രാഷ്ട്രപതിയുടെ കാര്യാലയം
സംസ്ഥാന സിവിൽ സർവ്വീസുകളിൽ നിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും എൽ.ബി.എസ്.എൻ.എ.എ-യിലെ 128-ാമത് ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുമായ ഉദ്യോഗസ്ഥർ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
02 MAR 2026 2:41PM by PIB Thiruvananthpuram
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരും ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ (LBSNAA) 128-ാമത് ഇൻഡക്ഷൻ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുമായ ഉദ്യോഗസ്ഥർ ഇന്ന് (2026 മാർച്ച് 2) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.

രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകമാണെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. ഒരു ജില്ലയുടേയോ അല്ലെങ്കിൽ സംസ്ഥാനത്തിൻ്റേയോ മുൻഗണനകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഉത്തരവാദിത്തങ്ങളാണ് ഇപ്പോൾ അവർ വഹിക്കുന്നത്. ഈ വലിയ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് വകുപ്പുതല അതിർവരമ്പുകൾക്ക് അതീതമായ ഒരു കാഴ്ചപ്പാട് ആവശ്യമാണെന്നും ഭരണപരമായ വേർതിരിവുകൾ ഇല്ലാതാക്കണമെന്നും രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, അവർക്ക് സ്ഥാപനപരമായ യോജിപ്പ് വർദ്ധിപ്പിക്കാനും ഭരണസംവിധാനത്തെ ശക്തിപ്പെടുത്താനും സാധിക്കും.
വികസന ഫലങ്ങൾ കൈവരിക്കുന്നതിനും പൊതുസേവനത്തിൻ്റെ ഉന്നത നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും അവരുടെ കൂട്ടായ പ്രൊഫഷണലിസം, ഏകോപനം, പ്രതിബദ്ധത എന്നിവ അത്യന്താപേക്ഷിതമാണ്. അവർ ഇനി ഒരു പ്രത്യേക പ്രദേശത്തിൻ്റെ മാത്രം ഭരണാധികാരികളല്ലെന്നും മറിച്ച് രാജ്യത്തുടനീളം ഉയർത്തിപ്പിടിക്കേണ്ട ഭരണ മാനദണ്ഡങ്ങളുടെ സംരക്ഷകരാണെന്നും ശ്രീമതി മുർമു ഊന്നിപ്പറഞ്ഞു. അവർ എടുക്കുന്ന ഓരോ തീരുമാനവും 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന മൊത്തത്തിലുള്ള കാഴ്ചപ്പാടുമായി ചേർന്നുനിൽക്കുന്നതായിരിക്കണം.

ഐഎഎസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് രാഷ്ട്രപതി പറഞ്ഞു. കൂടുതൽ സങ്കീർണ്ണമായ വെല്ലുവിളികൾ ഏറ്റെടുക്കുമ്പോൾ അവരുടെ വിലപ്പെട്ട അനുഭവസമ്പത്തും 'രാജ്യം ആദ്യം' എന്ന മനോഭാവവും അവരെ നയിക്കുന്ന ദിശാസൂചികയായിരിക്കണമെന്നും ശ്രീമതി മുർമു കൂട്ടിച്ചേർത്തു.
എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിന് ഉദ്യോഗസ്ഥർ സംഭാവന നല്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനത്തിൻ്റെ ഗുണഫലങ്ങൾ ഏറ്റവും ദുർബ്ബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്ക് എത്തുമ്പോൾ മാത്രമേ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് അർത്ഥമുണ്ടാകൂ എന്ന് അവർ ഊന്നിപ്പറഞ്ഞു. ഭൂമിശാസ്ത്രപരമോ സാമൂഹികമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ ഒരു സമൂഹവും പിന്നിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തരമായ പരിശ്രമങ്ങൾ നടത്തണമെന്ന് അവർ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. അവരുടെ പ്രതിബദ്ധത ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന മേഖല സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധവുമാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മുതിർന്ന ഭരണാധികാരികൾ എന്ന നിലയിൽ, ഉദ്യോഗസ്ഥർ ഹരിത നടപടികൾക്ക് നേതൃത്വം നല്കുകയും, കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ചുള്ള ഭരണസംവിധാനം പ്രോത്സാഹിപ്പിക്കുകയും, സുസ്ഥിര വികസനം ഉറപ്പാക്കുകയും വേണം. നമ്മുടെ ഇന്നത്തെ കൂട്ടായ പ്രവർത്തനങ്ങളാണ് ഭാവി തലമുറയുടെ ജീവിതനിലവാരം നിർണ്ണയിക്കുന്നതെന്ന് രാഷ്‌ട്രപതി അടിവരയിട്ടു പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
SKY
****
( റിലീസ് ഐ.ഡി: 2234562)
സന്ദര്‍ശക കൗണ്ടര്‍ : 12