പ്രധാനമന്ത്രിയുടെ ഓഫീസ്
ജറുസലേമിലെ ടെക് പ്രദർശനം സന്ദർശിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
26 FEB 2026 10:37AM by PIB Thiruvananthpuram
2026 ഫെബ്രുവരി 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വിവിധ മേഖലകളിലെ അത്യാധുനിക ഇസ്രയേലി നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനം സന്ദർശിച്ചു. അഗ്രി-ടെക്, വാട്ടർ-ടെക്, ക്ലൈമറ്റ്-ടെക്, ഹെൽത്ത്-ബയോടെക്, സ്മാർട്ട് മൊബിലിറ്റി, എ.ഐ, സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു.
ഇന്ത്യ-ഇസ്രയേൽ ഉഭയകക്ഷി ബന്ധത്തിന്റെ പ്രധാന സ്തംഭമാണ് നൂതനാശയവും സാങ്കേതിക പങ്കാളിത്തവും. "ഇന്ത്യ-ഇസ്രയേൽ ഇന്നൊവേഷൻ ബ്രിഡ്ജ്" എന്ന സംരംഭത്തിലൂടെ ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നു. പ്രദർശനം സന്ദർശിക്കുന്നതിനിടെ താഴെ പറയുന്ന കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞർ, സാങ്കേതിക സംരംഭകർ, സി.ഇ.ഒമാർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി:
* ക്വാണ്ടം & ഡീപ് ടെക്: ഇസ്രയേലി ക്വാണ്ടം കമ്പ്യൂട്ടിംഗ് സെന്ററിനെക്കുറിച്ച് (IQCC) ക്വാണ്ടം മെഷീൻസും ക്വാണ്ടം സോഫ്റ്റ്‌വെയർ വികസനം ലളിതമാക്കുന്നതിനെക്കുറിച്ച് ക്ലാസിക്കും പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
* ഹെൽത്ത്-ടെക് & AI: തത്സമയ രോഗനിർണ്ണയത്തിന് മാർഗനിർദ്ദേശം നൽകുന്ന എ.ഐ അധിഷ്ഠിത അൾട്രാസൗണ്ട് സംവിധാനം AISAP എന്ന സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചു. തന്ത്രപരമായ റിസ്ക് കണ്ടെത്തുന്നതിനും ട്രെൻഡ് വിശകലനത്തിനുമുള്ള എ.ഐ അധിഷ്ഠിത ഉപകരണമായ ടെക് സ്കൗട്ട് ഇസ്രയേൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിലെ ഹൊറൈസൺ സ്കാനിംഗ് ഡിവിഷൻ അവതരിപ്പിച്ചു.
* സ്മാർട്ട് മൊബിലിറ്റി: റോഡപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സെൻസർ, ചിപ്പ് സാങ്കേതികവിദ്യകൾ 'മൊബീലൈ' എന്ന സ്ഥാപനം പ്രദർശിപ്പിച്ചു.
* സൈബർ സുരക്ഷ: നൂതന ഭീഷണി തടയൽ പരിഹാരങ്ങളും ഇന്ത്യയിലെ സഹകരണങ്ങളും ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയർ ടെക്നോളജീസ് ഉയർത്തിക്കാട്ടി.
* ജലവും കൃഷിയും: സുസ്ഥിരതയിലൂന്നിയുള്ള നൂതനമായ കണ്ടെത്തലുകളിലായിരുന്നു ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചത്. വായുവിൽ നിന്ന് കുടിവെള്ളം ഉൽപ്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വാട്ടർജെൻ പ്രദർശിപ്പിച്ചു. അതേസമയം ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്ന തുള്ളിനന സംവിധാനങ്ങൾ എൻ-ഡ്രിപ്പ് പ്രദർശിപ്പിച്ചു. വൈദ്യുതി ഇല്ലാതെ, ഭക്ഷ്യനഷ്ടം കുറയ്ക്കാൻ വിളവെടുപ്പ് കഴിഞ്ഞാലുടൻ കൃഷിയിടത്തിൽ വെച്ച് തന്നെയുള്ള പരിഹാരങ്ങൾ നാച്ചുറൽ ഓഫ്‌സെറ്റ് ഫാമിംഗ് (NOF) അവതരിപ്പിച്ചു.
* ക്ലൈമറ്റ് & ബയോ-ടെക്: ലാബിൽ ഉൽപ്പാദിപ്പിക്കുന്ന പാൽ പ്രോട്ടീനുകൾക്കായുള്ള പ്രിസിഷൻ ഫെർമെന്റേഷൻ റെമിൽക്കും മെഷീൻ ലേണിംഗ് സമന്വയിപ്പിച്ച മൈക്രോ ആൽഗേ കൃഷി ബാർആൽഗേയും പ്രദർശിപ്പിച്ചു. പ്രത്യേക ബയോ-കൺവേർഷൻ അഡിറ്റീവുകൾ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം മൈനോറ ബയോ പ്രദർശിപ്പിച്ചു.
* ഊർജ്ജവും പ്രകൃതി വിഭവങ്ങളും: ധാതു വിഭവങ്ങൾ കണക്കാക്കുന്നതിനുള്ള ഹൈ-റെസല്യൂഷൻ മോഡലിംഗ് ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (GII) പ്രദർശിപ്പിച്ചു.
* ബഹിരാകാശം: ലഘൂകരിച്ച ആശയവിനിമയ ഉപഗ്രഹങ്ങളും സിന്തറ്റിക് അപ്പർച്ചർ റഡാറും (SAR) ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (IAI) അവതരിപ്പിച്ചു.
നവീന സംരംഭകരുമായുള്ള ആശയവിനിമയ വേളയിൽ, പ്രദർശിപ്പിച്ചിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകൾക്ക് ഇന്ത്യ-ഇസ്രയേൽ നവീനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, ബിസിനസ് പങ്കാളിത്തം എന്നിവ വ്യാപിപ്പിക്കാൻ വലിയ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കൃഷി, ജലപരിപാലനം, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ എന്നീ മേഖലകളിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും ഉൽപ്പാദനം നടത്തുന്നതിനും സാങ്കേതിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരങ്ങൾ കണ്ടെത്താൻ അദ്ദേഹം കമ്പനികളെ സ്വാഗതം ചെയ്തു.
***
SK
( റിലീസ് ഐ.ഡി: 2233047)
സന്ദര്‍ശക കൗണ്ടര്‍ : 14