വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് പ്രവർത്തനമാരംഭിച്ചു; ഇന്ത്യയുടെ എ.വി.ജി.സി ആവാസവ്യവസ്ഥയ്ക്ക് കുതിപ്പേകുമെന്ന് പ്രതീക്ഷ
പോസ്റ്റഡ് ഓണ്‍:
12 MAR 2026 5:41PM by PIB Thiruvananthpuram
ഇന്ത്യയിലെ വളർന്നുവരുന്ന ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ്, ഗെയിമിങ്, കോമിക്‌സ് (എ.വി.ജി.സി) ആവാസവ്യവസ്ഥയിൽ നിക്ഷേപം നടത്തിക്കൊണ്ട്, നെറ്റ്ഫ്ളിക്‌സിന്റെ ആഗോള നിർമ്മാണ, നൂതനാശയ സ്റ്റുഡിയോയായ 'ഐലൈൻ സ്റ്റുഡിയോ' ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചു. ആഗോള ഉത്പാദന ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശാക്തീകരിക്കുന്നതിനും അത്യാധുനിക വിഷ്വൽ ഇഫക്ട്‌സുകളുടെയും വരുംതലമുറയിലെ നിർമ്മാണ സാങ്കേതികവിദ്യകളുടെയും വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിന് ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി ശ്രീ. അനുമൂല രേവന്ത് റെഡ്ഡി, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, ഐലൈൻ സ്റ്റുഡിയോ സി.ഇ.ഒ ശ്രീ. ജെഫ് ഷാപ്പിറോ, ഇന്ത്യൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ. റാണ ദഗ്ഗുബട്ടി എന്നിവർ പങ്കെടുത്തു.

ഏകദേശം 32,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഹൈദരാബാദിലെ സ്റ്റുഡിയോ ഹൈബ്രിഡ് ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയുള്ള അത്യാധുനിക വിഷ്വൽ ഇഫക്ട്‌സുകളും വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഉയർന്ന നിലവാരമുള്ള ദൃശ്യ കഥാകഥനത്തെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത സ്റ്റുഡിയോ, ലോസ് ഏഞ്ചൽസ്, വാൻകൂവർ, സിയോൾ, ലണ്ടൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഐലൈൻ സ്റ്റുഡിയോയുടെ ആഗോള ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കും.

വളർന്നുവരുന്ന മാധ്യമ മേഖലകളിലെ നൈപുണ്യ വികസനത്തിന് നയപരമായ പിന്തുണയും ഊന്നലും നൽകുന്നതിലൂടെ, സർഗ്ഗാത്മക സാങ്കേതികവിദ്യയ്ക്കും ഡിജിറ്റൽ ഉൽപ്പാദനത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യ ക്രമാനുഗതമായി തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോ സ്ഥാപിച്ചതിലൂടെ പ്രതിഭാ വികസനം, സാങ്കേതികവിദ്യാ സ്വീകരണം, ആഗോള ഉൽപ്പാദന ശൃംഖലകളുമായുള്ള സംയോജനം എന്നിവയെ പിന്തുണച്ചുകൊണ്ട് എ.വി.ജി.സി ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവനയേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർഗ്ഗാത്മകതയും സാങ്കേതികവിദ്യയും ആഗോള പ്രതിഭകളും ഒത്തുചേരുന്ന ഊർജ്ജസ്വലമായൊരു കേന്ദ്രമായി ഹൈദരാബാദ് മാറിയിരിക്കുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി ശ്രീ. അനുമൂല രേവന്ത് റെഡ്ഡി പറഞ്ഞു. ഐലൈൻ സ്റ്റുഡിയോ പോലുള്ള സംരംഭങ്ങൾ ചലച്ചിത്രം, സാങ്കേതികവിദ്യ, എ.വി.ജി.സി മേഖല എന്നിവയിലെ ഒരു മുൻനിര കേന്ദ്രമെന്ന നിലയിലുള്ള നഗരത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ ഒരു സർഗ്ഗാത്മക ആവാസവ്യവസ്ഥയുടെ വികസനത്തിന് ഈ സഹകരണം സംഭാവന ചെയ്യുമെന്നും ഹൈദരാബാദിൽ നിന്ന് ലോകതലത്തിലേക്ക് പ്രതിഭകൾക്കും കഥാഖ്യാനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ സമ്പന്നമായ കഥാകഥന പാരമ്പര്യവും വളർന്നുവരുന്ന സാങ്കേതിക കാര്യക്ഷമതകളും വിനോദ മേഖലയുടെ വികാസത്തിന് കാരണമാകുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു പറഞ്ഞു. ഹൈദരാബാദിന് ശക്തമായ ഒരു എ.വി.ജി.സി പാരമ്പര്യമുണ്ടെന്നും നിരവധി ആഗോള സ്റ്റുഡിയോകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദരാബാദിൽ വരാനിരിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ (ഐ.ഐ.സി.ടി) കാമ്പസ് സർഗാത്മക സാങ്കേതിക മേഖലയിലെ നൈപുണ്യ വികസനവും കാര്യക്ഷമതാ രൂപവത്കരണവും കൂടുതൽ ശാക്തീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ 'വേവ്സ്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓറഞ്ച് സമ്പദ് വ്യവസ്ഥ(സർഗ്ഗാത്മക സമ്പദ്വ്യവസ്ഥ)യുടെ വളർച്ചയ്ക്ക് ഊന്നൽ നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 15,000 ഉള്ളടക്ക നിർമാണ പരിശീലനകേന്ദ്രങ്ങൾ പ്രഖ്യാപിക്കുക വഴി, ഇപ്പോൾ നയപരമായ നടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സർഗ്ഗാത്മക സമ്പദ് വ്യവസ്ഥയിൽ ഏകദേശം 2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷ്വൽ ഇഫക്ട്‌സ്, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ ശക്തമായ പ്രതിഭാശേഖരം വളർത്തിയെടുക്കുന്നതിനായി നൈപുണ്യ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത തെലങ്കാന സർക്കാരിന്റെ ഐ.ടി, ഇലക്ട്രോണിക്‌സ്- കമ്മ്യൂണിക്കേഷൻസ്, വ്യവസായ, വാണിജ്യ മന്ത്രി ശ്രീ ഡി. ശ്രീധർ ബാബു പറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയും വളരുന്ന വ്യവസായ പങ്കാളിത്തവും ഉപയോഗിച്ച്, കഥാകഥനത്തിനും സർഗാത്മക സാങ്കേതികവിദ്യയ്ക്കുമായുള്ള ഒരു മുൻനിര ആഗോള കേന്ദ്രമായി ഉയർന്നുവരാൻ ഹൈദരാബാദിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശക്തമായ സൃഷ്ടിപരതയും സാങ്കേതികത്വവുമുള്ള പ്രതിഭകളുടെ പിന്തുണയോടെ ആഗോള വിഷ്വൽ ഇഫക്ട്‌സ് വ്യവസായരംഗത്ത് ഇന്ത്യ ദീർഘകാലമായി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഐലൈൻ സ്റ്റുഡിയോയുടെ സി.ഇ.ഒ ജെഫ് ഷാപ്പിറോ പറഞ്ഞു. ഹൈദരാബാദിന്റെ സാങ്കേതിക ആവാസവ്യവസ്ഥയും ചലച്ചിത്ര സംസ്‌കാരവും ദീർഘകാലാധിഷ്ഠിത കാര്യക്ഷമതകൾ വികസിപ്പിക്കുന്നതിനും ആഗോള ദൃശ്യ കഥാകഥനത്തിന് സംഭാവനയേകുന്നതിനും അനുയോജ്യമായ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചലച്ചിത്ര-സർഗ്ഗാത്മക വ്യവസായമേഖലകളിൽ ഹൈദരാബാദ് ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബട്ടി പറഞ്ഞു. ഐലൈൻ സ്റ്റുഡിയോ പോലുള്ള സംരംഭങ്ങൾ നഗരത്തിന്റെ സർഗ്ഗാത്മക ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കലാകാരന്മാർക്കും കഥാകൃത്തുക്കൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
***
( റിലീസ് ഐ.ഡി: 2239301)
സന്ദര്‍ശക കൗണ്ടര്‍ : 6