രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കാർഷിക-ഭക്ഷ്യ മേഖലയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 12 MAR 2026 2:03PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 മാർച്ച് 12) 'കാർഷിക-ഭക്ഷ്യ മേഖലയിലെ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന ആഗോള സമ്മേളനത്തിൻ്റെ  (GCWAS-2026) ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും, സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

വിതയ്ക്കൽ, വിളവെടുക്കൽ, സംസ്കരണം, വിളകൾ വിപണിയിലെത്തിക്കൽ തുടങ്ങി എല്ലാ കാർഷിക പ്രവർത്തനങ്ങളിലും സ്ത്രീകൾ സുപ്രധാന പങ്ക് വഹിക്കുന്നു. മത്സ്യബന്ധനം, തേനീച്ച വളർത്തൽ, മൃഗസംരക്ഷണം, വനവിഭവങ്ങളുടെ  വിനിയോഗം, കൃഷി അധിഷ്ഠിത സംരംഭങ്ങളുടെ പ്രവർത്തനം തുടങ്ങി നിരവധി മേഖലകളിൽ അവർ അക്ഷീണം പ്രവർത്തിക്കുന്നു.  കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണ് എന്നും ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു.

സംസ്ഥാന കാർഷിക സർവ്വകലാശാലകളിലെ ആകെ വിദ്യാർത്ഥികളിൽ 50 ശതമാനത്തിലധികം പെൺകുട്ടികളാണെന്നും പല സർവ്വകലാശാലകളിലും ഇത് 60 ശതമാനത്തിലധികമാണെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു. ഈ പെൺകുട്ടികൾ മികച്ച അക്കാദമിക പ്രകടനവും കാഴ്ചവെക്കുന്നു. കൃഷി, ഭക്ഷ്യധാന്യ മേഖലകളിൽ നേതൃത്വം നൽകാൻ ഭാവി വാഗ്ദാനങ്ങളായ  ഈ  പെൺകുട്ടികളെ പ്രാപ്തരാക്കുന്നതിനായി സാധ്യമായ എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകേണ്ടത് സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും കാർഷിക മേഖലയിലെ എല്ലാ ഗുണഭോക്താക്കളുടെയും ഉത്തരവാദിത്തമാണെന്ന് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. നേതൃപാടവം എന്നത് മാതൃത്വത്തിൽ അന്തർലീനമാണ്. എന്നാൽ, പലപ്പോഴും മാതൃത്വം വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നതായി കണക്കാക്കപ്പെടുന്നു. ഈ ചിന്താഗതി മറികടന്ന് വനിതാ കർഷകർക്ക് നേതൃസ്ഥാനത്തേക്ക് വരാൻ ആവശ്യമായ ശാക്തീകരണം നൽകുക എന്ന കാഴ്ചപ്പാടോടെ നമ്മൾ മുന്നോട്ട് പോകണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

ഐക്യരാഷ്ട്രസഭ 2026-നെ 'വനിതാ കർഷകരുടെ അന്താരാഷ്ട്ര വർഷ'മായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കാർഷിക-ഭക്ഷ്യ മൂല്യശൃംഖലകളിൽ ഉടനീളം ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും സ്ത്രീകളുടെ നേതൃത്വപരമായ പങ്കിനെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ഈ പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.

കൃഷിയിൽ, പ്രത്യേകിച്ച് കാർഷിക-ഭക്ഷ്യ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കിടയിൽ നേതൃപാടവം പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ആശയവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് എന്ന് പറഞ്ഞ രാഷ്‌ട്രപതി, നയരൂപീകരണം, തീരുമാനങ്ങൾ എടുക്കൽ, നേതൃസ്ഥാനങ്ങൾ എന്നിവയിൽ കാർഷിക മേഖലയിലെ സ്ത്രീകൾക്ക് വലിയ പങ്കുണ്ടാകണമെന്നും പ്രസ്താവിച്ചു. ഈ മേഖലയുടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് ലിംഗസമത്വത്തിലധിഷ്ഠിതമായ കാർഷിക വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

ഭൂമിയുടെ ഔദ്യോഗിക ഉടമസ്ഥാവകാശം, സാങ്കേതിക അറിവ്, സാമ്പത്തിക സ്രോതസ്സുകൾ, മറ്റ് പിന്തുണാ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വനിതാ കർഷകരെ സഹായിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ കാർഷിക മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഇന്ത്യ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്വയംസഹായ സംഘങ്ങളെയും, കർഷക ഉൽ‌പാദക സംഘടനകളെയും  പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കാർഷിക മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് ഏറെ ഫലപ്രദമാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

മനുഷ്യർ, ഭൂമി, സമൃദ്ധി, സമാധാനം, പങ്കാളിത്തം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്ന കാര്യത്തിൽ ആഗോളതലത്തിൽ സമവായമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 'മനുഷ്യർ' എന്ന നിലയിൽ, ചിന്തയിലും പ്രവൃത്തിയിലും ലിംഗസമത്വത്തിന് പ്രത്യേക മുൻഗണന നൽകണമെന്ന് അവർ എല്ലാ ഗുണഭോക്താക്കളോടും അഭ്യർത്ഥിച്ചു. കൃഷി ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തന മേഖലകളിലും ഫലപ്രദമായ ലിംഗസമത്വം ഉറപ്പാക്കുന്നതിലൂടെ, നമുക്ക് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ മാത്രമല്ല, ഈ ഭൂമിയെ കൂടുതൽ സഹിഷ്ണുതയുള്ളതും സമാധാനപൂർണ്ണവുമായ ഒരിടമാക്കി മാറ്റാനും കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഈ ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പുരോഗതിയിലേക്കുള്ള വഴികൾ കണ്ടെത്തുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ട്രസ്റ്റ് ഫോർ അഡ്വാൻസ്‌മെന്റ് ഓഫ് അഗ്രികൾച്ചറൽ സയൻസസ് (TAAS), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), കൺസൾട്ടേറ്റീവ് ഗ്രൂപ്പ് ഫോർ ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച് (CGIAR), പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്സ് അതോറിറ്റി (PPV&FRA) എന്നിവ സംയുക്തമായാണ് GCWAS-2026 സംഘടിപ്പിക്കുന്നത്. കാർഷിക-ഭക്ഷ്യ മേഖലയിൽ ലിംഗപരമായ പങ്കാളിത്തം മുഖ്യധാരയിൽ എത്തിക്കുന്നതിന് ആവശ്യമായ നയരൂപീകരണവും ആവാസവ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കാർഷിക വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന അത്യന്താപേക്ഷിതമായ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് മൂന്ന് ദിവസത്തെ ഈ സമ്മേളനം ലക്ഷ്യമിടുന്നത്.

 

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ  ക്ലിക്ക് ചെയ്യുക
 
SKY
 
 
*******

( റിലീസ് ഐ.ഡി: 2238924) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: Urdu , English , Marathi , हिन्दी , Bengali , Gujarati , Tamil , Telugu , Kannada