രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി “ജൽ മഹോത്സവ് 2026” ചടങ്ങിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
11 MAR 2026 2:31PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മാർച്ച് 11, 2026) ന്യൂഡൽഹിയിൽ നടന്ന ‘ജൽ മഹോത്സവ് 2026’ പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.
ഇന്ത്യയിൽ ജലം എന്നത് വെറുമൊരു അടിസ്ഥാന സൗകര്യം മാത്രമല്ലെന്നും, അത് നമ്മുടെ സംസ്കാരം, പാരമ്പര്യം, ഉപജീവനമാർഗ്ഗം, സാമൂഹിക ജീവിതം എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി പറഞ്ഞു. വർഷങ്ങളോളം ഗ്രാമീണർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, കുടിവെള്ളം വിദൂര സ്‌ഥലങ്ങളിൽ നിന്നുമാണ് വീടുകളിലേക്ക് കൊണ്ടുവന്നിരുന്നത്. ശുദ്ധജലം ലഭ്യമാക്കുക എന്നത് കേവലം സൗകര്യത്തിന്റെ മാത്രം പ്രശ്നമല്ല; മറിച്ച് സമയം, ആരോഗ്യം, അന്തസ്സ് എന്നിവയുടെ കൂടി കാര്യമാണ്. ഈ വെല്ലുവിളികൾ പരിഹരിക്കുന്നതിനായാണ് കേന്ദ്ര ഗവണ്മെന്റ് 'ജൽ ജീവൻ മിഷൻ' ആരംഭിച്ചത്. ഒരു കാലത്ത് കുടിവെള്ളത്തിനായി കഷ്ടപ്പെട്ടിരുന്ന ഗ്രാമീണർക്ക് ഇന്ന് സ്വന്തം വീടുകളിൽ തന്നെ ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാണ്.
ഒരു വിഭവത്തിന്റെ ഉത്തരവാദിത്തം ഗവണ്മെന്റ് മാത്രമല്ല, മറിച്ച് ഒരു സമൂഹം മുഴുവനായി ഏറ്റെടുക്കുമ്പോൾ അതിന്റെ സംരക്ഷണം കൂടുതൽ ഫലപ്രദവും സുസ്ഥിരവുമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജലപരിപാലനത്തിലും സംരക്ഷണത്തിലും സാമൂഹിക പങ്കാളിത്തത്തിന് നിർണ്ണായക പങ്കുണ്ട്. കുടിവെള്ള വിതരണ സംവിധാനങ്ങൾ ഔദ്യോഗികമായി ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുന്ന 'ജൽ അർപ്പൺ ദിവസ്' ആഘോഷിക്കുന്നത് സമൂഹത്തിന്റെ ഉടമസ്ഥതാബോധം ശക്തിപ്പെടുത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും, വിതരണ സംവിധാനങ്ങളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും സ്വയംസഹായ സംഘങ്ങളുടെ സജീവ പങ്കാളിത്തത്തിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. സ്വയംസഹായ സംഘങ്ങളുടെ പ്രതിബദ്ധതയും അർപ്പണബോധവും സ്ത്രീകളുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്ന് അവർ പറഞ്ഞു. സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് ജലസുരക്ഷ ഉറപ്പാക്കുന്നതിൽ വളരെ ഫലപ്രദമാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ജലസുരക്ഷ ശക്തിപ്പെടുത്താൻ ബഹുമുഖവും ഏകോപിതവുമായ ശ്രമങ്ങൾ അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 'സ്വച്ഛ് ഭാരത് മിഷനുമായി' സഹകരിച്ച് ഗ്രാമീണ മേഖലകളിൽ മലിനജല സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നത് സന്തോഷകരമാണെന്ന് അവർ പറഞ്ഞു. ജലസ്രോതസ്സുകളുടെ സുസ്ഥിരതയ്ക്കായി കേന്ദ്ര ഭൂഗർഭജല ബോർഡുമായും മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായും സഹകരിച്ച് ഭൂഗർഭജല റീചാർജിംഗിനും ജലസംരക്ഷണത്തിനുമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മഴവെള്ള സംഭരണത്തിൽ 'ക്യാച്ച് ദ റെയിൻ', 'ജൽ സഞ്ചയ് ജൻ ഭാഗിദാരി' തുടങ്ങിയ പ്രചാരണങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു. ഇത്തരത്തിലുള്ള ഏകോപനം ജലസുരക്ഷ ഉറപ്പാക്കുമെന്ന് ശ്രീമതി മുർമു വ്യക്തമാക്കി.
ജലസംരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ജലത്തെ ഒരു വസ്തുവായി മാത്രം കാണാതെ, ഭാവി തലമുറകൾക്കായുള്ള അമൂല്യ സമ്പത്തായി കാണേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ ജലസംരക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. യുവതലമുറയിൽ ജലപരിപാലനത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള അവബോധം, ഭാവിയിൽ രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. ‘ജൽ മഹോത്സവ്’ ഇന്ത്യയുടെ ജലസുരക്ഷയ്ക്കായുള്ള ജനകീയ പ്രസ്ഥാനമായി മുന്നേറുമെന്ന് ശ്രീമതി മുർമു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*****
( റിലീസ് ഐ.ഡി: 2238345)
സന്ദര്‍ശക കൗണ്ടര്‍ : 11