വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ പകര്‍പ്പവകാശ ലംഘനങ്ങള്‍ തടയാന്‍ കര്‍ശന നിരീക്ഷണവുമായി പ്രസാര്‍ ഭാരതി.

സാമൂഹിക-സാംസ്‌കാരിക ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ദൂരദര്‍ശനില്‍ 'ക്രിയേറ്റേഴ്‌സ് കോര്‍ണറി'ന് തുടക്കം.

പോസ്റ്റഡ് ഓണ്‍: 13 MAR 2026 4:37PM by PIB Thiruvananthpuram
പ്രസാര്‍ ഭാരതി നിര്‍മിക്കുന്നതോ  പ്രസാര്‍ ഭാരതിയുടെ  നിര്‍ദ്ദേശപ്രകാരം നിര്‍മിക്കപ്പെടുന്നതോ ആയ ഉള്ളടക്കത്തിന്റെ പകര്‍പ്പവകാശം പ്രസാര്‍ ഭാരതിയില്‍ നിക്ഷിപ്തമാണ്. മാധ്യമ നിര്‍മാണ സ്ഥാപനങ്ങള്‍ പകര്‍പ്പവകാശം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ സമീപകാലത്തൊന്നും  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ഇടനില പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗത ഉപയോക്താക്കള്‍ നടത്തുന്ന പകര്‍പ്പവകാശ ലംഘനങ്ങള്‍ പ്രസാര്‍ ഭാരതി പതിവായി നിരീക്ഷിക്കുകയും ആവശ്യമായ  നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്   ഉപ കരാര്‍  നല്‍കിയ സംഭവങ്ങളൊന്നും പ്രസാര്‍ ഭാരതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതേസമയം, മുന്‍കരുതല്‍ എന്ന നിലയില്‍, പ്രൊഡക്ഷന്‍ കമ്പനികളുമായുള്ള കരാറുകളില്‍ ഉപകരാറുകള്‍ നല്‍കുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ദൂരദര്‍ശന് കീഴില്‍ 'ക്രിയേറ്റേഴ്സ് കോര്‍ണര്‍'  ആരംഭിച്ചത് ഒരു പൊതു സേവന സംപ്രേക്ഷകന്‍  എന്ന നിലയിലുള്ള പ്രസാര്‍ ഭാരതിയുടെ ദൗത്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി ഉള്ളടക്ക സ്രഷ്ടാക്കളെ  പങ്കാളികളാക്കാനുള്ള ഒരു സജീവ നീക്കമാണ്. സാമൂഹിക പ്രസക്തിയുള്ള  ഉള്ളടക്കങ്ങള്‍ക്കും, രാജ്യത്തിന്റെ സജീവ സംസ്‌കാരവും സമ്പന്നമായ പൈതൃകവും വിളിച്ചോതുന്ന ഉള്ളടക്കങ്ങള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
'ക്രിയേറ്റേഴ്സ് കോര്‍ണര്‍ 'പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്  ഉള്ളടക്കം മികച്ച നിലവാരമുള്ളതായിരിക്കണം. കൂടാതെ, പ്രസാര്‍ ഭാരതിയുടെ പ്രോഗ്രാം,പരസ്യ കോഡുകള്‍ തുടങ്ങി നിലവിലുള്ള മറ്റ്  എല്ലാ നിയമങ്ങളും പാലിക്കുന്നതുമായിരിക്കണം. ഇതിനുപുറമെ, ഉള്ളടക്ക സ്രഷ്ടാക്കള്‍ക്ക് ഏതെങ്കിലും ഒരു പ്രമുഖ സമൂഹ മാധ്യമത്തിലെങ്കിലും മികച്ച രീതിയിലുള്ള ഡിജിറ്റല്‍ സ്വാധീനം ഉണ്ടായിരിക്കണം. കൂടാതെ പ്രസാര്‍ ഭാരതി നിര്‍ദ്ദേശിക്കുന്ന കാലയളവ് അടിസ്ഥാനമാക്കിയുള്ള നിരക്കുകള്‍ അനുസരിച്ച് പ്രതിഫലം ലഭിക്കുകയും വേണം.

ഇന്ന് രാജ്യസഭയില്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ രേഖാമൂലം  ശ്രീ. തിരുച്ചി ശിവയ്ക്ക്  നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍  സമര്‍പ്പിച്ചത്.
 
***
 

( റിലീസ് ഐ.ഡി: 2239811) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Telugu , Kannada