ആയുഷ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി യോഗ പുരസ്കാരങ്ങൾ -2026 : അപേക്ഷകൾ ക്ഷണിച്ചു.

പോസ്റ്റഡ് ഓണ്‍: 25 FEB 2026 4:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൻ കീഴിൽ, സമീപ വർഷങ്ങളിൽ യോഗയ്ക്ക് അഭൂതപൂർവ്വമായ ആഗോള സ്വീകാര്യതയും ജനകീയ പങ്കാളിത്തവുമാണ് ലഭിച്ചിരിക്കുന്നത്. രോഗപ്രതിരോധ ആരോഗ്യ ശീലങ്ങൾ സ്വീകരിക്കുന്ന സമൂഹങ്ങൾ മുതൽ യോഗയെ തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കിയ സ്ഥാപനങ്ങൾ വരെ ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ ഏകോപിപ്പിക്കുന്ന സമഗ്ര സമീപനത്തിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ  ആരോഗ്യപരമായ മാറ്റങ്ങൾക്ക് യോഗ വഴിയൊരുക്കുകയാണ്.

ഈ മുന്നേറ്റത്തിന്റെ തുടർച്ചയെന്നോണം, ലോകമെമ്പാടും യോഗയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ നിരന്തരം പരിശ്രമിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് 2026-ലെ പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരങ്ങൾ നൽകുന്നത്. യോഗയുടെ വികസനത്തിലും പ്രചാരണത്തിലും പുലർത്തുന്ന മികവിനെയും സമർപ്പണത്തെയും അംഗീകരിക്കുന്നതിലൂടെ, ഈ മേഖലയിൽ കൂടുതൽ പങ്കാളിത്തവും നവീകരണവും നേതൃത്വവും വളർത്തിയെടുക്കുകയാണ് ഈ പുരസ്കാരങ്ങളിലൂടെ  ലക്ഷ്യമിടുന്നത്.

ദേശീയ-അന്തർദേശീയ തലങ്ങളിൽ യോഗയുടെ പ്രചാരണത്തിനായി നൽകിയ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ച്, ആയുഷ് മന്ത്രാലയം (Ministry of Ayush) 2026-ലെ പുരസ്കാരങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ നാഷണൽ അവാർഡ്സ് പോർട്ടൽ ( www.awards.gov.in.) മുഖേന സമർപ്പിക്കാവുന്നതാണ്.

ഓരോ വിജയിക്കും ലഭിക്കുന്ന പുരസ്കാരങ്ങൾ താഴെ സൂചിപ്പിക്കുന്നു :

*  ട്രോഫി
*  സർട്ടിഫിക്കറ്റ്
*  25 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ്

 

പുരസ്കാര വിതരണം അന്താരാഷ്ട്ര യോഗ സമ്മേളനത്തിന് (International Yoga Conference) അനുബന്ധമായിട്ടായിരിക്കും നടക്കുക .

പുരസ്കാര വിഭാഗങ്ങൾ (Award Categories)

*  വിഭാഗം I: പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം – വ്യക്തിഗത നേട്ടം

ദേശീയ/അന്തർദേശീയ തലങ്ങളിൽ യോഗയ്ക്കായി പ്രവർത്തിച്ചവർക്കായി രണ്ട് പുരസ്കാരങ്ങൾ.

*  വിഭാഗം II: പ്രധാനമന്ത്രിയുടെ യോഗ പുരസ്കാരം – സ്ഥാപനങ്ങൾ

ദേശീയ/അന്തർദേശീയ തലങ്ങളിൽ യോഗയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കായി രണ്ട് പുരസ്കാരങ്ങൾ.

യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria)

യോഗയുടെ പ്രചാരണത്തിലും വികസനത്തിലും മികച്ചതും ശ്രദ്ധേയവുമായ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുക എന്നതാണ് ഈ പുരസ്കാരങ്ങളുടെ ലക്ഷ്യം.

അപേക്ഷകർ / നാമനിർദേശക്കാർ നിർബന്ധമായും ചെയ്യേണ്ടവ :

* യോഗയെക്കുറിച്ച് ആഴത്തിലുള്ള അറിവും ഈ മേഖലയിൽ വിപുലമായ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

* ദേശീയ, അന്തർദേശീയ തലങ്ങളിൽ വ്യക്തിഗത വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 30 വയസ്സ് പ്രായമുണ്ടായിരിക്കണം.

* യോഗയുടെ പ്രചാരണത്തിനും വികസനത്തിനുമായി മികച്ച പ്രവർത്തനരേഖയോടുകൂടി കുറഞ്ഞത് 10 വർഷത്തെ മാതൃകാപരമായ സേവനം പൂർത്തിയാക്കിയിരിക്കണം.

അപേക്ഷാസമയപരിധി

* അപേക്ഷ സമർപ്പണം ആരംഭിക്കുന്ന തീയതി: 2026  ഫെബ്രുവരി 21

* അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:  2026  മാർച്ച്  21


രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതിന് ശേഷം, ആവശ്യമെന്നു തോന്നുകയാണെങ്കിൽ അവസാന തീയതി 15 ദിവസം വരെ നീട്ടി നൽകിയേക്കാം. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത അപേക്ഷകൾ നിരസിക്കാനുള്ള പൂർണ്ണ അധികാരം ആയുഷ് മന്ത്രാലയത്തിൽ (Ministry of Ayush) നിക്ഷിപ്തമാണ്.

യോഗ്യരായ വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം തന്നെ നാഷണൽ അവാർഡ് പോർട്ടൽ  (www.awards.gov.in)   വഴി അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

***


( റിലീസ് ഐ.ഡി: 2232785) സന്ദര്‍ശക കൗണ്ടര്‍ : 15