വ്യോമയാന മന്ത്രാലയം
പശ്ചിമേഷ്യയിലെ വ്യോമയാന സാഹചര്യങ്ങൾ - പ്രവർത്തന സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
02 MAR 2026 9:19PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ വ്യോമയാന സാഹചര്യവും അത് അന്താരാഷ്ട്ര വിമാന സർവീസുകളിൽ ചെലുത്തുന്ന സ്വാധീനവും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.
ഇന്ത്യൻ വിമാന കമ്പനികൾ അവയുടെ ഷെഡ്യൂളുകളിൽ ഉചിതമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രിത വ്യോമാതിർത്തി ഒഴിവാക്കി ഇതര മാർഗങ്ങളിലൂടെ ദീർഘദൂര (ലോങ്-ഹാൾ) അതിദീർഘദൂര (അൾട്രാ ലോങ്-ഹാൾ) വിമാന പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിച്ചു വരുന്നു. എത്രയും വേഗം പ്രവർത്തന സ്ഥിരത പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള, വിമാനങ്ങളുടെയും ജീവനക്കാരുടെയും വിന്യാസം പുരോഗമിക്കുന്നു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളിടത്ത് വിമാനക്കമ്പനികൾ അധിക ശേഷി വിന്യസിക്കുകയും യാത്രക്കാരുടെ സുരക്ഷിതവും ചിട്ടയാർന്നതുമായ യാത്ര ഉറപ്പാക്കുന്നതിനുമായി വിദേശ വ്യോമയാന അതോറിറ്റികളുമായും വിദേശത്തുള്ള ഇന്ത്യൻ മിഷനുകളുമായും അടുത്ത ബന്ധം പുലർത്തി വരുന്നു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി, നിലവിലുള്ള വ്യോമാതിർത്തി സാഹചര്യങ്ങൾക്കും ആവശ്യമായ അനുമതികൾക്കും വിധേയമായി, 2026 മാർച്ച് 3 ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 10 പ്രത്യേക ദൗത്യങ്ങൾ ഇൻഡിഗോ ആസൂത്രണം ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ഇൻഡിഗോ ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കുമിടയിൽ സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളും പ്രവർത്തനപരവും വ്യോമാതിർത്തിപരവുമായ പരിഗണനകൾക്ക് വിധേയമായി പരിമിതമായ സർവീസുകൾ മാത്രമേ നടത്തുന്നുള്ളൂ.
യാത്രക്കാരുടെ സുരക്ഷ പരമപ്രധാനമാണ്. എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുമായി സുതാര്യമായ ആശയവിനിമയം നിലനിർത്താനും റീഫണ്ടുകൾ, പുനഃക്രമീകരണം, യാത്രാ സഹായം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും നിർദ്ദേശിക്കുന്നു.
കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ റാംമോഹൻ നായിഡുവിന്റെ അധ്യക്ഷതയിൽ സിവിൽ ഏവിയേഷൻ സെക്രട്ടറി ശ്രീ സമീർ കുമാർ സിൻഹയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
സുരക്ഷിതമായ പ്രവർത്തനങ്ങൾ, സേവനങ്ങളുടെ ക്രമാനുഗതമായി പുനസ്ഥാപനം, ദുരിതബാധിതരായ യാത്രക്കാർക്ക് സൗകര്യമൊരുക്കൽ എന്നിവ ഉറപ്പാക്കുന്നതിന് വിമാന കമ്പനികൾ, വിമാനത്താവള ഓപ്പറേറ്റർമാർ, നിയന്ത്രണ അതോറിറ്റികൾ, വിദേശകാര്യ മന്ത്രാലയം എന്നിവരുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്..
ആവശ്യാനുസരണം കൂടുതൽ അപ്‌ഡേറ്റുകൾ പുറപ്പെടുവിക്കുന്നതാണ്.
***
( റിലീസ് ഐ.ഡി: 2234887)
സന്ദര്‍ശക കൗണ്ടര്‍ : 52