രാഷ്ട്രപതിയുടെ കാര്യാലയം
'സശക്ത് നാരി, സമൃദ്ധ് ഡൽഹി' പരിപാടിയിൽ രാഷ്ട്രപതി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
02 MAR 2026 2:08PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഇന്ന് (മാർച്ച് 2, 2026) ഡൽഹി ഗവണ്മെന്റ് സംഘടിപ്പിച്ച 'സശക്ത് നാരി, സമൃദ്ധ് ഡൽഹി' എന്ന പരിപാടിയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.

സ്ത്രീകൾ എല്ലാ മേഖലകളിലും ഇന്ന് മികവ് പുലർത്തുന്നതായി ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സൈനികരെന്ന നിലയിൽ അവർ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നു. ശാസ്ത്രജ്ഞരായി ലബോറട്ടറികളിൽ ഗവേഷണം നടത്തുന്നു. കായിക മത്സരങ്ങളിൽ, അവർ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ പതാക ഉയർത്തുന്നു. രാഷ്ട്രീയം, സാമൂഹിക സേവനം, ഭരണം, ബിസിനസ്സ് തുടങ്ങിയ എല്ലാ മേഖലകളിലും അവർ പുതിയ ഉയരങ്ങളിലെത്തുന്നു. രാജ്യത്തുടനീളമുള്ള ബിരുദദാന ചടങ്ങുകളിൽ ബിരുദവും മെഡലുകളും നേടുന്ന വിദ്യാർത്ഥികളിൽ പെൺകുട്ടികളുടെ എണ്ണം വർദ്ധിക്കുന്നത് പ്രചോദനാത്മകമായ ഒരു കാഴ്ചയാണ്. എന്നാൽ സ്ത്രീകൾ ഇപ്പോഴും അക്രമം, സാമ്പത്തിക അസമത്വം, സാമൂഹിക മുൻവിധികൾ , ആരോഗ്യ സംബന്ധിയായ അവഗണന എന്നിവ നേരിടുന്നുവെന്നതും ഒരു വസ്തുതയാണ്. ഈ തടസ്സങ്ങൾ നീക്കുന്നതിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യം കൈവരിക്കാൻ കഴിയൂ. സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ആത്മാഭിമാനത്തോടെയുള്ള ജീവിതം നയിക്കൽ , തുല്യ അവസരങ്ങളും സുരക്ഷയും ലഭിക്കൽ എന്നിവയിലൂടെയാണ് യഥാർത്ഥത്തിൽ സ്ത്രീ ശാക്തീകരണം ഉണ്ടാവുന്നത്. ശാക്തീകരിക്കപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ജീവിതം മാത്രമല്ല, സമൂഹത്തിന്റെയും ഭാവി തലമുറയുടെയും ദിശാബോധം മാറ്റാൻ കഴിയും.

സ്ത്രീ ശാക്തീകരണത്തിനായി കേന്ദ്ര ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ 'പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നു. 'പ്രധാനമന്ത്രി ഉജ്ജ്വല യോജന' ദശലക്ഷക്കണക്കിന് സ്ത്രീകളെ പുകയടുപ്പുകളിൽ നിന്നും മോചിപ്പിക്കുന്നതിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നു. 'പ്രധാനമന്ത്രി മുദ്ര യോജന' സ്ത്രീകൾക്ക് സ്വയം തൊഴിലിനായി വായ്പകൾ ലഭ്യമാക്കുന്നു. 'ലഖ്പതി ദീദി യോജന' പോലുള്ള സംരംഭങ്ങൾ സ്ത്രീകൾക്ക് സ്വയം പര്യാപ്തരാകാനുള്ള അവസരങ്ങൾ നൽകുന്നു. 'പ്രധാനമന്ത്രി മാതൃ വന്ദന ' പോലുള്ള സംരംഭങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ശ്രമങ്ങളെല്ലാം സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സ്ഥിതി മെച്ചപ്പെടുത്തുന്നു. എന്നാൽ സ്ത്രീ ശാക്തീകരണം ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് നാം ഓർമ്മിക്കണം . അത് സമൂഹത്തിലെ ഓരോ അംഗത്തിന്റെയും സ്ഥാപനത്തിന്റെയും ഉത്തരവാദിത്വമാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക,അവരുടെ ആത്മവിശ്വാസം വളർത്തുക, പ്രോത്സാഹനവും പിന്തുണയും നൽകുക എന്നത് നമ്മുടെ കടമയാണ്. സ്ത്രീകൾക്ക് സ്വപ്നം കാണാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെന്ന് നാം ഉറപ്പുനൽകണം.അവ സാക്ഷാത്കരിക്കുന്നതിനായി നാം അവരോടൊപ്പം നിൽക്കണം.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾ താമസിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഡൽഹിയിലെ സ്ത്രീകൾ സുരക്ഷിതരും, വിദ്യാസമ്പന്നരും, സ്വാശ്രയരും, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ നേതൃത്വം വഹിക്കുന്നവരുമാണെങ്കിൽ , അത് രാജ്യമെമ്പാടും ഒരു ശുഭകരമായ സന്ദേശം പകരും .സ്ത്രീകൾ നയിക്കുന്ന വികസനത്തിന്റെ മാതൃക ഡൽഹി, രാജ്യത്തിനാകെ പകർന്നു നൽകണം.
'സമ്പന്നമായ ഡൽഹി, വികസിത ഇന്ത്യ' എന്ന സ്വപ്നത്തിലേക്ക് ഡൽഹിയിലെ സ്ത്രീകൾക്ക് പൂർണ്ണമായി സംഭാവന നൽകാൻ കഴിയണമെങ്കിൽ ഗവണ്മെന്റും സമൂഹവും അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. യാതൊരു സമ്മർദ്ദമോ ഭയമോ ഇല്ലാതെ സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം അവർക്ക് സംജാതമാകണമെന്നും രാഷ്ട്രപതി പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2234566)
സന്ദര്‍ശക കൗണ്ടര്‍ : 54