വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

തപാല്‍ മേഖലയിലെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ബ്രസീലും ധാരണാപത്രം ഒപ്പുവെച്ചു

പോസ്റ്റഡ് ഓണ്‍: 22 FEB 2026 12:20PM by PIB Thiruvananthpuram

തപാല്‍ സേവനങ്ങൾ, ഡിജിറ്റൽ പരിവർത്തനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സേവന വിതരണം എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യയും ബ്രസീലും തപാല്‍ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ബ്രസീൽ  പ്രസിഡൻ്റ്   ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ഇന്ത്യ സന്ദർശനത്തിനിടെ കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയും ബ്രസീൽ വാർത്താവിനിമയ മന്ത്രി  ഫ്രെഡറിക്കോ ഡി സിക്വീറ ഫിലോയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഇന്ത്യയിലെ തപാൽ വകുപ്പും ബ്രസീലിലെ വാർത്താവിനിമയ മന്ത്രാലയവും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാനും തപാല്‍ മേഖലയിലെ അറിവുകൾ കൈമാറാനും വഴിയൊരുക്കുന്ന സമഗ്ര  ചട്ടക്കൂട്  ധാരണയിലൂടെ ഉറപ്പാക്കുന്നു.



(തപാല്‍ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ബ്രസീലും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ച ശേഷം ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയും  ഫ്രെഡറിക്കോ ഡി സിക്വീറ ഫിലോയും രേഖകൾ കൈമാറുന്നു.)

 

ധാരണാപത്രം സഹകരണം ഉറപ്പാക്കുന്നത് ഈ രംഗങ്ങളിലാണ്:

തപാല്‍ മേഖലയിലെ നയങ്ങളിലും പ്രവർത്തനങ്ങളിലും മികച്ച മാതൃകകളുടെയും  വൈദഗ്ധ്യത്തിൻ്റെയും കൈമാറ്റം.  

സാർവത്രിക സേവനങ്ങൾ  ശക്തിപ്പെടുത്തുന്നതിലും മേൽവിലാസ സംവിധാനങ്ങൾ  മെച്ചപ്പെടുത്തുന്നതിലും സഹകരണം.

ഡിജിറ്റൽ പരിവർത്തനം, ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്സ്,  തപാല്‍ സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളിലെ പങ്കാളിത്തം.

ശേഷി വികസനം, പരിശീലനം, സാങ്കേതിക വിനിമയങ്ങൾ.
പരസ്പര തല്പര സംയുക്ത സംരംഭങ്ങളും തന്ത്രപ്രധാന പദ്ധതികളും.
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഉൾപ്പെടെ ബഹുതല വേദികളിലെ മികച്ച ഏകോപനം.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്ക് ദക്ഷിണമേഖല രാഷ്ട്രങ്ങള്‍ക്കിടയിലെ  പരസ്പര സഹകരണത്തിൻ്റെ പ്രോത്സാഹനം.
ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സന്ദർശനങ്ങൾ, സംയുക്ത ശില്പശാലകള്‍, പരിശീലന പരിപാടികൾ, കൃത്യമായ വിവരശേഖരണം എന്നിവയിലൂടെയാണ്  പങ്കാളിത്തം നടപ്പാക്കുക.

തപാല്‍  സംവിധാനങ്ങൾ ആധുനികവൽക്കരിക്കാനും അവയെ സാമ്പത്തിക വളർച്ചയുടെയും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിൻ്റെയും  താഴെത്തട്ടിലെ സേവന വിതരണത്തിൻ്റെയും ചാലകശക്തികളാക്കി മാറ്റാനും ഇന്ത്യയുടെയും ബ്രസീലിൻ്റെയും പങ്കാളിത്ത പ്രതിബദ്ധത  ധാരണാപത്രം പ്രതിഫലിപ്പിക്കുന്നു.

ഡിജിറ്റൽ സേവനങ്ങൾ, ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്സ്, ജനകേന്ദ്രീകൃത പൊതുസേവന വിതരണം എന്നിവയുൾപ്പെടെ തപാല്‍ മേഖലയിലെ വിപുലമായ പരിവർത്തനത്തിലെ  അനുഭവങ്ങൾ ഇന്ത്യ പങ്കുവെയ്ക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യത്തിൽ തപാൽ സേവനദാതാക്കളുടെ സാമ്പത്തിക സുസ്ഥിരതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ  കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രാഥമികമായി അഞ്ചുവർഷത്തേക്ക് പ്രാബല്യത്തില്‍ വരുന്ന  ധാരണാപത്രം  തുടർന്ന്  സ്വയം പുതുക്കപ്പെടും.  ഇരുരാജ്യങ്ങളിലെയും നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായാണ് ഇതിൻ്റെ  നിര്‍വഹണം.  

വളർന്നുവരുന്ന ഇന്ത്യ-ബ്രസീൽ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ സഹകരണം ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളിലെ  പ്രധാന പങ്കാളികളെന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിലെ ആഴമേറിയ ഇടപഴകലിന് സംഭാവന നൽകുന്നു.  


 

(ഇന്ത്യയും ബ്രസീലും തമ്മിലെ ഉന്നതതല ചർച്ചകൾക്കിടെ  തപാൽ മേഖലയിലെ സഹകരണം സംബന്ധിച്ച് ചേര്‍ന്ന ഉഭയകക്ഷി യോഗത്തിന് ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയും  ഫ്രെഡറിക്കോ ഡി സിക്വീറ ഫിലോയും നേതൃത്വം നൽകുന്നു.)
 

 

***


( റിലീസ് ഐ.ഡി: 2231471) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada