ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കായുള്ള എച്ച്പിവി വാക്‌സിനേഷന്‍ രാജ്യവ്യാപക യജ്ഞത്തിന് പ്രധാനമന്ത്രി നാളെ അജ്മീറില്‍ തുടക്കം കുറിക്കും

പോസ്റ്റഡ് ഓണ്‍: 27 FEB 2026 6:26PM by PIB Thiruvananthpuram
പ്രതിരോധ ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവി ആരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തില്‍, രാജ്യവ്യാപകമായി 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിനേഷന്‍ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാവിലെ 11:30 ന് രാജസ്ഥാനിലെ അജ്മീറില്‍ ഉദ്ഘാടനം ചെയ്യും.

 രാജ്യത്തിന്റെ പൊതുജനാരോഗ്യ യാത്രയിലെ നിര്‍ണായക മുന്നേറ്റമായാണ് രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രതിരോധം, സംരക്ഷണം, തുല്യത എന്നിവ ഉറപ്പാക്കുന്ന 'സ്വാസ്ഥ്യ നാരി' എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 14 വയസ്സുള്ള ഏകദേശം 1.15 കോടി പെണ്‍കുട്ടികളെ ഈ പരിപാടിയിലൂടെ ഓരോ വര്‍ഷവും ലക്ഷ്യമിടുന്നു. നിയുക്ത ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകള്‍ (പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ഉപജില്ലാ, ജില്ലാ ആശുപത്രികള്‍, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും.

ഓരോ സെഷനും പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍, വിദഗ്ധ ആരോഗ്യ സംരക്ഷണ സംഘങ്ങളുടെ പിന്തുണയോടെ നടപ്പാക്കും. എല്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തനക്ഷമമായ കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ (CCP-കള്‍) ഉണ്ടായിരിക്കും. കൂടാതെ രോഗപ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് അപൂര്‍വമായി ഉണ്ടായേക്കാവുന്ന പ്രതികൂല ആരോഗ്യ പ്രശ്‌നങ്ങള്‍ (AEFI)  നേരിടുന്നതിന്, ഉടനടി വൈദ്യസഹായവും പരിപാലനവും ഉറപ്പാക്കുന്നതിന് ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പിന്തുണ ലഭ്യമാക്കും.

 സന്നദ്ധരായവര്‍ക്ക് മാത്രമാണ്  വാക്‌സിന്‍ നല്‍കുക. കൂടാതെ വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് മാതാപിതാക്കള്‍/ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്.

മൂന്ന് മാസ കാലയളവില്‍ ഈ പ്രത്യേക യജ്ഞം മിഷന്‍ രീതിയില്‍ പ്രവര്‍ത്തിക്കും. ഈ കാലയളവില്‍ അര്‍ഹരായ പെണ്‍കുട്ടികള്‍ക്ക് നിയുക്ത കേന്ദ്രങ്ങളില്‍ നിന്ന് ഏതു ദിവസവും വാക്‌സിന്‍ ലഭിക്കും. അതിനുശേഷം, നിയുക്ത ആരോഗ്യ കേന്ദ്രങ്ങളില്‍ പതിവായി മറ്റു വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങളില്‍ ഈ വാക്‌സിനും ലഭ്യമായിരിക്കും

പശ്ചാത്തലം:

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രണ്ടാമത്തെ ഇനം ക്യാന്‍സറാണ് ഗര്‍ഭാശയഗള( സെര്‍വിക്കല്‍) ക്യാന്‍സര്‍.
GLOBOCAN 2022 ഡാറ്റ പ്രകാരം പ്രതിവര്‍ഷം 1,20,000 പുതിയ കേസുകളും ഏകദേശം 80,000 മരണങ്ങളും ഇന്ത്യയില്‍ സംഭവിക്കുന്നു. ഇന്ത്യയിലെ സെര്‍വിക്കല്‍ കാന്‍സര്‍ കേസുകളില്‍ 80% ത്തിലധികവും  ഉയര്‍ന്ന അപകടസാധ്യതയുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV), പ്രത്യേകിച്ച് ടൈപ്പ് 16, 18 എന്നിവ മൂലമുള്ള അണുബാധ വഴിയാണ് ഉണ്ടാകുന്നതെന്ന് ശാസ്ത്രീയ തെളിവുകള്‍ സ്ഥാപിക്കുന്നു.

കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനത്തിനും മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന രോഗമാണ് ഗര്‍ഭാശയള ക്യാന്‍സര്‍. എന്നാല്‍ വാക്‌സിനേഷനിലൂടെയും മുന്‍കൂട്ടിയുള്ള പരിശോധനയിലൂടെയും സെര്‍വിക്കല്‍ കാന്‍സര്‍ വലിയതോതില്‍ തടയാന്‍ കഴിയും. രാജ്യവ്യാപകമായ HPV വാക്‌സിനേഷന്‍ പരിപാടി, HPV അണുബാധ കാന്‍സറായി മാറുന്നതിന് മുമ്പ് അണുവ്യാപനം തടയുന്നതിലൂടെ ഈ വെല്ലുവിളിയെ നേരിട്ട് അഭിസംബോധന ചെയ്യുന്നു.

 രാജ്യത്ത് നടപ്പാക്കുന്ന ഈ ദേശീയ വാക്‌സിനേഷന്‍ പരിപാടിയില്‍ HPV ടൈപ്പ് 16, 18 (സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നവ ), 6, 11 എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ക്വാഡ്രിവാലന്റ് HPV വാക്‌സിന്‍ ആയ ഗാര്‍ഡാസില്‍ ആണ് ഉപയോഗിക്കുന്നത്.

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പഠന വിധേയമാക്കപ്പെട്ട വാക്‌സിനുകളില്‍ ഒന്നായ ഇത് 2006 മുതല്‍ ലോകമെമ്പാടും 500 ദശലക്ഷത്തിലധികം ഡോസുകള്‍ നല്‍കപ്പെടുന്നു. HPV ഇനം അണുബാധ മൂലമുണ്ടാകുന്ന സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതില്‍ HPV വാക്‌സിനുകള്‍ 93–100% വരെ ഫലപ്രാപ്തി നല്‍കുന്നതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.

2022 ജൂണില്‍, ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സംഘം (SAGE), രണ്ട് ഡോസ് ഷെഡ്യൂളുകളെക്കാള്‍ താരതമ്യപ്പെടുത്താവുന്ന ഉയര്‍ന്ന സംരക്ഷണം ഏക ഡോസ് ഷെഡ്യൂള്‍ നല്‍കുന്നുവെന്ന നിഗമനത്തിലെത്തി. 2022 ഡിസംബറിലെ WHO പഠനപ്രകാരം 9-20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഫലപ്രദവും പ്രയോജനകരവുമായ സാധ്യതയായി ഏക ഡോസ് ഷെഡ്യൂളുകളെ കൂടുതല്‍ അംഗീകരിച്ചു.

 ഈ ആഗോള ശുപാര്‍ശകളുമായും ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക വിദഗ്ദ്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായും (NTAGI) ഇന്ത്യയുടെ സമീപനം പൊരുത്തപ്പെടുന്നു.

ഈ പദ്ധതിയുടെ സമാരംഭത്തോടെ, പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂളുകളില്‍ HPV വാക്‌സിനേഷന്‍ ഉള്‍പ്പെടുത്തിയ 160ലധികം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും. 90ലധികം രാജ്യങ്ങള്‍ ഏക ഡോസ് HPV വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍ നടപ്പിലാക്കുന്നു. ഇത് കൂടുതല്‍ പരിരക്ഷ, താങ്ങാനാവുന്ന വില, പദ്ധതിയുടെ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു.

 വ്യാപകമായ വാക്‌സിനേഷനെത്തുടര്‍ന്ന് HPV അണുബാധ നിരക്കുകള്‍, അര്‍ബുദത്തിലേക്ക് നയിക്കാവുന്ന ചെറു വളര്‍ച്ചകള്‍ , സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി നിരവധി രാജ്യങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തടസ്സമില്ലാത്ത വിതരണവും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും ഉറപ്പാക്കാന്‍, വാക്‌സിന്‍ കമ്പനിയായ GAVI യുമായി സഹകരിച്ച് സുതാര്യവും ആഗോളതലത്തില്‍ പിന്തുണയ്ക്കുന്നതുമായ ഒരു സംഭരണ സംവിധാനത്തിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് HPV വാക്‌സിന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ദേശീയ പരിപാടിയില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഇന്ത്യയുടെ ഔഷധ നിയന്ത്രണ ഏജന്‍സി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ കര്‍ശനമായ ഗുണനിലവാര, ശീതീകരണ ശൃംഖല മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്

ഓരോ സംസ്ഥാനത്തിന്റെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസൃതമായി മതിയായ വാക്‌സിന്‍ ഡോസുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സുഗമമായ നിര്‍വഹണത്തിനും എല്ലാ കോണിലും വിതരണത്തിനും ആവശ്യമായ പരിശീലനം നല്‍കിയിട്ടുണ്ട് .

അജ്മീറില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് NIC യൂണിറ്റുകളുമായി ഏകോപിപ്പിച്ച് വെര്‍ച്വലായി പങ്കെടുക്കും. മുഖ്യമന്ത്രിമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവരുടെ സംസ്ഥാന/യുടി ആസ്ഥാനങ്ങളില്‍ നിന്നും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ദേശീയതല ഉദ്ഘാടനത്തിന് ശേഷം, അതേ ദിവസം തന്നെ സംസ്ഥാനങ്ങളും/യുടികളും അവരുടേതായ HPV വാക്‌സിനേഷന്‍ ഉദ്ഘാടന പരിപാടികള്‍ നടത്തും

രാജ്യവ്യാപകമായുള്ള HPV വാക്‌സിനേഷന്‍ പരിപാടി, വിതരണ അധിഷ്ഠിത ഭരണത്തെ പ്രതിഫലിപ്പിക്കുന്നു. അവിടെ ശാസ്ത്രീയ തെളിവുകള്‍, നയപരമായ പ്രതിജ്ഞാബദ്ധത, നിര്‍വഹണ സന്നദ്ധത എന്നിവ സംയോജിപ്പിച്ച് വിപുലമായ പൊതുജനാരോഗ്യ സ്വാധീനം സൃഷ്ടിക്കുന്നു.

 കൂടാതെ, 14 വയസ്സുള്ള പെണ്‍മക്കള്‍ക്ക് HPV വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു.

ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ശക്തമായ പ്രതിരോധ നടപടിയാണ് HPV വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ, രാജ്യത്തെ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ആരോഗ്യകരവും കാന്‍സര്‍ രഹിതവുമായ ഭാവി ഉറപ്പാക്കാന്‍ കഴിയും.
 
***

( റിലീസ് ഐ.ഡി: 2233784) സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Punjabi , Gujarati , Odia , Tamil , Kannada