വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
തമിഴ് പണ്ഡിതന്മാരേയും പൈതൃകത്തേയും സംസ്കാരത്തേയും ആദരിക്കുന്ന 16 പ്രസിദ്ധീകരണങ്ങൾ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
02 MAR 2026 8:48PM by PIB Thiruvananthpuram
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ 16 സുപ്രധാന പുസ്തകങ്ങൾ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു. പ്രസിദ്ധീകരണങ്ങൾ പ്രശസ്ത തമിഴ് പണ്ഡിതന്മാർ, പാരമ്പര്യം, വാസ്തുവിദ്യ, സാഹിത്യം, സംസ്കാരം എന്നിവയെ ആഘോഷിക്കുന്നതാണ്. പുറത്തിറക്കിയ പുസ്തകങ്ങളിൽ 13 എണ്ണം തമിഴ് ഭാഷയെ ആസ്പദമാക്കിയുള്ളതാണ്
തമിഴ് പുസ്തകങ്ങളിൽ രാമേശ്വരം, രാമാനുജർ, നടുക്കൽ, അരിക്കമേട്, ഭക്തി ഇലക്കിയം, ഇയർകൈ വേളാൺമൈ, പുരാതന തമിഴ് സംഗീത ഉപകരണങ്ങൾ, തമിഴ്നാട്ടിലെ നാടോടി ദേവതകൾ, പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകൾ, ബങ്കിം ചന്ദ്ര ചാറ്റർജി, മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, തഞ്ചാവൂർ പെരുവുടയാർ കോവിൽ, മണിമേഖലൈ, മഹാവിദ്വാൻ മീനാക്ഷി സുന്ദരം പിള്ള എന്നിവ ഉൾപ്പെടുന്നു.

പ്രകാശനം ചെയ്ത പുസ്തകങ്ങൾ ക്ഷേത്ര പാരമ്പര്യങ്ങൾ, തത്വശാസ്ത്രം, സാഹിത്യം, സംഗീതം, ശാസ്ത്രം എന്നിവയിലുടനീളം തമിഴ് പൈതൃകത്തിൻ്റെ ആഴവും വൈവിധ്യവും നാഗരിക തുടർച്ചയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഭാരതം പല ഭാഷകളുടെ നാടാണെങ്കിലും അതിൻ്റെ ആത്മാവ് ഒന്നാണെന്ന് ഊന്നിപ്പറഞ്ഞു. തമിഴിനെ ആഗോളതലത്തിൽ നിരന്തരം ആദരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിച്ചു. സാമ്പത്തിക പുരോഗതിക്കൊപ്പം സാംസ്കാരിക കരുത്തും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വായനയ്ക്കായി മാറ്റിവെക്കാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

പുസ്തക പ്രകാശന ചടങ്ങിൽ സംസാരിച്ച ശ്രീ അശ്വിനി വൈഷ്ണവ്, ഈ സന്ദർഭത്തെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ലോകമെമ്പാടും അംഗീകരിക്കപ്പെട്ട സമ്പന്നവും പുരാതനവുമായ സംസ്കാരമുള്ള ഒരു ക്ലാസിക്കൽ ഭാഷയെന്ന നിലയിൽ തമിഴ് ഭാഷയെ പ്രശംസിക്കുകയും ചെയ്തു. പബ്ലിക്കേഷൻസ് ഡിവിഷൻ്റെ പുസ്തകങ്ങൾ ഈ അഭിമാനകരമായ പൈതൃകത്തെ ആഘോഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഡോ. എൽ. മുരുകനും ചടങ്ങിൽ സന്നിഹിതനായിരുന്നു. തമിഴ് സംഘസാഹിത്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം ഏക് ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.
എസ്. കെ. ബോസ് രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയെക്കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രകാശനം ചെയ്തത് ചടങ്ങിലെ പ്രത്യേക ആകർഷണമായിരുന്നു. വന്ദേമാതരം രചിച്ചതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ വിപുലീകരിച്ച പതിപ്പ്, പ്രമുഖ സാഹിത്യകാരൻ്റെ ജീവിതത്തേയും കാലഘട്ടത്തേയും ഇന്ത്യൻ സാഹിത്യ പ്രസ്ഥാനത്തിന് അദ്ദേഹം നല്കിയ സംഭാവനകളേയും പര്യവേക്ഷണം ചെയ്യുന്നു. ഇംഗ്ലീഷ് പുനഃപ്രസിദ്ധീകരണത്തിൽ പുതുതായി രൂപകൽപ്പന ചെയ്ത കവർ പേജും അധിക ആർക്കൈവൽ ഫോട്ടോഗ്രാഫുകളും ചിത്രീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഐടി ഡൽഹിയുടെ പിന്തുണയുള്ള ഒരു സ്റ്റാർട്ടപ്പാണ് ഇതിൻ്റെ കവർ പ്രത്യേകമായി രൂപകൽപ്പന ചെയ്തത്. ഒരേസമയം ഹിന്ദി, തമിഴ് വിവർത്തനങ്ങൾ പുറത്തിറക്കുന്നത് വന്ദേമാതരത്തിൻ്റെ ആദരണീയനായ സ്രഷ്ടാവിൻ്റെ പൈതൃകം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാൻ സഹായിക്കും.
രാമേശ്വരത്തെക്കുറിച്ചുള്ള പുസ്തകം പുരാണങ്ങളിൽ നിന്നുള്ള രേഖപ്പെടുത്തപ്പെട്ട പരാമർശങ്ങളും സാഹിത്യ സ്രോതസ്സുകളും അവതരിപ്പിക്കുന്നു. രാമേശ്വരം ക്ഷേത്ര സമുച്ചയത്തിലെ പുണ്യസ്ഥലങ്ങൾ, വാസ്തുവിദ്യാ പ്രൗഢി, ശില്പങ്ങൾ, ദേവീദേവന്മാർ എന്നിവയെക്കുറിച്ച് ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ക്ഷേത്രത്തിൻ്റെ ചരിത്രത്തേയും ആത്മീയ പ്രാധാന്യത്തേയും കുറിച്ച് വായനക്കാർക്ക് സമഗ്രമായ ധാരണ നല്കാനാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്.

****
( റിലീസ് ഐ.ഡി: 2234884)
സന്ദര്‍ശക കൗണ്ടര്‍ : 36