പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയതല പത്രസമ്മേളനം

പോസ്റ്റഡ് ഓണ്‍: 13 MAR 2026 6:40PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സംബന്ധിച്ച് നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് കേന്ദ്ര ഗവണ്‍മെന്റ് മൂന്നാമത് അന്തര്‍ മന്ത്രാലയതല  വാര്‍ത്താ സമ്മേളനം നടത്തി. വിവിധ മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്ന തയ്യാറെടുപ്പ് നടപടികളെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി 2026 മാര്‍ച്ച് 11, 12 തീയതികളില്‍ ഈ വിഷയത്തില്‍ നേരത്തെയും വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇന്നത്തെ വിശദീകരണത്തില്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തുറമുഖങ്ങള്‍, ഷിപ്പിംഗ്& ജലപാത മന്ത്രാലയം, വാര്‍ത്താ വിതരണ& പ്രക്ഷേപണ മന്ത്രാലയം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും ഗവണ്‍മെന്റ് സ്വീകരിക്കുന്ന ഏകോപിത നടപടികളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കി. ഊര്‍ജ്ജ വിതരണ തയ്യാറെടുപ്പ്, സമുദ്ര സുരക്ഷ& ഷിപ്പിംഗ് പ്രവര്‍ത്തനങ്ങള്‍, മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം, പൊതു ആശയവിനിമയം, അവശ്യ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വശങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.

 ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും:

നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യവും ഹോര്‍മൂസ് കടലിടുക്ക് അടച്ചതു മൂലം വിതരണത്തിലെ ആശങ്കകള്‍ക്കിടയിലും, നിലവിലെ ഊര്‍ജ്ജ വിതരണ സാഹചര്യത്തെക്കുറിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍പിജിയുടെയും തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. മന്ത്രാലയം പറയുന്നതനുസരിച്ച്:

അസംസ്‌കൃത എണ്ണ:

•ഇന്ത്യയ്ക്ക് നിലവില്‍ ഏകദേശം 258 എംഎംടിപിഎ സംസ്‌കരണ ശേഷിയുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണിത്. പെട്രോളിന്റെയും ഡീസലിന്റെയും ഉല്‍പാദനത്തില്‍ രാജ്യം സ്വയംപര്യാപ്തമാണ്. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ആവശ്യമില്ല.

•എല്ലാ ശുദ്ധീകരണശാലകളും നിലവില്‍ ഉയര്‍ന്ന തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ ചിലത് ശേഷിയുടെ 100% ലും ഉപരിയായി പ്രവര്‍ത്തിക്കുന്നുണ്ട്

•എല്ലാ ഇന്ത്യന്‍ ശുദ്ധീകരണശാലകളിലും നിലവില്‍ മതിയായ അസംസ്‌കൃത എണ്ണ ശേഖരമുണ്ട്. വൈവിധ്യമാര്‍ന്ന ഇറക്കുമതി സ്രോതസ്സുകളിലൂടെയും ഷിപ്പിംഗ് മാര്‍ഗ്ഗങ്ങളിലൂടെയും അസംസ്‌കൃത വിതരണം തുടര്‍ച്ചയായി ലഭിക്കുന്നു.

പ്രകൃതിവാതകം

•2026 മാര്‍ച്ച് 9ന് അവശ്യവസ്തു നിയമപ്രകാരം ഗവണ്‍മെന്റ് പ്രകൃതിവാതക നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ PNG, CNG എന്നിവയുടെ 100% വിതരണം ഉറപ്പാക്കി മുന്‍ഗണനാ മേഖലകളെ സംരക്ഷിക്കുന്നു. അതിനാല്‍, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള വിതരണം 80% നിരക്കില്‍ നിയന്ത്രിക്കപ്പെടുന്നു.

•ആഭ്യന്തര PNG വിഭാഗത്തില്‍ പ്രതിദിനം ഏകദേശം 3.73 MMSCM വാതകം ഉപയോഗിക്കുന്നു. ഇതിനായി ഗ്യാസ് ഏജന്‍സികളുടെ പക്കല്‍ ആവശ്യത്തിന് ഗ്യാസ് ലഭ്യമാണ്.

•ഇന്ത്യയിലെ 1.5 കോടിയിലധികം PNG കുടുംബങ്ങള്‍ക്ക് നിലവില്‍ അവരുടെ വീടുകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ യാതൊരു തടസ്സവുമില്ലാതെ ഈ വിതരണം തുടരും. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, ഗാര്‍ഹിക LPG സിലിണ്ടറുകള്‍ സംരക്ഷിക്കുന്നതിനായി റെസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ ആഭ്യന്തരമായി വിതരണം ചെയ്യുന്ന PNG ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതാണ്. PNG കണക്റ്റിവിറ്റി ലഭ്യമല്ലാത്ത മറ്റ് ഉപഭോക്തൃ മേഖലകളിലേക്ക്, സംരക്ഷിത LPG സിലിണ്ടറുകള്‍ നല്‍കാവുന്നതാണ്

•ലഭ്യമായ ഡാറ്റ അനുസരിച്ച്, രാജ്യത്തുടനീളമുള്ള ഏകദേശം 60 ലക്ഷം വീടുകള്‍ക്ക് പരിസരപ്രദേശങ്ങളില്‍ PNG കണക്റ്റിവിറ്റി ലഭ്യമാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്; എന്നിരുന്നാലും, അവര്‍ നിലവില്‍ PNG ഉപയോഗിക്കുന്നില്ല.

•നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, അത്തരം LPG ഉപഭോക്താക്കള്‍ പാചക ആവശ്യങ്ങള്‍ക്കായി LPG സിലിണ്ടറുകളില്‍ നിന്ന് ഗാര്‍ഹിക PNGയിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുന്നു.

•LPG യുമായി ബന്ധപ്പെട്ട വിതരണ ആശങ്കകള്‍ ലഘൂകരിക്കുന്നതിന്, രാജ്യത്തെ പ്രധാന നഗര, നഗര കേന്ദ്രങ്ങളില്‍ അധികാരപ്പെടുത്തിയിട്ടുള്ള വിവിധ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (CGD) സ്ഥാപനങ്ങളുമായി ഗവണ്മെന്റ് ചര്‍ച്ചകള്‍ നടത്തുന്നു. ഈ നഗര കേന്ദ്രങ്ങളിലും നഗരങ്ങളിലും പ്രതിസന്ധി നേരിടുന്ന വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ പുതിയ PNG കണക്ഷനുകള്‍ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കി. അത്തരം CGD സ്ഥാപനങ്ങളില്‍ നിന്ന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് വേഗത്തിലുള്ള അനുമതികള്‍ നല്‍കണമെന്ന് ഗവണ്മെന്റ് ബന്ധപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ഹൈവേ അധികാരികളോടും സംസ്ഥാന ഗവണ്‍മെന്റുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിശാലമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ദിശയിലെ ഒരു സുപ്രധാന നടപടിയാണിത്.

•പുതിയ കണക്ഷന്‍ ലഭിക്കുന്നതിന് വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ അവരുടെ പ്രാദേശിക നഗര ഗ്യാസ് വിതരണ കമ്പനിയുമായി ബന്ധപ്പെടണം.

റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍:

•ഒരുലക്ഷം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ (RO) ഇന്ധന ലഭ്യത ഇല്ലെന്ന് എണ്ണ വിപണന കമ്പനികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരം ലഭ്യമാണെന്നും അവ പതിവായി പരിപാലിക്കുന്നുണ്ടെന്നും അതിനാല്‍ , ആശങ്കയില്‍ ഇന്ധനം അധികമായി വാങ്ങരുതെന്നും ഗവണ്മെന്റ് പൊതുജനങ്ങളെ അറിയിക്കുന്നു.
 •അടുത്തിടെ, തമിഴ്‌നാട്ടിലെ ഒരു റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ (RO) ഇന്ധനം പാത്രങ്ങളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. പരിശോധനയെ തുടര്‍ന്ന്, ബന്ധപ്പെട്ട ROയിലെ വില്‍പ്പന ഉടനടി നിര്‍ത്തിവച്ചു. സുരക്ഷിതമല്ലാത്തതും നിയമ് വിരുദ്ധവുമായതിനാല്‍ പാത്രങ്ങളില്‍ പെട്രോള്‍/ഡീസല്‍ ആവശ്യപ്പെടരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

•എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍മാരോടും ഇന്ധനം വിതരണം ചെയ്യുമ്പോള്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള  ലംഘനമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും.

എല്‍പിജി

•രാജ്യത്തെ 25000 എല്‍പിജി വിതരണ ശൃംഖലകളില്‍ ഒന്നിലും ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ ക്ഷാമം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

• ആശങ്ക കാരണം എല്‍പിജി ബുക്കിംഗുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

•പ്രതിദിന ബുക്കിംഗുകള്‍ ശരാശരി 55.7 ലക്ഷത്തില്‍ നിന്ന് 76 ലക്ഷമായി ഇന്നലെ വര്‍ദ്ധിച്ചു.

•എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം ഏകദേശം 50 ലക്ഷം എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് തുടരുന്നു.  ആശങ്കാകുലരായി അധികം ബുക്കിംഗ് നടത്തരുതെന്ന് എല്ലാ ഉപഭോക്താക്കളോടും  അഭ്യര്‍ത്ഥിക്കുന്നു.

• പരാതികള്‍ സ്വീകരിക്കുന്നതിനായി പൊതുമേഖലാ കമ്പനികളുടെ കോള്‍ സെന്ററുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്ററിലെ സീറ്റുകളുടെ എണ്ണം 400 ആയും ടെലിഫോണ്‍ ലൈനുകളുടെ എണ്ണം 650 ആയും വര്‍ദ്ധിപ്പിച്ചു. ഈ പരിഷ്‌കരിച്ച സൗകര്യങ്ങളോടെ കോള്‍ കണക്ട് ആകാത്ത സാഹചര്യത്തിന്റെ നിരക്ക് പൂജ്യത്തിനടുത്തായി മാറി.

•എല്‍പിജി സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ അധികൃതര്‍ താഴെത്തട്ടില്‍ നടപടി സ്വീകരിച്ചുവരികയാണ്. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

•വിതരണ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറിയും MoPNG സെക്രട്ടറിയും എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ, സിവില്‍ സപ്ലൈസ് സെക്രട്ടറിമാരുമായി ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

•എല്‍പിജി ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ സംസ്ഥാന/യുടി ഗവണ്‍മെന്റുകളോടും ജില്ലാ ഭരണകൂടങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

•സാഹചര്യം നിരീക്ഷിക്കുന്നതിനായി നിരവധി സംസ്ഥാന/യുടി ഗവണ്‍മെന്റുകള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവയുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ദിവസേന വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്.

•ചില കേസുകളുടെയും അതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിച്ച നടപടികളുടെയും ചില ഉദാഹരണങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പങ്കുവച്ചു. എല്‍പിജി സിലിണ്ടറുകളുടെ പുനര്‍ വില്പനയും നിയമവിരുദ്ധ ഉപയോഗവും തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഝാന്‍സിയില്‍ (ഉത്തര്‍പ്രദേശ്) 524 മോഷ്ടിച്ച സിലിണ്ടറുകള്‍ കണ്ടെടുത്തു. ഹാപൂരില്‍ (ഉത്തര്‍പ്രദേശ്) 32 സിലിണ്ടറുകള്‍, കര്‍ണാടകയിലെ ഹോട്ടലുകളില്‍ നിന്ന് 46 സിലിണ്ടറുകള്‍, ഛത്തര്‍പൂരില്‍ (മധ്യപ്രദേശ്) 38 സിലിണ്ടറുകള്‍ എന്നിവ അനധികൃതമായി സൂക്ഷിച്ചത് പിടിച്ചെടുത്തു.

• ഡീലര്‍മാര്‍, വിതരണക്കാര്‍ എന്നിവരുടെ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്താന്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു .


 ഗവണ്‍മെന്റിന്റെ മറ്റ് നടപടികള്‍

 •രാജ്യത്തുടനീളമുള്ള വീടുകളിലേക്ക് തടസ്സമില്ലാതെ എല്‍പിജി വിതരണം ഉറപ്പാക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന. അതേസമയം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് അവശ്യ സേവനങ്ങള്‍ തുടങ്ങിയ നിര്‍ണായക മേഖലകളിലേക്കും എല്‍പിജി വിതരണം ഉറപ്പാക്കുന്നു.

•റിഫൈനറികളില്‍ നിന്നുള്ള ഗാര്‍ഹിക എല്‍പിജി ഉല്‍പ്പാദനം നിലവിലെ സാഹചര്യത്തിന് മുമ്പുള്ള ഉല്‍പാദനത്തെക്കാള്‍, 30% ല്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.

• വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറുകള്‍ മുന്‍ഗണനാ വിതരണത്തിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ പക്കലുണ്ട്.

• എല്ലാ സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പതിവ് വിഹിതത്തിന് പുറമേ 48000 കിലോ ലിറ്റര്‍ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്. മണ്ണെണ്ണ വിതരണത്തിനായി ജില്ലകളിലെ പ്രധാന സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ സംസ്ഥാനങ്ങളോടും/കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

•എല്‍പിജിയിലെ തടസ്സം ലഘൂകരിക്കുന്നതിന് ഇതര ഇന്ധന സാധ്യതകള്‍ സജീവമാക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, മറ്റ് ഉപഭോക്താക്കള്‍ക്ക് കല്‍ക്കരി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗറേനി കോളിയറീസിനും ഉത്തരവ് നല്‍കി . ഹോസ്പിറ്റാലിറ്റി, റെസ്‌റ്റോറന്റുകള്‍ എന്നിവയ്ക്ക് ബദല്‍ ഉപയോഗമായി മണ്ണെണ്ണയും കല്‍ക്കരിയും ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ MoEFCC സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഇതിനകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

•പൗരന്മാര്‍ പരിഭ്രാന്തരാകരുതെന്ന് നിര്‍ദ്ദേശിക്കുന്നു. വീടുകളിലും അവശ്യ മേഖലകളിലും എല്‍പിജി ലഭ്യത നിലനിര്‍ത്താന്‍ ഗവണ്‍മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്.

•ഐവിആര്‍എസ് കോളുകള്‍,
എസ്എംഎസ് ബുക്കിംഗ്,
വാട്ട്‌സ്ആപ്പ് ബുക്കിംഗ്,
ഒഎംസികളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എല്‍പിജി സിലിണ്ടറുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ കഴിയും.
•അതിനാല്‍, ഉപഭോക്താക്കള്‍ സാധാരണ ചെയ്യുന്നതുപോലെ, അവരുടെ വീടുകളിലിരുന്ന് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും, അനാവശ്യ തിരക്ക് സൃഷ്ടിക്കുന്ന വിധത്തില്‍ അകാരണമായി ഏജന്‍സികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.

•സാധാരണ നിലയിലുള്ള ഗാര്‍ഹിക ആവശ്യങ്ങള്‍ക്കനുസരിച്ച് മാത്രം എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും പരിഭ്രാന്തി ഒഴിവാക്കാനും ഞങ്ങള്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. ആവശ്യത്തിന് എല്‍പിജി വിതരണത്തിനായി ലഭ്യമാണ്,.കൂടാതെ ബോട്ടിലിംഗ് പ്ലാന്റുകളിലും ഡിപ്പോകളിലും ഒഎംസികള്‍ മതിയായ അളവില്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നു.
•അനാവശ്യ പരിഭ്രാന്തി ഒഴിവാക്കാന്‍ ശരിയായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു


സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനവും
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സമുദ്ര സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യന്‍ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കി. മന്ത്രാലയം പറയുന്നതനുസരിച്ച്:

•668 ഇന്ത്യന്‍ നാവികരുള്ള 24 ഇന്ത്യന്‍ പതാകവാഹക കപ്പലുകള്‍ നിലവില്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുണ്ട്. ഹോര്‍മുസ് കടലിടുക്കിന് കിഴക്കുള്ള മൂന്ന് കപ്പലുകളിലായി 76 ഇന്ത്യന്‍ നാവികര്‍ തുടരുന്നു.

•വിശാലമായ ഗള്‍ഫ് മേഖലയിലെ വ്യാപാര, തുറമുഖ, ഓഫ്‌ഷോര്‍ കപ്പലുകളിലായി ഏകദേശം 23,000 ഇന്ത്യന്‍ നാവികര്‍ ജോലി ചെയ്യുന്നു. കപ്പല്‍ ഉടമകള്‍, ആര്‍പിഎസ്എല്‍ ഏജന്‍സികള്‍, ഇന്ത്യന്‍ എംബസികള്‍ എന്നിവയുമായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ ഏകോപനം നടത്തുന്നു. കൂടാതെ എല്ലാ ഇന്ത്യന്‍ കപ്പലുകളും ജീവനക്കാരും നിരന്തരം നിരീക്ഷണത്തിലാണ്.

•24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജീവമാക്കിയതിനുശേഷം, ഡിജി ഷിപ്പിംഗ് 2,425ലധികം കോളുകളും 4,441 ഇ-മെയിലുകളും കൈകാര്യം ചെയ്യുകയും കുടുങ്ങിക്കിടക്കുന്ന 223ലധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി സ്വദേശത്തേക്ക് തിരികെയെത്താന്‍ സഹായിക്കുകയും ചെയ്തു.

•ഡിജി ഷിപ്പിംഗ് പതിവായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
 •ഇന്ത്യന്‍ നാവികരും കപ്പലുകളും ഡിജി ഷിപ്പിംഗിന്റെ 24×7 ഹെല്‍പ്പ്‌ലൈന്‍ ഉപയോഗിക്കാനും അധികൃതരും ഇന്ത്യന്‍ എംബസികളും നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും മെച്ചപ്പെട്ട കപ്പല്‍തീര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

•ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായി തുടരുന്നു. പ്രധാന തുറമുഖങ്ങള്‍ക്കും സംസ്ഥാന മാരിടൈം ബോര്‍ഡുകള്‍ക്കും SOPകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. LPG കപ്പലുകള്‍ക്ക് മുന്‍ഗണനാ ബെര്‍ത്തിംഗ് നല്‍കിയിട്ടുണ്ട്.

• അധിക ചരക്ക് സംഭരണം, അടിയന്തര ബെര്‍ത്തിംഗ്, കേടാകുന്ന ചരക്കുകളുണ്ടെങ്കില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യല്‍, കസ്റ്റംസില്‍ നിന്നും വേഗത്തില്‍ 'ബാക്ക് ടു ടൗണ്‍' സൗകര്യം, മെച്ചപ്പെട്ട ബങ്കറിംഗ് പിന്തുണ എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ള പിന്തുണാ നടപടികളില്‍ ഉള്‍പ്പെടുന്നു.

• നിലവിലുള്ള പ്രതിസന്ധിയില്‍, മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഒരു നാവികനെ ഇപ്പോഴും കാണാനില്ല. പരിക്കേറ്റ നാല് നാവികരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഏകോപനം നടക്കുന്നു.

• പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സമുദ്ര സ്ഥിതിഗതികള്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

 മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ:

• പശ്ചിമേഷ്യയിലെ ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയെക്കുറിച്ചും ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ മേഖലയിലെ ഇന്ത്യന്‍ എംബസികള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പങ്കുവച്ചു. അതില്‍ ഇവ ഉള്‍പ്പെടുന്നു :

•പശ്ചിമേഷ്യ മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ആശയവിനിമയവും സംഭാഷണങ്ങളും നടത്തി.

• ഇന്നലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസേഷ്‌കിയനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

•സംഭാഷണത്തിനിടെ, ഇറാനില്‍ ഉള്‍പ്പെടെ മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യയുടെ മുന്‍ഗണന പ്രധാനമന്ത്രി എടുത്തുപറയുകയും ഇന്ധനത്തിന്റെയും ചരക്കുകളുടെയും തടസ്സരഹിത നീക്കത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

•മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുകയും എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ ശാശ്വത നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

•ഇറാന്‍ വിദേശകാര്യ മന്ത്രി ശ്രീ. ഇ. സയ്യിദ് അബ്ബാസ് അരഘ്ചിയുമായി ഇന്നലെ വിദേശകാര്യ മന്ത്രി സംസാരിച്ചു. ഉഭയകക്ഷി, ബ്രിക്‌സ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

 •മാര്‍ച്ച് 4 ന് ആരംഭിച്ച എംഇഎ കണ്‍ട്രോള്‍ റൂമില്‍ ഇതുവരെ 900ലധികം കോളുകളും 200 ഇ-മെയിലുകളും ലഭിച്ചു. ദിവസേനയുള്ള കോളുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണ്.

•കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന അന്വേഷണങ്ങള്‍ പരിഹാരത്തിനായി ബന്ധപ്പെട്ട എംബസികള്‍ക്ക് കൈമാറുന്നു. അടിയന്തര സാഹചര്യങ്ങളില്‍, കണ്‍ട്രോള്‍ റൂം തത്സമയം ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടുന്നു. വിളിക്കുന്നയാള്‍ ആവശ്യപ്പെടുന്ന വ്യക്തിയുമായി ബന്ധപ്പെടാന്‍ കഴിയുന്നതുവരെ, വിളിക്കുന്നയാളുമായി എംബസി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു.

•പശ്ചിമേഷ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. മേഖലയിലെ മിഷനുകളും പോസ്റ്റുകളും 24×7 ഹെല്‍പ്പ് ലൈനുകള്‍ വഴിയും ആതിഥേയ ഗവണ്‍മെന്റുകളുമായുള്ള ഏകോപന പ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്നു.

•യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം ബഹ്‌റൈന്‍, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമാക്കുന്നു.

•ഒമാനിലെ സോഹാര്‍ നഗരത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരിക്കേറ്റ 11 പേരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്; അഞ്ച് പേര്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു, അഞ്ച് പേര്‍ ചികിത്സയിലാണ്. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 •സംഘര്‍ഷത്തില്‍ ഇതുവരെ 5 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു പൗരനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
•മാര്‍ച്ച് 11 ന് രാത്രി ഇറാഖി സമുദ്രാതിര്‍ത്തിയില്‍ സേഫ്‌സീ വിഷ്ണു എന്ന കപ്പലിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന്, 15 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. അവര്‍ നിലവില്‍ ബസ്രയിലാണ്. മരിച്ച ഇന്ത്യന്‍ പൗരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

പൊതു ആശയവിനിമയം

വാര്‍ത്തസമ്മേളനത്തില്‍, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം താഴെപ്പറയുന്ന കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു:

•മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൂഴ്ത്തിവയ്പ്പിലും കരിഞ്ചന്തയിലും ഏര്‍പ്പെടുന്നവര്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടിയെടുക്കാന്‍ തുടങ്ങി.

•അംഗീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

•ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുകയും സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റുകളോ അംഗീകൃത ആപ്പുകളോ മാത്രം ഉപയോഗിക്കുകയും വേണം.

പത്രസമ്മേളനത്തില്‍ അറിയിച്ചതുപോലെ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജന്‍സികളും തമ്മിലുള്ള ഏകോപനം നിലനിര്‍ത്തുകയും ചെയ്യുന്നു. ഊര്‍ജ്ജ വിതരണ ശൃംഖല സംരക്ഷിക്കുന്നതിനും, ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സമുദ്ര പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും, അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
 
****
 

( റിലീസ് ഐ.ഡി: 2240027) സന്ദര്‍ശക കൗണ്ടര്‍ : 6