രാഷ്ട്രപതിയുടെ കാര്യാലയം
ശേഗാവിൽ നടക്കുന്ന ദേശീയ ആരോഗ്യമേള 2026 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
25 FEB 2026 2:26PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഫെബ്രുവരി 25) മഹാരാഷ്ട്രയിലെ ബുൽധാനയിലുള്ള ശേഗാവിൽ നടക്കുന്ന ദേശീയ ആരോഗ്യമേള 2026 ഉദ്ഘാടനം ചെയ്തു. ആയുഷ് ആരോഗ്യ പരിപാലന മേഖലയിൽ സുപ്രധാന സംഭാവന നല്കിയ ആറ് മുതിർന്ന വൈദ്യന്മാരെ ചടങ്ങിൽ അവർ ആദരിച്ചു.
സമ്പൂർണ്ണ ആരോഗ്യമാണ് നമ്മുടെ പാരമ്പര്യത്തിൽ ഏറ്റവും വലിയ ആനന്ദമായി കണക്കാക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ആരോഗ്യമുള്ള പൗരന്മാർ പ്രധാന പങ്ക് വഹിക്കുന്നു. പൗരന്മാരുടെ ആരോഗ്യത്തിന് ആയുഷ് ചികിത്സാ രീതികൾ വിലമതിക്കാനാവാത്ത സംഭാവനയാണ് നല്കിയിട്ടുള്ളത്. യോഗ, ആയുർവേദം, സിദ്ധ തുടങ്ങിയ സമ്പ്രദായങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ഉദയം മുതൽ ജനങ്ങളെ സേവിച്ചുവരുന്നു.
നമ്മുടെ കൃഷിയിടങ്ങളിലും അടുക്കളകളിലും വനങ്ങളിലും ഔഷധ സസ്യങ്ങളുടേയും ആരോഗ്യ സംരക്ഷണ ഔഷധങ്ങളുടേയും വിലയേറിയ നിധിയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വിലപ്പെട്ട സമ്പത്ത് സംരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതും മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കൾ നല്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും നിർണ്ണായകമാണ്. ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്നത് കർഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക മാത്രമല്ല, മണ്ണിൻ്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും സംഭാവന നല്കുന്നു. അതിനാൽ, ആയുഷ് സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ആയുർവേദവും യോഗയും മറ്റ് ആയുഷ് സമ്പ്രദായങ്ങളും ആരോഗ്യകരവും സന്തുലിതവുമായ ജീവിതം നയിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നല്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ന് രോഗപ്രതിരോധത്തിൽ സംയോജിത ചികിത്സാരീതിയുടെ പ്രാധാന്യം ലോകം തിരിച്ചറിയുന്നുണ്ട്. സമ്മർദ്ദരഹിതവും ആരോഗ്യകരവുമായ ജീവിതശൈലിക്കായി ലോകമെമ്പാടുമുള്ള ആളുകൾ യോഗ സ്വീകരിക്കുകയും ആയുർവേദ ചികിത്സകളിൽ നിന്നും മരുന്നുകളിൽ നിന്നും പ്രയോജനം നേടുകയും ചെയ്യുന്നു.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഗവേഷണം, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കൽ, ഗുണനിലവാര നിയന്ത്രണം തുടങ്ങിയ നടപടികൾ ആയുഷ് സമ്പ്രദായങ്ങളുടെ അംഗീകാരവും സ്വീകാര്യതയും കൂടുതൽ വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ആയുഷ് മന്ത്രാലയം ഈ ദിശയിൽ നിരന്തരം പരിശ്രമിക്കുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഗവേഷണത്തിനും മരുന്ന് വികസനത്തിനുമുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ആരോഗ്യ വെല്ലുവിളികൾക്ക് ആയുർവേദവും യോഗയും മറ്റ് ആയുഷ് സമ്പ്രദായങ്ങളും വിശ്വസനീയവും ശാസ്ത്രീയവുമായ പരിഹാരങ്ങളാണെന്ന് സ്ഥാപിക്കുന്നതിനായി നിരവധി ശാസ്ത്രീയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ആധുനിക ശാസ്ത്രീയ ഇടപെടലുകൾ, നൂതനാശയങ്ങൾ, ആഗോള സഹകരണം എന്നിവയിലൂടെ പരമ്പരാഗത ചികിത്സാ രീതികളെ കൂടുതൽ പ്രാപ്യവും ജനകീയവുമാക്കുന്നതിലൂടെ, അവയെ സമഗ്ര ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ അവിഭാജ്യ ഘടകമാക്കുന്നതിൽ നമുക്ക് വിജയിക്കാനാകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SKY
****
( റിലീസ് ഐ.ഡി: 2232689)
സന്ദര്‍ശക കൗണ്ടര്‍ : 12