ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ നല്കിയ മറുപടി

പോസ്റ്റഡ് ഓണ്‍: 11 MAR 2026 10:01PM by PIB Thiruvananthpuram
ലോക്‌സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് മറുപടി നല്കി. ചർച്ചയ്ക്ക് ശേഷം ലോക്‌സഭ ശബ്ദവോട്ടിലൂടെ അവിശ്വാസ പ്രമേയം തള്ളി. ഇതൊരു സാധാരണ സംഭവമല്ലെന്നും ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോക്‌സഭാ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം വരുന്നതെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഇത് പാർലമെൻ്ററി രാഷ്ട്രീയത്തിനും സഭയ്ക്കും ദൗർഭാഗ്യകരമായ സംഭവമാണെന്നും ലോക്‌സഭാ സ്പീക്കർ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയുടേതല്ല, മറിച്ച് മുഴുവൻ സഭയുടേയും ഭാഗമാണെന്നും സഭയിലെ എല്ലാ അംഗങ്ങളുടേയും അവകാശങ്ങളുടെ സംരക്ഷകനാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ധീരമായ പ്രവൃത്തിയല്ലെന്നും ശ്രീ. ഷാ കൂട്ടിച്ചേർത്തു.

ഭരണപക്ഷവും പ്രതിപക്ഷവും ഏകദേശം 13 മണിക്കൂർ ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നും 42-ലധികം പാർലമെൻ്റ്  അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ലോക്‌സഭ ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ വേദിയാണെന്നും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും അത് വിശ്വാസ്യത നേടിയെടുത്തിട്ടുണ്ടെന്നും ആഗോള സമൂഹം ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ കരുത്ത് തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വേദിയുടെ തലവനായ സ്പീക്കറുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുമ്പോൾ, അത് രാജ്യത്തിനുള്ളിൽ മാത്രമല്ല, നമ്മുടെ ജനാധിപത്യ പ്രക്രിയകളെക്കുറിച്ച് ലോകമെമ്പാടും സംശയങ്ങൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്നതാണെന്നും നിയമനിർമ്മാണ നിയമശാസ്ത്രത്തിലെ  ഏറ്റവും ഉയർന്ന വിധിനിർണ്ണയാധികാരിയാണ് ലോക്‌സഭാ സ്പീക്കറെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഭരണഘടന സ്പീക്കർക്ക് ഈ സംരക്ഷണം നല്കിയിട്ടുള്ളതിനാൽ, ലോക്‌സഭാ നടപടികൾക്കിടയിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളിൽ സുപ്രീം കോടതിക്ക് പോലും ഇടപെടാൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി വ്യക്തമാക്കി. സ്പീക്കർക്ക് തൻ്റെ ചുമതലകൾ നിർഭയമായി നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് ഈ സംരക്ഷണം നല്കിയിരിക്കുന്നത്. സഭയിലെ  ക്രമസമാധാനവും മാന്യതയും നിലനിർത്തുക എന്നതാണ് സ്പീക്കറുടെ ആദ്യ കടമയെന്നും, എല്ലാ അംഗങ്ങൾക്കും അവസരങ്ങൾ നല്കുകയും നിഷ്പക്ഷമായ നടത്തിപ്പ് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്‌ രണ്ടാമത്തെ കടമയെന്നും ശ്രീ. ഷാ പറഞ്ഞു. സഭാ നടപടികൾ നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ചട്ടങ്ങൾക്കനുസൃതമായി ലോക്‌സഭ പ്രവർത്തിക്കുക എന്നത് പാർലമെൻ്ററി മര്യാദയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭയുടെ ചട്ടം 374 പ്രകാരം, ക്രമക്കേടോ അച്ചടക്കരാഹിത്യമോ  ഉണ്ടാകുന്ന സാഹചര്യങ്ങളിൽ, അംഗങ്ങൾക്ക് മുന്നറിയിപ്പ് നല്കുന്നതിനും, പേരെടുത്ത് പറയുന്നതിനും, പുറത്താക്കുന്നതിനും, സസ്‌പെൻഡ് ചെയ്യുന്നതിനും സ്പീക്കർക്ക് അധികാരമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സഭയ്ക്കുള്ളിൽ പ്രതിഷേധിക്കാനോ ആക്ടിവിസ്റ്റുകളെപ്പോലെ പ്രവർത്തിക്കാനോ ആഗ്രഹിക്കുന്നവർ സഭയുടെ ചട്ടങ്ങൾക്കനുസരിച്ച് പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടം 375 പ്രകാരം, ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായാൽ സഭാ നടപടികൾ നിർത്തിവെക്കേണ്ടതുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. കൂടാതെ, ചട്ടം 380 പ്രകാരം, സഭാ നടപടികളിൽ നിന്ന് പാർലമെൻ്ററി വിരുദ്ധമായ വാക്കുകളും പരാമർശങ്ങളും നീക്കം ചെയ്യാൻ സ്പീക്കർക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക സ്വരത്തിലോ സന്ദർഭത്തിലോ നടത്തുന്ന പാർലമെൻ്ററി വിരുദ്ധ പരാമർശങ്ങൾ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ സൂക്ഷിക്കാൻ പാടില്ലെന്നും, അങ്ങനെ ചെയ്യുന്നത് ഭാവിയിലെ പാർലമെൻ്റ്  അംഗങ്ങളെ ഇതേ പെരുമാറ്റം സ്വീകരിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ സ്ഥാപിതമായത് മുതൽ ഈ പദവി അലങ്കരിച്ച വിശിഷ്ട വ്യക്തികൾ കാലാകാലങ്ങളായി തയ്യാറാക്കിയതാണ് പാർലമെൻ്ററി വിരുദ്ധ പദങ്ങളുടെ പട്ടികയെന്നും അത് എല്ലാവർക്കും ബാധകമാണെന്നും ശ്രീ ഷാ ചൂണ്ടിക്കാട്ടി. ഭരണഘടന പ്രതിപക്ഷത്തിന് ചില അവകാശങ്ങൾ നല്കിയിട്ടുണ്ടെങ്കിലും അവർക്ക് പ്രത്യേക പദവികൾ നല്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെങ്കിലും, പ്രത്യേക പദവികൾ ഉണ്ടെന്ന മിഥ്യാധാരണയിൽ കഴിയുന്നവർക്ക് അവരുടെ പാർട്ടിയിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ സംരക്ഷണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ സ്പീക്കറുടെ പ്രാധാന്യം സഭയിലേക്കും രാഷ്ട്രത്തിലേക്കും അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സ്പീക്കർ എന്നത് കേവലം ഒരു പ്രിസൈഡിംഗ് ഓഫീസർ മാത്രമല്ല, മറിച്ച് നമ്മുടെ നിയമനിർമ്മാണ ബോധത്തിൻ്റേയും ജനാധിപത്യത്തിൻ്റെ  അന്തസ്സിൻ്റേയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ സത്യസന്ധതയെ ചോദ്യം ചെയ്യുമ്പോൾ, അത് നിയമനിർമ്മാണ ബോധത്തേയും ജനാധിപത്യത്തിൻ്റെ അന്തസ്സിനേയും ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ കഴിയുമെന്നും എന്നാൽ ലോക്‌സഭയുടെ സംരക്ഷകനെ നീക്കം ചെയ്യാനുള്ള നിർദ്ദേശം കൊണ്ടുവരുന്നത് ധീരമായ പ്രവൃത്തിയായി കണക്കാക്കരുതെന്നും ശ്രീ ഷാ പറഞ്ഞു. അങ്ങേയറ്റത്തെ സാഹചര്യങ്ങൾ വിഭാവനം ചെയ്തുകൊണ്ടാണ് ഭരണഘടനയിൽ ഇങ്ങനെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ ഉണ്ടാക്കിയിട്ടുള്ളത്, അല്ലാതെ ഇതൊരു സാധാരണ നടപടിയല്ല.


ഭരണഘടനയുടെ അനുച്ഛേദം 96 പ്രകാരം, സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം പരിഗണനയിലായിരിക്കുമ്പോൾ, ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസർ സഭയുടെ അധ്യക്ഷത വഹിക്കാൻ പാടില്ലെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാന പ്രതിപക്ഷ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൂന്ന് തവണ അവിശ്വാസ പ്രമേയങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും, സ്പീക്കർക്കെതിരെയുള്ള പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ സ്പീക്കർ അധ്യക്ഷസ്ഥാനത്ത് ഇരിക്കാൻ പാടില്ല എന്നതാണ് പാർലമെൻ്റിലെ കീഴ്‌വഴക്കമെന്നും  അദ്ദേഹം പറഞ്ഞു. എന്നാൽ ആ മൂന്ന് സന്ദർഭങ്ങളിലും, പ്രമേയം ചർച്ചയ്ക്ക് വരുന്നതുവരെയുള്ള 14 ദിവസവും സ്പീക്കർമാർ സഭയിൽ അധ്യക്ഷത വഹിക്കുന്നത് തുടർന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, തനിക്കെതിരെ പ്രമേയം വന്നപ്പോൾ ധാർമ്മിക കാരണങ്ങളാൽ നടപടികളിൽ അധ്യക്ഷത വഹിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഏക സ്പീക്കർ ശ്രീ ഓം ബിർളയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ചട്ടം 94-സി പ്രകാരം, അസാധാരണവും ഗുരുതരവുമായ സാഹചര്യങ്ങളിൽ മാത്രമേ ലോക്‌സഭാ സ്പീക്കറെ നീക്കം ചെയ്യാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ നീക്കം ചെയ്യാൻ കേവല  ഭൂരിപക്ഷം മാത്രം മതിയാകും, എന്നാൽ സ്പീക്കറെ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ ഭൂരിപക്ഷം ആവശ്യമാണെന്ന് ശ്രീ ഷാ പറഞ്ഞു.

പതിനാറാം ലോക്‌സഭ 331 സിറ്റിംഗുകളും പതിനേഴാം ലോക്‌സഭ 274 സിറ്റിംഗുകളും നിലവിലെ ലോക്‌സഭ 2025 വരെ 103 സിറ്റിംഗുകളും നടത്തിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 2025-ലെ ബജറ്റ് സമ്മേളനം 118 ശതമാനം പ്രവർത്തനക്ഷമത രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പതിനാറാം ലോക്‌സഭയുടെ പ്രവർത്തനക്ഷമത 91 ശതമാനമായിരുന്നുവെന്നും പതിനേഴാം ലോക്‌സഭയുടേതും 91 ശതമാനമായിരുന്നുവെന്നും അദ്ദേഹം എടുത്തുകാട്ടി. അതുപോലെ പതിനെട്ടാം ലോക്‌സഭയും 91 ശതമാനം പ്രവർത്തനക്ഷമത രേഖപ്പെടുത്തി, ഇതിൽ ഏറ്റവും ഉയർന്ന പ്രവർത്തനക്ഷമത കൈവരിച്ചത് നിലവിലെ സ്പീക്കർ ശ്രീ ഓം ബിർളയുടെ കാലയളവിലാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ ശൂന്യവേളയുടെ ദൈർഘ്യം അഞ്ച് മണിക്കൂറായി വർദ്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. താൻ എം.എൽ.എയായും എം.പിയായും 30 വർഷം പൂർത്തിയാക്കിയെന്നും എന്നാൽ അർദ്ധരാത്രി വരെ ശൂന്യവേളയിലെ വിഷയങ്ങൾ ഉന്നയിക്കാൻ അംഗങ്ങളെ അനുവദിക്കുന്ന ഒരു സ്പീക്കറെ താൻ കണ്ടിട്ടില്ലെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു. 202 പാർലമെൻ്റ് അംഗങ്ങൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നല്കിയിട്ടും, തങ്ങൾക്ക് വിഷയങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.


പുതിയ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് ലോക്‌സഭാ സ്പീക്കറുടെ ധാർമ്മിക ഉത്തരവാദിത്തം കൂടിയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് 2019-ൽ 78 വനിതകൾ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും എല്ലാ വനിതാ പാർലമെൻ്റ്  അംഗങ്ങൾക്കും സംസാരിക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് സ്പീക്കർ ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ ശ്രമഫലമായി സഭയിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം വർദ്ധിച്ചുവെന്നും ഇത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായി സഭയിലെ വിവർത്തകരുടെ പാനൽ പൂർണ്ണമായി രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പാർലമെൻ്റ്  2.0-യ്ക്ക് കീഴിൽ ഏകദേശം 8,000 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ-വിഷ്വൽ റെക്കോർഡിംഗുകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇന്ന് പാർലമെൻ്റ് അംഗങ്ങളുടെ പ്രസംഗങ്ങളോ സഭയിലെ ചർച്ചകളോ യുവജനങ്ങൾക്ക്‌ കേൾക്കണമെന്നുണ്ടെങ്കിൽ അവ ഡിജിറ്റലായി ലഭ്യമാണ്. നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷനിലൂടെ ലോക്‌സഭ നടപടികൾ പൂർണ്ണമായും പേപ്പർ രഹിതമാക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ശ്രീ ഷാ പറഞ്ഞു.

കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രിസൈഡിംഗ് ഓഫീസർമാരുടെ 28-ാമത് കോൺഫറൻസിൽ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള നടത്തിയ പ്രസംഗം കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെൻ്റ് സ്പീക്കർമാരുടെ വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയെന്നും ഇത് ഇന്ത്യൻ പാർലമെൻ്റിൻ്റെ അന്തസ്സ് വർദ്ധിപ്പിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പാർലമെൻ്റ് അംഗങ്ങൾക്ക്  ബില്ലുകളെക്കുറിച്ചുള്ള പ്രീ-സെഷൻ ബ്രീഫിംഗുകൾ സ്വീകരിക്കാനുള്ള അവസരം പരിചയപ്പെടുത്തിയത് ശ്രീ ഓം ബിർളയാണെന്നും അദ്ദേഹം പറഞ്ഞു. ബിർളയുടെ കാലയളവിലെ ഏറ്റവും സുപ്രധാനമായ വികാസങ്ങളിലൊന്ന്, ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കെട്ടിടത്തിൽ നിന്ന് സ്വതന്ത്ര ഇന്ത്യയിൽ നിർമ്മിച്ച പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്ക് പാർലമെൻ്റ്  മാറി എന്നതാണ്. ഈ സംരംഭങ്ങളെല്ലാം ശ്രീ ബിർള ഏകകണ്ഠമായ പിന്തുണയോടെയാണ് ഏറ്റെടുത്തതെന്ന് ശ്രീ ഷാ പറഞ്ഞു.

ലോക്‌സഭാ സ്പീക്കർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ തള്ളിക്കളയണമെന്നും, അതിലൂടെ സ്പീക്കർ പദവിയുടെ അന്തസ്സ് സംരക്ഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷനോട് അഭ്യർത്ഥിച്ചു
 
SKY
 
*******

( റിലീസ് ഐ.ഡി: 2238804) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Bengali , Assamese , Gujarati , Telugu , Kannada