|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് അന്തർ മന്ത്രാലയ പത്രസമ്മേളനം
ആശങ്കാകുലരായി എൽപിജി സിലിണ്ടറുകൾ അധികമായി ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു; എൽപിജി ഏജൻസികളിൽ തിരക്ക് ഒഴിവാക്കാൻ സിലിണ്ടർ ബുക്കിംഗിന് ഡിജിറ്റൽ രീതികൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം ആഭ്യന്തര എൽപിജി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുക എന്നതിനാണ് ഗവണ്മെൻ്റിൻ്റെ ഏറ്റവും ഉയർന്ന മുൻഗണന ആഭ്യന്തര എൽപിജി ഉൽപ്പാദനം ഏകദേശം 31% വർദ്ധിച്ചു അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന ഗവണ്മെൻ്റുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ നടപടികൾ സ്വീകരിക്കുന്നു എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു; മാർച്ച് 16–17 തീയതികളിലായി മുന്ദ്രയിലും കാണ്ട്ലയിലും എത്തിച്ചേരും സമുദ്ര വ്യാപാരത്തിൽ പ്രവർത്തനപരമായ ആഘാതം കുറയ്ക്കുന്നതിന് തുറമുഖങ്ങൾ, ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് പങ്കാളികളുമായി ചേർന്ന് ഗവണ്മെൻ്റ് പ്രവർത്തിക്കുന്നു തെറ്റായ വിവരങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാനും ആധികാരിക സ്രോതസ്സുകളെയും ഔദ്യോഗിക ഗവണ്മെൻ്റ് മാധ്യമങ്ങളെയും മാത്രം ആശ്രയിക്കാനും പൗരന്മാരോട് നിർദ്ദേശിച്ചു വരാനിരിക്കുന്ന ഖാരിഫ് 2026 സീസണിലേക്കായി ആവശ്യത്തിലധികം വളം ശേഖരം ലഭ്യമാണ് പശ്ചിമേഷ്യൻ സാഹചര്യത്തെ സംബന്ധിച്ചുള്ള ഒരു പൊതു നിലപാടിനെക്കുറിച്ച് ബ്രിക്സിനുള്ളിൽ ചർച്ചകൾ നടക്കുന്നു
പോസ്റ്റഡ് ഓണ്‍:
14 MAR 2026 6:26PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലുള്ള ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിനായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾ ചേർന്ന് ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ നാലാമത് അന്തർ മന്ത്രാലയ പത്രസമ്മേളനം നടത്തി. സമാനമായ പത്രസമ്മേളനങ്ങൾ 2026 മാർച്ച് 11, 12, 13 തീയതികളിൽ നേരത്തെ നടന്നിരുന്നു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തുറമുഖങ്ങൾ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമം, അനുബന്ധ ആശയവിനിമയ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
രാജ്യത്തെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തുടർച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രാലയം അറിയിച്ചത് പ്രകാരം:
അസംസ്കൃത ഉല്പന്നം /റിഫൈനറികൾ
- എല്ലാ എണ്ണ ശുദ്ധീകരണശാലകളും നിലവിൽ ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നു. എല്ലായിടത്തും മതിയായ അസംസ്കൃത എണ്ണ ശേഖരം ഉണ്ട്. കൂടാതെ, നമ്മുടെ രാജ്യം പെട്രോളിൻ്റെയും ഡീസലിൻ്റെയും ഉൽപാദനത്തിൽ സ്വയംപര്യാപ്തമാണ്. കൂടാതെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിന് പെട്രോളും ഡീസലും ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല.
റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ
- എണ്ണ വിപണന കമ്പനികൾ ഒരു ആർഒയിലും ഇന്ധനം ഇല്ലാത്തതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ ശേഖരം ലഭ്യമാണ്. അവ പതിവായി നിലനിർത്തുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ഗവണ്മെൻ്റ് അറിയിക്കുന്നു.
പ്രകൃതിവാതകം
- പിഎൻജി, സിഎൻജി എന്നിവയുടെ 100% വിതരണം ഉറപ്പാക്കി മുൻഗണനാ മേഖലകളെ സംരക്ഷിക്കുന്നു. അതിനാൽ, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾക്കുള്ള വിതരണം 80% നിരക്കിൽ നിയന്ത്രിക്കപ്പെടുന്നു.
- ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, ലഖ്‌നൗ, കാൺപൂർ, ജയ്പൂർ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളിലും നഗരങ്ങളിലും അംഗീകൃത സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സ്ഥാപനങ്ങളുമായി ഗെയ്‌ൽ, വീഡിയോ കോൺഫറൻസ് നടത്തി. എൽപിജി വിതരണത്തിലെ അധികഭാരം കുറയ്ക്കുന്നതിന് ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുതിയ വാണിജ്യ പിഎൻജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കാനും വേഗത്തിലാക്കാനും ഗ്യാസ് വിതരണ ഏജൻസികളോട് ആവശ്യപ്പെട്ടു.
എൽപിജി
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ എൽപിജി വിതരണം സംബന്ധിച്ച് ഇപ്പോഴും ആശങ്കയുണ്ട്.
- എൽപിജി വിതരണ കമ്പനികൾ ഒരു പ്രതിസന്ധിയും റിപ്പോർട്ട് ചെയ്തിട്ടില്ല.
- ജനങ്ങളിലെ പരിഭ്രാന്തി കാരണം എൽപിജി ബുക്കിംഗുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ദിവസേനയുള്ള ബുക്കിംഗ് ശരാശരി ഇന്നലെ 55.7 ലക്ഷത്തിൽ നിന്ന് 88.8 ലക്ഷമായി ഉയർന്നു.
- വാണിജ്യ ഉപഭോക്താക്കൾക്കുള്ള സിലിണ്ടറുകൾ മുൻഗണനാ വിതരണത്തിനായി സംസ്ഥാന ഗവണ്മെൻ്റിൻ്റെ പക്കലുണ്ട്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപഭോക്താക്കൾക്ക് വാണിജ്യ എൽപിജി ലഭ്യമാക്കിയിട്ടുണ്ട്.
- സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗുകൾ നിലവിൽ 84% ആണ്.
സംസ്ഥാന ഗവണ്മെൻ്റുകൾ നടത്തുന്ന യോഗങ്ങൾ
- പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന/യുടി ഗവണ്മെൻ്റുകളുടെ പങ്ക് വളരെ പ്രധാനമാണ്.
- ഹരിയാന, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ മുതിർന്ന ഗവണ്മെൻ്റ് ഉദ്യോഗസ്ഥരുമായും എണ്ണക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ എൽപിജിയുടെ ആവശ്യകതയും വിതരണ സാഹചര്യവും അവലോകനം ചെയ്യുന്നതിനായി യോഗം നടത്തി.
- തെലങ്കാന ചീഫ് സെക്രട്ടറി, എണ്ണ വിപണന കമ്പനികളുടെ പ്രതിനിധികളുമായും സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഉപഭോക്താക്കൾക്കുള്ള എൽപിജി ശേഖരം തൽസ്ഥിതി, വിതരണം എന്നിവ അവലോകനം ചെയ്തു.
- ആന്ധ്രപ്രദേശിലെ സിവിൽ സപ്ലൈസ് കമ്മീഷണർ, എണ്ണക്കമ്പനികളുടെ യോഗം വിളിച്ചു എൽപിജി, പിഡിഎസ് എസ്‌കെഒ, വാണിജ്യ എൽപിജി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിഗതികളും മനസ്സിലാക്കി.
- സ്ഥിതി നിരീക്ഷിക്കാൻ 17 സംസ്ഥാനങ്ങൾ/യുടി ഗവണ്മെൻ്റുകൾ കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ പല സംസ്ഥാനങ്ങളും/യുടി ഗവണ്മെൻ്റുകളും പത്രസമ്മേളനങ്ങളും നടത്തുന്നുണ്ട്.
എൻഫോഴ്‌സ്‌മെൻ്റ് നടപടി
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിൽ സംസ്ഥാന ഗവണ്മെൻ്റുകൾ /യുടി ഭരണകൂടങ്ങൾ എന്നിവ പ്രധാന പങ്ക് വഹിക്കുന്നു.
- മഹാരാഷ്ട്രയിലും രാജസ്ഥാനിലും, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിൻ്റെയും എണ്ണ വിപണന കമ്പനികളുടെയും സംയുക്ത പരിശോധനാ സംഘങ്ങൾ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. പൊതുമേഖല എണ്ണ കമ്പനികൾ, ഇന്നലെ ഏകദേശം 1300 എൽപിജി വിതരണ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി.
- ഉത്തർപ്രദേശിൽ, എൻഫോഴ്‌സ്‌മെൻ്റ് സംഘങ്ങൾ 1,483 സ്ഥലങ്ങളിൽ പരിശോധന നടത്തി; 24 എഫ്‌ഐആർ രജിസ്റ്റർ ചെയ്തു (4 എൽപിജി വിതരണക്കാർക്കെതിരെയും 20 വ്യക്തികൾക്കെതിരെയും), 6 പേരെ അറസ്റ്റ് ചെയ്യുകയും 19 വ്യക്തികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കുകയും ചെയ്തു.
- എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി ആന്ധ്രാപ്രദേശ് (തിരുപ്പതി), ബീഹാർ, ഒഡീഷ, കർണാടക എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടത്തിയിട്ടുണ്ട്.
മറ്റ് ഗവണ്മെൻ്റ് നടപടികൾ
- ഗാർഹിക എൽപിജി വിതരണം തടസ്സമില്ലാത്ത രീതിയിൽ ഉറപ്പാക്കുക എന്നതാണ് ഗവണ്മെൻ്റിൻ്റെ ഏറ്റവും ഉയർന്ന മുൻഗണന. പ്രത്യേകിച്ച് വീടുകളിലും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മുൻഗണനാ മേഖലകളിലും ഇത് ഉറപ്പാക്കും. എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള എൽപിജി ഉത്പാദനം ഏകദേശം 31% ആയി വർദ്ധിപ്പിച്ചു.
- എൻസിആറിലെ വ്യവസായങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയ്ക്ക് പ്രകൃതിവാതകത്തിന് പകരം ബയോമാസ്/ആർഡിഎഫ് പെല്ലറ്റുകൾ എന്നിവ ഒരു മാസത്തേക്ക് താൽക്കാലികമായി ഉപയോഗിക്കാൻ 13.03.2026 ലെ സിഎക്യുഎം ഉത്തരവ് അനുവദിക്കുന്നു; ബദലുകൾ ലഭ്യമല്ലാത്തിടത്ത് കൽക്കരി അല്ലെങ്കിൽ മണ്ണെണ്ണ ഉപയോഗിക്കാം. എൽപിജി ബുക്കിംഗ് ഇടവേളകൾ വർദ്ധിപ്പിക്കുന്നതും നടപടികളിൽ ഉൾപ്പെടുന്നു (നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസം വരെയും). സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ എൽപിജിയിലെ പ്രതിസന്ധി കുറയ്ക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.
- എൽപിജി ബുക്കിംഗുകൾ ഡിജിറ്റൽ രീതിയിൽ നടത്താൻ പ്രോത്സാഹിപ്പിക്കാനും, പരിഭ്രാന്തിയോടെയുള്ള ബുക്കിംഗ് നിരുത്സാഹപ്പെടുത്താനും, ഡീലർഷിപ്പ് കേന്ദ്രങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കാനും നടപടികൾ സ്വീകരിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു അറിയിപ്പ്
- പൗരന്മാർ പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിക്കുന്നു. വീടുകളിലും അവശ്യ മേഖലകളിലും എൽപിജി ലഭ്യത നിലനിർത്താൻ ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്.
- ഐവിആർഎസ് കോളുകൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ്, എണ്ണ വിപണന കമ്പനികളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എൽപിജി സിലിണ്ടറുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ കഴിയും. വീട്ടിൽ നിന്ന് സിലിണ്ടറുകൾ ബുക്ക് ചെയ്യാനും എൽപിജി വിതരണകേന്ദ്രങ്ങൾ അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളോട് നിർദ്ദേശിക്കുന്നു.
- ആശങ്കാകുലരായി അധിക ബുക്കിംഗ് നടത്തുന്നത് ഒഴിവാക്കാനും ബുക്കിംഗിനായി ഡിജിറ്റൽ രീതികൾ ഉപയോഗിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- ലഭ്യമായിടത്തെല്ലാം ഉപഭോക്താക്കൾക്ക് പിഎൻജി പോലുള്ള ഇതര ഇന്ധനങ്ങൾ തിരഞ്ഞെടുക്കാം. കൂടാതെ പതിറ്റാണ്ടുകളായി വിശ്വസനീയമായി എൽപിജി വിതരണം ചെയ്യുന്ന എണ്ണ വിപണന കമ്പനികളെ വിശ്വസിക്കാനും അഭ്യർത്ഥിക്കുന്നു.
- ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കാനും മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, പൊതുമേഖല എണ്ണ വിപണന കമ്പനികൾ എന്നിവയുടെ സമൂഹമാധ്യമ പേജുകളിൽ വിശദമായ വിവരങ്ങൾ ലഭ്യമാണ്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഉൾക്കടൽ മേഖലയിലെ നിലവിലുള്ള സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും പ്രദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. അതിൽ ഇങ്ങനെ അറിയിക്കുന്നു:
- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട പുതിയ ഷിപ്പിംഗ് ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.
- ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം പേർഷ്യൻ ഗൾഫ് മേഖലയിലെ (ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ്) 24 കപ്പലുകളിൽ, രണ്ട് ഇന്ത്യൻ കപ്പലുകൾ- എൽപിജി ശിവാലിക്, നന്ദാദേവി എന്നിവ, ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായി ഇന്ന് പുലർച്ചെ ഹോർമുസ് കടലിടുക്ക് കടന്നു. അവ യഥാക്രമം മാർച്ച് 16, 17 തീയതികളിൽ മുന്ദ്ര തുറമുഖത്തും കാണ്ട്ല തുറമുഖത്തും എത്തും.
- പേർഷ്യൻ ഉൾക്കടൽ മേഖലയിൽ നിലവിൽ 22 ഇന്ത്യൻ പതാകവാഹക കപ്പലുകളിലായി 611 നാവികരുണ്ട്. കപ്പൽ ഉടമകൾ, ആർപിഎസ്‌എൽ ഏജൻസികൾ, ഇന്ത്യൻ എംബസികൾ എന്നിവരുമായി ഡിജി ഷിപ്പിംഗ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം നാവികർ, അവരുടെ കുടുംബങ്ങൾ, സമുദ്ര പങ്കാളികൾ എന്നിവരിൽ നിന്ന് ലഭിച്ച ഏകദേശം 312 കോളുകളും 460 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ, ഇത് 2,737 കോളുകൾ, 4,900 ൽ അധികം ഇമെയിലുകൾ എന്ന നിലയിൽ ആയിരുന്നു.
- ഡിജി ഷിപ്പിംഗിലെ ഒരു ദ്രുത പ്രതികരണ സംഘം 24×7 പ്രവർത്തിക്കുകയും ഷിപ്പിംഗ് കമ്പനികൾ, എംബസികൾ, എംഇഎ, പി ആൻഡ് ഐ ക്ലബ് ഇൻഷുറർമാർ എന്നിവരുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 1,300 നാവികരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകൾ പരിഹരിച്ചു.
- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഗൾഫിലുടനീളമുള്ള വിമാനത്താവളങ്ങളിൽ നിന്നും പ്രാദേശിക സ്ഥലങ്ങളിൽ നിന്നും 30 നാവികരെ തിരികെയെത്തിച്ചു. ഇതോടെ ആകെ തിരിച്ചയയ്ക്കപ്പെട്ടവരുടെ എണ്ണം 253 ആയി.
- സമുദ്ര വ്യാപാരത്തിലെ പ്രവർത്തന ആഘാതം കുറയ്ക്കുന്നതിന് തുറമുഖങ്ങൾ, ഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുമായി ഗവണ്മെൻ്റ് ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
- നങ്കൂരമിടുന്നതിൽ ഇളവുകൾ, ബെർത്ത് വാടക, സംഭരണ ചാർജുകൾ തുടങ്ങിയവയിൽ ഇളവുകൾ നൽകാൻ തുറമുഖങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചില കേസുകളിൽ പാട്ടക്കാലാവധി നീട്ടി നൽകാനും അനുവദിച്ചിട്ടുണ്ട്. കാമരാജർ തുറമുഖത്ത് 25,000 മെട്രിക് ടൺ ബാരൈറ്റ് കാർഗോയും ഇതിൽ ഉൾപ്പെടുന്നു.
- ഊർജ്ജ വിതരണം ഉറപ്പാക്കാൻ പ്രധാന തുറമുഖങ്ങൾ എൽപിജി വാഹക കപ്പലുകൾക്ക് മുൻഗണന നൽകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പ്രധാന തുറമുഖങ്ങളിൽ ആറ് എൽപിജി കപ്പലുകൾ എത്തി.
- ഗൾഫിലേക്ക് പോകുന്ന ചരക്ക് കയറ്റിയ കപ്പലുകൾക്ക് നിലവിൽ ഗതാഗതം സാധ്യമാകാത്ത സാഹചര്യത്തിൽ സുരക്ഷിത നങ്കൂരമിടൽ മേഖലകൾ തുറമുഖങ്ങൾ നൽകുന്നു.
- ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെയും ഇന്ത്യൻ എംബസികളുടെയും ഷിപ്പിംഗ് കമ്പനികളുടെയും മറ്റ് സമുദ്ര പങ്കാളികളുടെയും ഏകോപനത്തോടെ ഷിപ്പിംഗ്, ജലപാത മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
പശ്ചിമേഷ്യ മേഖലയിൽ താമസിക്കുന്നവരോ യാത്ര ചെയ്യുന്നവരോ ആയ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകി. ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ എംബസികൾ നടത്തുന്ന തുടർച്ചയായ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അതിൽ ഇപ്രകാരം വിശദമാക്കി:
- സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സംഘർഷം ലഘൂകരിക്കാനും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്കുകളുടെയും ഇന്ധനത്തിൻ്റെയും തടസരഹിതമായ നീക്കം ഉറപ്പാക്കേണ്ടതിൻ്റെയും ഊർജ്ജ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കേണ്ടതിൻ്റെയും പ്രാധാന്യം ഇന്ത്യ ഊന്നിപ്പറഞ്ഞിട്ടുണ്ട്.
- ജിസിസി രാജ്യങ്ങൾ, ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ ഇന്ത്യ അടുത്ത ബന്ധം പുലർത്തുന്നു. ഇന്ത്യയുടെ മുൻഗണനകൾ, പ്രത്യേകിച്ച് ഊർജ്ജ സുരക്ഷ, സുരക്ഷിതമായ സമുദ്ര ഗതാഗതം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇന്ത്യൻ എംബസികളുമായും മേഖലയിലെ പ്രധാനമന്ത്രിമാർ, വിദേശകാര്യ മന്ത്രിമാർ എന്നിവരുമായും സജീവമായി ഇടപഴകുന്നു.
- ശിവാലിക്, നന്ദാ ദേവി എന്നിവയ്ക്ക് പുറമേ, ഗൾഫ് മേഖലയിൽ ഇന്ത്യയിലേക്കുള്ള മറ്റ് നിരവധി കപ്പലുകൾ തയ്യാറായി നിൽക്കുന്നു. അവയുടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
- സംഘർഷം മൂലമുണ്ടായ വിമാന തടസ്സങ്ങൾ കാരണം, ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇറാനിയൻ അധികൃതർ ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് ഒരു ചാർട്ടേഡ് വിമാനം ക്രമീകരിച്ചു.
- 2026 ലെ വരാനിരിക്കുന്ന ഖാരിഫ് സീസണിലേക്ക് ഇന്ത്യയിൽ ആവശ്യത്തിന് രാസവളം ശേഖരമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ യൂറിയ ശേഖരം കൂടുതലാണ്; ഡിഎപി ശേഖരം ഏതാണ്ട് ഇരട്ടിയാണ്, എൻപികെയും ഗണ്യമായി ഉണ്ട്. റാബി സീസൺ അവസാനിക്കുമ്പോൾ ആഭ്യന്തര യൂറിയ ഉൽപ്പാദനം ഉപഭോഗത്തേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ആഗോള ടെൻഡറുകൾ ഇതിനകം തന്നെ സമർപ്പിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോടെ അവയുടെ വിതരണം പ്രതീക്ഷിക്കുന്നു.
- നിലവിലെ സാഹചര്യത്തിൽ ചില അംഗരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഷെർപ്പ ചാനൽ വഴി ഒരു പൊതു നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾ ബ്രിക്സിനുള്ളിൽ നടക്കുന്നു. ബ്രിക്സ് അധ്യക്ഷ രാജ്യം എന്ന നിലയിൽ ഇന്ത്യ കൂടിയാലോചനകൾ സുഗമമാക്കുന്നത് തുടരുകയും ഉയർന്ന തലത്തിലുള്ള നയതന്ത്ര ബന്ധങ്ങളിലൂടെ റഷ്യ ഉൾപ്പെടെയുള്ള പങ്കാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.
- പശ്ചിമേഷ്യയിലെയും ഗൾഫ് മേഖലയിലെയും വികസിക്കുന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു. അന്വേഷണങ്ങൾക്കായി ഒരു കൺട്രോൾ റൂം പ്രവർത്തിക്കുന്നു കൂടാതെ എംബസികൾ 24x7 ഹെൽപ്പ്‌ലൈനുകൾ പ്രവർത്തിപ്പിക്കുകയും, മാർഗ്ഗനിർദേശങ്ങൾ നൽകുകയും, വിസ, ട്രാൻസിറ്റ്, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ നൽകി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സഹായിക്കുകയും ചെയ്യുന്നു.
- ഫെബ്രുവരി 28 മുതൽ, ഏകദേശം 172,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഒമാൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ മെച്ചപ്പെട്ടുവരികയാണ്. ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളിലെ ഇന്ത്യക്കാർക്ക് വിസ കാലാവധി നീട്ടൽ, ട്രാൻസിറ്റ് വിസ, തുടർ യാത്ര എന്നിവയ്ക്ക് സഹായം നൽകുന്നുണ്ട്.
- ഒമാനിലെ സൊഹാറിൽ ഇന്നലെ നടന്ന ഒരു ആക്രമണ സംഭവത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, പത്ത് പേർക്ക് പരിക്കേറ്റു, ആരുടെയും പരിക്ക് ഗുരുതരമല്ല. ദുരിതബാധിതരെ, എംബസി സഹായിക്കുന്നു. ഒമാൻ അധികൃതരുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
- സേഫ്സീ വിഷ്ണു (മാർച്ച് 11, ഇറാഖ് തീരത്ത് നിന്ന്) എന്ന കപ്പലിൽ ഉണ്ടായിരുന്ന, 15 ഇന്ത്യൻ കപ്പൽ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു, അവർ നിലവിൽ ബസ്രയിലാണ്. എംബസി അവരെ സഹായിക്കുകയും ഇന്ത്യയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനും മരിച്ച ഇന്ത്യൻ പൗരൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
- നേരത്തെ ഉണ്ടായ സംഭവങ്ങളിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനും ഒമാൻ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ എംബസികൾ അതാത് പ്രാദേശിക അധികൃതരുമായി ഏകോപിച്ചു പ്രവർത്തിക്കുന്നു.
പൊതു ആശയവിനിമയം:
പരിശോധിച്ചുറപ്പിച്ച വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്വീകരിച്ചുവരുന്ന ആശയവിനിമയ സംരംഭങ്ങളെക്കുറിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സംസാരിച്ചു. മന്ത്രാലയം ഇവ വ്യക്തമാക്കി:
- എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും ഉൾപ്പെടെയുള്ള വ്യാജ വിവരങ്ങൾ ചില സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കാനും ആധികാരിക ഉറവിടങ്ങളെയും ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക അക്കൗണ്ടുകളെയും മാത്രം ആശ്രയിക്കാനും നിർദ്ദേശിക്കുന്നു.
- ഓൺലൈൻ അല്ലെങ്കിൽ മൊബൈൽ (എസ്എംഎസ്), പോർട്ടലുകൾ അല്ലെങ്കിൽ ഐവിആർഎസ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി എൽപിജി സിലിണ്ടർ ബുക്കിംഗ് നടത്തണം. വിതരണ ഏജൻസി കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- സംസ്ഥാന ഗവണ്മെൻ്റുകളും ജില്ലാതല കമ്മിറ്റികളും എണ്ണ വിപണന കമ്പനികളുമായി (ഒഎംസി) ഏകോപിപ്പിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കുകയും ചെയ്യുന്നു.
- പൗരന്മാർ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സാധാരണ റീഫിൽ കാലയളവ് അനുസരിച്ച് മാത്രം എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ അറിയിച്ചതുപോലെ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഇന്ത്യാ ഗവണ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജൻസികളും തമ്മിലുള്ള ഏകോപനം നിലനിർത്തുകയും ചെയ്യുന്നു. ഊർജ്ജ വിതരണം സംരക്ഷിക്കുന്നതിനും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും രാജ്യത്തുടനീളം അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
****
( റിലീസ് ഐ.ഡി: 2240274)
|