക്യൂ ദൃശ്യമാകുന്നുണ്ടെങ്കിലും, സിലിണ്ടറുകളുടെ ഹോം ഡെലിവറി ഉറപ്പാക്കുന്നുണ്ട്. അതിനാൽ ഉപഭോക്താക്കൾ പരിഭ്രാന്തി മൂലമുള്ള ബുക്കിംഗുകൾ ഒഴിവാക്കാനും, ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാനും, എൽപിജി വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.

• പിഎൻജി, ഇലക്ട്രിക്/ഇൻഡക്ഷൻ കുക്ക് ടോപ്പുകൾ തുടങ്ങിയ ഇതര പാചക മാർഗ്ഗങ്ങൾ ഉപയോഗിക്കാനും
  ദൈനംദിന ജീവിതത്തിൽ ഊർജ്ജ സംരക്ഷണ രീതികൾ ശീലിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം പറയുന്നതനുസരിച്ച്:

• കപ്പലുകളുടെ നീക്കം, തുറമുഖ പ്രവർത്തനങ്ങൾ, ഇന്ത്യൻ നാവികരുടെ സുരക്ഷ എന്നിവ തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതോടൊപ്പം, സമുദ്ര വ്യാപാരത്തിൻ്റെ  തുടർച്ചയും മന്ത്രാലയം ഉറപ്പാക്കുന്നു.

•  ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

• 611 ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന 22 ഇന്ത്യൻ കപ്പലുകൾ പടിഞ്ഞാറൻ പേർഷ്യൻ ഗൾഫ് മേഖലയിലുണ്ട്. കപ്പൽ ഉടമകൾ, ആർപിഎസ്എൽ ഏജൻസികൾ, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഡിജി ഷിപ്പിംഗ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.

• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഇതുവരെ 3,730 കോളുകളും 7058 ഇമെയിലുകളും ഈ കേന്ദ്രം കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60 കോളുകളും 129 ഇമെയിലുകളും ലഭിച്ചു.

•  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരെ ഉൾപ്പെടെ 547-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിച്ചു.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് സംസ്ഥാന മാരിടൈം ബോർഡുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

•  നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത തുറമുഖ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി അടുത്ത ഏകോപനം തുടരുന്നു.

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

ഇന്ത്യൻ മിഷനുകൾ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുവരികയും സഹായങ്ങൾ നല്കുന്നതിനോടോപ്പം ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രാലയം അറിയിച്ചതനുസരിച്ചുള്ള വിവരങ്ങൾ താഴെ നല്കുന്നു:

•  ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് മന്ത്രാലയം ഏറ്റവും ഉയർന്ന മുൻഗണന നല്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു സമർപ്പിത  കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്, സംസ്ഥാന  ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായുള്ള കൃത്യമായ ഏകോപനം തുടരുന്നു.

• മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുക, ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായി ബന്ധം പുലർത്തുക, ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക, പ്രാദേശിക അധികാരികളുമായി ചർച്ചകൾ നടത്തുക എന്നിവയാണ് ഇവർ കൈകാര്യം ചെയ്യുന്നത്. നാവികർ, വിദ്യാർത്ഥികൾ, കുടുങ്ങിക്കിടക്കുന്ന പൗരന്മാർ, ഹ്രസ്വകാല സന്ദർശകർ എന്നിവർക്കുള്ള സഹായങ്ങൾ തുടരുന്നു.

• ഫെബ്രുവരി 28 മുതൽ  3,50,000-ത്തിലധികം യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയിൽ നിന്ന് ഇന്ന് ഏകദേശം 90 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നും വിമാനങ്ങൾ സർവീസുകൾ നടത്തുന്നത് തുടരുന്നുണ്ട്, ഖത്തർ ഭാഗികമായി വ്യോമാതിർത്തി തുറന്നതോടെ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക്  9-10 ഷെഡ്യൂൾ ചെയ്യാത്ത  വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• കുവൈറ്റ് വ്യോമാതിർത്തി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ജസീറ എയർവേയ്‌സ് സൗദി അറേബ്യയിലെ അൽ ഖൈസുമ (AQI) വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

• ബഹ്‌റൈൻ വ്യോമാതിർത്തിയും അടഞ്ഞുകിടക്കുകയാണ്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് എയർ ഇന്ത്യയിലേക്ക് പ്രത്യേക ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന  സർവീസുകൾ നടത്തുന്നത് തുടരുന്നു.

• കുവൈറ്റ്, ബഹ്‌റൈൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, സൗദി അറേബ്യ വഴി ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നു.

• ആറ് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരാളെ കാണാതായിട്ടുണ്ട്. കാണാതായ ഇന്ത്യൻ പൗരനെ കണ്ടെത്തുന്നതിനും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുമായി സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ മിഷനുകൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.


 

***


( റിലീസ് ഐ.ഡി: 2243607) സന്ദര്‍ശക കൗണ്ടര്‍ : 26