ഗ്രാമീണ വികസന മന്ത്രാലയം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, 'മൈ ഭാരത്' എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'വിബി ജി റാം ജി രാജ്യവ്യാപക യുവ ഡിജിറ്റല്‍ കാമ്പയിന്‍' നാളെ മുതല്‍
പോസ്റ്റഡ് ഓണ്‍:
05 MAR 2026 7:56PM by PIB Thiruvananthpuram
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 'മൈ ഭാരത്' സംരംഭവുമായി സഹകരിച്ച് 'വിബി ജി റാം ജി യുവ ഡിജിറ്റല്‍ കാമ്പയിന്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന രാജ്യവ്യാപക ഡിജിറ്റല്‍ പ്രചാരണത്തിന് നാളെ തുടക്കമാവും. 2025ലെ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ലൈവ്‌ലിഹുഡ് മിഷന്‍ (റൂറല്‍) അഥവാ വിബി ജി റാം ജി നിയമത്തെക്കുറിച്ച് വിപുലമായ പൊതുജന അവബോധം ഉറപ്പാക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. 'വികസിത് ഭാരത്-ജി റാം ജി – യുവശക്തി, പഞ്ചായത്തുകളുടെ പുരോഗതി' എന്നാണ് കാമ്പയിന് പേര് നല്‍കിയിരിക്കുന്നത്.
യുവജനങ്ങളെ പ്രചാരണ പരിപാടിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റാനും പ്രശ്‌നോത്തരി, വീഡിയോ മത്സരങ്ങള്‍, സര്‍ഗാത്മക മത്സരങ്ങള്‍ തുടങ്ങിയ പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ അവരെ പ്രചാരണത്തിന്റെ ഭാഗമാക്കാനും സംരംഭം ലക്ഷ്യമിടുന്നു. ശക്തമായ യുവജന പങ്കാളിത്തത്തിലൂന്നിയ രാജ്യവ്യാപക ഡിജിറ്റല്‍ ജനകീയ പ്രസ്ഥാനമായി കാമ്പയിനെ മാറ്റാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു.
പ്രചാരണത്തിന്റെ ഭാഗമായി '60 സെക്കന്‍ഡ് എന്റെ ഗ്രാമത്തിനായി' എന്ന പേരില്‍ ദേശീയതല ഹ്രസ്വ വീഡിയോ, റീല്‍ അല്ലെങ്കില്‍ ആനിമേറ്റഡ് വീഡിയോ മത്സരത്തിന് മാര്‍ച്ച് 6 വെള്ളിയാഴ്ച തുടക്കമാകും. ഗ്രാമവികസനം, തൊഴിലവസര സൃഷ്ടി, ഉപജീവനമാര്‍ഗങ്ങളുടെ പ്രോത്സാഹനം എന്നിവയില്‍ നിയമത്തിന്റെ പങ്ക് സര്‍ഗാത്മകമായി അവതരിപ്പിക്കാന്‍ മത്സരം യുവാക്കള്‍ക്ക് അവസരമൊരുക്കും.
15 മുതല്‍ 29 വരെ പ്രായക്കാരായ യുവജനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഏതെങ്കിലും ഇന്ത്യന്‍ ഭാഷയില്‍ 30 മുതല്‍ 60 സെക്കന്‍ഡ് വരെ ദൈര്‍ഘ്യത്തില്‍ വീഡിയോ തയ്യാറാക്കി മൈ ഭാരത് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ സമര്‍പ്പിക്കാനാവൂ. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണോ ക്യാമറയോ ഉപയോഗിച്ച് ചിത്രീകരിക്കുകയോ ആനിമേഷന്‍ സംവിധാനങ്ങളുപയോഗിച്ച് തയ്യാറാക്കുകയോ ചെയ്യാം.
വിബി ജി റാം ജി നിയമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ യുവ പങ്കാളികള്‍ക്ക് സര്‍ഗാത്മക ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മത്സരം അവസരമൊരുക്കുന്നു. നിയമത്തിന്റെ ലക്ഷ്യങ്ങളും പ്രധാന സവിശേഷതകളും, ഗ്രാമീണ തൊഴിലവസരങ്ങളിലും ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിലും നിയമത്തിന്റെ ഗുണങ്ങള്‍, ഗ്രാമവികസനത്തിലും പരിവര്‍ത്തനത്തിലും നിയമത്തിന്റെ പങ്ക് എന്നിവ ഇതിലുള്‍പ്പെടുന്നു. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും നിയമത്തിലൂടെ ലഭിക്കുന്ന അവസരങ്ങള്‍, 2047ലെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നിയമത്തിന്റെ സംഭാവന, സ്വയംപര്യാപ്തവും വികസിതവുമായ ഗ്രാമങ്ങളെന്ന ലക്ഷ്യത്തോടെ 'എന്റെ ഗ്രാമം, എന്റെ ഭാവി' കാഴ്ചപ്പാട് തുടങ്ങിയവ മത്സരാര്‍ത്ഥികള്‍ക്ക് ദൃശ്യങ്ങളില്‍ ആവിഷ്‌കരിക്കാം. കൂടാതെ ഗ്രാമീണ ഉപജീവനമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താനും ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കാനുമുതകുന്ന നൂതനാശയങ്ങളും സങ്കല്പങ്ങളും അവതരിപ്പിക്കാനും മത്സരം വേദിയൊരുക്കുന്നു.
അര്‍ഹരായ മത്സരാര്‍ത്ഥികള്‍ക്കെല്ലാം ഡിജിറ്റല്‍ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരങ്ങള്‍ക്കും പുറമെ കേന്ദ്ര ഗ്രാമവികസന മന്ത്രിയുമായും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താന്‍ അവസരവും ലഭിക്കും.
വിഷയവുമായി ഉള്ളടക്കത്തിന്റെ പ്രസക്തി, സര്‍ഗാത്മകത, മൗലികത, സാങ്കേതിക നിലവാരം, സമഗ്ര സ്വാധീനം, നിര്‍ദിഷ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിജയികളെ തിരഞ്ഞെടുക്കും.
പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ https://bit.ly/4r3Gxhn എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ mybharat.gov.in എന്ന പോര്‍ട്ടല്‍ വഴിയോ യുവജനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കുചേരാം.
ഗ്രാമീണ ഇന്ത്യയുടെ സമഗ്ര വികസനത്തില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ പ്രചാരണ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 'യുവശക്തി, പഞ്ചായത്തുകളുടെ പുരോഗതി' എന്ന സന്ദേശത്തിലൂന്നി നടത്തുന്ന കാമ്പയിന്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതമെന്ന വിപുലമായ ദേശീയ ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കുന്നതിനും രാജ്യത്തെ യുവ പൗരന്മാരുടെ ഊര്‍ജവും ആശയങ്ങളും സര്‍ഗാത്മകതയും വിനിയോഗിക്കാന്‍ ശ്രമിക്കുന്നു.
ഗ്രാമീണ തൊഴില്‍ നയത്തിലെ സുപ്രധാന പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നതാണ് 2025ലെ വികസിത് ഭാരത്–ജി റാം ജി നിയമം. ഗ്രാമീണ കുടുംബങ്ങള്‍ക്ക് വേതനത്തോടുകൂടിയ തൊഴിലിന്റെ നിയമപരമായ ഉറപ്പ് ഒരു സാമ്പത്തിക വര്‍ഷം 100 ദിവസമെന്നത് ഈ നിയമത്തിലൂടെ 125 ദിവസമായി ഉയര്‍ത്തുന്നു. ശാക്തീകരണം, എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന വികസനം, വിവിധ പദ്ധതികളുടെ ഏകോപനം, സേവനങ്ങളുടെ സമ്പൂര്‍ണ ലഭ്യത എന്നിവയും പ്രോത്സാഹിപ്പിക്കുന്ന നിയമം ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് ശക്തിപ്പെടുത്തുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഉപജീവന അവസരങ്ങള്‍ വ്യാപിപ്പിച്ച് സമൃദ്ധവും പ്രാപ്യവും സ്വയംപര്യാപ്തവുമായ ഗ്രാമീണ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കാമ്പയിന്‍ നിയമ വ്യവസ്ഥകളെക്കുറിച്ച് അവബോധം പടര്‍ത്തുക മാത്രമല്ല, രാജ്യത്തുടനീളം ഗ്രാമീണ സമൂഹങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
****
( റിലീസ് ഐ.ഡി: 2235773)
സന്ദര്‍ശക കൗണ്ടര്‍ : 33